കേരളത്തെ ഓർമിപ്പിച്ച് സലാല; വാദി ദർബാത്തിലെ മനോഹരകാഴ്ചകൾ

salalah-nature
SHARE

പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളാണ് ഗൾഫിലെ കേരളമെന്നു വിളിപ്പരുള്ള സലാലയെക്കുറിച്ചു പറയാനുള്ളത്. വാദി ദർബാത്തെന്ന മനോഹരമായ വെള്ളച്ചാട്ടത്തിലേക്കാണ് ഇനി നമ്മുടെ യാത്ര. 

മൺസൂൺ തുടങ്ങിയതോടെ സലാലയിൽ ഖരീഫ് ഉൽസവമാണ്. സെപ്റ്റംബർ 21 വരെ നീളുന്ന മേളയിൽ പങ്കെടുക്കാൻ മലയോരങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടരുകയാണ്. ദോഫാർ നഗരസഭ ഒരുക്കുന്ന സലാല ടൂറിസം ഫെസ്റ്റിവൽ കാണാനും അനുഭവിച്ചറിയാനും മലയാളികൾ അടക്കമുള്ളവർ ഇവിടെ എത്തിക്കഴിഞ്ഞു. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ മുഖ്‌സെയില്‍, വാദി ദര്‍ബാത്ത്, ജബല്‍ സംഹാന്‍, ഖോര്‍ അല്‍ ഖോറി, എന്നിവിടങ്ങൾ സഞ്ചാരികളുടെ പറുദീസയാണ്. സലാലയിലെ എല്ലാ വിനോദസഞ്ചാരമേഖലകളെക്കുറിച്ചു പറയാൻ സമയം തികയാതെ വരും. അതിനാൽ വാദി ദർബാത്തിനറെ മനോഹര കാഴ്ചകളെക്കുറിച്ചു പറയാം ഇനി. 

സ്കൂൾ അടച്ചു. വാർഷികാവധിയായി. ഒരു വർഷത്തെ അലച്ചിലുകൾക്കും ആകുലതകൾക്കും വിടപറഞ്ഞ് പ്രകൃതിയോടൊപ്പമിരിക്കാൻ മരുഭൂമികളുടെ നാട്ടിൽ ഏറ്റവും അനുയോജ്യമായ സ്ഥലം. ആതിരപ്പിള്ളിയും ചീയപ്പാറയും മീൻമുട്ടിയും തുഷാരഗിരിയുമൊക്കെ ഗൃഹാതുരതയോടെ ഓർക്കുന്ന മലയാളികൾക്ക് ഖരീഫിന്റെ മഴക്കുളിരിൽ വാദി ദർബാത്ത് പകരുന്നത് അതിരില്ലാത്ത സന്തോഷം. നല്ല തണുത്ത വെള്ളമൊഴുകുന്ന അരുവി... പച്ചപ്പ് നിറഞ്ഞ് തണൽ വിരിച്ചു നിൽക്കുന്ന മരങ്ങൾ. മരുഭൂമിയിലും പ്രകൃതി വിസ്മയങ്ങൾ കരുതിവച്ചിട്ടുണ്ട്. 

