'സൂര്യാസ് സ്റ്റോറീസ്'; സ്വയം ലൈബ്രറിയായ കൊച്ചുമിടുക്കി

surya-gulf-thid-week
SHARE

സ്വന്തം ക്ളാസിലെ കൂട്ടുകാർക്ക് സ്വന്തം രചനകൾ നൽകി ലൈബ്രറിയായി മാറിയ ഒരു കൊച്ചുമിടുക്കി. അജ്മാൻ അൽ അമീർ സ്കൂളിലെ ആറാം ക്ളാസ് വിദ്യാർഥിനി സൂര്യ സുനിൽകുമാർ. എഴുപത്തിഅഞ്ച് ചെറുകഥകളും മൂന്നു നോവലുകളും നോട്ടുബുക്കിൽ കുറിച്ചിട്ട് അധ്യാപകർക്കുമുന്നിലും വിസ്മയമായിരിക്കുകയാണ് ഈ മിടുക്കി. 

ദ സീക്രട്ട് ഓഫ് നാഗാസ് മാനുസ്ക്രിപ്റ്റ് ഇൻ ഫോറസ്റ്റ് എന്ന കഥാസമാഹാരത്തിന്റെ പുറംചട്ടയിൽ ആറാം ക്ളാസുകാരിയായ സൂര്യ ഇങ്ങനെ കുറിച്ചിട്ടു. I Swear I will be famous one Day!!! ഞാൻ ശപഥം ചെയ്യുന്നു ഒരിക്കൽ ഞാൻ പ്രശസ്തയാകും. കാർട്ടൂണുകളും കളിപ്പാട്ടങ്ങളുമൊക്കെ ആഘോഷമാക്കേണ്ട ബാല്യം പതിനൊന്നാം വയസിലെത്തിനിൽക്കുമ്പോൾ ഇതുവരെ എഴുതിയത് എഴുപത്തിയഞ്ച് കഥകൾ, മൂന്നു നോവലുകൾ. എല്ലാത്തിനും ബാലസാഹിത്യത്തിന്റെ ചേരുവ ചേർത്തു വരകളും വർണങ്ങളും അകമ്പടി.

എഴുത്തുതുടങ്ങിയത് ഒന്നാം ക്ളാസിൽ പഠിക്കുമ്പോൾ. അച്ഛൻ സുനിൽ കുമാർ തന്ന ഡയറികളിലും ബുക്കുകളിലുമാണ് തുടക്കം. ആരേയും അറിയിക്കാതെ സ്വന്തം ആശയങ്ങളേയും ചിന്തകളേയും കഥാരൂപത്തിലാക്കി. നാലാം ക്ളാസിലെത്തിയപ്പോഴാണ് കൂട്ടുകാർക്ക് കഥകൾ വായിക്കാൻ നൽകിയത്. ക്ളാസിലെ കുട്ടികൂട്ടങ്ങൾ കഥവായിച്ചു. ചിത്രങ്ങൾ കണ്ടു. സ്വന്തം രചനകൾ കൂട്ടുകാർക്ക് വായിക്കാൻ നൽകി ക്ളാസ്മുറിയിൽ ലൈബ്രറിയുടെ ശൈലിയൊരുക്കിയാണ് സൂര്യ വ്യത്യസ്തയായത്. സ്വന്തം പുസ്തകം വായിക്കാൻ നൽകുക മാത്രമല്ല, അതിനെക്കുറിച്ച് അഭിപ്രായം എഴുതണമെന്നും കൂട്ടുകാരോട് സൂര്യനിർദേശിച്ചു. അഭിപ്രായം എഴുതാൻ ബുക്കിന്റെ അവസാനപേജിൽ അവസരവുമൊരുക്കി.

മകൾ കഥയെഴുതുന്ന കാര്യം മാതാപിതാക്കളും ചേട്ടൻ ആനന്ദും അറിഞ്ഞത് കൂട്ടുകാർ അറിഞ്ഞതിനു ശേഷം മാത്രം. പ്രശസ്തയാകണമെന്നാണ് ആഗ്രഹമെങ്കിലും കഥയെഴുത്ത് ആരേയും അറിയിക്കാതെയായിരുന്നു. ജോലി തിരക്കിനിടയിൽ മകളുടെ സാഹിത്യവാസനയെക്കുറിച്ച് അറിയാൻ വൈകിയതിൽ കണ്ണൂർ ചെറുകുന്ന് സ്വദേശിയായ അച്ഛൻ സുനിലിന് തെല്ലുസങ്കടമുണ്ട്.

