യുഎഇയിൽ പൊതുമാപ്പിന് ഓഗസ്റ്റിൽ തുടക്കം; ശിക്ഷ കൂടാതെ രാജ്യം വിടാൻ അറിയേണ്ടത്

pothumapp
SHARE

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് പൊതുമാപ്പിന്റെ പൂർണവിവരങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. വീസ തീർന്നതടക്കം വിവിധ പ്രശ്നങ്ങളിൽ കുരുങ്ങി ഇവിടെ താമസിക്കുന്ന മലയാളികൾ അടക്കമുള്ളവർ ഈ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം. എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വിശദമായറിയാം.

യുഎഇയില്‍ മൂന്നു മാസം നീളുന്ന പൊതുമാപ്പ് ആരംഭിക്കാന്‍ ദിവസങ്ങൾ ബാക്കിനില്‍ക്കെയാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് പൊതുമാപ്പ് നടപടികൾ വിശദീകരിച്ചിരിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിടുന്നവര്‍ക്ക് വീണ്ടും പുതിയ വീസയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ട് എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രധാനപ്രത്യേകതയെന്ന് താമസകാര്യവിഭാഗം ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റഷീദ് പറഞ്ഞു. 

ഒൻപത് സേവന കേന്ദ്രങ്ങളിലായിരിക്കും പൊതുമാപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. തലസ്ഥാനമായ അബുദാബിയില്‍ മൂന്നും മറ്റു എമിറേറ്റുകളിൽ ഓരോന്ന് വീതവും. അബുദാബിയില്‍ ഷഹാമ, അല്‍ഗര്‍ബിയ, അല്‍ഐന്‍ എന്നിവിടങ്ങളിലെ എമിഗ്രേഷന്‍ കൌണ്ടറുകളിലും ദുബായില്‍ അവീറിലെ എമിഗ്രേഷന്‍ സെന്‍ററിലും പൊതുമാപ്പ് അപേക്ഷകര്‍ക്കായി സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ പ്രധാന എമിഗ്രേഷന്‍ ഓഫീസുകളിലും അപേക്ഷിക്കാവുന്നതാണ്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പൊതുമാപ്പ് സേവന കേന്ദ്രം പ്രവര്‍ത്തിക്കുക. 

നിയമലംഘകരായ വിദേശികള്‍ക്ക് താമസം നിയമവിധേയമാക്കി യുഎഇയില്‍ തുടരാനും അധികൃതര്‍ അനുവാദം നല്‍കുന്നു. പുതിയ സ്പോണ്‍സറെ കണ്ടെത്തിയാല്‍ ആമര്‍ സെന്‍ററില്‍ അഞ്ഞൂറു ദിര്‍ഹം ഫീസടച്ച് രാജ്യം വിടാതെ പദവി ശരിയാക്കാനാണ് അനുമതി . ഇവര്‍ക്ക് പുതിയ ജോലി കണ്ടെത്താനും അധികൃതര്‍ സൊകര്യം ഒരുക്കിയിട്ടുണ്ട്. മനുഷ്യവിഭവ, സ്വദേശിവല്‍കരണ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവർക്ക് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളിലേക്ക് അപേക്ഷിച്ചാല്‍ യോഗ്യതയും പരിചയവും അനുസരിച്ച് ജോലി ലഭിക്കും. ജോലിയില്ലാതെ രാജ്യത്ത് കഴിയുന്നവരെ മാത്രമേ ഇതിനായി പരിഗണിക്കൂ. പദവി ശരിയാക്കുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വീസയും അനുവദിക്കും.  യുദ്ധമോ ആഭ്യന്തര കലാപമോ നേരിടുന്ന സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുടുംബങ്ങള്‍ക്ക് യുഎഇയില്‍ തങ്ങുന്നതിന് ഒരു വര്‍ഷത്തെ സൌജന്യവീസ നല്‍കുമെന്നും അധികർതർ അറിയിക്കുന്നു. 

താമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍, തൊഴില്‍ തര്‍ക്കത്തില്‍പെട്ട് കഴിയുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പ്രധാനമായും പൊതുമാപ്പ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്കും തൊഴിലുടമയുമായി തര്‍ക്കത്തില്‍ ഏര്‍പെട്ട് കഴിയുന്നവര്‍ക്കും സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍ക്കും അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയവര്‍ക്കും പദവി ശരിയാക്കാന്‍ അനുമതിയുണ്ട്.  എത്ര വലിയ പിഴയാണെങ്കിലും അധികൃതര്‍ എഴുതിത്തള്ളും. എന്നാൽ, സാമ്പത്തിക ക്രമക്കേട് അടക്കം ക്രിമിനല്‍ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിടുന്നവര്‍ക്ക് വീണ്ടും യുഎഇയിലേക്ക് പുതിയ വീസയില്‍ വരാമെന്ന് ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റഷീദ് വ്യക്തമാക്കുന്നു. വിവിധ കാരണങ്ങളാല്‍ നിയമലംഘകരായി തുടര്‍ന്നവര്‍ക്ക് യാതൊരു ശിക്ഷയും ഇല്ലാതെ തിരിച്ചുപോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ അവസരമുണ്ട്. രാജ്യവും ഭരണാധികാരികളും നല്‍കിയ ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താന്‍ നിയമലംഘകര്‍ മുന്നോട്ടുവരണമെന്നാണ് അധികൃതരുടെ അഭ്യർഥന. 

