മുണ്ട് മുറുക്കിയുടുത്തും മിച്ചം പിടിച്ചും നവകേരളത്തിനായി പ്രവാസി മലയാളി

Gulf-This-Week-2
SHARE

ഗൾഫിലെ സർക്കാരുകൾക്കൊപ്പം വിവിധ സംഘടനകൾ, വ്യവസായികൾ, അസോസിയേഷനുകൾ തുടങ്ങിയവയും ദുരന്ത ബാധിതർക്ക് സഹായവുമായി പുതിയ കേരളം നിർമിക്കാൻ കൈകോർത്തു മുന്നിലുണ്ട്. പ്രവാസജീവിതത്തിന്റെ വിയർപ്പിനാൽ കെട്ടിപ്പടുത്തുയർത്തിയ വീടുകൾ തകർന്നവർ, പാസ്പോര്ട്ട് അടക്കം പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർ ഉൾപ്പെടെ പ്രളയദുരന്തം നേരിട്ടും അല്ലാതെയും ഏറ്റുവാങ്ങിയവരാണ് പ്രവാസിമലയാളികൾ. അതിനാൽ തന്നെ പ്രവാസികളുടെ സഹായം കേരളത്തിന്റെ പുനർ നിർമ്മിതിക്ക് ആവശ്യവുമാണ്.

ഒരായുസിന്റെ സ്വപനങ്ങളുമായി കരുതിവച്ച നാണയ ശേഖരം. ഒരിക്കലും വിൽക്കരുതെന്നാഗ്രഹിച്ച അമൂല്യ സമ്പത്ത്...ലക്ഷങ്ങൾ വിലമതിക്കുന്ന ഈ അപൂർവ സമ്പത്ത് വിൽക്കാനൊരുങ്ങുകയാണ് കാസർഗോഡ് ഏരിയാൽ സ്വദേശി ഇബ്രാഹിം തവക്കൽ. പ്രളയദുരിതത്തിൽ പെട്ട സഹോദരങ്ങൾക്ക് കൈത്തങ്ങാകാനാണ് ദുബായിൽ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന ഇബ്രാഹിം ഈ തീരുമാനമെടുത്തത്. ഇതിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മൂന്നു പേർക്ക് വീട് വച്ച് നൽകുകയാണ് ആദ്യ ലക്ഷ്യം.

ദുരിതാശ്വാസത്തിനായി മത ജാതി വത്യാസങ്ങൾ മറന്ന പോലെ സഹായത്തിലും അത് പാടില്ലെന്ന നിർബന്ധമുണ്ട് ഇബ്രാഹിമിന്. അതിനാൽ തന്നെ മൂന്ന് മതങ്ങളിലുള്ളവർക്കായിരിക്കും വീട് നിർമിച്ചു നൽകുന്നത്. ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലെയും പുരാതന നാണയങ്ങളും കറൻസികളും ഇബ്രാഹിം നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. ഈ നിധി വിറ്റാണ് ദുരിതാശ്വാസ ധന സഹായമായി നൽകുന്നത്.

ഇബ്രാഹിം തവക്കൽ ഒരു പ്രതീകമാണ്. ഇബ്രാഹിമിനെ പോലെ ലക്ഷക്കണക്കിന് പേരാണ് കേരളത്തിന്റെ പുനർ നിര്മിതിക്കായി സഹായം നീട്ടുന്നത്. അതിൽ കോടീശ്വരന്മാരുണ്ട്.. മുണ്ട് മുറുക്കിയുടുത്ത് മിച്ചം പിടിച്ചു  സഹായം നല്കുന്നവരുണ്ട്.. പ്രവാസി  മലയാളി മുതൽ കേരളത്തെക്കുറിച്ചു കേട്ടു മാത്രം പരിചയമുള്ള അന്യ രാജ്യക്കാരുണ്ട്, പാകിസ്ഥാനും നേപ്പാളും അടക്കം അയൽ രാജ്യങ്ങളിൽ നിന്നെത്തിയ പ്രവാസികളുമുണ്ട്. ഏതു സങ്കടത്തിലും സഹായം നീട്ടുന്ന ലുലു ഗ്രൂപ്പ് പ്രളയ ദുരിതത്തിലും കേരളത്തിന് താങ്ങായി കൂടെയുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നൽകിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, യു എ ഇ സർക്കാരിന്റെ ഫണ്ടിലേക്കും സഹായം നൽകി കഴിഞ്ഞു. ഒപ്പം ഗൾഫിൽ നിന്നുള്ള എല്ലാ സഹായ പദ്ധതികൾക്കും മുന്പന്തിയിലുമുണ്ട്.