പിന്നീട് എഴുതിയ കഥകളെല്ലാം ആദ്യം കാണിക്കുന്നത് അച്ഛനെയാണ്. വായിച്ച് അഭിപ്രായം പറയാനും ആവശ്യപ്പെടും. എന്നാൽ, മകളുടെ എഴുത്തിനോടുള്ള അഭിനിവേശം അത്രപെട്ടെന്നന് തിരിച്ചറിയാനാകാതിരുന്നത് സങ്കടമുണ്ടാക്കിയ കാര്യമെന്ന് അമ്മയുടേയും അഭിപ്രായം. 

കൂട്ടുകാരിക്ക് വായിക്കാൻ കൊടുത്ത പുസ്തകം മറ്റൊരു വിദ്യാർഥിനിയാണ് സ്കൂളിലെ കരിക്കുലം ഹെഡ് ലത അനിൽകുമാർ എന്ന ടീച്ചറിന് കൈമാറിയത്. ആറാം ക്ളാസുകാരിയുടെ കഴിവിൽ വിസ്മയിച്ച ടീച്ചറാണ് ഇക്കാര്യം പ്രിൻസിപ്പാളിനെ അറിയിച്ചത്. 

ഒരിക്കലും കടന്നു ചെല്ലേണ്ടിവന്നിട്ടില്ലാത്ത പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് ആശങ്കയോടെയാണ് സൂര്യ ചെന്നത്. എന്നാൽ, സ്നേഹത്തോടെ പ്രിൻസിപ്പാൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സൂര്യയുടെ ആഗ്രഹത്തിന് സ്കൂളിന്റെ പൂർണപിന്തുണയാണ് പ്രിൻസിപ്പൽ ഉറപ്പുനൽകിയത്.

അഞ്ചിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ നോവൽ  എഴുതിയത്. സമപ്രായക്കാരിയായ പെൺകുട്ടിയുടെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്ര പ്രമേയമാക്കിയാണ് റൈഡ് ടു ദ ഡ്രീംസ് എന്ന നോവൽ എഴുതിയത്. തുടർന്ന് ''ഹോപ്സ് ഒാഫ് ദ് ലൈഫ്'', ''ദ് വേ ഒാഫ് മൈ ലൈഫ്'' എന്നീ നോവലുകളും പൂർത്തിയാക്കി. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് ഒരു ഡിറ്റക്ടീവ് നോവലാണെന്ന് സൂര്യ വളരെ ഗൗരവത്തോടെ തന്നെ പറയുന്നു. 'സൂര്യാസ് സ്റ്റോറീസ്' എന്നാണ് സ്വന്തം രചനകളെ സൂര്യവിളിക്കുന്നത്. പുസ്തകവായന ഏറെ ഇഷ്ടപ്പെടുന്ന സൂര്യയുടെ പ്രിയപ്പെട്ട എഴുത്തുകാർ പ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ് ലോ, ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരായ ആർ.കെ.നാരായണൻ, സൂധാമൂർത്തി എന്നിവരാണ്. 

അജ് മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ സൂര്യ പഠനത്തിലും എഴുത്തിലും സംഗീതത്തിലും ഒരു പോലെ മികവു പുലർത്തുന്നുണ്ട്. മകളുടെ രചനകൾ തിരഞ്ഞെടുത്ത് പുസ്തകമാക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അതിന് എല്ലാവരുടേയും പിന്തുണ കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. സൂര്യ നോട്ടു പുസ്തകത്തിലെഴുതിയ പോലെ, എന്നെങ്കിലും അവളൊരിക്കൽ വലിയൊരു എഴുത്തുകാരിയാകട്ടെ എന്ന പ്രാർഥനയോടെ കാത്തിരിക്കുകയാണ് കുടുംബവും കൂട്ടുകാരും ഒരു സ്കൂൾ മുഴുവനും.

MORE IN GULF THIS WEEK
SHOW MORE