മതവെറിയില്ലാത്ത മണലാരണ്യം

gw-masjid-t
SHARE

മണലാരണ്യത്തിലെ ജീവിതങ്ങൾക്ക് മതവെറിയില്ല. ഫുജൈറയിലെ തൊഴിലാളികളുടെ പ്രാർഥിക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ ഒരു ക്രൈസ്തവൻ ഫുജൈറയിൽ നിർമിച്ചുനൽകിയ മോസ്കാണ് മതമൈത്രിയുടെ പുതിയ പ്രതീകം.

സ്നേഹത്തിന്‍റെയും സൌഹാര്‍ദത്തിന്‍റെയും മുദ്രയായി യുഎഇയുടെ ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ പള്ളി. ഒരു പ്രവാസിയുടെ ഹൃദയവിശാലതയില്‍ രൂപമെടുത്ത പള്ളിയുടെ കവാടങ്ങള്‍ തുറന്നത് സ്നേഹത്തിന്‍റെ പുതിയ അധ്യായങ്ങളിലേക്ക്. സാക്ഷികളായെത്തിയത് മതനേതാക്കളും പൗരപ്രമുഖരും ഒപ്പം നൂറുകണക്കിന് സാധാരണ തൊഴിലാളികളും. 

മുസ്ലിം സഹോദരങ്ങള്‍ക്ക് സജി ചെറിയാന്‍റെ റമസാന്‍ സമ്മാനമാണ് ഈ ആരാധനാലയം. വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ഥനയ്ക്കായി ദൂരദിക്കുകളിലേക്ക് പോകേണ്ടിവരുന്ന കുറഞ്ഞ വരുമാനക്കാരായ സാധാരണ തൊഴിലാളികളുടെ പ്രയാസം കണ്ടറിഞ്ഞാണ് സജി പള്ളിപണിയാൻ തീരുമാനിച്ചത്. 

ഈസയുടെ മാതാവ് മര്‍യം എന്നര്‍ഥം വരുന്ന മര്‍യം ഉമ്മു ഈസ മസ്ജിദ് എന്ന പേരിലുമുണ്ട് ക്രൈസ്തവ-മുസ്ലിം സാഹോദര്യത്തിന്‍റെ ഇഴയടുപ്പം. 2. 4 കോടി രൂപ ചെലവില്‍ നിര്‍മിച്ച പള്ളി ദൈവത്തിനുള്ള തന്‍റെ സമർപ്പണമായി കണ്ടാൽ മതിയെന്നാണ് ഇദ്ദേഹത്തിന്‍റെ പക്ഷം. നേരത്തെ ദിബ്ബയില്‍ ക്രൈസ്തവ ദേവാലയം പണിത സജി അവസരം കിട്ടിയാല്‍ ക്ഷേത്രം പണിയാന്‍ ഒരുക്കമാണെന്നും വെളിപ്പെടുത്തി. 

മതമേലധ്യക്ഷന്മാര്‍ പ്രസംഗത്തില്‍ ഉദ്ബോധിപ്പിക്കുന്ന കാര്യം പ്രാവർത്തികമാക്കിയ സജി ചെറിയാന്‍ ലോകത്തിന് പുതിയൊരു അധ്യായമാണ് പഠിപ്പിച്ചതെന്ന് ഡോ. യാക്കൂബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത പറഞ്ഞു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരും സാദിഖലി ശിഹാബ് തങ്ങളും സമാനമായ അഭിപ്രായം പങ്കുവച്ചു.

250 പേര്‍ക്ക് ഒന്നിച്ച് പ്രാര്‍ഥിക്കാന്‍ സൌകര്യമുള്ള പള്ളിയുടെ ഉദ്ഘാടന ദിനത്തില്‍ വന്‍ ജനാവലി എത്തിയിരുന്നു. ആദ്യമായി നടന്ന മഗ്്രിബ് നമസ്കാരത്തിനെത്തിയ വിശ്വാസികളെകൊണ്ട് പള്ളി നിറഞ്ഞുകവിഞ്ഞു. വരാന്തയിലും മുറ്റത്തുമായാണ് പലരും പ്രാര്‍ഥന പൂര്‍ത്തിയാക്കിയത്. ലേബര്‍ ക്യാംപിന് തൊട്ടടുത്ത് പള്ളി ലഭിച്ച സന്തോഷം തൊഴിലാളികള്‍ പങ്കുവച്ചതിങ്ങനെ. 

ഇതോടനുബന്ധിച്ച് നടന്ന ഇഫ്താറിലും പൊതുസമ്മേളനത്തിലും നാലായിരത്തിലേറെ പേര്‍ പങ്കെടുത്തു. ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ഷർഖി, ഇന്ത്യൻ കോൺസുലേറ്റിലെ നീരജ് അഗർവാൾ തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിരുന്നു.

തൊഴിലാളികള്‍ക്കായി ക്യാംപിനടുത്ത് ഒരു പള്ളി നിര്‍മിക്കാനായി അധികൃതരെ സമീപിച്ചപ്പോള്‍ വലിയ പിന്തുണയാണ് ലഭിച്ചതെന്നും സജി പറഞ്ഞു.  സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിച്ചില്ല.  പരവതാനിയും മൈക്ക് സെറ്റും മതകാര്യ വകുപ്പാണ് സമ്മാനിച്ചത്.  ഇമാമിനെ നിയമിച്ചതും ശമ്പളം നല്‍കുന്നതും ഓഖാഫാണ്. 

2003ല്‍ യുഎഇയിലെത്തിയ സജി ചെറിയാന്‍   കഠിനാധ്വാനത്തിലൂടെയാണ് ജീവിതം കെട്ടിപ്പടുത്തത്. പ്രവാസ ഭൂമി സമ്മാനിച്ച സാമ്പത്തിക നേട്ടത്തില്‍നിന്ന് ഒരു ഭാഗം തിരിച്ചുനല്‍കുക കൂടിയാണ് ഈ കായംകുളംകാരന്‍.  എല്ലാ മതക്കാർക്കും ഒരുപോലെ വന്നിരുന്ന് പ്രാർഥിക്കാവുന്ന ഒരിടമാണ് തന്‍റെ സ്വപ്നമെന്നും പറഞ്ഞു.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.