നവകേരളത്തിനായി പ്രവാസി ചിത്രകാരന്മാർ

gw-artist-t
SHARE

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി ഗൾഫിലെ ചിത്രകാരന്മാർ. അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ അവരുടെ ചിത്രങ്ങൾ ലേലം ചെയ്താണ് നവകേരള നിർമിതിക്കുള്ള സഹായം നൽകുന്നത്. അതിനെക്കുറിച്ചുള്ള വാർത്തയാണ് ആദ്യം.

കേരളത്തിലെ പ്രളയ ദുരന്തം മനസിൽ പേറിയവരാണ് പ്രവാസി മലയാളികൾ. പ്രവാസികളുടെ പ്രിയപ്പെട്ടവരിൽ പലരും ദുരന്തം നേരിട്ട്  അനുഭവിച്ചു. നവകേരള നിർമിതിക്ക് നാട്ടിലെത്തി സഹായം ചെയ്യണമെന്ന് ആഗ്രഹമുണ്ട് പ്രവാസികൾക്ക്. പക്ഷെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് തൃശ്ശൂർ സ്വദേശിയും ചിത്രകാരിയുമായ മൃണ്മയി സെബാസ്ത്യനെപ്പോലെ ഒട്ടേറെപ്പേർ അവരുടെ മേഖലകളിലൂടെ കേരളത്തിനായി സഹായ ഹസ്തം നീട്ടുന്നത്.

65 രാജ്യങ്ങളിൽ നിന്നുള്ള 120 ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് ദുബായ് അൽക്കൂസിലെ കാർട്ടൂൺ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്‌. ചിത്രങ്ങളുടെ ലേലത്തിൽ നിന്നുള്ള തുക കേരളത്തിന്റെ പുനർ നിർമ്മിതിക്ക് ഉപയോഗിക്കാനാണ് ഇത്തരമൊരു ശ്രമമെന്ന് പ്രദർശനത്തിന്റെ മാനേജരും മലയാളി കലാകാരിയുമായ മൃണ്മയി സെബാസ്റ്റ്യൻ പറയുന്നു.

പ്രദർശനം സംഘടിപ്പിച്ചതിനു പിന്നിൽ മൃണ്മയിക്കൊരു കാരണം കൂടിയുണ്ട്. ഭർത്താവും അച്ഛനും അമ്മയും കുഞ്ഞും തൃശൂരിൽ പ്രളയത്തിന്റെ ദുരിതം നേരിട്ട് അനുഭവിച്ചവരാണ്. നാലു ദിവസമാണ് ഇവർ വീടിന്റെ ടെറസിൽ കഴിച്ചുകൂട്ടിയത്.

ആദ്യഘട്ടമെന്ന നിലയിൽ പത്തിലധികം പേർക്ക് സഹായം നൽകി കഴിഞ്ഞു. ദുരിതാശ്വാസത്തിനായതിനാൽ ജനങ്ങളുടെ നല്ല പ്രതികരണമാണ് ലഭിച്ചത്.

കേരളത്തിലെ ദുരിതാശ്വാസ പ്രവത്തനങ്ങൾക്ക് വേണ്ടിയാണെന്നറിയിച്ചതോടെ ചിത്രകാരന്മാർ പൂർണ സമ്മതത്തോടെ കലാ സൃഷ്ടികൾ നൽകി സഹായിച്ചു. ജലച്ചായം, കാർട്ടൂൺ, ഫോട്ടോ, പെയിന്റിംഗ്, ത്രീഡി പേപ്പർ കട്ട് തുടങ്ങി വിവിധ മാധ്യമങ്ങളിലുള്ള സൃഷ്ടികളുണ്ട്.

പതിനൊന്നു മലയാളി ചിത്രകാരന്മാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പാകിസ്ഥാൻ, സിറിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ചിത്രങ്ങളും  പ്രദർശനത്തിലിടം പിടിച്ചു. ഹർഷദ് ബാദ്ബേ എന്ന ഉത്തരേന്ത്യൻ ചിത്രകാരൻ വരച്ച കുതിരയുടെ പെയിന്റിംഗ് ആണ് ഏറ്റവും വിലപിടിപ്പുള്ളത്. രണ്ടേകാൽ ലക്ഷത്തോളം രൂപ.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യു എ ഇയിലെ മലയാളി സുഹൃത്തുക്കളുടെ നാടിനും കുടുംബങ്ങൾക്കും പ്രളയം ദുരിതം വിതച്ചത് വേദനയോടെ നോക്കിക്കണ്ട അനേകം കലാകാരമാരുണ്ട് ഇവിടെ. അതിലൊരാളാണ് യു എ ഇ സ്വദേശിയും ചിത്രകാരനുമായ അഹമ്മദ് അൽ ഫലാസി. കലയിലൂടെ കേരളത്തെ സഹായിക്കണമെന്ന് മനസിലുറച്ചപ്പോഴാണ് ദുബായ് ഔട്ട്ലെറ്റ് മാളിൽ അതിനു അവസരമൊരുങ്ങിയത്. സഹായത്തിന്റെ നിറക്കൂട്ടൊരുക്കാൻ ആദ്യമെത്തിയതും അഹമ്മദ് അൽ ഫാലസി ആയിരുന്നു. സപ്പോർട്ട് കേരള എന്ന പ്രമേയത്തിൽ പതിനാല് കലാകാരൻമാരാണ് ദുബായ് ഔട്ട്ലെറ്റ് മാളിൽ ഒത്തുചേർന്ന് കേരളത്തിനായി സാന്ത്വനത്തിന്റെ നിറക്കൂട്ടൊരുക്കിയത്.

പ്രമുഖ ഡൂഡിൽ ആർട്ടിസ്റ്റും തിരുവന്തപുരം വെഞ്ഞാറമൂട് സ്വദേശിയുമായ സിജിൻ ഗോപിനാഥാണ് ഈ ആശയത്തിന് പിന്നിൽ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ചിത്രം വിറ്റുകിട്ടുന്ന തുകയും ദുരിതാശ്വാസ നിധിയിലേക്കുള്ളതാണ്.

പന്തണ്ട് ഇന്ത്യക്കാരടക്കം പതിനാല് പേർ ചേർന്നാണ് കേരളത്തിന്റെ വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് നവകേരളത്തെ വരച്ചത്. ഷെഹി ഷാഫി, ശ്യാം ലാൽ, ആരതി സുനിൽ, ആശ മേനോൻ, ഗായത്രി അടിയോലിൽ തുടങ്ങിയ മലയാളി ചിത്രകാർക്കൊപ്പം ശ്രീലങ്കൻ സ്വദേശി ഫാത്തിമ റെനുസ റെസൂക്ക്, മുംബൈ സ്വദേശി ഭൈരവി മിസ്ത്രി, കൊൽക്കത്തക്കാരി ഋതുപർണ റോയ് തുടങ്ങിയവരും കൂട്ടായിച്ചേർന്നാണ് നിറകൂട്ടൊരുക്കിയത്.

ഇങ്ങനെ ചിത്രകാരന്മാരുടെ ഭാവനയിൽ വിരിയുന്ന മനോഹര ദൃശ്യങ്ങളെപ്പോലെ നവ കേരളവും മനോഹരമാകട്ടെയെന്നാണ് ഈ കലാകാരുടെ ആശംസ.

MORE IN GULF THIS WEEK
SHOW MORE