ഒട്ടേറെ വിവാദങ്ങളുണ്ട് ഒട്ടേറെ സാമൂഹ്യപ്രശ്നങ്ങളുണ്ട് നാട്ടിൽ . പക്ഷേ ചൂണ്ടുവിരൽ ഈ ആഴ്ച നാടുവിടുകയാണ്. നാടുവിട്ട് കാടു കയറുകയാണ്. വെറുതെ കയറുകയല്ല ചിലതു പറയാനുണ്ട് ചിലതു കാണാനുണ്ട് ചിലത് കേൾക്കാനുമുണ്ട്.
നാട്ടിൽ ജീവിക്കുമ്പോൾ ചിലപ്പോൾ കാടിനെ മറന്നുപോകാറുണ്ട്. എല്ലാവരുമല്ല ചിലരെങ്കിലും ചിലപ്പോഴെങ്കിലും .അങ്ങനെയൊരു മറവി മനസ്സിലേക്ക് അരിച്ചിറങ്ങുന്നുണ്ടോ എന്ന സംശയത്തിലാണ് കാടുകയറാൻ തീരുമാനിച്ചത്. പിന്നെയുമുണ്ട് കാരണം . വനം വകുപ്പിലെ കുറച്ച് ഉദ്യോഗസ്ഥരും സ്ഥിരം കാടുകയറുന്ന ചില സുഹൃത്തുക്കളും കാട്ടിലേക്കൊന്ന് വിരൽ ചൂണ്ടണമെന്ന് അഭ്യർത്ഥിച്ചുതുടങ്ങിയിട്ട് കുറെക്കാലമായി. കാട്ടിലെന്തു പ്രശ്നമാണെന്ന മറുപടിക്കുമുൻപിൽ അവരൊന്നു ചിരിച്ചു. നാടിനു പ്രശ്നമുണ്ടാകാതിരിക്കാനാണ് കാട്ടിലേക്ക് വിരൽ ചൂണ്ടേണ്ടതെന്നായിരുന്നു മറുപടി.
അങ്ങനെയാണ് എന്താണ് പറയേണ്ടതെന്ന മുൻധാരണകളോ മുൻവിധികളോ ഇല്ലാതെ ഞങ്ങൾ കാടുകയറിയത്. ഞങ്ങളുള്ളത് ചെന്തുരുണി വനത്തിലാണ്. എല്ലാ കാടുകളെയും പോലെ ഈ കാടിനുമുണ്ട് ഒട്ടേറെ സവിശേഷതകൾ. ഒരുപാടു പ്രത്യേകതകൾ. ചെന്തുരുണി എന്ന പേരു വന്നതിനുപോലും ഒരു കഥയുണ്ട്.