ഈന്തപ്പഴ ഉൽസവം ആഘോഷിച്ച് അബുദാബി; കാഴ്ചകൾ കാണാം

gulf-3
SHARE

ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികൾ പ്രിയപ്പെട്ടവർക്കായി കരുതിവയ്ക്കുന്ന പ്രധാനകാര്യങ്ങളിലൊന്നാണ് ഇവിടത്തെ ഈന്തപ്പഴം. മധുരവും ആരോഗ്യസംരക്ഷണത്തിന് സഹായകരവുമായ ഈന്തപ്പഴം മരുഭൂമിയുടെ പ്രിയപ്പെട്ട വിളയാണ്. അബുദായിയിൽ ഈന്തപ്പഴ ഉൽസവം ആഘോഷിക്കുകയാണ്. എമിറേറ്റിന്റെ സമ്പദ് സമൃദ്ധിയുടെ പ്രതീകമായ ലിവ ഈന്തപ്പഴോത്സവത്തിന്റെ കാഴ്ചകാണാം ഇനി. 

കേരളത്തിന് തെങ്ങെന്ന പോലെയാണ് അറബ് രാജ്യങ്ങൾക്ക് ഈന്തപ്പന. അറബ് ജനതയുടെ പ്രിയപ്പെട്ട വിള. അറേബ്യൻ രാജ്യങ്ങളിലും ചില വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും മാത്രം കൃഷി ചെയ്യപ്പെടുന്ന ഈന്തപ്പനകൾ ഈ നാടിന്റെ സമൃദ്ധിയുടെ പ്രതീകങ്ങളാണ്. അതിനാൽ തന്നെ ഈന്തപ്പഴ മഹോൽസവം നാടിന്റെ ആഘോഷവുമാണ്. 

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ  ഈന്തപ്പഴോത്സവമാണ് അബുദാബിയിലെ അൽദഫ്റയിൽ നടക്കുന്നത്. ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സജ്ജീകരിച്ച ടെന്‍റില്‍ യു.എ.ഇയിലെ ഏറ്റവും മുന്തിയ ഇനം ഈന്തപ്പഴങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പച്ചയും  പഴുത്തതും പാതി പഴുത്തതുമായ ഈന്തപ്പഴത്തിന്‍റെ വമ്പന്‍ കുലകള്‍ കാഴ്ചക്കാർക്ക് വിസ്മയമാണ്. 

ഖലാസ്, ബൂമാൻ, ഖനേസി, ദബ്ബാസ്, സിസ്സി എന്നീ ഈന്തപ്പഴങ്ങൾക്ക് പുറമെ റുതബ്​ എന്നു വിളിക്കുന്ന പാതി പഴുത്ത ഈന്തപ്പഴങ്ങൾക്കും ആവശ്യക്കാർ ഏറെ. രുചിയേറിയ ഈന്തപ്പഴം വിലക്കുറവിൽ ലഭിക്കുന്നതിനാൽ മലയാളികളായ പ്രവാസികളടക്കം ആയിരക്കണക്കിനു പേരാണ് ഇവിടം സന്ദർശിക്കുന്നത്. നൂറ്റിഅറുപത് കകളിലായി അറുപത്തിയഞ്ചോളം വ്യത്യസ്ത ഈന്തപ്പഴങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തിച്ചിട്ടുണ്ട്.

ഈന്തപ്പനയോലകൊണ്ടുണ്ടാക്കിയ പായ, വിശറി, പാത്രങ്ങൾ, ഈന്തപ്പനയുടെ തണ്ടുകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങൾ, വിളക്ക് കാലുകൾ, മേശകൾ, പണപ്പെട്ടികൾ, കരകൗശല വസ്തുക്കൾ എന്നിവയും സന്ദര്‍ശകരെ ആകർഷിക്കുന്നു. ഈന്തപ്പഴം അച്ചാർ, ഉപ്പിലിട്ടത്​, ജ്യൂസ്​, വിനാഗിരി, ഹൽവ, ജാം തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ വിസ്മയവും രുചിയേറിയതുമാണ്.

ലിവ ഈന്തപ്പഴോത്സവം കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താനും ആശയങ്ങള്‍ കൈമാറാനുള്ള വേദികൂടിയാണ്.  കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുകയാണ് മഹോത്സവത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രുചിയും വലിപ്പവും നിറവും അടിസ്ഥാനമാക്കി മികച്ച ഈന്തപ്പഴ കുലയ്ക്ക് സമ്മാനവുമുണ്ട്. മികച്ച കര്‍ഷകരെ പുരസ്കാരം നല്‍കി ആദരിക്കും. ആരോഗ്യസംരക്ഷണത്തിന് ഉത്തമഫലമായ ഈന്തപ്പഴത്തിന്‍റെയും കൃഷിയുടെയും പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍കരണ ക്ലാസുകളും നടക്കുന്നുണ്ട്. കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക വില്ലേജാണ് ഉൽസവത്തിലെ മറ്റൊരു ആകർഷണം. കളികളിലൂടെ കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യം മനസിലാക്കികൊടുക്കുന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

പത്തു ദിവസം നീളുന്ന മധുരോത്സവം ഈ മാസം മുപ്പതിന് അവസാനിക്കും. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പവലിയനുകളുമുണ്ട് കൂടാരത്തിൽ. ഖാവ രുചിക്കുന്ന കന്തൂറ ധാരികളായ ഉന്നത ഉദ്യോഗസ്ഥർ, വിളകളുമായി എത്തുന്ന കർഷകർ, സാംസ്കാരിക സന്ധ്യയിൽ പങ്കെടുക്കുന്ന കലാകാരന്മാർ, നർത്തകർ, വാദ്യോപകരണ വിദഗ്ധർ, അബുദാബി പൊലീസിന്റെ ബാൻഡ് മേളം എന്നിവയെല്ലാം ചേർന്നാണ് ഉത്സവം മഹോത്സമാക്കുന്നത്. സന്ദര്‍ശകര്‍ക്ക് കർശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളാണ് നൽകിയിട്ടുള്ളത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാകര്‍തൃത്വത്തിലാണ് ഉത്സവം. പന്ത്രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്ത് ഈന്തപ്പഴ മഹോത്സവം സംഘടിപ്പിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE