ബീഫ് കിട്ടാത്തതിന്റെ പേരിൽ അഴിഞ്ഞാട്ടം, വെടിവയ്പ്പ്; ക്രൂരതയ്ക്ക് ഇരയായ നിരപരാധി

Crime-Story
SHARE

മൂലമറ്റത്തുകാര്‍ക്ക് ദേവി ബസും അതിലെ കണ്ടക്ടര്‍ സനലും ഒരു അഹങ്കാരമാണ്. അത്ര കരുതലാണ് നാട്ടുകാരോട് തിരിച്ചും. മാര്‍ച്ച് 27 28 .ദേശീയ പണിമുടക്ക് ദിവസം. മലയോര മേഖലയായതിനാല്‍ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകേണ്ട എന്ന് കരുതി ദേവി ബസ് ആവശ്യമെങ്കില്‍ ഇറക്കാനായിരുന്നു കണ്ടക്ടര്‍ സനലിന്‍റേ തീരുമാനം. അതിനുവേണ്ടി വീട്ടില്‍ പോകാതെ മൂലമറ്റത്തെ റൂമില്‍ തന്നെ കൂടി. രാത്രി സുഹൃത്തിന്‍റെ വീട്ടില്‍ പോയി ഭക്ഷണവും പൊതിഞ്ഞെടുത്ത് ബൈക്കില്‍ റൂമിലേക്ക് തിരിച്ചു.

കീരിത്തോടാണ് സനലിന്‍റെ വീട്. പക്ഷേ ദേവി ബസിനെ പ്രണയിച്ച് താമസവും അവിടെയാക്കി. ഇടക്കിടെയാണ് വീട്ടിലേക്ക് വരാറ്. കിടപ്പുരോഗിയായ അച്ഛനും അമ്മയും സഹോദരിയും. ഒന്നരസെന്‍റിലെ  ചെറിയൊരു വീട്...പിന്നെ കുറേ കൂട്ടുകാരും അതായിരുന്നു സനലിന്‍റെ സമ്പാദ്യം.

കീരിത്തോടു വഴി പോകുന്ന ബസില്‍ സനല്‍ വസ്ത്രങ്ങള്‍ ബാഗിലാക്കി കൊടുത്തുവിടും. അലക്കി തേച്ച് അമ്മ പിന്നീട് ആ ബസില്‍ തന്നെ കൊടുത്തുവിടും. ആവശ്യമുള്ള പണം അലക്കാനുള്ള പാന്‍റിന്‍റെ പോക്കറ്റിലിടും..ഇതായിരുന്നു പതിവ്...എല്ലാദിവസവും അമ്മയെ വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിക്കും...അന്നും പതിവുതെറ്റിയില്ല. സനലിന്‍റെ വസ്ത്രങ്ങളെല്ലാം അലക്കി അമ്മ ബാഗില്‍ തയാറാക്കി വച്ചിരുന്നു.മകന്‍ പറഞ്ഞഉടനെ കൊടുത്തുവിടാന്‍. പക്ഷേ അതിന്‍റെ ആവശ്യം വന്നില്ല. അപ്പോള്‍   ചെറുതോണി മലയ്ക്ക് താഴെ ആ ദാരുണ സംഭവം അരങ്ങേറുകയായിരുന്നു.

സമയം രാത്രി പത്തുമണി കഴിഞ്ഞു. ജംക്ഷനിലെ  തറവാട് തട്ടുകടയില്‍ സാമാന്യം നല്ല തിരക്കുണ്ട്. കഴിക്കാനും പാര്‍സല്‍ വാങ്ങാനും ആളുകളെത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് ബൈക്കില്‍ ആ യുവാക്കളും എത്തിയത്. ഫിലിപ്പ് മാര്‍ട്ടിനും ബന്ധുവായ യുവാവും.  അവിടെ നിന്ന് പ്രകോപിതനായി ഇറങ്ങിയ ഫിലിപ്പ് മാര്‍ട്ടിന്‍ നേരെ പോയത്  അടുത്ത് തന്നെയുള്ള വീട്ടിലേക്കാണ്...വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന തോക്ക് എടുക്കുകയായിരുന്നു ലക്ഷ്യം. വീട്ടില്‍ കയറി തോക്കില്‍ തിരയും നിറച്ച് കാറില്‍ പുറത്തേക്കിറങ്ങിയ ഫിലിപ്പിനെ കൂടെയുണ്ടായിരുന്ന ബന്ധു ജിജു തടഞ്ഞു.കാറുമെടുത്ത് പ്രധാനറോഡിലേക്കെത്തിയ ഫിലിപ്പ് പെട്ടന്ന് തട്ടുകടയുടെ മുന്നിലെ റോഡിലെത്തി. കാര്‍ റെയ്സ് ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതോടെ അവിടെയുണ്ടായിരുന്നവരുടെ ശ്രദ്ധ കാറിലേക്കായി. പെട്ടന്ന് കാറില‍് നിന്ന് വലിയ ഒരു ശബ്ദം കേട്ടു. തോക്കില് ‍നിന്നുള്ള വെടിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആളുകള്‍ മരത്തിനും കടയ്ക്കും പിന്നില്‍ ഒളിച്ചു. കയ്യില്‍ കിട്ടിയ സാധനങ്ങള്‍ കാറിനുനേരെ എറി‍ഞ്ഞ് ഫിലിപ്പിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ പെട്ടന്ന് തന്നെ ഫിലിപ്പ് കാര്‍ വളരെ വേഗത്തില്‍ ഒാടിച്ച് ജക്ഷനിലെത്തി തിരിച്ചുവന്നു

ആര്‍ക്കും കാറിനടുത്തേക്ക് ചെന്ന് ഫിലിപ്പിനെ കീഴടക്കാന്‍ കഴിയുന്നതിന് മുമ്പേ  ഫിലിപ്പ് കാര്‍ എടുത്ത് വീണ്ടും മുന്നോട്ട് കുതിച്ചു. ഇതിനിടെ വലിയൊരു ജനക്കൂട്ടം അവിടെ തടിച്ചു കൂടി. ബൈക്കിലും കാറിലുമൊക്കെയായി എല്ലാവരും പുറകെ. സംഭവസ്ഥലത്തുവെച്ച് സനല്‍ മരിച്ചു. പ്രദീപനെ ആശുപത്രിയിലേക്ക് മാറ്റി.മൂന്നാര്‍ ലക്ഷ്യമാക്കി കാറില‍് കുതിച്ച പ്രതിയെ മുട്ടത്തുവെച്ച് പൊലീസ് റോഡ് വളഞ്ഞു പിടികൂടി.മകനായി അലക്കി തേച്ച വസ്ത്രങ്ങള്‍ ബാഗിലാക്കി അപ്പോഴും ഈ അമ്മ കാത്തിരിക്കുകയായിരുന്നു. പിറ്റേ ദിവസം മകന്‍റെ വിളി വരും എന്ന് കാത്ത്. പക്ഷേ മകന്‍റെ മരണം അറിയിച്ചാണ് വിളിയെത്തിയത്. കഴിഞ്ഞ മേയിൽ ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃ സഹോദര പുത്രനാണ് കൊല്ലപ്പെട്ട സനല്‍.ഒരു വര്‍ഷത്തിനിടെ രണ്ട് മരണങ്ങള്‍  ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

CRIME STORY
SHOW MORE