തീപ്പട്ടിക്കോലുകളില് നിന്ന് ജീവന് തുടിക്കുന്ന ശില്പങ്ങളൊരുക്കുകയാണ് അജ്മാനില്‍ പ്രവാസിയായ കൃഷ്ണകുമാര്‍. ആഴ്ചകളുടെ കഠിനാധ്വാനത്തിനൊടുവില്‍ കൃഷ്ണകുമാറിന്റെ തീപ്പട്ടിക്കോലുകളില് വിരിയുന്നത് തികവുള്ള കലാസൃഷ്ടികാണ്.
ഇലക്ട്രിക്, ഗ്യാസ് ലൈറ്ററുകളുടെ ആഗമനത്തോടെ അടുക്കളയില്‍നിന്ന് അപ്രത്യക്ഷമായ തീപ്പെട്ടിക്കൊള്ളിക്ക് പുനര്ജന്മം നല്‍കുകയാണ് കൃഷ്ണകുമാര്‍. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന ഇവനെ അലങ്കാര വസ്തുവാക്കിയാണ് കൃഷ്ണകുമാര്‍ സ്വീകരണ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നിരിക്കുന്നത്. ഗള്‍ഫില്‍ ജോലി അന്വേഷണാര്‍ഥം എത്തിയപ്പോള്‍ ലഭിച്ച ഒഴിവു സമയത്തായിരുന്നു ആദ്യ പരീക്ഷണം.
ഏറെ സമയമെടുത്ത് ആദ്യം നിര്‍മിച്ച ഈഫില്‍ ടവര്‍ ഒരു സ്വദേശിക്ക് സമ്മാനിച്ചു. രണ്ടാമതുണ്ടാക്കിയ ഈഫില്‍ ടവറിനിപ്പോള് വയസ് പതിമൂന്ന്. പെട്ടന്ന് പൊട്ടിപ്പോകുന്ന തീപ്പെട്ടിക്കൊള്ളിയെ കാലങ്ങളോളം സൂക്ഷിക്കാവുന്ന കലാരൂപമാക്കി മാറ്റുന്നതിന് പിന്നിലെ രഹസ്യവും അദ്ദേഹം പങ്കുവച്ചു.
ലോകാത്ഭുതങ്ങളായ പിസ്സ ഗോപുരവും താജ്മഹലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും തീപ്പെട്ടിക്കൊള്ളിയില് ഭദ്രം. മനസിലെ ആശയങ്ങളില്‍ തീപ്പെട്ടിക്കൊള്ളി അടുക്കിവച്ച് പശചേര്‍ത്ത് ഒട്ടിച്ചെടുക്കുമ്പോള് കലാസൃഷ്ടിയുടെ പൂര്‍ണതയായി.
ആശയങ്ങളെ കലാരൂപമാക്കി മാറ്റുന്നതിനും കൃഷ്ണകുമാറിന് തന്റേതായ ശൈലിയുണ്ട്. ഇദ്ദേഹത്തിന്റെ മനക്കണക്കില്‍ എന്‍ജിനീയറിങ് പോലും തോറ്റുപോകും. ഇങ്ങനെ രൂപപ്പെട്ട ശില്പങ്ങള്ക്ക് പത്തരമാറ്റിന്റെ തിളക്കവുമുണ്ട്.
ലോകാത്ഭുതങ്ങളില്നിന്നിറങ്ങിയത് യുഎഇയുടെ സപ്തനക്ഷത്ര ഹോട്ടലായ ബുര്‍ജ് അല്‍ അറബിലേക്ക്. കാണുമ്പോള്‍ ചെറുതാണെങ്കിലും ഏറെ ശ്രമകരമായിരുന്നു ഇതിന്റെ നിര്‍മാണമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കാണ് അടുത്ത ലക്ഷ്യം.
ദിവസേന മണിക്കൂറുകളോളം ചെലവിട്ട് ഒരു മാസത്തിലേറെ സമയമെടുത്ത് നിര്‍മിച്ച ഓരോ ശില്പങ്ങളിലുമുണ്ട് കൃഷ്ണകുമാറിന്റെ കലാബോധത്തിന്റെ കയ്യൊപ്പ്. പലരും വിലയ്ക്ക് വാങ്ങാന്‍ തയ്യാറായെങ്കിലും വിട്ടുകൊടുക്കാന്‍ മനസുവന്നില്ല ഇദ്ദേഹത്തിന്.
കുടുംബത്തിന്റെ പിന്തുണയും പ്രചോദനവുമാണ് ഏറെ ശ്രമകരമായ ഈ വിനോദത്തെ രസകരമാക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.