ദിനോസറുകളെ സ്നേഹിക്കുന്ന കൊച്ചുമിടുക്കൻ

Thumb Image
SHARE

ദിനോസറുകളുടെ കളിക്കൂട്ടുകാരനാണ് അബുദാബിയിൽ നിന്നുള്ള മുഹമ്മദ് ഐസാസ്. ഭൂമുഖത്ത് ഉണ്ടായിരുന്ന എല്ലാ തരം ദിനോസറുകളുടെയും പേരും പ്രത്യേകതകളും അറിയാം ഈ നാലു വയസുകാരന്. ദിനോസറുകളുടെ ചിത്രം കണ്ട് ഓരോ ഇനത്തെയും നിഷ്പ്രയാസം തിരിച്ചറിയുകയും ചെയ്യും.

ആദ്യം കാണുന്നവർക്ക് തുടക്കത്തിൽ കൗതുകവും പിന്നെ അന്പരപ്പുമാണ് നാലു വയസുകാരൻ മുഹമ്മദ് ഐസാസ് സമ്മാനിക്കുക. കാരണം മുഹമ്മദ് ഐസാസിൻറെ ലോകവും സുഹൃത്തുക്കളും ദിനോസറുകളാണ്. ദിനോസറുകളെ പോലെ തന്നെ കടുപ്പമുള്ള അവയുടെ പേരുകളും പ്രത്യേകതകളും ഐസാസിന് ഹൃദിസ്ഥം.

ഓരോ ദിനോസറുകളെ മനസിലാക്കാനും അവയുടെ പ്രത്യേകതകൾ ഓർത്തു വയ്ക്കാനും ചില പൊടിക്കൈകളുണ്ട് ഈ കൊച്ചുമിടുക്കന്. മുഖം മുതലയെ പോലെ ഇരിക്കുന്നത് സ്പിനോസോറസ്, ബുർജ് ഖലീഫയെ പോലെ ഉയരമുള്ളവൻ ബ്രേഷിസോറസ്, റെക്സിനേക്കാൾ ശക്തൻ ടൈനോസോറസ്... ഇങ്ങനെ ഒരുത്തരെയും സ്വന്തം ഭാഷയിൽ പരിചയപ്പെടുത്തും ഐസാസ്.

ചരിത്രാതീത കാലത്തിലെ ഏത് മൃഗങ്ങളെ കാണിച്ചാലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതിന്‍റെ പേരും ശാസ്ത്ര നാമവും പറയും.  രൂപസാദ്യശ്യമുള്ള രണ്ട് ദിനോസറുകളെ കണ്ടാല്‍ അവയുടെ വ്യത്യാസവും വിശദീകരിക്കും. ഒരുകൂട്ടം ദിനോസറുകളില്‍നിന്ന് സോറോപോഡ്സിനെ കണ്ടെത്താന്‍ പറയുമ്പോഴേക്കും ചെറിയ തലയുള്ള നീണ്ട കഴുത്തും വാലുമുള്ളതിനെ കയ്യിലെടുത്തു.  

ഐസാസ് ദിനോസറുകളെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. രണ്ടര വയസുള്ളപ്പോള്‍ ദിനോസറിൻറെ രൂപത്തിലുള്ള കളിപ്പാട്ടം കണ്ടാണ് ആ ഇഷ്ടം മനസിൽ കയറിയത്. മറ്റു കുട്ടികൾ കാർട്ടൂൺ ചാനലുകൾ കാണുന്പോൾ ഐസാസിനിഷ്ടം ഡിസ്കവറി ചാനലാണ്. 

മൂന്ന് വസയാപ്പോൾ യു ട്യൂബിൽ നിന്ന് മൃഗങ്ങളെ കുറിച്ചും മറ്റുമുള്ള ഡോക്യുമെൻററികളും ഐസാസ് സ്വന്തമായി കണ്ടു തുടങ്ങി. അടുത്തിടെ ദിനോ കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിലെത്തിയപ്പോൾ കടക്കാരെയും മാതാപിതാക്കളെയും ഞെട്ടിച്ചു ഐസാസ്. 

ടി-റെക്സിനെ കാണിച്ച് ഡി ഫോര്‍ ദിനോസര്‍ എന്ന് പറയുന്നത് ശരിയല്ലെന്നാണ് സണ്‍റൈസ് സ്കൂളിലെ കെജി വണ്‍ വിദ്യാര്‍ഥിയായ ഐസാസിന്‍റെ അഭിപ്രായം. ടോയ് ഷോപ്പില്‍നിന്ന് കിട്ടുന്ന ദിനോസറുകളുടെ ചെറിയ നിര്‍മാണ തകരാറുപോലും ഈ കുരുന്ന് തിരിച്ചറിയും. ദിനോസറുകളുടെ പേര് തിരിച്ചറിയാനായി യൂടൂബില്‍ നടന്ന മല്‍സരത്തില്‍ ശരിയായ ഉത്തരം നല്‍കിയത് ഐസാസായിരുന്നു.

ഏത് മിഠായിയാ വേണ്ടതെന്ന് ചോദിച്ചാല്‍ ഐസാസ് പറയും ദിനോസര്‍ മതീന്ന്. അല്ലെങ്കില്‍ ദിനോസറിന്‍റെ ചിത്രമുള്ള പുസ്തകവും. ബീച്ചിലും പാര്‍ക്കിലും പോയാല്‍ മറ്റു കുട്ടികളെ പോലെ സ്ലൈഡില്‍ കറങ്ങാനൊന്നുമല്ല ഐസാസിന് മോഹം. കയ്യിലുള്ള ദിനോസറുകളുമൊന്നിച്ച് ചങ്ങാത്തം കൂടും. മണലില്‍ കുഴിച്ച് ദിനോസറുകളുടെ അസ്ഥി കണ്ടെത്താനായുള്ള ഗവേഷണം.  കളിമണ്ണുകൊണ്ട് ദിനോസറുകളുടെ ശില്‍പമുണ്ടാക്കാനും ഇഷ്ടം. ഐസാസിന്‍റെ ഇഷ്ടപ്പെട്ട മോസസോറസിനായുള്ള അന്വേഷണത്തിലാണ് കുടുംബവും. 

MORE IN GULF THIS WEEK
SHOW MORE