കര്‍ഷകരെ കാര്‍ കയറ്റി കൊല്ലുന്ന അസഹിഷ്ണുത; ദയയില്ലാത്ത രാഷ്ട്രീയം

parayathe-vayya
SHARE

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവിശ്വസനീയമെന്നു വിശേഷിപ്പിക്കാന്‍ ഇനി ഒന്നുമില്ലെന്ന് നേരത്തേ പല തവണ നമ്മള്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. പക്ഷേ ഭാരതത്തിന്റെ ജീവനാഡിയായ കര്‍ഷകരെ കാര്‍ കയറ്റി കൊല്ലുന്നതൊക്കെ നേരിട്ടു കാണേണ്ടി വരുമെന്ന് ഏത് വിപരീത സാഹചര്യത്തിലും നമ്മള്‍ പ്രതീക്ഷിച്ചിട്ടില്ല. പ്രതിപക്ഷനേതാക്കളെ തടയുകയും മണിക്കൂറുകള്‍ അനധികൃതമായി തടങ്കലിലാക്കുകയും ചെയ്യുന്നതും കണ്ട് രാജ്യത്തെ നിയമവ്യവസ്ഥയും അന്തം വിട്ടു നില്‍ക്കുന്നു. ജനാധിപത്യത്തെ കണ്‍മുന്നില്‍ അട്ടിമറിച്ച്, എല്ലാ മറകളും ഉപേക്ഷിച്ച് ഒരു ദാക്ഷിണ്യവുമില്ലാത്ത രാഷ്ട്രീയം തുടരുകയാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി.  

ഇത്  നേരിട്ടു കാണുന്നതുവരെയും പലവിധ ന്യായീകരണങ്ങള്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. കല്ലേറില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കര്‍ഷകര്‍ക്കു മേല്‍ പാഞ്ഞുകയറിയുണ്ടായ അപകടമാണെന്നു ഉത്തരവാദപ്പെട്ട രാഷ്ട്രീയ–ഭരണകര്‍ത്താക്കള്‍ വിശദീകരിക്കുന്നതും രാജ്യം കേട്ടു. മണിക്കൂറുകള്‍ക്കു ശേഷമാണ് ഇത്രയും വ്യക്തതയോടെ ഈ ദൃശ്യങ്ങള്‍ കൂടി ജനങ്ങളുടെ കണ്‍മുന്നിലെത്തിയത്. സംഭവത്തില്‍ ആരോപണം നേരിടുന്ന  കേന്ദ്രആഭ്യന്തരസഹമന്ത്രിയുടെ അവകാശവാദം പൊളി‍ഞ്ഞു എന്നതിനേക്കാള്‍ രാജ്യത്തെ ഞെട്ടിക്കേണ്ടത് ഇങ്ങനെയും ഇന്നത്തെ ഇന്ത്യയില്‍ സംഭവിക്കും എന്ന തിരിച്ചറിവാണ്. ഒരു വര്‍ഷവും കടന്നു മുന്നോട്ടു കുതിക്കുന്ന കര്‍ഷകസമരത്തോട് രാജ്യം ഭരിക്കുന്ന ബി.ജെ.പി. എത്തിച്ചേര്‍ന്നിരിക്കുന്ന അസഹനീയാവസ്ഥ കൂടി ഈ ദുരന്തത്തിനു പിന്നില്‍ വ്യക്തമായി ദൃശ്യമാണ്. കേന്ദ്രമന്ത്രിയുടെ വാഹനം കയറി നാലു കര്‍ഷകര്‍ മരിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൂടി കൊല്ലപ്പെടുകയും ചെയ്തിട്ടും കര്‍ഷകര്‍ക്കിടയിലെ ഖലിസ്ഥാന്‍ തീവ്രവാദികളാണ് ഇതിനു പിന്നിലെന്നു ആരോപിക്കാന്‍ കേന്ദ്രമന്ത്രി പോലും ധൈര്യം കാണിച്ചത് ഈ അസഹനീയതയുടെ ആഴം അറിയാവുന്നതുകൊണ്ടാണ്.  

