വേട്ടപ്പട്ടികളുടെ സൗന്ദര്യ മൽസരം, മുതൽ കഥപറയുന്ന തത്തമ്മകൾ; ശ്രദ്ധയമായി പ്രദർശനം

ABU-DHABI-INTERNATIONAL-HUNTING-AND-EQUESTRIAN
SHARE

അറബ് സംസ്കാരവും പൈതൃകവും പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്ന ഇടമാണ് അബുദാബി ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ പ്രദർശനം. അറേബ്യൻ വേട്ടപ്പട്ടികളുടെ സൗന്ദര്യ മൽസരം, കുതിരാഭ്യാസ പ്രകടനം, ഫാൽക്കൻ മൽസരം, വിവിധ പക്ഷികൾ എന്നിവയെല്ലാം ഒരു കൂരയ്ക്കു കീഴിൽ കാണാൻ അവസരമൊരുക്കിയിരിക്കുന്ന പ്രദർശനത്തിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

അറേബ്യൻ ജനതയ്ക്കുമാത്രം അവകാശപ്പെട്ട സാഹസിക സംസ്കാര പൈതൃകത്തിന്റെ വിസ്മയക്കാഴ്ചകളാണ് അബുദാബി ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. പഴയതും പുതിയതുമായ വേട്ട ഉപകരണങ്ങൾ, സഫാരി കാഴ്ചകൾ, ആയുധ പ്രദർശനം തുടങ്ങിയവ കൌതുകകാഴ്ച സമ്മാനിക്കും. 

അറേബ്യൻ വേട്ടപ്പട്ടികളുടെ സൗന്ദര്യ മൽസരം, ഫാൽക്കൻ മൽസരം, കുതിരാഭ്യാസ പ്രകടനം, വിവിധ തരം പക്ഷികൾ എന്നിവ പഴമയും പുതുമയും ഒത്തുചേരുന്ന ഇടമാണ്. യു.എ.ഇ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് 1976 മുതൽ നടത്തിയ ഫാൽകൺ റി ഹണ്ടിങ്ങിന്റെ മൂവായിരത്തിലധികം ചിത്രങ്ങളും പ്രദർശനനഗരിയിലുണ്ട്. അറേബ്യൻ കുതിരകളുടെ ബ്യൂട്ടിഷോ, ലക്ഷങ്ങൾ വിലമതിക്കുന്ന വേട്ടപ്പരുന്തുകൾ, കഥപറയുന്ന തത്തമ്മകൾ എന്നിവയെല്ലാം പ്രായഭേദമന്യേ എല്ലാവരേയും ആകർഷിക്കുന്നതാണ്. 

വിവിധതരം തോക്കുകൾ, കത്തികൾ തുടങ്ങി നിരവധി വേട്ട ഉപകരണങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്. യുവാക്കളെയും നായാട്ട് ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്ന തരത്തിൽ പ്രത്യേകം സജ്ജീകരിച്ച ഓഫ് റോഡ് വാഹനങ്ങളും ടെന്റുകളും മേളയുടെ മാറ്റുകൂട്ടുന്നു. ആഫിക്കൻ വനങ്ങളിൽ മാത്രം കാണുന്ന മൃഗങ്ങളെ നേരിട്ടുകാണാൻ സ്‌റ്റഫഡ് മൃഗങ്ങളെ അണിനിരത്തിയ പവലിയനിലേക്ക് പോകാം. കാടുവിറപ്പിക്കുന്ന സിംഹവും പുലിയും ആനയും കടുവയും ചീറ്റയുമൊക്കെ തൊട്ടടുത്തു, അനങ്ങാനെ നിന്നുതരും. 

ചരിത്രവും സംസ്കാരവും കുട്ടികളെ പരിചയപ്പെടുത്തുന്ന ഇടമാണ് ഇത്തവണത്തെ പ്രദർശനത്തിന്റെ പ്രധാനപ്രത്യേകത. ഇതിനായി ശിൽപശാലകൾ, മത്സരങ്ങൾ, പരിസ്ഥിതി ബോധവത്കരണ പരിപാടികൾ എന്നിവയും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ രൂപത്തിലുള്ള ശില്പങ്ങളും പുരാതന യു.എ.ഇ. ഗ്രാമവും കുടിലുകളും പരമ്പരാഗത നായാട്ട് രീതികളും കണ്ടറിയാൻ അവസരമുണ്ട്. വിവിധരാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ്, അബുദാബി നാഷണൽ എക്‌സിബിഷൻ സെൻററിൽ നടക്കുന്ന പ്രദർശനം കാണാനെത്തുന്നത്. പ്രദർശനം ഇരുപത്തിയൊൻപതിന് അവസാനിക്കും. 

MORE IN GULF THIS WEEK
SHOW MORE