മേളപ്പെരുക്കത്തിൽ മണലാരണ്യം; ചെണ്ട പഠിക്കുന്ന പ്രവാസിമലയാളികൾ

chendamelam-pravasi
SHARE

ലോകം ഫുട്ബോൾ ലഹരിയിലാണ്. പ്രവാസിമലയാളികളടക്കമുള്ളവർ ഗൾഫ് നാടുകളിലും ആവേശം നിറയ്ക്കുന്നുണ്ട്. 

യു.എ.ഇയിലെ ആഘോഷങ്ങള്‍ക്ക് മേളപ്പെരുക്കമേകാന്‍ റാസല്‍ഖൈമയില്‍നിന്നൊരു വാദ്യസംഘം.  മൂന്നു മാസത്തെ കഠിന പരിശീലനത്തിന് ഒടുവിൽ അരങ്ങേറ്റം. മട്ടന്നൂർ ശങ്കരൻ മാരാരുടെ മുന്നിൽ അരങ്ങേറ്റം കുറിച്ച നാദം റാസൽഖൈമയുടെ വിശേഷങ്ങള്‍ നോക്കാം.

ഗണപതിക്കൈ കൊട്ടി പ്രാര്‍ഥനയോടെ തുടക്കം. തക്കിട, തരികിട, തക്കിട്ട തുടങ്ങി വാദ്യാക്ഷരത്തില്‍ ഹരിശ്രീ കുറിക്കാന്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ജാതിമത ഭേദമന്യെ പഠിതാക്കളെത്തി. പ്രവാസ ലോകത്തെ പരിമിതികളില്‍നിന്നായിരുന്നു സാധകം. കൈക്കുഴയെ മെരുക്കി വഴക്കിയെടുക്കും വരെയുള്ള  പരിശീലനം എമിറേറ്റിന്‍റെ സായാഹ്നങ്ങളെ ശബ്ദാനമയമാക്കി.

റാസല്‍ഖൈമയിലെ ആഘോഷങ്ങള്‍ക്ക് ദൂരെ നിന്നു വാദ്യസംഘങ്ങളെ വിളിക്കേണ്ടിവരുന്നതിന്‍റെ ബുദ്ധിമുട്ടിൽ നിന്നാണ് നാദം റാസല്‍ഖൈമ എന്ന പുതിയൊരു വാദ്യസംഘത്തിന്‍റെ പിറവി.

എട്ടു വയസുകാരി ആഭേരി മഹേഷാണ് സംഘത്തിലെ ബേബി. കുഞ്ഞുകൈകളില്‍ വലിയ ചെണ്ടക്കോലുമേന്തി താളത്തിനൊത്ത് കൊട്ടിക്കയറുകയാണ് ഈ മൂന്നാം ക്ലാസുകാരി. ആശാന്‍ അരുണ്‍ നെന്മണ്ടയുടെ നിര്‍ദേശം അനുസരിച്ച് ശിഷ്യര്‍ പുളിമുട്ടിയില്‍ താളമിട്ടപ്പോള്‍ പ്രായംമറന്ന ആവേശം. 

ആവേശത്തോടെയാണ് വിദ്യാർഥികൾ ഓരോ ഘട്ടവും പിന്നിട്ടത്. സാങ്കേതികവിദ്യകൾ കണ്ടുവളർന്ന് സ്മാർട് സിറ്റിയിൽ ജനിച്ചുവളർന്ന അലോകിനെ ചെണ്ടയിലേക്ക് ആകർഷിച്ചത് ഇതായിരുന്നു. 

കേരളത്തിലെപ്പോലെ വളയിട്ട കൈകളും ചെണ്ടകൊട്ടാനെത്തി. മുപ്പതംഗ സംഘത്തില്‍ പത്തു വിദ്യാര്‍ഥിനികളാണുള്ളത്. കൈ വഴങ്ങാതിരുന്നത് മാത്രമാണ് ആദ്യം ബുദ്ധിമുട്ടുണ്ടാക്കിയത്. 

എട്ടു വയസുകാരി ആഭേരി മുതല്‍ അമ്പതുകാരന്‍ പ്രദീപ് കുമാര്‍ വരെയുള്ള ശിഷ്യഗണങ്ങള്‍ക്ക് ചെണ്ടയില്‍ ആദ്യം ഹരിശ്രീ കുറിച്ചുകൊടുത്തത് ശ്യാം പ്രസാദ് ബാലുശ്ശേരിയായിരുന്നു. 

മേളപ്രമാണി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ശിഷ്യനായ ആശാന്‍ അരുണ്‍ നെന്മണ്ട പരിശീലന ചുമതല ഏറ്റെടുത്തതോടെ പഠനം ഗൌരവത്തിലായി. ദിവസേനയുള്ള കഠിന പരിശീലനം ഇവരെ ഉറച്ച മേളക്കാരാക്കി. പഠനച്ചൂടിനിടയിലും കഠിനാധ്വാനം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ചെണ്ടയില്‍ ആശാന്‍റെ വക എ പ്ലസ്.

പിന്നെ ഒട്ടും വൈകിയില്ല. റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളില്‍ അരങ്ങേറ്റത്തിനു വേദിയൊരുങ്ങി. ഗുരുവിന് ദക്ഷിണ നല്‍കി,  വണങ്ങി കോലും ചെണ്ടയും ഏറ്റുവാങ്ങി. മേളത്തിന്റെ കുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ അനുഗ്രഹത്തോടെ കൊട്ടിത്തുടങ്ങി. പെയ്തിറങ്ങിയ താളപ്പെരുമഴ മട്ടന്നൂരിനുള്ള പ്രിയ ശിഷ്യന്മാരുടെ ഗുരുദക്ഷിണയായി. 

ചെണ്ടയെ മെരുക്കിയും വിന്യാസങ്ങളെ ഇണക്കിയും ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങൾ കൊട്ടിക്കയറി...വിവിധ താളത്തിൽ. അടുത്ത തവണ ഒന്നിച്ച് കൊട്ടാന്‍ ഭാഗ്യമുണ്ടാകട്ടെ എന്നായിരുന്നു മട്ടന്നൂരിന്‍റെ പ്രതികരണം.

ഗുരുവിന്‍റെ മുന്നില്‍ ശിഷ്യരെക്കൊണ്ട് കൊട്ടിക്കാന്‍ സാധിച്ചത് അത്യപൂര്‍വ ഭാഗ്യമായാണ് കരുതുന്നതെന്ന് അരുണ്‍ നെന്മണ്ട പറഞ്ഞു. 

നിഷ്ടയോടെയും ഭക്തിയോടെയും നിര്‍വഹിച്ച പരിശീലനത്തിന്‍റെ മികവില്‍ പ്രവാസി മലയാളികളുടെ നാദമായി മാറുകയാണ് നാദം റാസല്‍ഖൈമ വാദ്യസംഘം.

MORE IN GULF THIS WEEK
SHOW MORE