ഇതേ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തന്നെയാണ് സംഭവത്തിന് കൃത്യം ഒരാഴ്ച മുന്‍പ് കര്‍ഷകരുടെ സമരം രണ്ടു മിനിറ്റു കൊണ്ട് തീര്‍ക്കാന്‍ തനിക്ക് അറിയാമെന്ന് പരസ്യമായി പ്രകോപനം മുഴക്കിയത്. ഈ കേന്ദ്രമന്ത്രിയുടെ മകനാണ് കര്‍ഷകര്‍ക്കു നേരെ വാഹനം കയറ്റാന്‍ നേതൃത്വം നല്‍കിയെന്ന് ദൃക്സാക്ഷികളായ കര്‍ഷകര്‍ ആരോപിക്കുന്നത്.  വാഹനം കയറ്റി കൊല നടത്താന്‍ നേതൃത്വം നല്‍കിയെന്നു മാത്രമല്ല, കര്‍ഷകര്‍ക്കു നേരെ വെടിയുതിര്‍ത്തുവെന്നും ശക്തമായ സാക്ഷിമൊഴികളുണ്ട്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് പ്രാദേശികമാധ്യമപ്രവര‍്ത്തകനടക്കം നാലു പേര്‍ കൂടി കൊല്ലപ്പെട്ടത്. മൂന്നു ബി.ജെ.പി. പ്രവര്‍ത്തകരെ കര്‍ഷകര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന് ബി.ജെ.പി. ആരോപിക്കുമ്പോള്‍ ദൃശ്യം പകര്‍ത്തിയതിന് മാധ്യമപ്രവര്‍ത്തകനെ മന്ത്രിയുടെ അനുയായികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. 8 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിലേക്ക് നയിച്ചിട്ടും കേന്ദ്രആഭ്യന്തരമന്ത്രി വീണ്ടും കര്‍ഷകരെ ആക്ഷേപിക്കുകയും ന്യായീകരണം തുടരുകയും ചെയ്തു. കര്‍ഷകര്‍ ശക്തമായ നിലപാടില്‍ ഉറച്ചു നിന്നതോടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മന്ത്രിപുത്രന്റെ പേരില്‍ കൊലക്കുറ്റമടക്കം ചുമത്തി യു.പി.പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു.  

ഇത്രയും കാര്യങ്ങളുണ്ടായാല്‍ ഒരു ജനാധിപത്യസമൂഹം സ്വാഭാവികമായി പ്രതികരിക്കേണ്ടത് എങ്ങനെയാണ് ? ആ കേന്ദ്ര ആഭ്യന്തരസഹമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമോ? കേന്ദ്രസര്‍ക്കാരിന് പൂര്‍ണമൗനം പുലര്‍ത്തി കര്‍ഷകരുടെ കൂട്ടക്കൊല അവഗണിക്കാന്‍ കഴിയുമോ? നാലുകര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടതിനു തൊട്ടടുത്ത ദിവസം തൊട്ടടുത്തൊരു നഗരത്തില്‍ പ്രധാനമന്ത്രിക്ക് വികസനോല്‍സവം ആഘോഷിച്ചു മടങ്ങാന്‍ കഴിയുമോ? അതും ഈ സംഭവത്തെക്കുറിച്ച് ഒരക്ഷരം പോലും പരാമര്‍ശിക്കാതെ? മുഖ്യപ്രതിപക്ഷപാര്‍ട്ടിയുടെ നേതാക്കളെ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കാന്‍ കഴിയുമോ?   നമ്മുടെ രാജ്യത്ത് ഇതൊക്കെയാണ് സംഭവിക്കുന്നത്. നമ്മുടെ ജനാധിപത്യം എവിടെയെത്തി നില്‍ക്കുന്നുവെന്നു തന്നെയാണ് ലഖിംപൂര്‍ ഖേരി കാണിച്ചു തരുന്നത്.  

