കാസര്‍കോടന്‍ ഭാഷപോലെ തന്നെ വേറിട്ടതാണ് കാസര്‍കോടന്‍ രുചിയും. റമസാനില്‍ അത്താഴത്തിനും മുത്താഴത്തിനും വേറിട്ട രുചിയൊരുക്കുകയാണ് ഈ കാസര്‍കോടന്‍ വിഭവങ്ങള്‍. രുചിയില്‍ മാത്രമല്ല വിഭവങ്ങളുടെ പേരിലുമുണ്ട് കാസര്‍കോടന്‍ ടച്ച്.
അരി കുതിര്‍ത്ത് അരച്ച് മാവാക്കി ഉരുട്ടി നടുവിലൊരു കുഴിയുണ്ടാക്കി ആവിയില്‍ വേവിച്ചെടുക്കുന്നതാണ് കാസര്‍കോട്ടുകാരുടെ കടുമ്പ്. ഇതിനോടൊപ്പം ബീഫ് പള്ളിക്കറിയോ നാടന്‍ വറവോ മീന്‍ കറിയോ കൂട്ടി അടിക്കാം. കാസര്‍കോട്ടുകാരുടെ ഭാഷയില്‍ പറഞ്ഞ പൊരയ്ക്ക് പോയി തിന്നണ അതേ ടെയ്സ്റ്റ്.
നേര്‍ച്ച ചോറ്, പള്ളിക്കറി, കുഞ്ഞിക്കടുമ്പ്, കല്‍ത്തപ്പം, പയറുവെള്ളം, മാങ്ങാവെള്ളം, ഇറച്ചിച്ചോറ്, നാടന്‍ വറവ്, ബീഫ് മുളക് കറി, ഉണക്ക് പൊരിച്ചത് തുടങ്ങി കാസര്‍കോടിന്റെ തനത് വിഭവങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ ധാരാളം. നോമ്പുതുറയ്ക്കും അത്താഴത്തിനും മുത്താഴത്തിനുമെല്ലാം നല്ല തിരക്കാണ് ഇവിടെ.
പൂപ്പോളയും നീര്‍ദോശയും തിന്നാന്‍ പ്രത്യേക രുചിയാണ്. ചേരുവയില്‍ പൂവും നീരുമൊന്നുമില്ല. വെറും പച്ചരി മാത്രം. അപ്പപ്പോള്‍ അരി അരച്ച് ഉണ്ടാക്കുന്ന നാടന്‍ ദോശയാണിത്. വീട്ടിലുണ്ടാക്കുന്ന അതേ രുചിയാണ് തങ്ങളെ ആകര്‍ഷിക്കുന്നതെന്ന് ഭക്ഷണപ്രേമികള്‍.
നീര്‍ദോശയും പയറുവെള്ളവും ഉണക്ക് പൊരിച്ചതും നേര്‍ച്ച ചോറുമില്ലാതെ കാസര്‍കോട്ടുകാരന്റെ വിശപ്പടങ്ങില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വിഭവസമൃദ്ധമായ സദ്യവട്ടത്തിനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇവര്‍. സ്വന്തമായി പൊടിച്ചെടുത്ത മസാലകളും അരിപ്പൊടികളുമാണ് വ്യത്യസ്ത രുചിക്കൂട്ടൊരുക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
കാസര്‍കോട്ടുകാര്‍ മാത്രമല്ല മംഗലാപുരം, കണ്ണൂര്‍ തുടങ്ങി മറുനാട്ടുകാരും ദെയ്റ നായിഫിലെ ഈ രുചിപ്പെരുമ ആസ്വദിക്കാന്‍ സ്ഥിരമായി എത്തുന്നുണ്ട്.