വർഷങ്ങളായി ഉള്ള ചൂഷണം; ഇന്ന് ആവശ്യം വീട് വെക്കാൻ ഒരു തുണ്ട് ഭൂമി മാത്രം

choonduviral-idukki-land-issue
SHARE

വയനാട്ടിലായാലും ഇടുക്കിയിലായാലും ഭൂമിയില്ലാത്തവരുടെ പ്രശ്നങ്ങളൊക്കെ ഒന്ന് തന്നെയാണ്. സ്വഭാവത്തില് ചില അന്തരങ്ങളുണ്ടെന്നേയുളളൂ. ദേവികുളം ഉടുമ്പന്ചോല താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന തോട്ടം മേഖലയിലെ തൊഴിലാളികളുടെ നിരവധിയായ പ്രശ്നങ്ങള് പലവട്ടം ചര്ച്ചയായിട്ടുണ്ട്.

മൂന്നാറിലെ ഐതിഹാസികമായ പോരാട്ടം നടത്തിയ പെമ്പിളൈ ഒരുമയുടെ മുദ്രാവാക്യങ്ങളിലൊന്ന് തന്നെ കമ്പനികളിൽ നിന്ന് വിരമിച്ചിറങ്ങുന്ന തൊഴിലാളിക്ക് സ്ഥലവും ഭൂമിയും വേണം എന്നതായിരുന്നു. ഒത്തുതീര്പ്പ് ചർച്ചകളിൽ അതുയർന്നുവരികയും ചെയ്തിരുന്നു. എങ്കിലും പരിഹാരം പോയിട്ട് ആ വഴിക്കൊരനക്കവും ഉണ്ടായിട്ടില്ല. 

തൊഴിലാളി സമരങ്ങൾ ഈ മേഖലയിൽ അപൂർവ്വമല്ലെങ്കിലും ഭൂസമരങ്ങൾ സമീപകാലത്തൊന്നും കാര്യമായി ഉണ്ടായിട്ടില്ല. തോട്ടം തൊഴിലാളിക്ക് വീട് വെക്കാന് കുറഞ്ഞത് മൂന്ന് സെന്റ് ഭൂമി എന്ന പതിറ്റാണ്ടുകളായി നിലവിലുളള ആവശ്യമുന്നയിച്ചാണ് ഇവിടെ, ചിന്നക്കനാലില് സമരം നടക്കുന്നത്.

ഭൂമിയില്ലാത്ത മനുഷ്യരുടെ ജീവിതസമരങ്ങൾക്ക് ഭാഷ ഒരതിരല്ല എന്ന് തമിഴിൽ പറഞ്ഞതാണ്. സാധാരണ അന്യഭാഷയിലുളള സംഭാഷണങ്ങൾക്ക് ഞങ്ങൾ തർജിമ നൽകാറുളളതാണ്. ഈ ലക്കം അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഒന്നാമത് മലയാളിക്ക് അപരിചിതമായ ഒരു പ്രശ്നത്തെക്കുറിച്ചല്ല ഈ മനുഷ്യരാരും സംസാരിക്കുന്നത്.

കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്ന വീട് വെക്കാന് ഒരു തുണ്ട് ഭൂമിയെന്ന ആവശ്യം ഒരു കേവലവിഷയമായി പോലും ആരും പരിഗണിക്കുന്നില്ല എന്ന് തോന്നിയ സാഹചര്യത്തിലാണ് ഒരു സംഘം തോട്ടം തൊഴിലാളികൾ സൂര്യനെല്ലിയിലെ ഈ ഭൂമി പിടിച്ച് അവിടെ ചെറുകുടിലുകൾ കെട്ടി സമരം തുടങ്ങിയത്. സംഘടനാപ്രവർത്തനത്തിൽ പരിചയങ്ങളേതുമില്ലാത്ത ഒരിരുപത്തിയഞ്ച് വയസുകാരനാണ് സമരസമിതിയുടെ കൺവീനർ.

ഓരോരുത്തർക്കും പറയാനുളളത് ഏതാണ്ടൊരേ കാര്യങ്ങളാണ്. പാർപ്പിടമെന്ന അടിസ്ഥാനനീതി നിഷേധിക്കപ്പെട്ടവർക്ക് അതേക്കുറിച്ചല്ലാതെ മറ്റെന്താണ് പറയാനുളളത്. ഓരോരുത്തരുടെയും അനുഭവപരിസരമനുസരിച്ച് പ്രതികരണങ്ങൾക്ക് തീവ്രത കൂടിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം.

വീടും വീട് വെക്കാൻ സ്ഥലവുമില്ലെന്ന് പരാതിപ്പെടുന്ന ഈ തോട്ടം തൊഴിലാളികള് കടന്നുപോകുന്ന ആകെയുളള പ്രതിസന്ധിയല്ല അത്. രോഗങ്ങൾ, തുച്ഛമായ വരുമാനം, കടം, പലിശ, പട്ടിണി അങ്ങനെ നൂറായിരം പ്രശ്നങ്ങൾക്കിടയിലാണ് ഇവരുടെ ജോലിയും ജീവിതവും.