നാല് കര്‍ഷകരെ  കാര്‍ കയറ്റിക്കൊന്നിട്ടും തുടര്‍ന്ന് നാലു പേര്‍കൂടി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടും നമ്മുടെ ഇന്ത്യയില്‍ ഒന്നും സംഭവിച്ചിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും കിട്ടിയിട്ടുണ്ട്. പക്ഷേ നീതിയോ? അങ്ങനെയൊരു ചോദ്യം പോലും ബി.ജെ.പി. പരിഗണിക്കുന്നില്ല. കര്‍ഷകരെ ഇടിച്ചു കൊന്ന വാഹനത്തിന്റെ ഉടമയായ കേന്ദ്രആഭ്യന്തരസഹമന്ത്രി തന്നെ ഇനിയും ഭരിക്കും. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും മകനും കുറ്റക്കാരാണോയെന്ന് യോഗി സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണം കണ്ടെത്തും. കൊല്ലപ്പെട്ട മനുഷ്യരോട് ആദരസൂചകമായെങ്കിലും ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിയെ മാറ്റിനിര്‍ത്താന്‍ തയാറല്ലെന്ന് പ്രഖ്യാപിക്കുന്ന ബി.െജ.പിയാണ് ഇന്ത്യയിലെ ജനാധിപത്യം എങ്ങോട്ടു പോകുന്നുവെന്ന് തീരുമാനിക്കുന്നത്. അതും യു.പി തിരഞ്ഞെടുപ്പ് വക്കത്തായിരുന്നില്ലെങ്കില്‍ ഈ നഷ്ടപരിഹാരവും അന്വേഷണവും പോലും പ്രഖ്യാപിക്കപ്പെടുമായിരുന്നില്ലെന്ന് ജനാധിപത്യവിശ്വാസികള്‍ ഉള്‍ക്കിടിലത്തോടെ തന്നെ തിരിച്ചറിയുന്നുണ്ടാകണം.   

സത്യത്തില്‍ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഏറ്റവും രൂക്ഷമായി പ്രതികരിച്ചത് കോണ്‍ഗ്രസ് നേതാക്കളല്ല. ബി.ജെ.പിയുടെ തന്നെ യു.പിയിലെ എം.പി. വരുണ്‍ ഗാന്ധിയാണ്. വരുണ്‍ഗാന്ധിയുടെ മണ്ഡലമായ പിലിബിത്തിനോടു അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ലഖിംപൂര്‍ ഖേരി. പല തവണ ട്വിറ്ററിലൂടെ വരുണ്‍ഗാന്ധി കടുത്ത ആശങ്കയും അമര്‍ഷവും പ്രകടിപ്പിച്ചു. പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങള്‍ എല്ലാം പറയുന്നുണ്ടെന്നാണ് വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. കര്‍ഷകരെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ നടപടിയുണ്ടായി. വരുണ്‍ഗാന്ധിയെയും മനേകാഗാന്ധിയെയും ബി.ജെ.പി. ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിക്കൊണ്ടാണെന്നു മാത്രം. പുനഃസംഘടനയുടെ ഭാഗമായുള്ള യാദൃശ്ചികനടപടിയെന്ന ന്യായം പുറത്തു പറഞ്ഞാലും സന്ദേശം വ്യക്തമായിരുന്നു.  

വരുണ്‍ഗാന്ധിക്കും പ്രതിപക്ഷത്തിനും പിന്നാലെയാണ് സുപ്രീംകോടതിയില്‍ നിന്നും രൂക്ഷമായ ചോദ്യങ്ങളുയര്‍ന്നത്. യു.പി.സര്‍ക്കാരിനെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചു. പറയുന്നതൊന്നും നടപടിയാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും കൊലക്കേസില്‍ മന്ത്രിപുത്രന് കിട്ടുന്ന പരിഗണന കിട്ടുമോയെന്നും കോടതി തുറന്നു ചോദിച്ചു. ചോദ്യങ്ങള്‍ വ്യക്തവും ശക്തവുമായിരുന്നു. പക്ഷേ എന്തു നടപടി പ്രതീക്ഷിക്കാം? ജനാധിപത്യത്തിലെ ഏതെങ്കിലും സംവിധാനത്തെ മാനിക്കുന്നതായി യു.പി. സര്‍ക്കാര്‍ ഇതിനു മുന്‍പ് ഭാവിച്ചിട്ടുണ്ടോ? കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി ഇടപെടലില്‍ ഭയമുണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ജനാധിപത്യത്തിന്റെ ഓരോ തൂണുകളും മെല്ലെ മെല്ലെ ഇളക്കി ക്ഷയിപ്പിച്ചു കളയുന്ന സ്ലോ പോയിസന്‍ പ്രക്രിയയ്ക്കു കൂടിയാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. 

