ലോകമെങ്ങുമുള്ള വിനോദസഞ്ചാര വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നതായിരുന്നു ദുബായില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ്.
ലോകമെങ്ങുമുള്ള വിനോദസഞ്ചാരത്തിന്റെ പുതുകാഴ്ചകളും വര്‍ത്തമാനങ്ങളുമായിരുന്നു ദുബായില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ്. സംസ്കാരവും പാരന്പര്യവും പ്രകൃതിഭംഗിയുമെല്ലാം ഉയര്‍ത്തിക്കാട്ടി സഞ്ചാരികളെ ക്ഷണിക്കുകയാണ് ലോക രാജ്യങ്ങള്‍. ഉള്ളം നിറയ്ക്കുന്ന ആതിഥേയത്വവും ആഡംബര സൗകര്യങ്ങളുമാണ് ഇവര്‍ സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
ലോകത്തെ കണ്ടെത്തൂ എന്നാണ് ഇത്തവണത്തെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ പ്രമേയം. വിവിധ മേഖലകളെ അടിസ്ഥാനമാക്കിയും വിവിധ വിനോദസഞ്ചാര സാധ്യതകളുടെ അടിസ്ഥാനത്തിലും ആയിരുന്നു ഇത്തവണ പവലയിനുകള് ക്രമീകരിച്ചത്.ക്രൂയിസ് പവിലിയന്, ട്രാവല്‍ ടെക് ഷോ, ഹോട്ടലുകള്‍, കാര്‍ റെന്റല്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗവുമുണ്ടായിരുന്നു.
അമേരിക്കയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ ആഡംബര കാഴ്ചകളൊരുക്കിയാണ് സന്ദര്‍ശകരെ ക്ഷണിക്കുന്നത്. മധ്യപൂര്‍വദേശത്തു നിന്നുള്ള യാത്രക്കാരുടെ കാര്യത്തില്‍ അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ വിനോദസഞ്ചാര മേഖലകളെയും ബാധിച്ചിട്ടുണ്ട്. ഇത് അതിജീവിക്കാനുള്ള ശ്രമത്തിലാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ട്രാവല്‍ മാര്‍ക്കറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ ഒമാനിലെത്തിയെ ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണം 60 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജിസിസി സന്ദര്‍ശനത്തിനെത്തിയ ഇന്ത്യക്കാരില്‍ ഏഴു ശതമാനവും ചൈനക്കാരില്‍ 6.7 ശതമാനവും വര്‍ധനയുണ്ട്. വ്യത്യസ്തമായ ടൂറിസ പദ്ധതികള്‍ ആവിഷ്കരിച്ചാണ് യുഎഇയിലെ ഏഴു എമിറേറ്റുകള്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്.