ഗൾഫിന് ഗതിമാറ്റങ്ങളുടെ 2017

Thumb Image
SHARE

ഗൾഫ് മേഖലയെ സംബന്ധിച്ച് ഗതിമാറ്റങ്ങളുടെ വർഷമാണ് കടന്നു പോകുന്നത്. വലിയ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും കണ്ട വർഷം. പുതിയ സമവാക്യങ്ങൾ രൂപപ്പെട്ട വർഷം. ഗൾഫ് ചരിത്രത്തിൽ ഒരു നിർണായക സ്ഥാനമുണ്ട് 2017ന്.

ഗതിമാറ്റങ്ങളുടെ വർഷമായിരുന്നു ഗൾഫിന് 2017. ഉറച്ച നിലപാടുകളും ബന്ധങ്ങളിലെയും രീതികളിലെയും നയം മാറ്റങ്ങളും ഗൾഫിനെ വാർത്തകളിൽ സജീവമാക്കി. ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും തമ്മിൽ ഉടലെടുത്ത നയതന്ത്ര പ്രതിസന്ധിയായിരുന്നു പോയവർഷം ഗൾഫ് മേഖലയിലെ പ്രധാന വാർത്താ സംഭവങ്ങളിലൊന്ന്. ഖത്തർ തീവ്രവാദ സംഘടനകളെ സഹായിക്കുന്നുവെന്നും മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നുവെന്നും ആരോപിച്ച് യുഎഇയും സൌദി അറേബ്യയും ബഹ്റൈനും ആ രാജ്യവുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു. ഖത്തറുമായുള്ള അതിർത്തി അടയ്ക്കുകയും വ്യോമബന്ധം ഉപേക്ഷിക്കുകയും ചെയ്തു. കുവൈത്ത് അമീറിൻറെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നു എങ്കിലും പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.  

സൌദി അറേബ്യയാണ് 2017ൽ ഏറ്റവും അധികം മാറ്റങ്ങൾക്ക് സാക്ഷിയായ ഗൾഫ് രാജ്യം. രാജ്യത്തിൻറെ പുതിയ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ തിരഞ്ഞെടുത്തതായിരുന്നു സൌദി ഭരണതലത്തിലുണ്ടായ പ്രധാനമാറ്റം. ജൂൺ 21ന് കിരീടാവകാശിയായ ചുമതലയേറ്റ ശേഷം നിർണായക മാറ്റങ്ങളാണ് സൌദിയിൽ സംഭവിച്ചത്. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാനുള്ള തീരുമാനമായിരുന്നു ഇതിൽ മുഖ്യം. ഇതിനു പുറമേ രാജ്യത്ത് സിനിമ തിയേറ്ററുകൾക്കും 2017ൽ അനുമതി നൽകി. അഴിമതിക്കെതിരെ കർശന നടപടികളുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുന്നോട്ട് പോയപ്പോൾ പ്രമുഖ രാജകുടുംബാംഗങ്ങളടക്കം പലരും അഴികൾക്കുള്ളിലായി. എണ്ണയിതര സന്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ സാന്പത്തിക ഉത്തേജന പാക്കേജും സൌദി ഭരണകൂടം കൊണ്ടുവന്നു. പ്രവാസികളിൽ നിന്ന് പ്രതിമാസം ലെവി ഈടാക്കി തുടങ്ങിയതും പോയവർഷമായിരുന്നു.

വേറിട്ട കാഴ്ചപ്പാടുകളാണ് യുഎഇ 2017ൽ ലോകത്തിന് സമ്മാനിച്ചത്. സന്തോഷത്തിനും സഹിഷ്ണുതയ്ക്കുമൊക്കെ പ്രത്യേക വകുപ്പുകളുണ്ടാക്കി മന്ത്രിമാരെ നിയമിച്ചിട്ടുള്ള യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് 2017ലും തൻറെ പതിവു ശൈലിയിൽ പുതിയ മന്ത്രിമാരെ നിയോഗിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിനും നൂതന ശാസ്ത്രത്തിനും ആണ് പോയവർഷം പുതിയ മന്ത്രിമാരെ നിയമിച്ചത്. നൂറു വർഷത്തിനകം  ചൊവ്വയിൽ കോളനി സ്ഥാപിക്കുമെന്ന യുഎഇയുടെ പ്രഖ്യാപനവും 2017ലായിരുന്നു. പുതിയ കാഴ്ചകൾ യുഎഇ ലോകത്തിന് സമ്മാനിച്ച വർഷം കൂടിയാണ് കഴിഞ്ഞു പോകുന്നത് . അബുദാബി ലൂവ്റ് മ്യൂസിയം മധ്യപൂർവദേശത്തെ ഏറ്റവും വലിയ കലാകാഴ്ചകളുടെ വിസ്മയമായി ആസ്വാദകരിലേക്കെത്തി. ഇതിനു പുറമേ ദുബായ് സഫാരി പാർക്ക് തുറന്നതും 2017ൽ തന്നെ. ദുബായിലെ പുതിയ വിസ്മയമായ ദുബായ് ഫ്രെയിമിൻറെ നിർമാണം പൂർത്തിയാവുകയും ചെയ്തു. 

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ മൂന്ന് ഉന്നത തല സന്ദർശനങ്ങളാണ് 2017ൽ ഉണ്ടായത്. ബഹ്റൈൻ ഭരണാധികാരിയുടെ ഓഫീസിൻറെ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈൻ സന്ദർശിച്ചതായിരുന്നു ഇതിൽ ഒന്ന്. ബഹ്റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖലീഫയും മറ്റ് ഉന്നത നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 2017ൽ ഇന്ത്യയുടെ റിപ്ലബ്ലിക് ദിനാഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി അബിദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തപ്പോൾ അത് ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് കൂടിയുള്ള അംഗീകാരമായി. കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടറേറ്റ് സ്വീകരിക്കുന്നതിന് ഷാർജ ഭരണധികാരി കേരളത്തിലെത്തിയതും പോയവർഷമാണ്. കേരളവും ഷാർജയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കുന്നതിനും ഈ സന്ദർശനും വഴിവച്ചു. 

ഗൾഫ് രാജ്യങ്ങൾ മൂല്യവർധിത നികുതി സംവിധാനം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതും 2017ലാണ്. സിഗററ്റിനും ശീതളപാനീയങ്ങൾക്കുമെല്ലാം നൂറു ശതമാനം നികുതി വരെ നിലവിൽ വന്നു കഴിഞ്ഞു. ഈ വർഷം അവസാനിക്കുന്നതോടെ അഞ്ചു ശതമാനം മൂല്യവർധിത നികുതിയും യുഎഇയിലും സൌദിയിലും നിലവിൽ വരും. 

ഗൾഫ് മേഖലയിലെ സന്പദ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി വയ്ക്കുന്നതായിരിക്കും മൂല്യവർധിത നികുതി സംവിധാനം. ഇന്ത്യ യുഎഇ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും 2018 സാക്ഷ്യം വഹിക്കുമെന്നാണ് വിലയിരുത്തൽ.

MORE IN GULF THIS WEEK
SHOW MORE