ജന്മദിനാഘോഷം മാറ്റിവച്ച് തൊഴിലാളികൾക്ക് ഇഫ്താറൊരുക്കി സഹല്‍

gw-sahal-t
SHARE

സാഹോദര്യത്തിന് മനസിൽ മണ്ണൊരുക്കാൻ പഠിപ്പിക്കുന്ന വലിയ നന്മയാണ് റമസാൻ പകരുന്നത്. സക്കാത്തിലൂടെ സന്തോഷവും സന്താപവും പങ്കുവയ്ക്കാൻ പഠിപ്പിച്ച സർവകാരുണികന്റെ മനസ് പിൻതുടർന്ന ഒരു പത്തുവയസുകാരൻ മലയാളി ബാലനെയാണ് ഈ എപ്പിസോഡിൽ ആദ്യം പരിചയപ്പെടുത്തുന്നത്. 

ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷമാക്കുന്നവര്‍ക്കിയടില്‍ വ്യത്യസ്തനാവുകയാണ് കോഴിക്കോട് മുക്കം സ്വദേശിയായ പന്ത്രണ്ടുകാരന്‍ സഹല്‍. പ്രവാസികളായ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ജന്മദിനം ആഘോഷിക്കാനുള്ള സഹലിന്‍റെ തീരുമാനത്തിന് മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. ജന്മദിന ദിവസം വൈകിട്ട് സഹലും കൂട്ടുകാരന്‍ ഫര്‍സീനും സജയിലെ തൊഴിലാളികളുടെ ക്യാംപിലെത്തി. ജന്മദിനാഘോഷത്തിനായി മാറ്റിവച്ചിരുന്ന തുക സാമൂഹ്യസംഘടനയായ ടീം ഇഫ്താറിന് കൈമാറി.തുടര്‍ന്ന് നോമ്പുതുറയ്ക്കുള്ള ഭക്ഷണവുമായി ഇഫ്താര് കേന്ദ്രത്തിലേക്ക്.

പലക കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയൊരു പള്ളിയുടെ മുന്നിലെത്തി സഹലും കൂട്ടരും. അപ്പോഴേക്കും പള്ളിമുറ്റത്ത് പായവിരിച്ച് ടീം ഇഫ്താര്‍ സംഘം തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. വെള്ളവും സംഭാരവും പഴങ്ങളും ബിരിയാണിയും അടക്കമുള്ള ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കിവച്ചു. ഏതാനും വര്‍ഷം മുന്‍പ് ലേബര്‍ ക്യാംപ് സന്ദര്‍ശിക്കാന്‍ ഇടയായതാണ് കുഞ്ഞുമനസിന് പ്രചോദനം.

ബാങ്ക് വിളിയുടെ സമയമായതോടെ വിവിധ ക്യാംപുകളില്‍ നിന്നുള്ള തൊഴിലാളികള്‍ ഇഫ്താറിനെത്തി. ഓരോ തൊഴിലാളിയെയും സ്വീകരിച്ചിരുത്തി സഹല്‍ തന്നെ ഭക്ഷണം വിളമ്പി നല്‍കി. ഒടുവില്‍ എല്ലാവര്‍ക്കുമൊപ്പം സഹലും ഫര്‍സീനും നോമ്പുതുറന്നു.പങ്കുവയ്ക്കലിന്‍റെ വിശുദ്ധിയില് നോമ്പുതുറക്കാനായതിന്‍റെ സംതൃപ്തിയിലായിരുന്നു സഹല്‍.

തുടര്ച്ചയായ മൂന്നാം വര്‍ഷമാണ് സഹല്‍ തൊഴിലാളികളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നത്. ആദ്യതവണ എഴുനൂറു പേര്‍ക്കും രണ്ടാം വര്‍ഷം ആയിരം പേര്‍ക്കും നോമ്പുതുറ വിഭവങ്ങളൊരുക്കി. ഇത്തവണ വിവിധ ക്യാംപുകളിലായി ആയിരത്തിലേറെ പേര്‍ക്കാണ് ഇഫ്താറൊരുക്കിയത്. പതിമൂന്ന് സംഘടനകളുടെ കൂട്ടായ്മയായ ടീം ഇഫ്താര്‍ വൊളന്‍റിയര്‍മാര്‍ സഹലിനെ സഹായിച്ചു. 55ക്യാംപുകളിലായി ദിവസേന 18,000 പേര്‍ക്ക് ഈ സംഘം സമൂഹ നോമ്പുതുറ ഒരുക്കിയത്.

റെഡ് ക്രസന്‍റിന്‍റെ അംഗീകാരത്തോടെയാണ് ടീം ഇഫ്താറിന്‍റെ പ്രവര്‍ത്തനം. ഉദാരമനസ്കരുടെ സഹായത്തോടെയാണ് ഇതിനാവശ്യമായ പണം കണ്ടെത്തുന്നത്. ഈ റമസാന്‍ കാലത്ത് അഞ്ചര ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് നോമ്പുതുറ ഒരുക്കാനായതിന്‍റെ പുണ്യത്തിലാണ് ടീം ഇഫ്താര്‍.

MORE IN GULF THIS WEEK
SHOW MORE