Thumb Image

യു.എ.ഇ എക്സ്ചേഞ്ച് ചെയർമാൻ ബി ആർ ഷെട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി നാല്  കോടിയാണ് കൈമാറിയത്. യു.എ.ഇ. യുടെ ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ഫൗണ്ടേഷൻ സമാഹരിക്കുന്ന കേരള പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 9.5 കോടി രൂപയും കൈമാറിയിട്ടുണ്ട്. ഒപ്പം കേരളത്തിലേക്ക് സാധനങ്ങൾ സമാഹരിച്ചു എത്തിക്കാനും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

യു.എ.യിലെ അമ്മമാരുടെ സംഘടനയായ (MALAYALI MOMS MIDDLE EAST) ആദ്യഘട്ടമായി 10000 ടൺ  സാധനങ്ങളാണ് ദുരന്ത മേഖലയിലേക്ക് അയച്ചത്. സ്ത്രീകളുടെ വസ്ത്രങ്ങൾ, നാപ്കിൻ ,സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള അണ്ടർ ഗാര്മെന്റ്സ് ,കുഞ്ഞുങ്ങൾക്കുള്ള ആഹാരസാധനങ്ങൾ ,പായ് ,പുതപ്പുകൾ ,ബിസ്കറ്റ്‌സ് തുടങ്ങിയവയാണ് കേരളത്തിലെത്തിച്ചത്.

സാമ്പത്തിക സഹായങ്ങൾക്കൊപ്പം അത്യാവശ്യ സാധനങ്ങൾ കയറ്റി അയക്കാൻ സൗജന്യ സേവനവുമായി എ ബി സി കാർഗോ രംഗത്തെത്തിയിട്ടുണ്ട്. വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ പ്രവാസികൾ വ്യക്തിപരമായോ സംഘടന വഴിയോ സാധനങ്ങൾ സംഘടിപ്പിച്ചാൽ അത് സൗജന്യമായി അയച്ചു കൊടുക്കുന്നതിന് എ.ബി.സി. കാർഗോയുടെ ജി.സി.സി. യിലെ എല്ലാ ബ്രാഞ്ചുകളുടെയും സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിക്കുന്നു.

അമ്പതു കോടിയുടെ പുനരധിവാസ പാക്കേജാണ് വിപിഎസ് ഗ്രൂപ് ആവിഷ്കരിക്കുന്നത്. പുനരധിവാസ ക്യാമ്പുകളിലേക്ക് നൂറു ടൺ വരുന്ന മരുന്നുകൾ, ഭക്ഷണ പൊതികൾ, വസ്ത്രങ്ങൾ, കുടിവെള്ളം എന്നിവയും അബുധാബിയിൽ നിന്നും കേരളത്തിലെത്തിച്ചിരുന്നതായി വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഷംസീർ വയലിൽ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും സഹായം നൽകുന്നത്.  യു എ യിൽ നിന്ന് ആസ്റ്റർ ഹെൽത്ത് കെയർ, ഫാത്തിമ ഹെൽത്ത് കെയർ ഉൾപ്പെടെ വിവിധ വ്യവസായ സ്ഥാപനങ്ങൾ വിവിധ സംഘടനകൾ, അസോസിയേഷനുകൾ ഒപ്പം വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നല്കിയിട്ടുണ്ട്. വിവിധ സംഘടനകളും വ്യക്തികളും ശേഖരിച്ച ഇരുന്നൂറു ടണ്ണോളംഅവശ്യ സാധനങ്ങളുമായി ദുബായിൽനിന്ന് എമിറേറ്റ്‌സ് എയർലൈൻസിന്റെ കാർഗോവിമാനങ്ങൾ തിരുവനന്തപുരത്തു എത്തിയിരുന്നു.

