ഹജറിലെ കാഴ്ചകൾ തേടി

gw-hajar-t
SHARE

ഇക്കുറി ഒരു യാത്രയിലൂടെ തുടങ്ങാം. ഒമാനിലും യുഎഇയിലുമായി നീണ്ടു കിടക്കുന്ന ഹജർ മലനിരകളിലേക്കാണ് ഈ യാത്ര. കടലും മരുഭൂമിയും കണ്ടു പരിചയിച്ചവർക്ക് വേറിട്ട അനുഭവമാകും മലകളിലൂടെയുള്ള ഈ യാത്ര. മലനിരകൾക്കിടയിലൂടെ ഉള്ള ഈ യാത്ര ഹജർ മലനിരകളുടെ കാഴ്ചകൾ തേടിയാണ്. മലകൾക്കുള്ളിൽ ഒളിച്ചു വച്ച വിസ്മയങ്ങൾ തേടിയാണ്...

മലയിൽ വെട്ടിയുണ്ടാക്കിയ പാതകളിലൂടെയും വെള്ളമില്ലാതെ കിടക്കുന്ന വാദികളിലൂടെയുമാണ് യാത്ര. ഇടയ്ക്ക് ഹജർ മലകളുടെ താഴ്വരയിൽ വാരാന്ത്യം ആഘോഷിക്കാനെത്തുന്ന കുടുംബങ്ങളെയും കാണാം. അര മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ റോഡ് അവസാനിക്കുകയാണ്. ഇവിടെയാണ് ട്രക്കിങ്ങിൻറെ ബേസ് ക്യാംപ്.

ഇനിയാണ് മലകയറ്റം തുടങ്ങുന്നത്. കല്ല് എന്നാണ് ഹജർ എന്ന അറബിക് വാക്കിൻറെ അർഥം. കല്ലുകൾ മാത്രമുള്ള, ചെടികളൊന്നുമില്ലാത്ത മല ആയതിനാലാണ് ഹജർ മലനിരകൾക്ക് ആ പേര് വന്നത്. മല കയറ്റം എളുപ്പമാക്കുന്നതിന് ട്രക്കിങ് ട്രാക്കുകൾ വെട്ടിയിട്ടുണ്ട്. പക്ഷ പലയിടത്തും കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും. ശ്രദ്ധ ഒന്നു പാളിയാൽ ഇളകി കിടക്കുന്ന കല്ലുകളിൽ ചവിട്ടി താഴേക്ക് വീഴാം.

അൽപം കഴിഞ്ഞപ്പോൾ, വരണ്ടു കിടക്കുന്ന അരുവിയിലൂടെയായി യാത്ര. വെള്ളമൊഴുക്കി പ്രകൃതി സൃഷ്ടിച്ച കലാരൂപങ്ങളം ഗുഹകളുമൊക്കെ കാണാം ഈ നടത്തത്തിനിടയ്ക്ക്. ഒരു മണിക്കൂർ നീണ്ട നടത്തം എത്തിച്ചത് മലകൾക്കിടയിലെ തെളിനീരിലേക്കായിരുന്നു.

ബദൂവിയൻ ജനസമൂഹങ്ങളുടെ ആരോഗ്യ രഹസ്യമായ പലതരം ചെടികൾ ഈ മലനിരകളിലുണ്ട്. ശരീരത്തിന് ഏറെ ഗുണകരമായ ഹമ്മത് എന്ന ചെടിയാണിത്. ഇതിൻറെ ഇലകൾ സലാഡിലും മറ്റും ഉപയോഗിക്കുന്നു. അന്പഴങ്ങയുടെ രുചിയാണ് ഈ ഇലയ്ക്കും.

കുടുംബങ്ങൾക്കും പ്രായമായവർക്കും സഞ്ചരിക്കാവുന്ന ലളിതമായ ട്രക്കിങ് ട്രാക്കുകൾ മുതൽ പ്രഫഷനൽ ട്രക്കിങ്ങിന് വരെയുള്ള സൌകര്യങ്ങൾ ഈ മലനിരകളിലുണ്ട്. എട്ടു ട്രക്കിങ് ട്രാക്കുകളാണ് ഈ മേഖലയിലുള്ളത്. വിദേശത്തു നിന്നു പോലും ആളുകൾ ഇവിടേക്കെത്തുന്നു.

ഹജർ മലകളിലെ ട്രക്കിങ് വെല്ലുവിളികൾ നിറഞ്ഞതും ആസ്വാദ്യകരവുമാണെന്നാണ് പ്രഫഷനൽ ട്രക്കേഴ്സിൻറെ അഭിപ്രായം. ലോകത്തെ തന്നെ മികച്ച ട്രക്കിങ് അനുഭവമാണിതെന്നും ഇവർ പറയുന്നു. പുലർച്ചെകളിലാണ് പ്രധാനമായും ട്രക്കിങ് ആരംഭിക്കുക. താൽപര്യമുള്ളവർക്ക് മലനിരകൾക്കിടയിലൂടെ സാഹസിക സൈക്കിൾ സവാരിക്കും അവസരമുണ്ട്.

പരന്പരാഗത അറബിക് ശൈലിയിലാണ് ബേസ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. ട്രക്കിങ്ങിനെത്തുന്നവർക്ക് എല്ലാ സൌകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. റാസൽ ഖൈമ സർക്കാരും എമിറേറ്റ്സ് മൌണ്ടൻ ടൂർസ് ആൻഡ് അഡ്വഞ്ചേഴ്സും ചേർന്നാണ് ഈ ട്രക്കിങ് അവസരം ഒരുക്കുന്നത്.

MORE IN GULF THIS WEEK
SHOW MORE