ഹജ്ജിന്റെ പുണ്യം തേടി വിശ്വാസികൾ; വിപുലമായ സൗകര്യങ്ങളൊരുക്കി സൗദി

TOPSHOT-SAUDI-RELIGION-ISLAM-PRAYER
TOPSHOT - Muslim worshippers perform the evening (Isha) prayers at the Kaaba, Islam's holiest shrine, at the Grand Mosque in Saudi Arabia's holy city of Mecca on August 25, 2017, a week prior to the start of the annual Hajj pilgrimage in the holy city / AFP PHOTO / BANDAR ALDANDANI
SHARE

മനസും ശരീരവും വിശുദ്ധമാക്കുന്ന  ഹജ്ജ് തീർഥാടനത്തിന്റെ നാളുകളിലാണ് ഇസ്ലാം മതവിശ്വാസികൾ. ആശങ്കകളൊന്നുമില്ലാതെ ഹാജിമാർക്ക് സൗകര്യമൊരുക്കി സൗദി അറേബ്യ കാത്തിരിക്കുന്നു. 

ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമായ ഹജ്ജിന്റെ പുണ്യത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇസ്ലാം മത വിശ്വാസികൾ. വിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമാണ് ഹജ്ജ്. 

അറബി മാസമായ ദുൽഹജ്ജ് എട്ടു മുതൽ പന്ത്രണ്ടു വരെ ഇസ്ലാം മത വിശ്വാസികൾ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനവും അതോടനുബന്ധിച്ചുള്ള കർമ്മങ്ങളുമാണ് ഹജ്ജ്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തേത്. പുണ്യ കഅബ പണിത ഇബ്രാഹിം നബി, ഭാര്യ ഹാജറ, മകൻ ഇസ്മാഇൽ എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ്‌ ഹജ്ജിലെ കർമ്മങ്ങൾ. കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിർബന്ധമാണ്‌. അടുത്തമാസം പത്തൊൻപതു മുതൽ ഇരുപത്തിനാലു വരെയാണ് ഈ വർഷത്തെ ഹജ് കർമങ്ങൾ. 

പ്രാർഥനാ നിരതരായി ജീവിതനിഷ്കർഷയോടെ ഹജ് ആചരിക്കാൻ ലക്ഷക്കണക്കിനു പേരാണ് മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ തീർഥാടകസംഘം സൗദി അറേബ്യയിലെത്തിയത്. ഡൽഹി വിമാനത്താവളത്തിൽ നിന്നു മദീനയിലെത്തിയത് നാന്നൂറ്റിപത്തു തീർഥാടകരകരാണ്.  സ്വതന്ത്ര ഇന്ത്യയിൽ നിന്നു ഏറ്റവുമധികം പേർ ഹജ്ജിനു പോകുന്നത് ഈ വർഷമാണ്. ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരത്തിഇരുപത്തിയഞ്ചുപേരിൽ ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി എഴുന്നൂറ്റിരണ്ടുപേരും സർക്കാരിന്റെ ഹജ്ജ് കമ്മിറ്റി വഴി തിരഞ്ഞെടുക്കപ്പെട്ടവരാണ്. കേരളത്തിൽ നിന്ന് ഏഴായിരം പേരാണ് ഇത്തവണ തീർഥാടനത്തിനു പോകുന്നത്.

ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്നിടമായതിനാൽ കനത്ത സുരക്ഷയാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ആദ്യകാലങ്ങളിൽ കനത്ത തിരക്കും ആളുകളെ കാണാതാകുന്നതുമൊക്കെ പതിവായിരുന്നു. എന്നാൽ, ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. വളരെ വിപുലമായ സൌകര്യങ്ങളാണ് ഭരണകൂടം വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്. ഹജിനെക്കുറിച്ച് കേട്ടുപഴകിയ ആശങ്കകൾക്ക് ഇപ്പോൾ അടിസ്ഥാനമില്ല. താമസസൌകര്യങ്ങൾ, മെട്രോ, ഹൈ സ്പീഡ് റയൽവേ നെറ്റ് വർക്ക്, തുടങ്ങിയ വികസനങ്ങൾ തീർഥാടകർക്ക് ഏറെ സൌകര്യപ്രദാമാക്കി മാറ്റിയിട്ടുണ്ട് ഭരണകൂടം.

