കുവൈത്ത് പൊതുമാപ്പ്; നിയമലംഘകര്‍ക്കുള്ള അവസാന അവസരം

gw-kuwait-amnesty-t
SHARE

കുവൈത്തിൽ മൂന്ന് മാസം നീണ്ടു നിന്ന് പൊതുമാപ്പ് അവസാനിക്കുകയാണ്. എന്നാൽ പ്രതീക്ഷിച്ചതിൻറെ പകുതി ആലുകൾ മാത്രമാണ് ഇതുവരെ പൊതുമാപ്പിൻറെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ കുവൈത്തിൽ നിയമലംഘകർക്കെതിരെ നടപടികൾ കർശനമാക്കും.

ജനുവരി 29നാണ് കുവൈത്തിൽ പൊതുമാപ്പ് ആരംഭിച്ചത്. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം. പിഴയടച്ച് ഇഖാമ സാധുതയുള്ളതാക്കി മാറ്റാനും അനുമതി നല്‍കിയിരുന്നു. ഫെബ്രുവരി 22 വരെ 25 ദിവസം മാത്രം നീണ്ടുനിൽക്കുന്ന പൊതുമാപ്പാണ് ആദ്യം പ്രഖ്യാപിച്ചത്. കാലാവധി അവസാനിക്കാൻ ദിവസം മാത്രം ബാക്കി നിൽക്കെ രണ്ടു മാസത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു. അങ്ങനെയാണ് പൊതുമാപ്പ് കാലാ‍വധി ഏപ്രിൽ 22 വരെ ആയത്.

കാലാവധി തീരാറായിട്ടും പൊതുമാപ്പ് ഉപയോഗിച്ചവരുടെ എണ്ണം പ്രതീക്ഷിച്ചതിനെക്കാള്‍ പകുതിയില്‍ താഴെ മാത്രം. അന്തിമകണക്ക് വരാനിരിക്കുന്നതേ ഉള്ളൂ. എങ്കിലും ഒരാഴ്ച മുൻപ് അധികൃതർ പുറത്തുവിട്ട കണക്കനുസരിച്ച് 51,500 പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. ഇതില്‍ 32000 പേര്‍ രാജ്യം വിട്ടു. ശേഷിച്ചവര്‍ പിഴയടച്ച് ഇഖാമ സാധുതയുള്ളതാക്കി.

മുപ്പതിനായിരം അനധികൃത ഇന്ത്യക്കാര്‍ കുവൈത്തില്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണവും പകുതിയിൽ താഴെ മാത്രം. ഇതര രാജ്യക്കാരുടെ അവസ്ഥയും ഭിന്നമല്ല.

പൊതുമാപ്പ് അപേക്ഷകർക്കായി ഇന്ത്യൻ എംബസിയും മറ്റു സന്നദ്ധ സംഘടനകളും നൽകിയ സേവനം വിലപ്പെട്ടതാണ്. എംബസിയിൽ നൽകേണ്ട രേഖകൾ തയാറാക്കുന്നത് തൊട്ട് അത്യാവശ്യക്കാർക്ക് വിമാന ടിക്കറ്റ് നൽകുന്നത് വരെയുള്ള സേവനം നൽകിയ സംഘടനകളുണ്ട്. എമർജൻസി സർടിഫിക്കറ്റ് നൽകുന്നതിലും മറ്റും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥര്‍ സ്തുത്യർഹമായ സേവനമാണ് കാഴ്ചവച്ചത്.

2011നുശേഷം ഇതാദ്യമായാണ് കുവൈത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഒന്നര ലക്ഷത്തിലേറെ വിദേശികൾ അനധികൃത താമസക്കാരായി കുവൈത്തിലുണ്ടെന്ന അവസ്ഥയിലായിരുന്നു പൊതുമാപ്പ് പ്രഖ്യാപനം. ഏതാണ്ട് മൂന്നു മാസത്തോളം ലഭിച്ചിട്ടും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരുടെ എണ്ണം വളരെ കുറവാണ്. പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് തിരിച്ചുവരുന്നതിന് തടസിമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുമാപ്പ് കാലാവധിക്ക് ശേഷം പരിശോധന ശക്തമാക്കും. പിടികൂടുന്ന നിയമലംഘകരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടു കടത്താനാണ് പദ്ധതി.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.