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ചു കൊന്ന കേസില്‍ മുഖ്യ ആരോപണവിധേയനാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര. ആശിഷ് ദുരന്തമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്നുവെന്നും തുടര്‍ന്ന് കര്‍ഷകര്‍ക്കു നേരെ വെടിയുതിര്‍ത്തുവെന്നും സാക്ഷിമൊഴികളുണ്ട്. എന്നാല്‍ തന്റെ മകന്‍ സംഭവസ്ഥലത്തേ ഉണ്ടായിരുന്നില്ലെന്നും മറ്റൊരിടത്ത് ഗുസ്തിമല്‍സരം കാണുകയായിരുന്നുവെന്നുമാണ് കേന്ദ്രആഭ്യന്തരസഹമന്ത്രിയുടെ അവകാശവാദം. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ആശിഷ് മിശ്രയ്ക്കെതിരെ ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം കൊലക്കുറ്റത്തിന് യു.പി.പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ സംഭവം നടന്ന് ആറു ദിവസം കഴിഞ്ഞിട്ടും  യു.പി.പൊലീസ് ആശിഷിനെ ചോദ്യം ചെയ്യാന്‍ പോലും തയാറായില്ല. ജനരോഷം കനത്തതോടെ കേന്ദ്രആഭ്യന്തരസഹമന്ത്രിയുടെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് പതിച്ചിട്ടു പോയി.  ഈ നോട്ടീസ് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകന്‍ പൂര്‍ണമായും അവഗണിച്ചു. വിശദീകരണം പോലും നല്‍കാതെ മന്ത്രിപുത്രന്‍ ചോദ്യംചെയ്യലിന് എത്താതെ അധികാരബലം കാണിച്ചു. രണ്ട് അഭിഭാഷകരുടെ ആവശ്യപ്രകാരം കേസില്‍ ഇടപെട്ട സുപ്രീംകോടതി യു.പി.സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് യു.പി. സര്‍ക്കാര്‍ അനങ്ങാന്‍ തയാറായത്. എന്നിട്ടും ശനിയാഴ്ച ആശിഷ് മിശ്ര സ്വയം ഹാജരാകുന്നതുവരെ യു.പി. പൊലീസ് ക്ഷമയോടെ കാത്തു നിന്നു.  

യു.പി.സര്‍ക്കാരിന് വാക്കുകള്‍ മാത്രമേയുള്ളൂവെന്നും നടപടികളില്ലെന്നും കോടതി കുറ്റപ്പെടുത്തി. സമന്‍സ് നല്‍കിയിട്ടുണ്ടെന്ന് വിശദീകരിച്ച യു.പി.സര്‍ക്കാരിന്റെ അഭിഭാഷകനോട് മറ്റു കൊലക്കേസുകളില്‍ ഇതുപോലെയാണോ പൊലീസ് ഇടപെടുകയെന്ന് സുപ്രീംകോടതി ചോദിച്ചു. ദയവ് ചെയ്തു ഹാജരാകൂ എന്നാണോ മറ്റു കൊലക്കേസ് പ്രതികളോട് പൊലീസ് ആവശ്യപ്പെടാറുള്ളതെന്നും കോടതി ചോദിച്ചു. ദീപാവലി അവധിക്ക് പിരിഞ്ഞ കോടതിയുടെ സമ്മര്‍ദത്തിന് വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.പി.സര്‍ക്കാരില്‍ നിന്ന് പ്രതികരണവും വന്നു കഴിഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയുടെ ചോദ്യം കൂടി കഴിഞ്ഞതോടെ ഒഴിവാക്കാന്‍ മറ്റു വഴികളില്ലാത്തതുകൊണ്ട് മാത്രം ശനിയാഴ്ച ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കൂവെന്നും സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്.  

