വേലുക്കുട്ടിയാശാന് ആദരവുമായി സന്തോഷ് കീഴാറ്റൂർ

gw-santhosh-t
SHARE

ഒരായുഷ്കാലം മുഴുവൻ പെൺവേഷമണിഞ്ഞഭിനയിച്ച ഓച്ചിറ  വേലുകുട്ടിയാശാനെന്ന നാടകക്കാരന്റെ ജീവിത കഥപറയുന്ന ഏകാങ്ക നാടകമാണ് പെൺനടൻ, മസ്കറ്റിലെ ഒരു വേദിയിൽ വേലുകുട്ടിയാശാനായി വേഷപ്പകർച്ച അണിഞ്ഞാണ് സിനിമ നാടക നടനായ സന്തോഷ് കീഴാറ്റൂർ പ്രവാസികളെ വിസ്മയിപ്പിച്ചത്. ആ നാടകകാഴ്ചകളുടെ വിശേഷങ്ങൾ കാണാം ഇനി.

സ്ത്രീകൾ നാടകത്തിലേക്ക് വരാൻ മടിച്ച കാലത്ത് സ്ത്രീവേഷം കെട്ടി കാഴ്ചക്കാരെ വിസ്മയിപ്പിച്ച നടനായിരുന്നു ഓച്ചിറ വേലുകുട്ടിയാശാൻ. പെൺനടനായി വര്‍ഷങ്ങളോളം ചായമണിഞ്ഞ  വേലുകുട്ടിയാശാന്റെ കഥപറയുന്ന നാടകമാണ് സിനിമ നാടക നടനായ സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ചത്. ആശാൻ അവതരിപ്പിച്ച ഉത്തരമധുരാപുരിയിലെ  വിഖ്യാത വേശ്യയായ വാസവദത്തയെയും സന്തോഷ് മസ്‌കത്തിലെ സ്റ്റേജിൽ എത്തിച്ചു.

മസ്‌കത്തിലെ നാട്യം എന്ന ക്ലാസിക് കലാപരിപാടി ക്കിടയിലായിരുന്നു പെൺനടൻ തകർത്താടിയത്, ഒരു ഏകാങ്ക നാടകം എന്ന് തോന്നിപ്പിക്കാത്ത വിധം വേഷ - ഭാവ പകർച്ചകളോടെ സന്തോഷ് കിഴാറ്റൂർ ആടിത്തിമിർത്തു. നിറഞ്ഞ സദസിൽ നിശബ്ദതയിൽ ആകാംഷയോടെ പ്രവാസികൾ നാടകത്തിലലിഞ്ഞു ചേർന്നു.

വാസവദത്തയെയും വേലുക്കുട്ടിയാശാനെയും പ്രവാസികൾ മനസ്സിൽ സ്വീകരിച്ചു. ഒപ്പം പ്രണയവും വിരഹവും...അരങ്ങിൽ നിറഞ്ഞാടിയവരുടെ  ദുരിത പൂർണമായ വ്യക്തി ജീവീതത്തെക്കുറിച്ചുള്ള രംഗങ്ങൾ കാണികളെ ഈറനണിയിച്ച പൊള്ളുന്ന കാഴ്ചയായി. മികച്ച ശബ്ദ ദൃശ്യ സംവിധാനത്തിന്റെ അകമ്പടിയോടെയാണ് നാടകം അവതരിപ്പിച്ചത്.

പുതിയ തലമുറ മറന്ന വേലുക്കുട്ടി ആശാന്റെ ജീവിത നാടക കാഴ്ചകളാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്. ആശാനെ നാടകക്കാർ പോലും മറന്ന കാലഘട്ടത്തിൽ ഈ നാടകം രംഗത്തെത്തിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്തോഷ് കീഴാറ്റൂർ വ്യക്തമാക്കി.

പെൺവേഷം കെട്ടി അഭിനയിക്കുകയെന്ന വെല്ലുവിളി ഒരു ജീവിതകാലം മുഴുവൻ ഏറ്റെടുത്ത് വിജയിപ്പിച്ച ആശാന്റെ പേരിനു ആദരവോ അർഹിക്കുന്ന അംഗീകാരമോ ഇനിയും നൽകാത്തത്ദുഃഖകരമാണെന്നാണ് സന്തോഷ് കീഴാറ്റൂരിന്റെ അഭിപ്രായം. കമൽ സംവിധാനം ചെയ്ത നടൻ എന്ന സിനിമയിൽ ഓച്ചിറ വേലുക്കുട്ടി ആശാനെ അവതരിപ്പിച്ചത് ഏറെഅംഗീകാരം നേടിയിരുന്നു. നാല് മിനിട്ടുള്ള സീനിലെ വേഷത്തെ കുറിച്ച് എല്ലാവരും അന്വേഷിച്ചു. അങ്ങനെയാണ് ഇത്തരമൊരു നാടകത്തിലേയ്ക്ക് എത്തിപ്പെട്ടത്.

നാടകത്തിനു വേണ്ടി മണിക്കൂറുകളുടെ തയ്യാറെടുപ്പാണ് നടത്തുന്നത്. സ്ത്രീവേഷം, മുലക്കച്ച, സിന്ധൂരം, കണ്മഷി തുടങ്ങി സ്ത്രീകൾ ഉപയോഗിക്കുന്ന

വസ്തുക്കൾ അതെ തന്മയത്തത്തോടെയാണ് അവതരിപ്പിക്കുന്നത്. അതേസമയം, നാടകത്തിനു വേണ്ടി സിനിമ ഒഴിവാക്കിയിട്ടില്ലെന്നും സജീവമായി

രണ്ടിടങ്ങളിലും തുടരുമെന്നും സന്തോഷ് പറഞ്ഞു. ഓച്ചിറ വേലുകുട്ടിയാശാന്റെ അയൽ പ്രദേശമായ കരുനാഗപ്പള്ളിയിലെ  സുധീർ ആണ് മസ്കറ്റിൽ ഈ നാടകം അണിയിച്ചൊരുക്കിയത്

വിദേശത്തും നാട്ടിലുമായി വിവിധ വേദികളിൽ ഇനിയും ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിത കഥ പരിചയപ്പെടുത്തി അവതരിപ്പിക്കാനൊരുങ്ങുകയാണ് സന്തോഷ്

MORE IN GULF THIS WEEK
SHOW MORE