ടിവിയിലെ കളി മടുത്തു; ലോകകപ്പ് റഷ്യക്ക് പുറപ്പെട്ട് പ്രവാസിമലയാളികൾ

football-pravasi-new
SHARE

ലോകകപ്പ് ഫുട്ബോൾ ലഹരി തലയ്ക്കു പിടിച്ച നാൽവർസംഘം. ടിവിയിൽ കളി കണ്ട് മടുത്തതോടെ നേരെ റഷ്യയിലേക്ക് വച്ചുപിടിച്ചു. ക്വാർട്ടർ, സെമി മൽസരങ്ങൾ കാണാൻ പോകുന്ന നാലുപേരുടെ വിശേഷമാണ് ഇനി.

കാല്‍പന്തുകളിയോടുള്ള ആരാധന മൂത്ത് റഷ്യയിലേക്കുള്ള പുറപ്പാടിലാണ് ഈ നാല്‍വര്‍ സംഘം. പൂരത്തിന്‍റെ നാട്ടില്‍നിന്നെത്തിയ ആന്‍വിന്‍ തോമസ്, പോള്‍ ജോര്‍ജ് എന്നിവര്‍ക്കൊപ്പം മുംബൈയില്‍നിന്നുള്ള ഫ്ളോറ ജനാര്‍ദ്ദനനും ഹൈദരാബാദില്‍നിന്നുള്ള പ്രസാദ് റെഡിയുമുണ്ട്. വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നു വന്ന് വിവിധ ജോലി ചെയ്യുന്നവരെ സൌഹൃദത്തിലാക്കിയത് കളിക്കളങ്ങളോടുള്ള ഇഷ്ടം. പരിചയപ്പെട്ടതു മുതൽ എത്ര തിരക്കുണ്ടെങ്കിലും ഒരുമിച്ച് മത്സരങ്ങള്‍ കാണുന്നത് പതിവാക്കി. ക്രിക്കറ്റായാലും ഫുട്ബോളായാലും മുന്നിലുണ്ടാകും. ആ കായികാവേശത്തിന്റെ ഒടുവിലത്തെ സാക്ഷ്യപത്രമാണ് ലോകകപ്പ് ഫുട്ബോളിന്റെ അവസാനപോരാട്ടങ്ങൾക്കായി റഷ്യയിലേക്കുള്ള ഈ യാത്ര. 

ഷാര്‍ജയിലെ അല്‍ മജാസ് ആംഫി തീയേറ്ററിലിരുന്ന് ആദ്യമൽസരങ്ങളുടെ കളിയാവേശം പങ്കുവയ്ക്കുന്നതിനിടെയാണ് ലോക കപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ച കഷ്ടപ്പാട് വിവരിച്ചത്. ബ്രസീലും ഫ്രാന്‍സും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടിയാലുണ്ടാകുന്ന പോരാട്ടവീര്യമായിരുന്നു ടിക്കറ്റ് സ്വന്തമാക്കാനെന്ന് സംഘത്തലവന്‍ ആന്‍വിന്‍ പറഞ്ഞു. ഫൈനല്‍ ടിക്കറ്റന് ശ്രമിച്ച് പരാജയപ്പെട്ടിട്ടും ചോര്‍ന്നുപോയിട്ടില്ല ഇവരുടെ കളിയാവേശം. കിട്ടിയ അവസരം മുതലെടുത്ത് മുന്നേറിയപ്പോള്‍ നാലു സെമി ഫൈനല്‍ ടിക്കറ്റ് സ്വന്തം. സെമി ഫൈനലില്‍ നാലു ഗോളടിച്ച പ്രതീതി.

നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാല്‍റ്റിക്കായി കാത്തിരിക്കും പോലെ ഫിഫ സൈറ്റിനു മുന്നിൽ വീണ്ടും ടിക്കറ്റിനായി കാത്തിരുന്നു, പലവട്ടം!!!. ഇടയ്ക്ക് സൈറ്റ് ചുവപ്പുകാർഡ് കാട്ടി പ്രവർത്തനരഹിതമായെങ്കിലും ആവേശം ഇടറിയില്ല.  ഒടുവില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി. അതിനിടെ റഷ്യയിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്ത വിമാനം റദ്ദാക്കിയതും ഇഷ്ടപ്പെട്ട ടീം പുറത്തായതും ഇവരുടെ കളിയാവേശത്തെ ഒട്ടും കുറച്ചില്ല. നഷ്ടം സഹിച്ചും മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് എടുത്ത ഈ ജര്‍മന്‍ ആരാധിക ഇനിയുള്ള ടീമുകളുടെ മികച്ച കളിക്കായി കാത്തിരിക്കുകയാണ്.

പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായിട്ടിയും അര്‍ജന്‍റീനയെ കൈവിടാന്‍ ഒരുക്കമല്ല ഹൈദരാബാദുകാരനായ പ്രസാദ് റെഡ്ഡി.  നിറം മങ്ങിയ പ്രകടനം കാഴ്ചവച്ചിട്ടും ഈ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ മനസിലെ ജേതാവ് അര്‍ജന്‍റീനയും മെസ്സിയും തന്നെ.

വമ്പന്‍മാര്‍ ആദ്യം തന്നെ മൂക്കുകുത്തി വീണ ലോകകപ്പിൽ കിലിയന്‍ എംബാപെയെ പോലെ പുത്തന്‍ താരോദയത്തിനും പുതിയ ജേതാക്കള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍.

MORE IN GULF THIS WEEK
SHOW MORE