പുതുവർഷം ആഘോഷിച്ച് ഗൾഫ്

Thumb Image
SHARE

പുതുവർഷ രാവിനെ ഉൽസവമാക്കുകയായിരുന്നു ഗൾഫ് ലോകം. വർണക്കാഴ്ചകളും ചരിത്രവിസ്മയങ്ങളും എഴുതിയ പുതുവർഷ ആഘോഷമായിരുന്നു ഗൾഫിൽ. പതിവു പോലെ ബുർജ് ഖലീഫ തന്നെയായിരുന്നു ആഘോഷങ്ങളുടെ കേന്ദ്രസ്ഥാനം.

വർണവും വിസ്മയവും ചാലിച്ചെഴുതിയ ചരിത്രമായിരുന്നു യുഎഇയിലെ പുതുവർഷാഘോഷങ്ങൾ. റെക്കോർഡുകളുടെ തലപ്പൊക്കത്തിൽ ബുർജ് ഖലീഫ തന്നെയായിരുന്നു ആഘോഷങ്ങളുടെ പ്രധാന അരങ്ങ്. പതിവ് വെടിക്കെട്ടിന് അപ്പുറം, അതിലേറെ മനോഹരമായ വർണ വിസ്മയമാണ് ഈ പുതുവർഷത്തിൽ ബുർജ് ഖലീഫ് കരുതി വച്ചത്. ബുർജ് ഖലീഫയും അതുൾക്കൊള്ളുന്ന ഡൌൺ ടൌണും ഒറ്റ അരങ്ങായി മാറിയ ലൈറ്റ് ഷോ.

ഒരു കെട്ടിടത്തിലെ ഏറ്റവും വലിയ ലെറ്റ് ആൻഡ് സൌണ്ട് ഷോ എന്നലോക റെക്കോർഡെഴുതിയാണ് ബുർജ് പുതുവർഷം ആഘോഷിച്ചത്. ഇതിനു പുറമേ ഏറ്റവും ഉയരത്തിൽ സ്ഥാപിച്ച ലേസർ ലൈറ്റും, സെർച്ച് ലൈറ്റും ബുർജ് ഖലീഫയിൽ തന്നെ. പത്തുലക്ഷത്തിലധികം പേരാണ് ബുർജ് ഖലീഫയിലെ പുതുവർഷ ആഘോഷങ്ങൾക്ക് സാക്ഷിയായത്. 7.63 കോടി ല്യൂമ്സ് ആയിരുന്നു ലൈറ്റ് ഷോയുടെ പ്രകാശതീവ്രത. ഷോയ്ക്ക് വേണ്ടി വന്ന കേബിളുകളുടെ ആകെ നീളം 29 കിലോമീറ്ററോളം വരും. 

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനോടുള്ള ആദരം കൂടിയായിരുന്നു ബുർജിലെ പ്രകാശ വിസ്മയം. റാസൽ ഖൈമയിലെ അൽ മർജാൻ ദ്വീപിൽ ഒരുക്കിയ കരിമരുന്നു പ്രയോഗവും ഇത്തവണ പുതുവർഷത്തിലെ കാഴ്ചയായിരുന്നു. ഒരു ദ്വീപു മുഴുവൻ വർണപ്പൂത്തിരികളിൽ നിറഞ്ഞപ്പോൾ മാനത്തൊരു പടുകൂറ്റൻ അഗ്നിപുഷ്പം വിരിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ അമിട്ട് പൊട്ടിവിരിയുന്ന കാഴ്ചയാണിത്. ആയിരം കിലോയിലധികം ബാരമുള്ള ഈ അമിട്ട് ഒരു കിലോമീറ്ററിലധികം ഉയരത്തിലാണ് പൊട്ടി വിരിഞ്ഞത്. ഒരു കിലോമീറ്റർ വ്യാസത്തിൽ വിരിഞ്ഞിറങ്ങിയത് പുതിയൊരു ചരിത്രം കൂടിയായിരുന്നു

ബുർജ് ഖലീഫ പ്രകാശത്തിൻറെ നിറഭേദങ്ങളൊരുക്കി പുതുവർഷത്തെ സ്വീകരിച്ചപ്പോൾ ദുബായിലെ മറ്റു വിനോദ കേന്ദ്രങ്ങൾ കരിമരുന്നിൻറെ വർണക്കാഴ്ചകളൊരുക്കി. പാം ജുമൈറയിലെയും ബുർജ് അൽ അറബിലെയും ആഘോഷങ്ങൾ കടലിനു മുകളിൽ അഗ്നിപുഷ്പങ്ങൾ വർഷിച്ചു.

ഏഴു രാജ്യങ്ങളിലെ പുതുവർഷമാണ് നവവൽസര രാവിൽ ഗ്ലോബൽ വില്ലേജ് കൊണ്ടാടിയത്. ഓരോ രാജ്യത്തും പുതുവൽസരം പുലരുമ്പോൾ ആ സമയമനുസരിച്ച് ഗ്ലോബൽ വില്ലേജിൽ കരിമരുന്ന് പ്രയോഗംനടന്നു. ന്ത്യയിൽ 12 മണി ആകുമ്പോൾ യുഎഇയിലെ സമയം അനുസരിച്ച് പത്തരയ്ക്ക് ഗ്ലോബൽ വില്ലേജിലും ആഘോഷം നടന്നു. എട്ടിന് ഫിലിപ്പീൻസ്, ഒൻപതിനു തായ് ലൻഡ്, പത്തിന് ബംഗ്ലദേശ്, 11 ന് പാക്കിസ്ഥാൻ, 12 ന് യുഎഇ എന്നിങ്ങനെയാണു ഗ്ലോബൽ വില്ലേജിൽ വിവിധ രാജ്യങ്ങളുടെ പുതുവർഷം ആഘോഷിച്ചത്. ഒപ്പം മനോഹരമായ പരേഡും ഇവിടെ ഉണ്ടായിരുന്നു.

മറീനയും യാസ് ഐലൻഡുമായിരുന്നു അബുദാബിയിലെ ആഘോഷത്തിൻറെ പ്രധാന കേന്ദ്രങ്ങൾ.പുതുവർഷം ഉൽസവമായി തന്നെ കൊണ്ടാടി യുഎഇ. ആഘോഷങ്ങൾക്കൊടുവിൽ പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതിയ ദിവസത്തിലേക്ക്... പുതിയ വർഷത്തിലേക്ക്. 

MORE IN GULF THIS WEEK
SHOW MORE