ആരോഗ്യ ജീവിതത്തിനുള്ള മണിമുഴക്കമായി സൈക്കിൾ റാലി

bycycle-rally
SHARE

ആരോഗ്യ ജീവിതത്തിനുള്ള മണിമുഴക്കമായിരുന്നു റാക്ബാങ്ക് സംഘടിപ്പിച്ച സൈക്കിള്‍ റാലി. റാസല്‍ഖൈമയിലെ അല്‍മര്‍ജാന്‍ ഐലന്‍ഡില്‍ നടന്ന റൈഡില്‍ അറനൂറിലേറെ പേര്‍ പങ്കെടുത്തു. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നടന്ന റാക് ബാങ്ക് റൈഡില്‍ ആവേശകരമായ ജനപങ്കാളിത്തമാണുണ്ടായത്. കടുത്ത തണുപ്പിനെ അവഗണിച്ചും വിവിധ രാജ്യക്കാരായ നൂറുകണക്കിന് പേര്‍ പുലര്‍ച്ചെ തന്നെ അല്‍മര്‍ജാന്‍ ഐലന്‍റിലെ സ്റ്റാര്‍ട്ടിങ് പോയിന്‍റിലെത്തിയിരുന്നു

പരിചയസമ്പന്നര്‍ക്കുള്ള 85 കിലോമീറ്റര്‍ വിഭാഗത്തിനായിരുന്നു ആദ്യ ഊഴം. രാവിലെ ഏഴിന് റാങ്ക് ബാങ്ക് സിഇഒ പീറ്റര്‍ ഇംഗ്ലണ്ട് ഫ്ളാഗ് ഓഫ് ചെയ്തതോടെ മത്സരാര്‍ഥികള്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു. മിനിറ്റകളുടെ ഇടവേളകളില്‍ മുപ്പത് കിലോമീറ്റര്‍ റൈഡ് ആരംഭിച്ചു. മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ കൂടുതലായി ഇടംപിടിച്ചത് ഈ വിഭാഗത്തിലായിരുന്നു. യുഎഇ സൈക്ലിങ് ഫെഡറേഷന്‍റെ സഹകരണത്തോടെ നടന്ന സൈക്കിള്‍ റാലിക്ക് പൊലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്‍റെ പിന്തുണയുമുണ്ടായിരുന്നു. പത്തുകിലോമിറ്റര്‍ ഫണ്‍ റൈഡില്‍ പങ്കെടുത്ത പലരും ആദ്യമായി പങ്കെടുക്കുന്നവരായിരുന്നു.  

അല്‍മര്‍ജാന്‍ ഐലന്‍ഡില്‍നിന്ന് ആരംഭിച്ച് തീരപ്രദേശവും നഗരവും മലമ്പ്രദേശവും ചുറ്റി തിരിച്ച് ഐലന്‍ഡില്‍ എത്തുന്നതോടെ മത്സരത്തിന് സമാപനമായി.  85 കിലോമീറ്റര്‍ മത്സരം സുരക്ഷാ കാരണങ്ങളാല്‍ 60 കിലോമീറ്ററാക്കി കുറച്ചപ്പോള്‍ പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് യുഎഇയുടെ മുഹമ്മദ് അല്‍ മുറാവിയാണ്. ഒരു മണിക്കൂര്‍ 22 മിനിറ്റ് എടുത്താണ് ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ നെതര്‍ലന്‍ഡ്സില്‍നിന്നുള്ള ഇവാന്‍ ഹാത്തം ഒരു മണിക്കൂര്‍ 25 മിനിറ്റുകൊണ്ട് ലക്ഷ്യംകണ്ടു. 

30 കിലോമീറ്റര്‍ റൈഡില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലെത്തിയത് ഫിലിപ്പിനോ സ്വദേശികളായിരുന്നു. പുരുഷവിഭാഗത്തില്‍ ഫിലിപ്പീന്‍സ് സ്വദേശി ജോ മാക്സ് വില്ലറികൊയും വനിതാ വിഭാഗത്തില്‍ ബ്രിട്ടന്‍റെ ഇമോജന്‍ സില്‍വസ്റ്ററും ജേതാക്കളായി.പത്തു കിലോമീറ്റര്‍ ഫണ്‍ റൈഡില്‍ ഗുജറാത്ത് സ്വദേശി സാന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യമായി പങ്കെടുത്ത മല്‍സരത്തില്‍ ആവേശമാണ് ഇദ്ദേഹത്തിന്.

യുഎഇയുടെ കായിക ഭൂപടത്തില്‍ റാസല്‍ഖൈമയുടെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതായിരുന്നു റാക് ബാങ്ക് റൈഡ്. ഇത് എമിറേറ്റിന്‍റെ വിനോദസഞ്ചാരത്തിനും മുതല്‍കൂട്ടാവുമെന്ന് റാങ്ക് ബാങ്ക് സിഇഒ പീറ്റര്‍ ഇംഗ്ലണ്ട് ഫ്ളാഗ് ഓഫ് പറഞ്ഞു. 

MORE IN GULF THIS WEEK
SHOW MORE