സൗദിസർക്കാരും ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നത് തീർഥാടനം സുഗമമാക്കും.  ഏറ്റവും പ്രധാനപ്പെട്ടത് മതിയായ രേഖകൾ കയ്യിൽ സൂക്ഷിക്കുക എന്നതുതന്നെയാണ്.  നിയപരമായ അനുമതിയില്ലാതെ ഹജ്ജിനെത്തി പിടിക്കപ്പെടുന്ന പ്രവാസികളെ കയറ്റി അയക്കുമെന്നും സൗദി അറേബ്യയില്‍ അവര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവേശന വിലക്കുണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മക്കയിലെ താമസരേഖയോ ഹജ്ജ് അനുമതി പത്രമോ ഇല്ലാത്ത ഒരാളെയും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. മക്കയിലേക്കുള്ള ആറ് പ്രവേശക കവാടങ്ങളിലും പൊതുസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കനത്ത പരിശോധനയാണ് നടത്തുന്നത്. 

അതേസമയം, മറ്റ് കാര്യങ്ങളിലേതെന്ന പോലെ ഹജ്ജിനു പോകുന്ന കാര്യത്തിലും പ്രവാസികൾ അടുത്തകാലത്തായി ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. സൗദി സർക്കാരിന്റെ ഉത്തരവ് പ്രകാരം സ്വന്തം രാജ്യത്തുനിന്നു മാത്രമേ ഹജ്ജിന് പോകാനാകൂ. രണ്ടുവർഷങ്ങൾക്കു മുൻപ് വരെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഹജ്ജിനു പോകണമെങ്കിൽ നാൽപത് ദിവസം മുൻപ് മാത്രം പാസ്പോർട് ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയാൽ മതിയായിരുന്നു. എന്നാൽ, പുതിയനിയമപ്രകാരം ഏപ്രിൽ മുപ്പത്തിനകം പാസ്പോർട് കൈമാറണം. അക്കാരണത്താൽ, പ്രവാസികൾക്ക് നാലു മാസം വരെയെങ്കിലും ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

പ്രവാസികൾ ഭൂരിപക്ഷംപേർക്കും ആധാർ കൈവശമില്ല, ആധാർ നിർബന്ധമല്ല എന്നതുതന്നെയാണ് കാരണം. എന്നാൽ, ഹജ്ജിനു പോകുന്നവർക്ക് നിർബന്ധമായും ആധാർ നമ്പർ കൈമാറണമെന്നതാണ് വ്യവസ്ഥ. ഇക്കാരണത്താൽ പ്രവാസികൾ നാട്ടിലെത്തുമ്പോൾ ആധാർ സംഘടിപ്പിക്കാനും നെട്ടോടമോടുന്ന സാഹചര്യമുണ്ട്. 

അതേസമയം, ഹാജിമാർക്കായി സൗദി സർക്കാരും ഇന്ത്യയുടെ ഹജ്ജ് കമ്മിറ്റിയും മെഡിക്കൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏത് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടായാലും അതിനുള്ള ഏറ്റവും ആധുനിക ചികിൽസയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സൗദി സർക്കാരിന്റെ മെഡിക്കൽ സൗകര്യങ്ങൾക്കൊപ്പം ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയുടെ ഹജ് മിഷൻ മക്കയിലും മദീനയിലും മെഡിക്കൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒപ്പം വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കാനും നിർദേശങ്ങൾ നൽകി സഹായിക്കാനും കെ.എം.സി.സി അടക്കം വിവിധ സംഘടനകളുടെ വൊളന്റിയർമാരും സന്നദ്ധരായി കൂടെയുണ്ടാകും.

ഇന്ത്യയിൽ നിന്നുളള ഹജ് തീർഥാടകർക്ക് സൌജന്യ മൊബൈൽ ഫോൺ സിം കാർഡുകളും കൈമാറും. ഇത്തരത്തിൽ മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി മറ്റ് ആശങ്കകളില്ലാതെ മനസും ശരീരവും പൂർണമായും സൃഷ്ടാവിലർപ്പിച്ച് വിശുദ്ധമായി കർമങ്ങൾ അനുഷ്ടിക്കാനുള്ള മഹനീയഅവസരമാണ് ഓരോ ഹാജിമാർക്കും കൈവന്നിരിക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE