കടുത്ത വേനല്‍ചൂട് തുടങ്ങിക്കഴിഞ്ഞു ഗള്‍ഫ് നാടുകളില്‍. അസുഖങ്ങളുടെ കൂടി കാലമാണ് വേനല്‍. ആരോഗ്യപ്രശ്നങ്ങളില്ലാതെ എങ്ങനെ വേനലിനെ പ്രതിരോധിക്കാം... ഈ വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമാണ്.. നമുക്ക് നോക്കാം.
വേനല്‍ ചൂടിന്റെ കാഠിന്യത്തിലേക്ക് എത്തിക്കഴിഞ്ഞു ഗള്‍ഫ് രാജ്യങ്ങളെല്ലാം. ആരോഗ്യകാര്യത്തില്‍ ഏറെ ജാഗ്രത പാലിക്കേണ്ട സമയമാണ് വേനല്‍ക്കാലം. ഒരുപിടി അസുഖങ്ങളുമായാണ് വേനലിന്റെ വരവ്. നല്ല ജീവിതരീതിയും ഭക്ഷണശീലങ്ങളും ശുചിത്വവും പാലിച്ചാല്‍ ആരോഗ്യകരമായി തന്നെ വേനലിനെ നേരിടാമെന്ന് ആരോഗ്യവിദഗ്ദര് ചൂണ്ടിക്കാട്ടുന്നു.
ധാരാളം വെള്ളം കുടിക്കുകയാണ് വേനലില്‍ ആരോഗ്യം സുരക്ഷിതമാക്കാനുള്ള എളുപ്പവഴികളിലൊന്ന്. ധാതുലവണങ്ങളുള്ള വെള്ളമാണെങ്കില്‍ ഉത്തമം. ശീതളപാനീയങ്ങള്‍ ഒഴിവാക്കാം. പകല്‍ സമയത്ത് വെയില് കൊള്ളാതിരിക്കുന്നതാണ് ഉത്തമം.
പകര്‍ച്ച വ്യാധികളാണ് വേനലിലെ വെല്ലുവിളി. ജലദോഷം മുതല്‍ ന്യുമോണിയ വരെ ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്. വിവിധ തരത്തിലുള്ള പനികള്‍ക്കെതിരെയും ജാഗ്രത പാലിക്കണം
ചിക്കന്‍ പോക്സാണ് വേനലില്‍ പൊതുവേ കണ്ടുവരുന്ന പകര്‍ച്ചവ്യാധികളിലൊന്ന്. കുട്ടികളേക്കാള്‍ മുതിര്‍ന്നവരാണ് ചിക്കന്‍ പോക്സിനെ കൂടുതല്‍ കരുതിയിരിക്കേണ്ടത്. ചെങ്കണ്ണ് പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കും വേനലില്‍ സാധ്യതയേറെ.
വേനല്‍കാലത്ത് ത്വക് രോഗങ്ങള്‍ പിടിപെടാനും സാഹചര്യങ്ങളേറെയാണ്. അല്പമൊരു ജാഗ്രതയും നല്ല ജീവിതശീലങ്ങളും ... എങ്കില്‍ ഈ വേനലും കഴിഞ്ഞുപോകും. അസുഖങ്ങളൊന്നുമില്ലാതെ.