അൽ ഐനിന്റെ ഡോക്ടർ

യുഎഇ ഏറ്റവും അധികം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മലയാളിയെ കുറിച്ചാണ് ഇന്ന് ആദ്യം പറയുന്നത്. ഡോക്ടർ ജോർജ് മാത്യു. യുഎഇ പൌരത്വം നൽകി ആദരിച്ച പ്രവാസി മലയാളി. ഏറ്റവും ഒടുവിൽ അദ്ദേഹത്തെ തേടി അബുദാബിയിലെ പരമോന്നത സിവിലിയൻ ബഹുമതിയും എത്തി. അൽ ഐനിൻറെ ആരോഗ്യ രംഗത്ത് നൽകിയ വലിയ സംഭാവനകളാണ് ഡോക്ടറെ ഈ രാജ്യത്തിൻറെ പ്രിയങ്കരനാക്കിയ്ത.

ഡോക്ടർ ജോർജ്മാത്യു ഒരു സത്യകഥയാണ്. ജീവിക്കുന്ന ചരിത്രം. ഓരോ പ്രവാസി മലയാളിയുടെയും അഭിമാനം. ഡോക്ടറുടെ അന്പത്തിയൊന്ന് വർഷത്തെ പ്രവാസം അൽ ഐൻ എന്ന നാടിൻറെ ആരോഗ്യചരിത്രമാണ്. ഒപ്പം ഒരു പ്രവാസിയെ യുഎഇ തന്നിലേക്ക് ചേർത്ത് നിർത്തിയ കഥയും. 1967 മെയ് മാസത്തിലാണ് ഡോക്ടർ ജോർജ് മാത്യു യുഎഇയിലേക്കെത്തുന്നത്. അൽ ഐനിൽ ആരോഗ്യസംവിധാനം കെട്ടിപ്പെടുക്കുകയായിരുന്നു ദൌത്യം.

അന്പത്തിയൊന്ന് വർഷം മുന്പ് ഡോക്ടർ വരുന്പോൾ വികസനത്തിൻറെ ശൈശവ ദശയിലായിരുന്നു അൽ ഐൻ. പല മേഖലകളിലും വെള്ളവും വൈദ്യുതിയും റോഡുകളുമില്ല. രാജകുടുംബം അൽ ഐനിലെ ആരോഗ്യ ഡിപ്പാർട്മെൻറിൻറെ ചുമതല നൽകിയതോടെ ഡോക്ടറുടെ ജീവിതം ഈ നാടിൻറെ ചരിത്രമായി.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദുമായി ഏറെ വ്യക്തി ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. വ്യക്തപരമായ കാര്യങ്ങളിൽ പോലും ഉപദേശം തേടുന്നതിനുള്ള സ്വാതന്ത്ര്യവും. മാത്യൂസ് എന്നാണ് ഷെയ്ഖ് സായിദ് ഡോക്ടറെ സ്നേഹപൂർവം വിളിച്ചിരുന്നത്. ഷെയ്ഖ് സായിദിൻറെ ദീർഘവീക്ഷണമാണ് ഈ രാജ്യത്തിൻറെ വളർച്ചയുടെ നാഴികക്കല്ലെന്ന് അദ്ദേഹം കരുതുന്നു.

മുപ്പത് വർഷത്തിലധികം അൽ ഐനിൻറെ മെഡിക്കൽ ഡയറക്ടറായിരുന്നു ഡോക്ടർ ജോർജ് മാത്യു. ഒപ്പം രാജകുടുംബാംഗങ്ങളുടെ ഡോക്ടറും. 2011 മുതൽ അൽ ഐൻ ഗവർണറുടെ ഉപദേഷ്ടാവാണ് അദ്ദേഹം. ഡോക്ടർ ജോർജ് മാത്യു രാജ്യത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2004ൽ ഷെയ്ഖ് സായിദ് അദ്ദേഹത്തിന് യുഎഇ പൌരത്വം നൽകി ആദരിച്ചു. യുഎഇയുടെ ചരിത്രത്തിലെ അപൂർവ നിമിഷം.

ആരോഗ്യരംഗത്തെ അദ്ദേഹത്തിൻറെ സേവനങ്ങൾ കണക്കിലെടുത്താണ് എമിറേറ്റിലെ പരമോന്നത ബഹുമതിയായ അബുദാബി അവാർഡ് സമ്മാനിച്ചത്. സമ്മാനിച്ചതാകട്ടെ കിരിടവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും

രാജ്യത്തെ ഭരമാധികാരികളുടെ പ്രോൽസാഹനവും കുടുംബത്തിൻറെ പിന്തുണയുമാണ് തൻറെ വിജയരഹസ്യമെന്ന് ഡോക്ടർ പറയും. ഡോക്ടർ ആരോഗ്യമേഖലയിൽ സജീവമായപ്പോൾ പത്നി വൽസ പ്രവർത്തിച്ചത് സാമൂഹ്യ സേവനത്തിലായിരുന്നു.

പത്തനംതിട്ട ജില്ലയിലെ തുന്പമൺ സ്വദേശിയായ ഡോക്ടർ തിരുവന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് മെഡിസിനിൽ ബിരുദം നേടിയത്. തുടർന്ന് ഷെയ്ഖ് സായിദിൻറെ നിർദേശപ്രകാരം വിദേശ സർവകലാശാലകളിൽ നിന്ന് ഉന്നത ബിരുദങ്ങളും സ്വന്തമാക്കി. ഇന്ന് യുഎഇയാണ് ഡോക്ടർ മാത്യൂസിൻഫെ സ്വദേശം. പ്രവാസിയായെത്തി ആ രാജ്യത്തിൻറെ സ്വന്തമായ കഥയാണ് ആ ജീവിതം.