ഗൾഫിലും നികുതിക്കാലം

Thumb Image
SHARE

ഗൾഫ് സാമ്പത്തിക രംഗത്തു നിർണായക വഴിത്തിരിവായി യുഎഇയിലും സൗദി അറേബ്യയിലും മൂല്യവർധിത നികുതി നിലവിൽവന്നു. അഞ്ചുശതമാനം എന്ന നിരക്കിലാണ് ഇരു രാജ്യങ്ങളും വാറ്റ് ഈടാക്കുന്നത്

പുതിയൊരു സാന്പത്തിക സംസ്കാരത്തിനാണ് ഈ പുതുവർഷം ഗൾഫ് മേഖലയിൽ തുടക്കം കുറിച്ചിരിക്കുന്നത്. മൂല്യവർധിത നികുതിയിലൂടെ ഗൾഫ് രാജ്യങ്ങളും നികുതി സംവിധാനത്തിൻറെ ഭാഗമായിരിക്കുന്നു. യുഎഇയിലും സൌദിയിലുമാണ് ആദ്യഘട്ടത്തിൽ മൂല്യവർധിത നികുതി നടപ്പിലാക്കുന്നത്. അഞ്ചു ശതമാനം മൂല്യവർധിത നികുതിയാണ് ഈ രണ്ടു രാജ്യങ്ങളിലും പ്രാബല്യത്തിൽ വന്നിരിക്കുന്നത്. 

കൂടുതൽ ശാസ്ത്രീയവും സുതാര്യവുമായ സന്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തോടെയാണ് ഗൾഫ് രാജ്യങ്ങൾ വാറ്റ് നടപ്പാക്കുന്നത്. സാധനങ്ങൾ വാങ്ങുന്പോഴും വിൽക്കുന്പോഴും വിവിധ സേവനങ്ങൾക്കുമാണ് മൂല്യവർധിത നികുതി ഈടാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിശ്ചിത വിഭാഗങ്ങളെ വാറ്റിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യാന്തര യാത്രക്കൂലിക്കും വാറ്റ് ഉണ്ടാകില്ല. വിതരണ ശൃംഖലയിൽ ഒരോ ഘട്ടത്തിലും വാറ്റ് ഈടാക്കും. ഉപയോക്താവാണ് ഇതു നൽകേണ്ടത്. എല്ലാ ഇടപാടുകൾക്ക് ഒപ്പം ലഭിക്കുന്ന ബില്ലുകളിലും നികുതിയായി ഈടാക്കിയ തുക പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.  ലഭിച്ച നികുതി വ്യവസായ സ്ഥാപനങ്ങൾ സർക്കാരിലേക്ക് അടയ്ക്കുന്നു. 

എണ്ണയെ ആശ്രയിക്കാതെയുള്ള സമ്പദ് വ്യവസ്ഥ ശക്തമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് വാറ്റ്. ലോകത്തിലെ തന്നെ ഏറ്റവും  കുറഞ്ഞ നികുതി നിരക്കാണ് ഇതെന്നും, അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് നേരിയതോതിൽ മാത്രമേ അധികഭാരം ഉണ്ടാകൂ എന്നും അധികൃതർ  വ്യക്തമാക്കിയിട്ടുണ്ട്. 

ചെറിയ ഗ്രോസറികൾ മുതൽ വൻകിട സൂപ്പർ മാർക്കറ്റ് ശൃംഖലകൾവരെ പുതിയ ബില്ലിങ് രീതിയിലേക്കു മാറിയെന്നതാണു വാറ്റിന്റെ പ്രത്യേകത. ഇൻവോയ്സിൽ ഇനം തിരിച്ച് സാധന സാമഗ്രികളുടെ വിവരങ്ങൾ പറയുന്നതിനൊപ്പം വാറ്റ് എത്രയാണ് ഈടാക്കിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തും ഒമാനും ഈ വർഷം മുതൽ വാറ്റ് നടപ്പാക്കാൻ ആലോചിച്ചിരുന്നു എങ്കിലും, ഇത് 2019ലേക്ക് മാറ്റി വച്ചിരിക്കുകയാണ്.

MORE IN GULF THIS WEEK
SHOW MORE