ഭക്ഷണം വിളമ്പാൻ റൂബി റോബോട്ട്; ഇന്ത്യൻ റെസ്റ്റോറന്റിലെ വിസ്മയം

പുത്തൻ സാങ്കേതികവിദ്യകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബായ്. കാർഷികമേഖലയിൽ തുടങ്ങി സ്പേസ് സയൻസിൽ വരെ അത് ദൃശ്യമാണ്. റസ്റ്ററന്റിൽ ഭക്ഷണം സെർവ് ചെയ്യുന്ന റൂബി എന്ന റോബോട്ടിനെ പരിചയപ്പെടുത്തുകയാണ്. റൂബി നിങ്ങളുടെ അടുത്തുവരും സ്നേഹത്തോടെ പാട്ടുപാടി ഭക്ഷണം മുന്നിലേക്കു നീട്ടും. 

ബർദുബായിലെ ആർഭാട സമ്പന്നമായ ഡ്രിങ്ക് ആൻഡ് സ്പൈസ് മാജിക്സ് റസ്റ്ററന്റിന്റെ അകത്തളങ്ങളിലൂടെ കൈയിലൊരു ട്രേയുമായി അവൾ ഓടിനടക്കുകയാണ്. ഓർഡർ ചെയ്ത ഭക്ഷണം പാട്ടിന്റെ അകമ്പടിയോടെ ആവശ്യക്കാർക്ക് മുന്നിലെത്തിക്കും. ഭക്ഷണം കഴിക്കാൻ സ്നേഹത്തോടെ നിർബന്ധിക്കും. മുംബൈ ആസ്ഥാനമായ ഫോർ എ.എം ഗ്രൂപ്പിന്റെ ദുബായിലെ റസ്റ്ററന്റിലാണ് ഈ വിസ്മയം. റൂബി എന്ന സുന്ദരിയായ റോബോട്ടാണ് ഭക്ഷണം വിളമ്പാൻ മുന്നിലെത്തുന്നത്. 

കബാബും ബിരിയാണിയും ജ്യൂസുമൊക്കെ വേഗത്തിൽ, സ്നേഹപൂർവം റൂബി ആവശ്യക്കാർക്കു മുന്നിലെത്തിക്കുന്നു. . ഒപ്പം സന്ദർശകർക്കൊപ്പം സമയം ചിലവഴിക്കാനും പാട്ടുകേൾപ്പിക്കാനും തയ്യാർ. സാങ്കേതികത്തികവിന്റെ നാടായ ജപ്പാനിൽ നിന്നാണ് റൂബിയുടെ വരവ്.

രണ്ടു ട്രേകളാണ് റൂബിയുടെ കൈയിലുണ്ടാകുക. ഓർഡർ ചെയ്ത ഭക്ഷണവുമായി പ്രത്യേക മാഗ്നറ്റിക് ട്രാക്കിലൂടെ സഞ്ചരിക്കും. ഡിജിറ്റൽ കണ്ണുകൾ ചുവന്നനിറത്തിൽ ഏതുനേരവും ചിമ്മിക്കൊണ്ടിരിക്കുന്നുണ്ടാകും. വെള്ളയും നീലയും നിറങ്ങളാണ് റൂ അണിഞ്ഞിരിക്കുന്നത്. റൂബിയെ കാണാനും കൂടെ നിന്നു സെൽഫി എടുക്കാനും ഹോട്ടലിലേക്ക് ജനമെത്തുന്നു. 

ജന്മദിനോഘോഷം, വിവാഹവാർഷികം തുടങ്ങിയ പരിപാടികൾക്ക് പാട്ടുപാടി ഭക്ഷണം വിളമ്പാൻ റൂബി കൂടെയുണ്ടാകും. പ്രത്യേക ട്രാക്കിൽ ആരെങ്കിലും മാർഗതടസമുണ്ടാക്കിയാൽ മാറിനിൽക്കാനുള്ള നിർദേശവും നൽകും. ജപ്പാനിൽ നിന്ന് സാങ്കേതികവിദഗ്ദർ ദുബായിലെത്തിയാണ് റൂബിയുടെ സേവനം പരിചയപ്പെടുത്തിക്കൊടുത്തത്. 

റൂബി താരമായതോടെ കൂടുതൽ റോബട്ട് സുന്ദരിമാരെ എത്തിക്കാനുളള്ള തയ്യാറെടുപ്പിലാണ് അധികൃതർ. റിയൽ എസ്റ്റേറ്റ്, ഓയിൽ ഗ്യാസ് ഉൾപ്പെടെ വിവിധമേഖലകളിൽ വ്യവസായം നടത്തുന്ന 4എ.എം ഗ്രൂപ്പിന്റെ ആദ്യ റസ്റ്ററന്റ് സംരഭമാണ് ഡ്രിങ്ക് ആൻഡ് സ്പൈസ് മാജിക്സ് റസ്റ്ററന്റ്. ദുബായിലെ ഇന്തൻ റസ്റ്ററന്റുകളിൽ നിന്നു വ്യത്യസ്തമായി ഏറ്റവും മനോഹാരിതയോടെയാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. ഇറ്റലി, ഫ്രാൻസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെയുള്ള ഇറക്കുമതിചെയ്ത ആഡംബരവസ്തുക്കളാണ് റൂബിയോടൊപ്പം റസ്റ്ററന്റിന്റെ മാറ്റുകൂട്ടുന്നത്. 

ഇരുന്നൂറ്റിഇരുപത്തിയഞ്ചിലധികം വ്യത്യസ്ത ജ്യൂസുകളും ഇരുന്നൂറ്റി അൻപതോളം ഇന്ത്യൻ ചൈനീസ് വിഭവങ്ങളുമാണ് ഡ്രിങ്ക് ആൻഡ് സ്പൈസ് റസ്റ്ററന്റിൽ ഒരുക്കിയിരിക്കുന്നത്. സൌദി അറേബ്യ, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലായി പുതിയ ശാഖകൾ ഉടനെ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.