അബുദാബിയിൽ നാടകക്കാലം

gw-drama-fest-t
SHARE

അബുദാബിയിൽ ഇത് നാടകക്കാലമാണ്... കാൽനൂറ്റാണ്ടിനു ശേഷം അബുദാബി മലയാളി സമാജത്തിന്റെ അങ്കണത്തിലേക്കെത്തിയ നാടക കാഴ്ചകളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് പ്രവാസലോകം.

ഓര്‍മകളുടെ തിരുമുറ്റത്ത് രംഗപടമൊരുക്കി അബുദാബി മലയാളി സമാജം ഒരുക്കിയ നാടകോല്‍സവം പ്രവാസികളെ നാട്ടോര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്മാര്‍ട്ട് യുഗത്തിലെ  സിനിമയുടെ നക്ഷത്ര ശോഭയിലും മങ്ങാത്ത ഭാവഗാംഭീര്യത്തോടെ നാടകയരങ്ങിലെ കരുത്തന്‍ കഥാപാത്രങ്ങള്‍ വേദിയില്‍ എത്തിയപ്പോള്‍ പ്രവാസികള്‍ക്ക് ഉത്സവ പ്രതീതി സമ്മാനിച്ചു.

നാടകത്തിനുള്ളിലെ നാടകത്തിന്‍റെ കഥ പറഞ്ഞ തീയറ്റര്‍ ദുബായുടെ ഇയാഗോ ആയിരുന്നു ആദ്യ നാടകം. നാടക പരിശീലന ക്യാംപിനകത്ത് ഉണ്ടാകുന്ന ജാതീയതയും പ്രണയവും അസഹിഷ്ണുതയുമായിരുന്നു ഇതിവൃത്തം. ഷേക്‌സ്​പിയറിന്‍റെ ക്ലാസിക്കുകളില്‍ ഒന്നായ ഒഥല്ലോയെ ആസ്​പദമാക്കി ഒ.ടി. ഷാജഹാന്‍റെ ആശയത്തില്‍ അലിയാരാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന ഒന്‍പത് നാടകങ്ങള്‍ നടനോല്‍സവത്തെ ആകര്‍ഷകമാക്കുന്നു. പ്രദര്‍ശന നാടകമായി അവതരിപ്പിച്ച കുടുംബയോഗവും ശ്രദ്ധിക്കപ്പെട്ടു. കേരളത്തിൽനിന്നും യു.എ.ഇയിൽനിന്നുമുള്ള പ്രശസ്ത നാടകപ്രവർത്തകരുടെ സംവിധാനം നാടകോല്‍സവത്തെ മികവുറ്റതാക്കി. നാട്ടിലെക്കാൾ വീറും വാശിയോടും കൂടിയാണ് മറുനാട്ടില്‍ മത്സരങ്ങൾ നടക്കുന്നതെന്ന് വിധികർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. 

ലോക പ്രശസ്ത എഴുത്തുകാരന്‍ വിക്ടര്‍ ഹ്യുഗോയുടെ പാവങ്ങള്‍ എന്ന കഥയെ ആസ്പദമാക്കി അല്‍ഐന്‍ മലയാളി സമാജം  അണിയിച്ചൊരുക്കിയ പാവങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അല്‍ഖൂസ് തിയേറ്റര്‍ ദുബായുടെ ദന്ത രോഗത്തിന്‍റെ വിശദാംശങ്ങള്‍ എന്ന നാടകവും ആസ്വാദകരെ കയ്യിലെടുക്കുന്നതായിരുന്നു. കാല ദേശ ഭേദങ്ങൾക്ക് അതീതമായി മനുഷ്യ ചരിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന അധികാരത്തെ തുറന്നുകാട്ടുന്നതാണ് ഈ നാടകം.

മികച്ച നാടകത്തിന് 15,001 ദിർഹമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 10,001 ദിർഹവും ലഭിക്കും. മികച്ച സംവിധായകൻ, നടൻ, നടി എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങളുണ്ട്.

കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ അരങ്ങേറുന്ന നാടകോത്സവം പ്രേക്ഷക പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പഴയ നാട്ടോര്‍മകളില്‍ കൂട്ടുകൂടാനായി ദിവസേന നൂറുകണക്കിന് പേരാണ്  മലയാളി സമാജത്തിലെത്തുന്നത്. ഇതിനിടെ നടക്കുന്ന സജീവ നാടക ചര്‍ച്ചകള്‍ അബുദാബിക്ക് പുത്തൻ ഉണർവ് സമ്മാനിക്കുന്നു.

MORE IN GULF THIS WEEK
SHOW MORE