വിരമിച്ച ശേഷവും പ്രവാസികൾക്ക് തുടരാം; പുതിയ തീരുമാനവുമായി യുഎഇയിൽ

Gulf-this-week
SHARE

യു.എ.ഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അനുകൂലമായ ഒട്ടേറെ തീരുമാനങ്ങളാണ് കഴിഞ്ഞ നാളുകളിൽ ഇവിടത്തെ ഭരണാധികാരികൾ കൈക്കൊള്ളുന്നത്. സൌകര്യങ്ങളൊരുക്കി മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കിനൽകുന്നതിൽ എന്നും മുൻപന്തിയിലാണ് ഭരണാധികാരികൾ. ജോലിയിൽ നിന്ന് വിരമിച്ച ശേഷം കൂടുതൽക്കാലം യു.എ.ഇ.യിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് വീസ അനുവദിക്കുന്ന തീരുമാനമാണ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്. 

ഇന്ത്യക്കാർ ഉൾപ്പടെയുള്ള പ്രവാസികൾക്ക് ജോലിയിൽ നിന്നു വിരമിച്ച ശേഷവും യുഎഇയിൽ താമസിക്കാൻ അനുമതി നൽകുന്ന നിയമം അടുത്തവർഷം മുതൽ പ്രാബല്യത്തിൽ വരുന്നു. ഈ നിയമം നിലവിൽ വരുന്നത് ആർക്കൊക്കെ സഹായകരമാകും. ഏതൊക്കം മേഖലയിലുള്ളവർക്ക് ഇത് പ്രയോജനപ്പെടുത്താനാകും എന്നെല്ലാമറിയാം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.  പ്രായപരിധി പൂർത്തിയായി വിരമിച്ച ശേഷവും പ്രവാസികൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് രാജ്യത്ത് തുടരാൻ വീസ അനുവദിക്കാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ കുറേനാളുകളായി തുടർന്നുവരുന്ന വീസനയമാറ്റത്തിന്റെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം. അടുത്തവർഷം ഈ നിയമം പ്രാബല്യത്തിൽ വരും. 55 വയസ്സ് കഴിഞ്ഞവർക്ക് അഞ്ചുവർഷത്തേക്ക് പ്രത്യേക താമസവീസ അനുവദിക്കാനാണ് തീരുമാനം. പ്രത്യേക ഉപാധികളോടെ ഇതു പുതുക്കാനുമാകും. 

മൂന്ന് വ്യവസ്ഥകളാണ് ഇതിനായി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇരുപത് ലക്ഷം ദിർഹത്തിന്റെ ഏകദേശം, മൂന്നുലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി അറുപത്തിരണ്ടായിരത്തിഒരുന്നൂറ്റി എൺപത്തിയൊന്നു രൂപ നിക്ഷേപം വസ്തുവകകളിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ പത്തു ലക്ഷത്തിലേറെ ദിർഹത്തിന്റെ സമ്പാദ്യം യുഎഇയിൽ ഉണ്ടായിരിക്കണം. മാസം തോറും ഇരുപതിനായിരം ദിർഹത്തിൽ അതായത് മൂന്നുലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി അറുന്നൂറ്റി ഇരുപത്തിയൊന്നുരൂപയിൽ കുറയാത്ത വരുമാനവും ഉണ്ടായിരിക്കണം. ഈ വ്യവസ്ഥകളനുസരിച്ചായിരിക്കും അഞ്ച് വർഷ വീസ അനുവദിക്കുന്നതെന്ന് ഞായറാഴ്ചത്തെ മന്ത്രിസഭായോഗത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. വേനലവധിക്കുശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലായിരുന്നു സുപ്രധാന തീരുമാനം. 

പ്രവാസികളുടെ ജീവിതത്തിലും യുഎഇയുടെ സമ്പദ് വ്യവസ്ഥയിലും ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണ് തീരുമാനം എന്നാണ് പ്രവാസികളുടെ പ്രതികരണം. ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ മനുഷ്യത്വപരമായ തീരുമാനമാണ് ഇതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രതികരിച്ചു. സുരക്ഷിതമായ പരിസ്ഥിതി, രാജ്യാന്തര നിലവാരമുള്ള ആരോഗ്യപരിരക്ഷ, സഹിഷ്ണുതയുള്ള ജനത, ലോകനിലവാരമുള്ള ജീവിത സൗകര്യങ്ങൾ, മികച്ച വ്യോമയാന സേവനം ഇതെല്ലാമാണ് യുഎഇയെ ലോകപ്രിയമാക്കുന്നത്. പുതിയ തീരുമാനത്തോടെ പ്രവാസികൾക്ക് റിട്ടയർമെന്റ് ജീവിതം കാര്യമായി ആസൂത്രണം ചെയ്യാനാകുമെന്നും യൂസഫലി വ്യക്തമാക്കുന്നു.

പൊതു-സ്വകാര്യ മേഖലകളിലെ ദീർഘനാളത്തെ സേവനത്തിനു ശേഷം യുഎഇയിൽ തന്നെ സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമേകുന്നതാണ് പുതിയ തീരുമാനം. വിരമിക്കുമ്പോൾ കിട്ടുന്ന തുക ഇവിടെ ഉചിതമായ ബിസിനസ്സിൽ നിക്ഷേപിക്കാൻ സാധിക്കും. മക്കളും ചെറുമക്കളുമൊക്കെ ഇവിടെയുള്ളവർക്കു ഈ രാജ്യത്തു തുടരാനാണ് ആഗ്രഹം. അങ്ങനെയുള്ളവർക്ക് ഏറെ ആഹ്ലാദം പകരുന്നതാണ് ഈ തീരുമാനം. 

ഓസ്ട്രേലിയ, മലേഷ്യ, സിഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പ്രവാസികൾക്കായി അനുവദിച്ചിരിക്കുന്ന പെർമനന്റ് റെസിഡൻസിയുടെ ആദ്യഘട്ടമായി ഈ തീരുമാനത്തെ വിലയിരുത്തുന്നുണ്ട്.  

അതേസമയം, രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭായോഗം രൂപം നൽകിയതായും മന്ത്രിസഭ വ്യക്തമാക്കുന്നു. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിപണിയിലെ മാന്ദ്യം ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. 

MORE IN GULF THIS WEEK
SHOW MORE