ഒട്ടകപ്പുറമേറിയ പന്തയം

gw-camel-race-t
SHARE

ദുബായിൽ നടന്ന ഷെയ്ഖ് ഹംദാൻ കപ്പിനായുള്ള ഒട്ടകപ്പന്തയ മൽസരത്തിൻറെ വിശേഷങ്ങളാണ് ആദ്യം. അറബ് നാടുകളിൽ നിന്നുള്ള ഏറ്റവും മികച്ച ഒട്ടകങ്ങളാണ് ഈ പന്തയത്തിൽ മാറ്റുരച്ചത്. വ്യത്യസ്തമായ സമ്മാനങ്ങളായിരുന്നു വിജയികളെ കാത്തിരുന്നത്.

മരുജീവിതത്തിലെ അതിജീവന പോരാട്ടങ്ങളിൽ അറബ് സമൂഹത്തിൻറെ തുണയും കരുത്തുമായിരുന്നു ഒട്ടകങ്ങൾ. അറബ് ജീവിതവുമായും സംസ്കാരവുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു ഒട്ടകങ്ങൾ. 

ഒട്ടകങ്ങൾ അറബ് സംസ്കാരവുമായി എത്രത്തോളം ചേർന്ന് നിൽക്കുന്നു എന്നതിൻറെ ദൃഷ്ടാന്തങ്ങളായിരുന്നു ദുബായിലെ മാർമം മരുഭൂമിയിൽ നടന്ന ഒട്ടകപ്പന്തയ മൽസരം. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറായിരത്തോളം ഒട്ടകങ്ങളാണ് രണ്ടാഴ്ചത്തെ പന്തയത്തിൽ മൽസരിച്ചത്.

പഴമയുടെയും പൈതൃകത്തിൻറെയും സംരക്ഷണം കൂടിയായിരുന്നു ഹംദാൻ കപ്പിനായുള്ള ഒട്ടകപ്പന്തയം. പൈതൃക രീതിയിലാണ് മൽസരങ്ങൾ സംഘടിപ്പിച്ചത്.

183 ആഡംബര കാറുകളാണ് വിവിധ മൽസരങ്ങളിൽ വിജയിച്ച ഒട്ടകങ്ങളുടെ ഉടമകൾക്ക് സമ്മാനിച്ചത്. ഒപ്പം കാഷ് പ്രൈസും. പരന്പരാഗത രീതിയിൽ തോക്കും, വാളും, കഠാരയുമെല്ലാം സമ്മാനങ്ങളായി നൽകി. നാലു കിലോമീറ്റർ, ആറു കിലോമീറ്റർ എന്നിങ്ങനെ വിവിധ കാറ്റഗറികളിലായിരുന്നു മൽസരം. രാവിലെ ഏളിനും ഉച്ചയ്ക്ക് രണ്ടിനുമാണ് മൽസരങ്ങൾ സംഘടിപ്പിച്ചത്. 

പരന്പാരഗത രീതികൾക്കൊപ്പം പുത്തൻ സാങ്കേതിക വിദ്യയും മൽസരങ്ങളുടെ ഭാഗമായി. ജോക്കികൾക്ക് പകരം, ഒട്ടകത്തിൻറെ പുറത്ത് വാക്കി ടോക്കി കെട്ടി വച്ചാണ് പന്തയത്തിൽ പങ്കെടുക്കുന്ന ഒട്ടകങ്ങളെ നിയന്ത്രിച്ചത്. വാക്കി ടോക്കിയിലൂടെ ഉടമകൾ ഒട്ടകങ്ങൾക്ക് ആവശേവും നിർദേശവും പകർന്നു നൽകും. ഒപ്പം പന്തയം നടക്കുന്ന ട്രാക്കിനോട് ചേർന്ന് വാഹനങ്ങളിൽ ഒപ്പം കുതിച്ചു പാഞ്ഞും ഉടമകൾ ഒട്ടകങ്ങളെ മുന്നോട്ട് നയിക്കുന്നു.

ഫിനിഷിങ് പോയിൻറിലേക്ക് അടുക്കും തോറും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ചാട്ടകളുപയോഗിച്ച് ഒട്ടകങ്ങളെ മുന്നോട്ട് കുതിപ്പിക്കും.ഒട്ടകങ്ങൾ ട്രാക്കിലൂടെ മിന്നൽ വേഗത്തിൽ കുതിച്ചു പായുന്നത് കാണികൾക്കും ആവേശമായി. മലയാളികളടക്കമുള്ളവർ മൽസരങ്ങൾ കാണനെത്തിയിരുന്നു. കുട്ടികൾക്കു ഒട്ടകപ്പന്തയം ആവേശം മാത്രമല്ല കൌതുകവും സമ്മാനിച്ചു.

ഹംദാൻ കപ്പിൻറെ ഭാഗമായി മാർമം ക്യാമൽ റേസിങ് ട്രാക്കിൽ ഹെറിറ്റേജ് ഫെസ്റ്റിവലും ഒരുക്കിയിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പൈതൃകോൽസവത്തിൻറെ ഭാഗമായത്.

MORE IN GULF THIS WEEK
SHOW MORE