സാധുതയുള്ള രേഖകള്‍ ഇല്ലാത്തവര്‍ ബന്ധപ്പെട്ട എംബസിയിൽ നിന്നോ  കോണ്‍സുലേറ്റിൽ നിന്നോ  ഔട്ട്പാസ് ശേഖരിക്കണം. എമിഗ്രേഷനിൽ റജിസ്റ്റര്‍ ചെയ്യുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അപേക്ഷകര്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നല്‍കും. ഇതോടെ വിമാന ടിക്കറ്റെടുത്ത് ഇവര്‍ക്ക് നാടുവിടാം. നടപടിക്രമങ്ങളുടെ ഭാഗമായി നേത്ര, വിരലടയാളം എന്നിവ ശേഖരിക്കും. എക്സിറ്റ് പെര്‍മിറ്റ് ലഭിച്വര്‍ പത്തു ദിവസത്തിനകം രാജ്യം വിടണം. എന്നാല്‍ കാലാവധിയുള്ള പാസ്പോര്‍ട്ടോ വീസയോ ഉള്ളവര്‍ക്ക് നേരിട്ട് എമിഗ്രേഷനെ സമീപിക്കാം. രേഖകളില്ലാതെ രാജ്യത്തേക്ക് നുഴഞ്ഞുകയറിവര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പ്രവേശന നിരോധനമുണ്ടാകും. ഒളിച്ചോടിയതായി പരാതിയുള്ളവര്‍ അഞ്ഞൂറു ദിര്‍ഹം നല്‍കി പരാതി നീക്കം ചെയ്താല്‍ എക്സിറ്റ് പെര്‍മിറ്റ് നല്‍കും. ഇവര്‍ക്കും പിന്നീട് പ്രവേശന നിരോധനമുണ്ടാകില്ല. ഏത് എമിറേറ്റിലെ  വീസയിലാണോ ഇവിടെയെത്തിയത് ആ എമിറേറ്റിലാണ് പൊതുമാപ്പിനും അപേക്ഷ നല്‍കേണ്ടത്. 

വീസാ കാലാവധി കഴിഞ്ഞതിന്‍റെ പേരില്‍ കേസ് നിലനില്‍ക്കുന്നവര്‍ക്ക് കോടതിയില്‍നിന്നുള്ള ക്ലിയറന്‍സ് ലഭിച്ചാല്‍ പൊതുമാപ്പിലൂടെ രാജ്യം വിടാം. മറ്റു നിയമ നടപടി നേരിടുന്നവര്‍ക്ക് അത് പൂര്‍ത്തിയാകാതെ രാജ്യം വിടാനാകില്ല. വിവിധ കാരണങ്ങളാല്‍ പാസ്പോര്‍ട്ട് എമിഗ്രേഷനില്‍ ഗ്യാരന്‍റിയായി വച്ചിട്ടുള്ളവരുടെ കേസുകള്‍ പ്രത്യേകം പഠനവിധേയമാക്കി തീരുമാനമെടുക്കും.  ഒളിച്ചോടിയവരുടെ പാസ്പോര്‍ട്ട് എമിഗ്രേഷനില്‍ ഉണ്ടെങ്കില്‍ അവ പരിശോധിച്ച് ഉടമകള്‍ക്ക് കൈമാറും. ഇതിനായി പ്രത്യേക കൌണ്ടറും ഒരുക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. എന്നാല്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടു എന്നതിനുള്ള സാക്ഷ്യപത്രം ആവശ്യമില്ല.

അസുഖം മൂലം ആശുപത്രിയിലുള്ളവര്‍,  പ്രായാധിക്യം, പരുക്ക് എന്നിവ കാരണം യാത്ര ചെയ്യാനാവാത്തവര്‍ക്ക് പകരം ചുമതലപ്പെടുത്തിയ ആള്‍ എത്തി അപേക്ഷനൽകിയാൽ മതിയാകും. ഒപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ബന്ധപ്പെട്ട കോണ്‍സുലേറ്റില്‍നിന്നുള്ള കത്തോ ഹാജരാക്കണം. ഭര്‍ത്താവിന്‍റെ പേരില്‍ പൊലീസ് കേസോ ഭര്‍ത്താവ് എവിടെയാണെന്ന് അറിയാത്തതോ ആയ സന്ദര്‍ഭങ്ങളില്‍ ഭാര്യയ്ക്ക് പൊതുമാപ്പിനായി അധികൃതരെ സമീപിക്കാവുന്നതാണ്. അടച്ചുപൂട്ടിയ കമ്പനിയുടെ വീസയിലുള്ളവര്‍ക്കും പൊതുമാപ്പ് ആനുകൂല്യംലഭിക്കും.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ ഏര്‍പെടുത്തി. 050 8995583 നമ്പറില്‍ എംബസിയുമായോ 800 46342 ടോള്‍ഫ്രീ നമ്പറില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സസ് സെന്‍ററുമായോ (ഐഡബ്ല്യുആര്‍സി) ബന്ധപ്പെടാം. ഐഡബ്ല്യുആര്‍സിയില്‍ 24 മണിക്കൂറും സേവനം ലഭിക്കും. കൂടാതെ എംബസിയുടെ indemb.uaeamnesty18@gmail.com എന്ന ഇമെയില്‍ വിലാസത്തിലും പൊതുമാപ്പ് അപേക്ഷകര്‍ക്ക് ബന്ധപ്പെടാം. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള ഇന്ത്യക്കാര്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റുമായാണ് (056-5463903) ബന്ധപ്പെടേണ്ടതെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു. കൂടാതെ അംഗീകൃത ഇന്ത്യന്‍ സംഘടനകളും ഹെല്‍പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.  കെ.എം.സി.സി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റി, അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍റര്‍, കേരള സോഷ്യല്‍ സെന്‍റര്‍ അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. നിയമസാങ്കേതിക സഹായങ്ങൾക്ക് ഹെൽപ് ഡെസ്ക്കുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. 

MORE IN GULF THIS WEEK
SHOW MORE