ഏതു നിയമത്തെക്കുറിച്ചാണ് യു.പി. മുഖ്യമന്ത്രി പറയുന്നത് എന്നു കൂടി രാജ്യം മനസിലാക്കണം. യു.പിയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രത്യേക നിയമവ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. ഒരു പ്രകോപനവും സൃഷ്ടിക്കാത്ത പ്രതിപക്ഷനേതാക്കളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തും ചെയ്യാതെയും തടവില്‍ വയ്ക്കുന്ന നിയമവ്യവസ്ഥയാണ് യു.പിയില്‍ ഇപ്പോഴുള്ളത്. രാഷ്ട്രീയമായി തിരിച്ചടി ഭയക്കുമ്പോഴേക്കും ഇന്റര്‍നെറ്റ് അടക്കം വിച്ഛേദിച്ച്പൗരന്‍റെ ആശയവിനിമയസ്വാതന്ത്ര്യം പോലും അകാരണമായി തടഞ്ഞുവയ്ക്കുന്ന നിയമമാണ് യു.പിയില്‍ ഇന്നുള്ളത്. അല്ല, നിയമമല്ല,  നിയമം അംഗീകരിക്കില്ലെന്ന പരസ്യമായ പ്രഖ്യാപനമാണ് യു.പിയില്‍ കണ്ടു കൊണ്ടിരിക്കുന്നത്.  

കൂട്ടക്കൊല നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരോപണവിധേയനായ മന്ത്രിപുത്രനെ തൊടാതിരുന്ന യു.പി.പൊലീസിന്റെ നേതൃത്വത്തിലിരുന്നാണ് യോഗി ആദിത്യനാഥ് നിയമവാഴ്ചയുടെ പുതിയ പരിപ്രേക്ഷ്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്. പ്രതിയെ തൊട്ടില്ല എന്നു മാത്രമല്ല, ഇരകളെ ആശ്വസിപ്പിക്കാന്‍ പുറപ്പെട്ട പ്രതിപക്ഷനേതാക്കളെ അനധികൃതമായി കസ്റ്റഡിയിലെടുത്തു. പ്രിയങ്കഗാന്ധിയെ മണിക്കൂറുകള്‍ നിയമവിരുദ്ധമായി തടഞ്ഞുവച്ചു. അറസ്റ്റ് ചെയ്ത ശേഷവും ശരിയായ നിയമനടപടികള്‍ പാലിക്കാന്‍ തയാറായില്ല. രാഹുല്‍ഗാന്ധിയുടെ യാത്ര തടസപ്പെടുത്താന്‍ പല തവണ ശ്രമിച്ചു. പൊലീസ് വാഹനത്തിലേ യാത്ര ചെയ്യാനാകൂ എന്നു വരെ നിബന്ധന ഉയര്‍ത്തി. മൂന്നു ദിവസം പ്രതിപക്ഷനേതാക്കള്‍ ആരും സംഭവസ്ഥലത്തെത്താതിരിക്കാന്‍ നിയമവിരുദ്ധമായ എല്ലാ ഇടപെടലും യു.പി.സര്‍ക്കാര്‍ നടത്തി.  

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു. തുടര്‍സംഘര്‍ഷങ്ങളോ പ്രതിഷേധങ്ങളോ ഒന്നും കാരണമായി ചൂണ്ടിക്കാണിക്കാനില്ലാതെ തന്നെ ഒരു വിഭാഗം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിഷേധിച്ചു. പൗരന്റെ അടിസ്ഥാനഅവകാശങ്ങളിലൊന്നായ ആശയവിനിമയത്തില്‍ പോലും മതിയായ കാരണങ്ങളില്ലാതെ സര്‍ക്കാര്‍ അട്ടിമറികള്‍ നടത്തി. ഹാത്രസ് സംഭവത്തെത്തുടര്‍ന്നും ഇതേ നിയമവിരുദ്ധ ഇടപെടല്‍ യു.പി. പൊലീസ് നടത്തുന്നത് രാജ്യം കണ്ടതാണ്. രാജ്യത്തെ ഒരു നിയമവ്യവസ്ഥയും ബാധകമല്ലെന്ന മട്ടില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന പേരില്‍

കശ്മീരിനു സമാനമായ ഇടപെടലാണ് ബി.ജെ.പി. സര്‍ക്കാര്‍ യു.പിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.  

