ജീവിതകാഴ്ചകൾ ഒരു ക്യാൻവാസിലേക്ക്; ഉണ്ണിയുടെ ചിത്രവിശേഷങ്ങൾ

artist-unni
SHARE

പ്രവാസ ലോകത്തെ ജീവിതകാഴ്ചകൾ ഒരു ക്യാൻവാസിലേക്ക് പകർത്തിയാൽ എങ്ങനെയിരിക്കും. സന്തോഷവും സങ്കടവും പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെയായി ക്യാൻവാസ് നിറയും. അത്തരം ജീവിതകാഴ്ചകളെ പകർത്തുന്ന പ്രവാസിയായ ഒരു മലയാളിയുടെ ചിത്രവിശേഷങ്ങളിലേക്കാണ് അടുത്ത യാത്ര.

ഓരോ പ്രവാസിക്കും ഓരോ അനുഭവങ്ങളുടെ പിൻബലമുണ്ട്. തിരക്കുകൾക്കിടയിലും വിരഹ വേദനകളും പ്രതീക്ഷകളുടെ സ്വപ്നങ്ങളുമായി പ്രവാസജീവിതം മുന്നോട്ടുനീങ്ങുന്നു. ഇങ്ങനെ, ജീവിതവഴിയിൽ കണ്ടുമുട്ടിയ വ്യക്തികളും കാഴ്ചകളും ക്യാൻവാസിലേക്ക് പകർത്തിയാണ് മസ്ക്കത്തിലെ പ്രവാസി ചിത്രകാരൻ ഉണ്ണി ചാവക്കാട് വ്യത്യസ്തനാകുന്നത്. ഈ ചിത്രങ്ങളില്‍ മനുഷ്യന്‍റെ സന്തോഷങ്ങളുണ്ട്, വേദനകളുണ്ട്, പ്രതീക്ഷകളുണ്ട്.... ഒപ്പം വൈവിധ്യമായ സമൂഹത്തോട് സംവദിക്കാനുള്ള മാധ്യമം കൂടിയാണിത്. 

ഒമാനിലെ പ്രവാസികളുടെയടക്കം പ്രീയപ്പെട്ട സുൽത്താൻ ഖാബൂസിന്റെ ചിത്രമാണ് ഏറെ പ്രശംസപിടിച്ചുപറ്റിയത്. സുൽത്താനോടുള്ള ആദരവിന്റെ പ്രതീകം കൂടിയാണിത്. ഓരോ ആസ്വാദകനും സ്വന്തം ജീവിതാനുഭവങ്ങളോട് ചേര്‍ത്ത് വച്ച് വായിക്കാമെന്നതാണ് ഉണ്ണിയുടെ  ചിത്രങ്ങളുടെ പ്രത്യേകത. ചിത്രകലയിലെ പുതിയ സങ്കേതങ്ങളും സാധ്യതകളും തേടി ഈ കലാകാരൻ വിവിധ നാടുകളിൽ സഞ്ചരിക്കുന്നുണ്ട്. യാത്രകളിലെ അനുഭവപാഠങ്ങളാണ് ഉണ്ണി കാന്‍വാസിലേക്ക് പകര്‍ത്തുന്നതും. അറബ് സംസ്കാരവും, പച്ചയായ ഒമാനി ജീവിതവും എല്ലാം ഉണ്ണിയുടെ  ചിത്രങ്ങളിൽ പ്രതിഫലിക്കുന്നു.   

ചിത്രകാരനായി മാത്രമല്ല ശിൽപ നിർമാണത്തിലും ഉണ്ണി ശ്രദ്ധേയനാണ്. ഒമാനിൽ അവതരിപ്പിക്കുന്ന ഭൂരിപക്ഷം നാടകങ്ങളുടേയും രംഗപടം ഒരുക്കുന്നതും ഈ കലാകാരനാണ്. നാടകങ്ങളിലെ വരയുടെ കുലപതിയായ സുജാതൻ മാസ്റ്ററിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതാണ് അനുഗ്രഹമായതെന്നാണ് ഉണ്ണിയുടെ അഭിപ്രായം. ഒപ്പം കുട്ടികൾ അടക്കമുള്ളവരെ ശിൽപകലയും ചിത്രരചനയും പഠിപ്പിക്കാനും ഉണ്ണി സമയം കണ്ടെത്തുന്നുണ്ട്. ഗൾഫിലെ വിവിധ എക്സിബിഷനുകളിലും ഈ കലാകാരൻ നിറസാന്നിധ്യമാണ്. നീണ്ട പതിനെട്ടു വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ പത്തു വർഷങ്ങൾ അബുദാബിയിലും എട്ടുവർഷമായി ഓമനിലും ഉണ്ണി ജീവിക്കുന്നു. മസ്കത്തിലെ ഉണ്ണി ആർട്സെന്ന സ്വന്തം സ്ഥാപനത്തിലൂടെ, തിരക്കുപിടിച്ച ലോകത്തിനിടയിലും ഉണ്ണി വരയിലൂടെ ജീവിക്കുകയാണ്.

MORE IN GULF THIS WEEK
SHOW MORE