യു.എ.ഇയിലെ പൊതുമാപ്പ് മലയാളികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?

uae
SHARE

ഓഗസ്റ്റ് ഒന്നു മുതൽ മൂന്ന് മാസത്തേക്ക് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക് പിഴ അടച്ച് രാജ്യത്ത് തുടരാനോ സ്വദേശത്തേക്ക് തിരകെ പോകാനോ ഉള്ള അവസരമാണിത്. അനധികൃതമായി ഇവിടെ താമസിക്കുന്ന മലയാളികൾ അടക്കമുള്ളവർക്ക് എങ്ങനെ പൊതുമാപ്പ് പ്രയോജനപ്പെടുത്താം എന്താണ് പൊതുമാപ്പ്??എങ്ങനെ പ്രയോജനപ്പെടുത്താം?? വാർത്തയിലൂടെ അറിയാം വിശദമായി .

യു.എ.ഇയിൽ വീസ നിയമങ്ങൾ ലംഘിച്ച്​ താമസിക്കുന്ന വിദേശികൾക്ക്​ നിയമപരമായി ഇവിടെ തുടരാനോ സ്വദേശത്തേക്ക് തിരികെ പോകാനോ ഉള്ള അനുമതിയാണ് പൊതുമാപ്പിലൂടെ ലഭിക്കുന്നത്. രേഖകൾ ശരിയാക്കാനും ശിക്ഷാനടപടികൾക്കു വിധേയരാകാതെ രാജ്യം വിടാനുമുള്ള അവസരം ലഭ്യമാകും.  'നിലവിലുളള സ്ഥിതി മാറ്റി സ്വയം  സുരക്ഷിതമാകൂ' എന്ന പ്രമേയത്തിലാണ് അനധികൃത താമസക്കാരെ നിയമാനുസൃത താമസക്കാരാക്കുന്നതടക്കമുള്ള പൊതുമാപ്പ് പ്രക്രിയകൾ നടപ്പിലാക്കുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ​ഐഡന്റി ആൻഡ് സിറ്റിസൺഷിപ്പിലെ വിദേശകാര്യവകുപ്പ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ സയിദ്​ റാകാൻ അൽ റഷ്​ദി അറിയിച്ചു. 

യു.എ.ഇ പൊതുമാപ്പുകൾ പലതവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓഗസ്റ്റിൽ നടപ്പാക്കുന്ന പൊതുമാപ്പിനു പ്രത്യേകതകൾ ഏറെയുണ്ടെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. യുഎഇ യിലേക്ക് തിരികെ പ്രവേശിക്കുന്നത് തടയുന്ന 'നോ എൻട്രി' പതിക്കാതെ ആയിരിക്കും അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ അവസരം നൽകുക എന്നതാണ് ഈ പൊതുമാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്പോൺസറിൽ നിന്നും ഒളിച്ചോടിയതായി മന്ത്രാലയങ്ങൾ  പ്രസിദ്ധപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെട്ട തൊഴിലാളികൾക്കും രേഖകൾ നിയമാനുസൃതമാക്കുകയോ രാജ്യം വിടുകയോ ചെയ്യാനുള്ള അനുകൂല അവസരമാണിത്. തട്ടിപ്പിൽ അകപ്പെട്ടതുൾപ്പെടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ അനധികൃമായി രാജ്യത്ത് താമസിക്കുന്നുണ്ട്. ഇത്തരക്കാർക്ക് കടുത്തശിക്ഷ ഒഴിവാക്കാനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുന്നത്. 

പൊതുമാപ്പ്​​ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ ടോൾ ഫ്രീ ടെലിഫോൺ നമ്പർ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 2013 ലെ പൊതുമാപ്പ് കാലത്ത് അബുദാബി ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും പ്രത്യേക കൗണ്ടറുകൾ ക്രമീകരിച്ച് ഗുണഭോക്താക്കൾക്ക് സഹായം നൽകിയിരുന്നു. ഇവിടെ നിന്നാണ് പൊതുമാപ്പിനുള്ള ഔട്ട് പാസ് സ്വന്തമാക്കേണ്ടത്. ചുരുങ്ങിയ ദിവസം കൊണ്ട് സ്വന്തമാക്കുന്ന ഈ ഔട്ട് പാസ് ഉണ്ടെങ്കിൽ മാത്രമേ രാജ്യത്ത് നിന്ന് വിമാനം കയറാനാകൂ. മലയാളിക്കൂട്ടങ്ങളടക്കം യു.എ.ഇയിലെ അംഗീകൃ ഇന്ത്യൻ സന്നദ്ധ സംഘടനാ പ്രവർത്തകരും സഹായത്തിനുണ്ടാകും. അത്തരത്തിലുള്ള സംഘടനകളുടെ ഹെൽപ് ഡെസ്കുകൾ വഴി പൊതുമാപ്പിന്റെ നടപടിക്രമങ്ങൾ അറിയാം.

ഔട് പാസ് വാങ്ങിയിട്ടും നാട്ടിലേയ്ക്ക് പോകാത്തവരുടെ പേരിലുണ്ടാകുന്ന നിയമനടപടി അതീവ ഗൗരവമുള്ളതായിരിക്കും. ഒപ്പം യാത്ര അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കരുതെന്നും നയതന്ത്ര ഉദ്യോഗസ്ഥർ നിർദേശിക്കുന്നു. ചില ഇന്ത്യൻ സംഘടനകൾ ഒരുക്കുന്ന സൌജന്യ യാത്രകളും പ്രയോജനപ്പെടുത്താവുന്നതാണ്. അഞ്ച് വർഷത്തിനു ശേഷം പ്രഖ്യാപിക്കുന്ന പൊതുമാപ്പ്, ശ്രദ്ധയോടെ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം. ഇത് പ്രയോജനപ്പെടുത്താതെ വീസ നിയമം ലംഘിച്ച് യു.എ.ഇയിൽ തുടരുന്നവർക്കെതിരെ കർശന ശിക്ഷാനടപടിയുണ്ടാകും. രണ്ടായിരത്തി പതിമൂന്നിലാണ് ഇതിന് മുൻപ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് മലയാളികൾ അടക്കം അറുപത്തിരണ്ടായിരം പേരാണ് രണ്ടുമാസത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഈയിടെ വിസ നിയമങ്ങളിൽ ഇളവ്​ പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തി​​െൻറ ചുവടുപിടിച്ചാണ്​ പൊതുമാപ്പ് നടപ്പാക്കുന്നത്. ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവർക്ക് ഒരു വർഷത്തെ എമർജൻസി റസിഡൻസി വീസ അനുവദിക്കും. ഒപ്പം വിധവകൾക്കും ഭർത്താവുപേക്ഷിച്ച ഭാര്യമാർക്കും മക്കൾക്കും സ്പോൺസർഷിപ്പില്ലാതെ യുഎഇയിൽ താമസിക്കാൻ ഒരു വർഷത്തെ വീസയും അനുവദിച്ച് മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഇത്തരത്തിൽ മാനുഷികത കൈവിടാതെയുള്ള പൊതുമാപ്പ് പ്രഖ്യാപനമാണ് ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. 

MORE IN GULF THIS WEEK
SHOW MORE