അധികാരത്തോടും ജനങ്ങളോടും ഉത്തരവാദിത്തത്തോടെ പെരുമാറുകയെന്ന ബാധ്യത കണ്ടില്ലെന്നു നടിക്കുന്നത് യോഗി ആദിത്യനാഥ് മാത്രമാണോ? നമ്മുടെ പ്രധാനമന്ത്രിയും ദുരന്തത്തിനു തൊട്ടടുത്ത ദിവസങ്ങളില്‍ യു.പിയിലുണ്ടായിരുന്നു. ഒരക്ഷരം ഇതുവരെ പ്രധാനമന്ത്രി സംഭവത്തെക്കുറിച്ച് പരാമര്‍ശമിച്ചിട്ടില്ല. എട്ടുപേര്‍ കൊല്ലപ്പെട്ട ദാരുണസംഭവത്തെ ഒന്ന് അപലപിക്കാന്‍ പോലും അദ്ദേഹം തയാറായില്ല. പക്ഷേ രാഷ്ട്രീയഎതിരാളികളോട് അതിമോഹം വേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികാരമാണ് നമ്മുടെ ഭരണാധികാരിയുടെ ആദ്യത്തെയും അവസാനത്തെയും പരിഗണന. സാധാരണ മനുഷ്യരല്ല.  

ലഖിംപുര്‍ ഖേരിക്കു ശേഷം മൂന്നാം ദിവസം പ്രധാനമന്ത്രി മൂന്നു മണിക്കൂര്‍ മാത്രം അകലത്തില്‍ ലക്നൗവില്‍ എത്തി. 75 വികസനപദ്ധതികള്‍ ഉല്‍ഘാടനം ചെയ്ത് യോഗി ആദിത്യനാഥിനെ വാനോളം പ്രകീര്‍ത്തിച്ചു മടങ്ങി. പക്ഷേ കര്‍ഷകരുടെ ജീവനു മുന്നില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോഴും കുറ്റാരോപിതന്‍ സ്വന്തം മന്ത്രിസഭാംഗമായിരിക്കുമ്പോഴും പ്രധാനമന്ത്രിക്കു കുലുക്കമില്ല . ആരാണ് നമ്മുടെ ജനാധിപത്യം സംരക്ഷിക്കാന്‍ ഒന്നാമതായി ബാധ്യതപ്പെട്ടവര്‍? ഭരണഘടനാനുസൃതമായി അധികാരമേറ്റവര്‍. അങ്ങനെ അധികാരമേറ്റ ഒരു മുഖ്യമന്ത്രിയും കേന്ദ്രആഭ്യന്തരസഹമന്ത്രിയുമാണ് സമരം ചെയ്യുന്ന കര്‍ഷകരെ ഞങ്ങള്‍ കൈകാര്യം ചെയ്യും എന്നു പരസ്യമായി വെല്ലുവിളിച്ചത്? എന്നുവച്ചാല്‍ രാജ്യവും ഭരണഘടനയും കര്‍ഷകരെ നേരിടാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് സ്വന്തമായി വഴികളുണ്ടെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിയുടെ 