ദോഫാര്‍ പ്രവിശ്യയിലെ താഖയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വാദി ദര്‍ബാത്ത് എന്ന ഈ ഹരിതതാഴ്വര. ഒരു മാസം മുമ്പ് വരണ്ടുണങ്ങിയ താഴ്വര ഇപ്പോള്‍ പച്ചക്കാടുകളായി മാറി. ഋതുഭേദങ്ങളിൽ പ്രകൃതി വിസ്മയമാകുന്നു. മലനിരകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന റോഡിലൂടെ വാഹനത്തിന്റെ മേൽക്കൂര നീക്കി മനസും ശരീരവും തണുപ്പിച്ച് സഞ്ചാരികളുടെ യാത്ര. ദോഫാര്‍ മലനിരകളിലെ  ജബല്‍ സംഹാനിന്റെ താഴ്വാരമാണ് വാദി ദര്‍ബാത്ത്. ചുറ്റും മരങ്ങള്‍ നിറഞ്ഞ മലനിരകള്‍. ചെങ്കുത്തായിറങ്ങുന്ന മലയുടെ താഴ്വരയില്‍  ഒരു ചെറുപുഴപോലെ താഴ്‌വര, കാലികള്‍ മേയുന്ന പുല്‍മേടുകള്‍. ചെറുതും വലുതുമായ, പേരറിയുന്നതും അറിയാത്തതുമായ തണല്‍ മരങ്ങളുടെ നീണ്ടനിര. മരങ്ങള്‍ക്ക് ചേലചുറ്റി വള്ളിപ്പടര്‍പ്പുകൾ, പൂക്കാനും കായ്ക്കാനുമൊരുങ്ങുന്ന പുല്‍നാമ്പുകള്‍. പുല്‍നാമ്പുകളിലിരുന്നും ചാടിയും പറന്നും കളിക്കുന്ന ചിത്രശലഭങ്ങൾ, ചില്ലകളില്‍ കൂടൊരുക്കി പക്ഷികൾ.. പുതുമഴയില്‍ പൊടിയുന്ന ഈയാമ്പാറ്റകളെ കൊക്കിലൊതുക്കി പറക്കുന്ന ചെറുകിളികൾ..പ്രകൃതി കവിതവിരിയിക്കുന്ന സുന്ദരകാഴ്ചകൾ. 

കാഴ്ചകൾ കണ്ട് അരുവിയിലൂടെയുള്ള ചെറുബോട്ടിലെ യാത്ര തേക്കടിയിലെ ബോട്ടുയാത്രയെ ഓർമിപ്പിക്കുന്നു. യന്ത്രവൽകൃത ബോട്ടിന് ഇരുപത് മിനിട്ടിന് എട്ടു റിയാലും ചവുട്ടി തുഴയുന്ന  ബോട്ടിനു ഇരുപത് മിനിറ്റിനു നാലു റിയാലുമാണ് നിരക്ക്. ഒന്നുറപ്പിക്കാം കൊടുക്കുന്ന കാശിനും പതിന്മടങ്ങു മുകളിലായിരിക്കും യാത്രപകരുന്ന അനുഭവം. 

പ്രകൃതിയെ ഒരു തരത്തിലും വേദനിപ്പിക്കില്ലെന്നതാണ് ഇവിടത്തെ പ്രത്യേകത. ധാരാളം സഞ്ചാരികൾ എത്തുന്നതിനാൽ സുരക്ഷയും മാർഗനിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസിന്റെ സജീവസാന്നിധ്യമുണ്ടിവിടെ. കിലോമീറ്ററുകളോളം നീളുന്ന വാഹന പാർക്കിങ് സൌകര്യം. ഉന്മേഷത്തിനായി ചായയും കാപ്പിയും കഹ്വയും ഉള്‍പ്പെടെ ലഘുവിഭവങ്ങളും ജ്യൂസുകളും ഒരുക്കി ഭക്ഷണശാലകൾ. സഞ്ചാരികൾക്ക് ആശങ്കയൊഴിവാക്കാൻ മൊബൈല്‍ ടോയ്ലറ്റുകള്‍, ഗതാഗത തടസ്സമില്ലാതെ എത്തിച്ചേരാവുന്ന സുസജ്ജമായ റോഡുകൾ. പ്രകൃതിയെ അനുഭവിക്കാനെത്തുന്ന സഞ്ചാരികൾക്ക് യാതൊരു ബുദ്ധിമുട്ടുകളും വരുത്തരുതെന്ന് നിർബന്ധമുണ്ട് ഭരണകൂടത്തിന്. മേക്ക്നു കൊടുങ്കാറ്റ് വരുത്തിയ മുറിവുകളെ യുദ്ധകാല അടിസ്ഥാനത്തിലാണ് വച്ചുകെട്ടിയത്.  അറിയുംതോറും ഭ്രമിപ്പിക്കുന്ന, കണ്ടാലും പിന്നെയും കാണാന്‍ കൊതിപ്പിക്കുന്ന അഭൗമ സൌന്ദര്യമാണ് മലനിരകൾക്കിടയിൽ പ്രകൃതി ഇവിടെ കാത്തുവച്ചിരിക്കുന്നത് എന്നു സഞ്ചാരികളുടെ സാക്ഷ്യം.

MORE IN GULF THIS WEEK
SHOW MORE