കോട്ടിലെ മലയാളി വൈദഗ്ധ്യത്തിന് അര നൂറ്റാണ്ട്

gw-mater-coat-tailor-t
SHARE

47 വർഷം നീണ്ട ഒരു പ്രവാസത്തിൻറെ കഥയാണ് അബുദാബിയിലെ ശിവരാമൻറേത്. ഈ കാലത്തിനിടയ്ക്ക് ശിവരാമൻ തയ്ച്ചത് ആയിരക്കണക്കിന് കോട്ടുകളാണ്. ഒരുപക്ഷേ യുഎഇയിലെ തന്നെ ഏറ്റവും പരിചയ സന്പന്നനായ കോട്ട് ടൈലറാകും ശിവരാമൻ

അരനൂറ്റാണ്ടിലേക്കെത്തുകയാണ് ശിവരാമൻറെ പ്രവാസം. കൃത്യമായി പറഞ്ഞാൽ 47 വർഷം. ഈ വർഷങ്ങൾക്കിടയിൽ ശിവരാമൻ തുന്നിയ കോട്ടുകളുടെ എണ്ണമെത്രയെന്ന് ശിവരാമന് പോലുമറിയില്ല. ഈ രാജ്യത്തിൻറെ ചരിത്രത്തിനൊപ്പം പടിപടിയായി വളർന്ന കഥയാണ് തൃശൂർക്കാരൻ ശിവരാമൻറേതും.

യുഎഇ രൂപീകൃതമാകുന്നതിനും മുന്പ് 1971ൽ ബ്രിട്ടീഷ് വീസയിലാണ് ശിവരാമൻ അബുദാബിയിലെത്തുന്നത്. അക്കാലത്ത് വിദേശികളും മുതിർന്ന ഉദ്യോഗസ്ഥരും മാത്രമാണ് കോട്ട് ധരിച്ചിരുന്നത്. പിന്നീട് കോട്ട് ഒരു തരംഗമായതോടെ, കോട്ടുകൾ തയ്ക്കുന്നതിൻറെ സാധ്യത ശിവരാമൻ തിരിച്ചറിയുകയായിരുന്നു.

സിലോണ്‍ പ്രതിരോധ വകുപ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മൂത്ത മകനായ ശിവരാമന്‍ തയ്യൽ പഠിച്ചത് തികച്ചും യാദൃശ്ചികമായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീടിന് തൊട്ടടുത്ത തൊട്ടടുത്ത തയ്യൽ കടയിലെ ടൈലറുമായുള്ള സൌഹൃദം പിന്നീട് ശിവരാമന്‍റെ ഭാവി തുന്നിച്ചേര്‍ക്കുകയായിരുന്നു. 

മകൻറെ അഭിരുചി കണ്ടറിഞ്ഞ പിതാവ് ഒന്പതാം ക്ലാസിൽ പഠിക്കുന്പോൾ തയ്യൽ മെഷീൻ വാങ്ങിക്കൊടുത്താണ് ശിവരാമനെ പ്രോൽസാഹിപ്പിച്ചത്. അങ്ങനെ ശിവരാമൻ ടൈലർ ശിവരാമനായി. പക്ഷേ അപ്പോഴും പഠനം വിട്ടില്ല. പത്താം ക്ലാസും ടൈപ്പും പഠിച്ച് നേരെ ബോംബെയിലേക്ക്. ഒരു ജോലിക്കും ആരുടെയും ശുപാർശ വാങ്ങാൻ നിന്നില്ല ശിവരമാൻ. അറിയാവുന്ന തുന്നൽ പണിയിൽ ജീവിതം നെയ്തെടുത്തു. ഇക്കാലത്താണ് കോട്ട് കട്ട് ചെയ്യാനും തുന്നാനും പഠിക്കുന്നത്. ആറു കൊല്ലത്തെ മുംബൈ വാസം ശിവരമാനെ ഒന്നാന്തരം കോട്ട് മാസ്റ്ററാക്കി മാറ്റി. അതാണ് പ്രവാസത്തിലേക്ക് വഴിയൊരുക്കിയതും. 

ഒരു തയ്യൽ കടയിൽ ജോലിക്കാരനായി തുടക്കം. ആറു വർഷം കൊണ്ട് ഹംദാൻ സ്ട്രീറ്റിൽ സ്വന്തമായി സ്ഥാപനം തുടങ്ങി. 1978ലായിരുന്നു ഇത്. പിന്നീടാണ് മദീനാ സായിദ് ഷോപ്പിങ് സെന്‍റിലേക്ക് മാറ്റിയത്. ഇന്നിപ്പോള്‍ നാലു സഹായികളുമുണ്ടെങ്കിലും കട്ടിങ് ശിവരാമന്‍ തന്നെ. അത്യാവശ്യ ഘട്ടങ്ങളില്‍ സ്റ്റിച്ചിങും. കോട്ട്, മോണിങ് സ്യൂട്ട്, ഡിന്നര്‍ ജാക്കറ്റ് തുടങ്ങി ആവശ്യക്കാരന്‍റെ അഭിരുചയനുസരിച്ച് തയ്യാറാക്കി നല്‍കും. 

ലൈഫ്സ്റ്റൈല്‍ മാഗസിനായ പിങിങ് യുവിന്‍റെ ബെസ്റ്റ് ടെയ്്ലര്‍ അവാര്‍ഡും ഇക്കാലത്തിനിടയിൽ ശിവരാമനെ തേടിയെത്തി. ശിവരമാൻറെ 47 വര്‍ഷത്തെ പ്രവാസകഥ കേൾക്കുന്നവർക്ക് സമ്മാനിക്കുന്നത് ആത്മവിശ്വാസവും പ്രതീക്ഷയുമാണ്. എഴുപത്തിയൊന്നാം വയസിലും ശിവരാമൻ ഉഷാറാണ്... ഒരു ദിവസം പോലും മുടങ്ങാതെയുള്ള നടത്തമാണ് ശിവരാമൻറെ ആരോഗ്യരഹസ്യം. ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ചില സമ്മാനവാഗ്ദാനങ്ങളും നല്‍കിയിരുന്നു. മൂന്നു മാസത്തിനിടെ പത്തു കിലോ കുറച്ചാല്‍ ഒരു കോട്ട് സൌജന്യം എന്നതായിരുന്നു വാഗ്ദാനം.

ആത്മാര്‍ഥതയും സത്യസന്ധതയുമാണ് വിജയരഹസ്യം. ഒരിക്കല്‍ എത്തിയവര്‍ സ്ഥിരം കസ്റ്റമറാകുന്നതും ഇതുകൊണ്ടുതന്നെ.

MORE IN GULF THIS WEEK
SHOW MORE