അശ്വവേഗത്തിൻറെ വിജയഗാഥ

gw-dubai-worlkd-cup-t
SHARE

ലോകത്തെ ഏറ്റവും വാശിയേറിയ കുതിരപ്പന്തയം നടക്കുന്നത് എവിടെയാണ്.. ഒറ്റ ഉത്തരമേയുള്ളൂ.. ദുബായിലെ മെയ്ദാൻ റേസ് കോഴ്സ്. കഴിഞ്ഞ ദിവസം മെയ്ദാനിൽ നടന്ന ദുബായ് ലോകകപ്പ് കുതിരപ്പന്തയത്തിൽ കിരീടം നേടിയത് ദുബായുടെ സ്വന്തം തണ്ടർ സ്നോ ആയിരുന്നു.

തണ്ടർ സ്നോ എന്ന പേരിൽ ഒരു പുതിയ ചരിത്രം കുറിക്കപ്പെടുകയായിരുന്നു ഇത്തവണ ദുബായ് ലോകകപ്പിൽ. പ്രവചനങ്ങളെ വെറുംവാക്കുകളാക്കി മാറ്റിയ അശ്വവിജയമായിരുന്നു മെയ്ദാൻ റേസ് ട്രാക്കിൽ കണ്ടത്. പത്താം നന്പർ ഗേറ്റിൽ നിന്ന് മൽസരം തുടങ്ങി, ഹോട് ഫേവറിറ്റായ വെസ്റ്റ് കോസ്റ്റുമായി ഇഞ്ചോടിഞ്ച് പോരാട്ടം. പക്ഷേ ഒരിക്കൽ പോലും ലീഡ് വിട്ടു നൽകാൻ തയാറായില്ല തണ്ടർ സ്നോ.

രണ്ടായിരം മീറ്റർ റേസിലെ അവസാന അറുനൂറ് മീറ്ററിൽ ചിറക് വച്ച് പറക്കുകയാണോ തണ്ടർ സ്നോ എന്നു പോലും ചിന്തിച്ചു പോയി. ഒരു കൊടുങ്കാറ്റ് പോലെ തണ്ടർ സ്നോ കുതിച്ചു പാഞ്ഞപ്പോൾ, സ്വന്തമായത് എതിരാളികളില്ലാത്ത ഒരു വിജയം.

ദുബായുടെ വിജയം കൂടിയായിരുന്നു തണ്ടർ സ്നോയുടെ വിജയം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ ഉടമസ്ഥതയിലുള്ള കുതിരയാണ് തണ്ടർ സ്നോ. ഗോഡോൾഫിൻറെ സ്റ്റേബിൾസിലെ സൂപ്പർ പരിശീലകൻ സയീദ് ബിൻ സുറൂറാണ് തണ്ടർ സ്നോയുടെ പരിശീലകൻ. സുറൂറിന് എട്ടാം ലോകകീരീടമാണ് ഇക്കുറി തണ്ടർ സ്നോ സമ്മാനിച്ചത്. 

ബെൽജിയത്തിൽ നിന്നുള്ള ക്രിസ്റ്റോഫ് സുമില്ലനാണ് അറുപത്തിയഞ്ച് കോടി സമ്മാനത്തുകയുള്ള കിരീടത്തിലേക്ക് തണ്ടർ സ്നോയെ നയിച്ച ജോക്കി. ഇത്തവണത്തെ ദുബായ് ഗോൾഡ് കപ്പും സ്വന്തമാക്കിയ സുമില്ലനെ ദുബായ് ലോകകപ്പ് സമ്മാനിച്ചത് ഇരട്ടിമധുരം.

ഒന്പത് വിഭാഗങ്ങളിലായി ഇരുനൂറ് കോടി രൂപയാണ് ദുബായ് ലോകകപ്പിൻറെ സമ്മാനത്തുക. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിൻറെ ഗൊഡോൾഫിൻ സ്റ്റേബിൾസിൻറെ ആധിപത്യമായിരുന്നു ഇത്തവണത്തെ ലോകകപ്പിൽ. ലോകകപ്പിന് പുറമേ ഷീമ ക്ലാസിക്, ദുബായ് ടർഫ്, അൽഖൂസ് വിഭാഗങ്ങളിലും കിരീടം നേടിയത് ഗോഡോൾഫിൻ സ്റ്റേബിൾസിലെ കുതിരകളായിരുന്നു.

റേസിലെ ആദ്യ ഇനമായ ഗൊഡോൾഫിൻ മൈലിൽ കിരീടം നേടിയതാകട്ടെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻറെ ഉടമസ്ഥതയിലുള്ള ഹെവിമെറ്റൽ ആയിരുന്നു.

ദുബായ് ലോകകപ്പിനോട് അനുബന്ധിച്ച് മനോഹരമായി വസ്ത്രം ധരിച്ചവരെ കണ്ടെത്തുന്നതിനുള്ള മൽസരവും സംഘടിപ്പിച്ചിരുന്നു. ഓസ്ട്രേലിയക്കാരെ അല്ലാ ഡിമെക്കിനാണ് മനോഹരമായി വസ്ത്രം ധരിച്ചതിനുള്ള സമ്മാനം ലഭിച്ചത്. റഷ്യയിൽ നിന്നുള്ള ഒസ്കാന ബെലിയേവ മികച്ച ഹാറ്റിനുള്ള പുരസ്കാരവും നേടി.

അശ്വവിജയങ്ങളുടെ വാരാന്ത്യമായിരുന്നു ദുബായ് ലോകകപ്പ് സമ്മാനിച്ചത്. ആ കാഴ്ചകൾക്ക് ഇനി ഒരു കൊല്ലം നീളുന്ന കാത്തിരിപ്പ്.

MORE IN GULF THIS WEEK
SHOW MORE