യു എഇ ക്കു ഒപ്പം മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുകയാണ്. ഒമാനിൽ നിന്നു ദുരിതാശ്വാസ സഹായം സമാഹരിക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിന്, മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.  മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ മസ്കത്ത് ബാങ്കിൽ പ്രത്യേക ബാങ്ക് അക്കൗണ്ടും തുടങ്ങി. വീട് നഷ്ടപ്പെട്ട 75 പേർക്ക് വീട് വച്ചു നൽകാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി ഒമാനിലെ മലയാളി വ്യവസായി ഡോക്ടർ പി മുഹമ്മദലി അറിയിച്ചു.  ഒമാനിലെ വിവിധ സാമൂഹ്യ സംഘടനകൾ കാർഗോ കമ്പനികളുമായി ചേർന്ന് സാധനങ്ങൾ നാട്ടിലേക്ക് അയക്കുന്നുണ്ട്. ഇന്ത്യൻ മീഡിയ ഫോറം മസ്കത്ത്, ഓ ഐ സി  സി ഒമാൻ, കെ എം സി സി സലാല, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയ സംഘടനകൾ ടൺ കണക്കിന് അവശ്യ വസ്തുക്കളാണ് കേരളത്തിലേക്ക് അയച്ചത്.

ഖത്തർ, കുവൈത്ത്, സൗദി അറേബ്യാ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസി മലയാളികളും കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി കൂടെയുണ്ട്. അതേസമയം കേരളത്തിലെ പ്രളയക്കെടുതിയിൽപ്പെട്ട് രേഖകൾ നഷ്ടമായ പ്രവാസികൾക്ക് എംബസി സഹായം നൽകുമെന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി അറിയിച്ചിട്ടുണ്ട്. അവധിക്കാലമായതിനാൽ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് പോയിട്ടുള്ളത്. പ്രളയക്കെടുതിയിൽ പാസ്പോർട്ട്, വീസ എന്നിവയടക്കമുള്ള രേഖകൾ നഷ്‌ടമായവരുണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ എംബസി മുൻകൈയെടുത്ത് പരിഹരിക്കും.

നഷ്‌ടമായ പാസ്പോർട്ട് പുതുക്കിയെടുക്കുന്ന കാലയളവിനുള്ളിൽ വീസ കാലാവധി കഴിയുന്നവർക്ക് വേണ്ടിയും എംബസി ബന്ധപ്പെട്ട അധികാരികളോട് സംസാരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം, കേരളത്തിലെ പ്രളയത്തിൽ വീടുകളുൾപ്പെടെ നഷ്ടപ്പെട്ട പ്രവാസികൾക്കു നഷ്ടപരിഹാരം ലഭിക്കാൻ നോർക്കയ്ക്കു കീഴിൽ പ്രത്യേക സെല്ലിന് രൂപം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി രേഖകൾ സമയത്തിനു ഹാജരാക്കാൻ പല പ്രവാസികൾക്കുമാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാരണത്താൽ നഷ്ടപരിഹാരം നഷ്ടമാകുമെന്നാണ് ആശങ്ക. വിവിധ രാജ്യങ്ങളിലെ എംബസിക്കു കീഴിലുള്ള പ്രവാസി ക്ഷേമ ഫണ്ടുകളിൽ നിന്നു പ്രളയത്തിൽ നഷ്ടമുണ്ടായ പ്രവാസികൾക്ക് സാധ്യമായ സഹായങ്ങൾ ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

പ്രവാസികളുടെ കൈത്തങ്ങോടെ പുതിയ കേരളത്തിൻറെ നിർമിതി കൂടുതൽ വേഗത്തിലാക്കാമെന്നുറപ്പാണ്.  മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനോടുള്ള പ്രവാസികളുടെ പ്രതികരണവും ഇതാണ് വ്യക്തമാക്കുന്നത്.

അതേസമയം, പുനർനിർമാണ ധനസമാഹരണത്തിനായി മന്ത്രി യുടെ നേതൃത്വത്തിൽ യു എ ഇയിൽ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ പദ്ധതികൾക്ക് പൂർണ മനസോടെ സഹായഹസ്തം നീട്ടുന്ന പ്രവാസികളിൽ നിന്നും  കൂടുതൽ സഹായം വരും ദിവസങ്ങളിൽ കൂടെയുണ്ടാകുമെന്നാണ് ഉറപ്പ്. ഒപ്പം, കേരളത്തിന്റെ  പുനർനിർമിതിയിൽ പ്രവാസികളെ മറക്കരുതെന്ന അപേക്ഷയും.

MORE IN GULF THIS WEEK
SHOW MORE