മരുഭൂമിയിൽ പൊന്നു വിളയിച്ച്‍‌ ഹസൈനാർ‌

Thumb Image
SHARE

മനസു വച്ചാൽ മരുഭൂമിയിലും പൊന്നു വിളയിക്കാമെന്ന് തെളിയിച്ച ഹസൈനാറിൻറെ ജീവിതമാണ് ഇത്തവണത്തെ ക്രിസ്മസ് സന്ദേശം. ആത്മസമർപ്പണത്തോടെ കൃഷി ചെയ്ത് മരുഭൂമിയിൽ പൊന്നു വിളയിക്കുകയാണ് ഈ പ്രവാസി മലയാളി.

ഇത്തിരി ഭൂമിയിൽ ഒത്തിരി കൃഷി. അതാണ് അബുദാബി ഷംകയിലുള്ള ഹസൈനാരുടെ കൃഷിത്തോട്ടം. വീടിനോട് ചേർന്നുള്ള ഇത്തിരി മുറ്റമാണ് കൃഷിത്തോട്ടം. ഇഷ്ടിക പതിച്ച മുറ്റത്ത് മണ്ണു നിറച്ചാണ് കൃഷിക്ക് ഭൂമിയൊരുക്കിയത്.

ഈ ഇത്തിരി ഭൂമിയിൽ ഹസൈനാർ കൃഷി ചെയ്തിരിക്കുന്നത് മുപ്പതോളം ഇനം പച്ചക്കറികൾ. സമ്മിശ്രകൃഷിയുടെ ഇതിലും നല്ല മാതൃക കണ്ടെത്തുക ബുദ്ധിമുട്ടാകും. പയറും പാവലും പടവലവും തുടങ്ങിയ പടർന്നു കയറന്ന പച്ചക്കറികളെല്ലാം മതിലിനോട് ചേർന്ന് പന്തലിട്ടാണ് കൃഷി ചെയ്യുന്നത്. മത്തൻ, കുന്പളം, കോവൽ, പീച്ചിങ തുടങ്ങിയവയും ഉണ്ട് ഈ പന്തലിൽ. 

വിവിധ ഇനം തക്കാളികളും വഴുതനകളുമുണ്ട് ഹസൈനാരുടെ കൊച്ച് തോട്ടത്തിൽ. മല്ലി, പുതിന, ജർജർ, മക്തൂനിസ്, കൂസ തുടങ്ങി ഒരു വിധം ആരും പരീക്ഷിക്കാത്ത ഇനങ്ങളും ഇവിടെ കാണാം. കാരറ്റ്, ബീറ്റ്റൂട്ട്, വെണ്ട, ഉരുളക്കിഴങ്, തക്കാളി തുടങ്ങിയവ ഒക്കെയാണ് മറ്റു പ്രധാന വിളകൾ. വിവിധ തരം പച്ചമുളക്, ചോളം, കടുക്, കറിവേപ്പില, ഇഞ്ചിയില, തുടങ്ങിയവ പ്ലാസ്റ്റിക് ബക്കറ്റുകളിലാക്കി കൃഷി ചെയ്യുന്നു,

പുലർച്ചെ അഞ്ചിന് തുടങ്ങും കൃഷിപ്പണി. രാവിലെ തന്നെ നനയും പരിചരണവും തീർത്തിട്ടാണ് ജോലിക്ക് പോവുക. കൊച്ചു മകൻ റാസിനാണ് കൃഷിത്തോട്ടത്തിൽ ഹസൈനാരുടെ സഹായി

ചാണകപ്പൊടിയും കോഴിക്കാഷ്ടവും ചേര്‍ത്ത വളവും രണ്ടു നേരം വെള്ളവും പിന്നെ തൊട്ടും തലോടിയുമുള്ള ഈ പരിചരണവും. ഇതാണ് വിജയകരമായ ഈ കൃഷിയുടെ രഹസ്യം. മണ്ണിന്‍റെ മനറിഞ്ഞ് വിത്തിട്ട് കൈ നിറയെ വിളവെടുക്കുന്ന ഈ കുടുംബം പ്രവാസികള്‍ക്ക് മാതൃകയാണ്. 

ഓരോ തവണയും വ്യത്യസ്ത കൃഷി പരീക്ഷിക്കാറുള്ള ഹസൈനാരുടെ പുതിയ പരീക്ഷണം റാഗിയാണ്. കൊച്ചുമോൾക്ക് റാഗിയുടെ കുറുക്കുണ്ടാക്കാനാണ് ഉപ്പൂപ്പ റാഗി കൃഷി പരീക്ഷിച്ചത്. 

രാസ വളങ്ങളൊന്നും പ്രയോഗിക്കാതെ പൂർണമായും ജൈവകൃഷിയാണ് ഹസൈർ ചെയ്യുന്നത്. അതു കൊണ്ട് തന്നെ ഇവിടുത്തെ പച്ചക്കറികൾക്ക് രുചിയും ഗുണവും കൂടുതലാണ്. മനസുണ്ടെങ്കില്‍ പരിമിതി മറികടന്ന് മണ്ണില്‍ പൊന്നുവിളയിക്കാമെന്നാണ് ഹസൈനാരുടെ കൃഷി നല്‍കുന്ന സന്ദേശം

MORE IN GULF THIS WEEK
SHOW MORE