ഹരിയാന മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുമാണ്. തുടര്‍ന്നു സംഭവിച്ചതെന്താണെന്ന് നമ്മള്‍ കാണുന്നു. ഇനിയും കണ്ടു തീര്‍ക്കാന്‍ പലതും മുന്നിലുണ്ട്.  സത്യത്തില്‍ എന്തു ജനാധിപത്യത്തെക്കുറിച്ചാണ്, ഏതു ഭരണഘടനയെക്കുറിച്ചാണ് നമ്മള്‍ ഇനി ആകുലപ്പെടേണ്ടത്? ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പരസ്യ വെല്ലുവിളികള്‍ നടത്തുമ്പോള്‍ എന്തു ചെയ്യുകയാണ് നമ്മുടെ രാജ്യത്തെ നിയമസംവിധാനം?ഇടിച്ചത്് എന്റെ വാഹനമാണ്, ആരോപണം എന്റെ മകനു നേരെയാണ്. പക്ഷേ ഞാന്‍ തന്നെ ഈ രാജ്യത്തിന്റെ ആഭ്യന്തരം കാത്തുസൂക്ഷിക്കും എന്ന വെല്ലുവിളിയോട് നമ്മുടെ ജനാധിപത്യത്തിന് എന്തു പ്രതിരോധമാണ് മുന്നിലുള്ളത്. യു.പി.രാഷ്ട്രീയത്തിന്റെ നിലവിലെ അവസ്ഥ ശരിയായ വിലയിരുത്തുന്നവരാരും മാസങ്ങള്‍ക്കപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് യോഗിക്ക് തിരിച്ചടി സൃഷ്ടിക്കുമെന്നു കരുതുന്നില്ല. കാരണം പ്രതിരോധവും പ്രതിപക്ഷവും അത്രമേല്‍ ദുര്‍ബലമാണ്. പ്രിയങ്കഗാന്ധി ആത്മാര്‍ഥമായി ശ്രമിക്കുന്നുവെന്ന് ഇടവേളകളില്‍ തോന്നിപ്പിക്കുന്നു. പക്ഷേ ആ പാര്‍ട്ട് ടൈം ഇടപെടല്‍ തന്നെ ഇന്ത്യന്‍രാഷ്ട്രീയം ഇന്നെത്തിച്ചേര്‍ന്നിരിക്കുന്ന സങ്കീര്‍ണാവസ്ഥയില്‍ ആശങ്ക മാത്രമാണ്. പ്രതിരോധിക്കാന്‍ പ്രതിപക്ഷമില്ലെന്ന നിരാശ ദേശീയരാഷ്ട്രീയത്തെ മൂടിക്കൊണ്ടേയിരിക്കുകയാണ്.  

പക്ഷേ ഈ രക്തക്കറ ഇന്ത്യയുടെ ഹൃദയത്തില്‍ നിന്ന് മാഞ്ഞു പോകില്ല. എത്ര ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കിയാലും ആരെയൊക്കെ നിശബ്ദമാക്കാന്‍ കഴിഞ്ഞാലും ജനാധിപത്യത്തില്‍ വിശ്വസിച്ച് സമാധാനസമരം നടത്തിയവരെ ഭരണപക്ഷരാഷ്ട്രീയം കൊന്നുകളഞ്ഞതെങ്ങനെയെന്ന് ഇന്ത്യ ഓര്‍ത്തിരിക്കും. കലാപവും മുതലെടുപ്പും നടത്തി ഭിന്നിപ്പിന്റെ രഹസ്യരാഷ്ട്രീയമാണ് ഇതുവരെ പയറ്റിക്കണ്ടിരുന്നതെങ്കില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ നേരിട്ട് ഇല്ലാതാക്കാനും മടിക്കാത്ത രാഷ്ട്രീയശൈലി ധൈര്യമാര്‍ജിച്ചിരിക്കുന്നുവെന്ന് ലഖിംപൂര്‍ ഖേരി കാണിച്ചു തരുന്നു. നീതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.  ലഖിംപൂര്‍ ഖേരി ഉയര്‍ത്തിയ  വെല്ലുവിളി മറികടക്കാന്‍ ഏതു വര്‍ഗീയകാര്‍ഡാണ് രാജ്യം പ്രതീക്ഷിക്കേണ്ടത്? എട്ടു ജീവനുത്തരം തേടുന്നതിനൊപ്പം അടുത്ത വിഭജനതന്ത്രമെന്തായിരിക്കുമെന്നു പേടിക്കുക കൂടി ചെയ്യേണ്ട അവസ്ഥയിലാണ് നമ്മള്‍. ലഖിംപുര്‍ ഖേരി ഇന്ത്യന്‍ ജനാധിപത്യചരിത്രത്തിലെ നിര്‍ണായക അടയാളമാണ്. പരുക്കേല്‍ക്കുന്നത്  ജനാധിപത്യത്തിനു മാത്രമാണ്. പേടിക്കേണ്ടതും പ്രതിരോധിക്കേണ്ടതും ജനങ്ങള്‍ തന്നെയാണ്. 

CRIME STORY
SHOW MORE
Loading...
Loading...