പ്രവാസികൾക്ക് പ്രതീക്ഷനൽകി ലോക കേരള സഭ

gw-kerala-sabha-t
SHARE

പ്രവാസി മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു കേരള സർക്കാരിൻറെ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട ലോക കേരള സഭ. പ്രവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്യാനുള്ള ഒരു വേദിയായിരുന്നു ഇത്. എന്നാൽ ലോക കേരള സഭ ഒരു പ്രഹസനം മാത്രമെന്ന വിമർശനവും മറുവശത്ത് ഉയരുന്നുണ്ട്.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ലോക കേരളസഭ. ഒരേസമയം പ്രതീക്ഷയോടെയും സംശയത്തോടെയും കാണാവുന്ന ആശയം.  അകെ 351 അംഗങ്ങളാണ് ലോക കേരള സഭയിലുള്ളത്. പ്രവാസി പ്രതിനിധികളായി വ്യവസായികൾ മുതൽ തൊഴിലാളികൾ വരെ.

നോർക്ക് റൂട്ട്സ് വഴി പ്രവാസിസംഘടനകളും പ്രവാസികളും സമർപ്പിച്ച ഓൺലൈൻ അപേക്ഷ പരിഗണിച്ചാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. സംസ്ഥാന വികസനം, പ്രവാസി പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്തുകയാണ് സഭയുടെ ലക്ഷ്യം.  ജനുവരി 12ന് നിയമസഭയുടെ ബാങ്ക്വിറ്റ് ഹാളിൽ പ്രവാസികൾക്കുള്ള വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഥമ ലോക കേരള സഭയ്ക്ക് തുടക്കം കുറിച്ചു.

പ്രവാസികൾക്കായി ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഒരുമിപ്പിക്കാൻ പറ്റിയതിനെയാണ് പ്രമുഖരെല്ലാം വാഴ്ത്തിയത്. ലോക കേരള സഭയിൽ സംശയം പ്രകടിപ്പിച്ചവരും കുറവായിരുന്നില്ല. ധൂർത്തെന്നായിരുന്നു കെ.മുരളീധരൻ എം.എൽ.എയുടെ ആക്ഷേപം.

വിമർശനങ്ങൾ പുറത്തുയരുമ്പോഴും പ്രൗഢഗംഭീരമായിരുന്നു ലോക കേരള സഭയുടെ തുടക്കം. അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും, അതുണ്ടായില്ല. നിയമനിർമാണ അധികാരമില്ലെങ്കിലും, ഉപദേശാധികാരമുള്ളതാണ് ലോക കേരള സഭയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിലേക്കാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, യൂറോപ്പും അമേരിക്കയും, മറ്റു ലോകരാജ്യങ്ങൾ എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ചർച്ചകൾ.  തുടർന്ന് പൊതു ചർച്ചയിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും, കാണുന്ന സ്വപ്നങ്ങളും പങ്കുവെക്കപ്പെട്ടു.

അഞ്ചുകോടി രൂപയായിരുന്നു ലോക കേരള സഭയ്ക്കായി അനുവദിച്ചത്. അതിൽ താഴെ മാത്രമേ ചിലവഴിക്കൂ എന്ന് സ്പീക്കർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ധൂർത്തെന്നും തട്ടിപ്പെന്നും ആരോപണം പിന്നെയും ഉയർന്നു. എന്നാൽ, സഭയിൽ പങ്കെടുക്കാനെത്തിയ പ്രമുഖരുടെ പ്രതികരണം മറിച്ചായിരുന്നു.രണ്ടാംദിവസവും വിവിധ വിഷയങ്ങളിലായി ചർച്ചകൾ തുടർന്നു.  ഒട്ടേറെ നിർദേശങ്ങളും ഉയർന്നുവന്നു.

ചർച്ചകൾ ക്രോഡീകരിച്ച് ചില തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വിദേശത്തുള്ള പ്രവാസി വ്യവസായ വാണിജ്യ സംരംഭകരുമായി ബന്ധം പുലർത്തുന്നതിന് പ്രവാസി വാണിജ്യ ചേംബറുകൾക്ക് രൂപം നൽകുമെന്നതായിരുന്നു അതിൽ പ്രധാനം.  കേരള വികസന നിധി രൂപീകരിക്കും. പ്രവാസികവ്‍ക്ക് പുതിയ സംരംഭത്തിനു പ്രത്യേക വായ്പ, എൻ.ആർ.ഐ നിക്ഷേപത്തിന് മാത്രമായി ഏകജാലക സംവിധാനത്തിനുള്ള സാധ്യതാപഠനം എന്നിങ്ങനെ പ്രഖ്യാപനങ്ങൾ നിരവധി.

നിശാഗന്ധിയിലായിരുന്നു സമാപനസമ്മേളനം. പ്രവാസികളുടെ വിദേശനാണ്യം വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഗവർണർ പി.സദാശിവം പറഞ്ഞു.

വർണശബളമായ മെഗാ ഷോയോടെയായിരുന്നു രണ്ടുദിവസം നീണ്ട ലോക കേരള സഭയ്ക്ക് കൊടിയിറങ്ങിയത്.ആക്ഷേപങ്ങളും സംശയങ്ങളും തുടരുമ്പോഴും പുതിയ ആശയം എന്ന നിലയിൽ പൊതുസ്വീകാര്യത ലോക കേരള സഭയ്ക്കുണ്ടായിരുന്നു എന്നതിൽ സംശയമില്ല. വിവിധ രാജ്യങ്ങളിൽ നിന്ന് ഉയർന്നുവന്ന നിക്ഷേപസാധ്യതകൾ കിഫ്ബിയിലേക്കും മറ്റും കൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഒപ്പം പ്രവാസികളുടെ നിക്ഷേപം ഉപയോഗിച്ചു പ്രവർത്തിക്കുന്ന പുതിയ പെൻഷൻ ഫണ്ടിനായുള്ള നിർദേശവും സർക്കാർ സജീവമായി പരിഗണിക്കുന്നുണ്ട്.

രണ്ടുവർഷത്തിൽ ഒരിക്കലാണ് ലോക കേരള സഭ കൂടാൻ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ സമ്മേളനത്തിന്റെ പിഴവുകൾ പരിഹരിച്ച് അടുത്ത കൂടിച്ചേരലിനായുള്ള കാത്തിരിപ്പാണ് ഇനി. 

MORE IN GULF THIS WEEK
SHOW MORE