ചിലർക്കെങ്കിലും ഒരു തോന്നലുണ്ട്. തമിഴ്നാട്ടിൽ നിന്ന് വന്ന ഈ തൊഴിലാളികള്ക്ക് എന്തിന് വീട് വെക്കാന് ഭൂമി നല്കണമെന്ന്. അത് കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്തത് കൊണ്ടാണ്. അതാണ് ലോജിക്കെങ്കിൽ കോട്ടയത്ത് നിന്ന് കുടിയേറിയവര്ക്ക് ഇടുക്കിയില് പട്ടയം നൽകേണ്ടതില്ലെന്ന് വരെ വാദമുയരാം. ഈ മനുഷ്യർ ഇന്നോ ഇന്നലെയോ ഇവിടെ വന്നതല്ല. ഇവിടെ ജനിച്ചുവളര്ന്നവരാണ്. ഇവിടെ ജനിച്ചുവളർന്നത് ഇവർ മാത്രമല്ല. ഇവരുടെ അച്ഛനമ്മമാരും ഇവിടെ ജനിച്ചുവളർന്നവരാണ്. അവർ മാത്രമല്ല, അവരുടെ അച്ഛനമ്മമാരും ഇവിടെ ജനിച്ചുവളര്ന്നവരാണ്. അതായത് തലമുറകളായി ഈ മണ്ണില് പണിയെടുത്ത് ജീവിക്കുന്നവരാണ്. 

ഇതാണ് ഏറ്റവും കാതലായ പ്രശ്നം. എത്ര കൂലി കുറവാണെങ്കിലും ഏത് തരത്തിൽ ചൂഷണം ചെയ്യപ്പെട്ടാലും കമ്പനിയിൽ ജോലി ചെയ്യുകയല്ലാതെ നിവൃത്തിയില്ല. ഒരുതരം അടിമജീവിതം. ജോലി വിട്ടാൽ കമ്പനി നല്കുന്ന തീര്ത്തും പരിമിതമായ താമസസൗകര്യം നഷ്ടപ്പെടും. തലമുറകളായി ഈ നാടിന്റെ സമ്പദ്്വ്യവസ്ഥയില് കണ്ണികളായിരുന്നവര് തെരുവിലേക്ക് വലിച്ചെറിയപ്പെടും. തീർത്തും നിരാശ്രയരായി, നിരാലംബരായി. അതൊഴിവാക്കാനുളള പോരാട്ടമാണ് ഇവരാരംഭിച്ചിരിക്കുന്നത്.

തിരികെ തമിഴ്നാട്ടിലേക്ക് പോയ്ക്കൂടെ എന്ന് ചോദിക്കുന്ന നന്നായി മലയാളം പറയുന്ന ചിലരെ ഞങ്ങള് ചിന്നക്കനാലിലും സൂര്യനെല്ലിയിലും കണ്ടു. അവരോട് മറുപടി പറയാനോ തര്ക്കിക്കാനോ നിന്നില്ല. മനുഷ്യന്റെ പക്ഷത്ത് നില്ക്കുകയാണല്ലോ ഏറ്റവും പ്രധാനം. 

ഈ സമരം നടക്കുന്ന ഭൂമിയുടെ പട്ടയം 2010 ല് റദ്ദാക്കപ്പെട്ടതാണ്. വ്യാജരേഖകള് ചമച്ച് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടതിനെ തുടര്ന്ന്. പക്ഷെ, സര്ക്കാരിനിയും ഈ ഭൂമി ഏറ്റെടുത്തിട്ടില്ല. ഇങ്ങനെ നിരവധി ഹെക്ടര് ഭൂമി കിടപ്പുണ്ട് ഈ മേഖലയിലാകെ. അതേറ്റെടുത്ത് ഭൂരഹിതര്ക്ക് വിതരണം ചെയ്യാന് നയപരമായ തീരുമാനങ്ങളുമുണ്ട്. നടപടിക്രമങ്ങളുണ്ട്. ഒന്നും നടക്കില്ലെന്ന് മാത്രം. സീറോ ലാൻഡലസ് പദ്ധതി നടപ്പിലാക്കാനുളള ആത്മാർഥത വെറും സീറോയാണെന്ന്.

അതെ. ഈ തൊഴിലാളികൾ ചൂണ്ടിക്കാട്ടിത്തരും എവിടെയൊക്കെ പുറമ്പോക്ക് ഭൂമിയുണ്ടെന്ന്. എവിടെയൊക്കെ കയ്യേറ്റഭൂമിയുണ്ടെന്ന്. എവിടെയൊക്കെ കളളപ്പട്ടയഭൂമിയുണ്ടെന്ന്. അത്തരം ഭൂമിയുടെ ചെറിയൊരു ശതമാനം മതിയാവും തോട്ടം തൊഴിലാളികളുടെ ഭൂമിപ്രശ്നം പരിഹരിക്കാന്. ഇവരുടെ ഭൂമിപ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങളാരംഭിച്ചാല് ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങളൊഴിപ്പിച്ചെടുക്കുന്നതിലേക്കുളള ശ്രമം കൂടിയായി അത് മാറും. റിസോര്ട്ട് പണിയാനും ആഡംബരവസതികളൊരുക്കാനുമൊക്കെ കൃത്യമായി ഭൂമിയും അനുമതികളും ലഭിക്കുന്ന നാടാണിത്. ഏക്കറുകളൊന്നുമല്ല ഈ മനുഷ്യര് ചോദിക്കുന്നത്. വെറും മൂന്നേ മൂന്ന് സെന്റ് ഭൂമിയാണ്.

തലമുറകളായി ഈ മണ്ണിൽ വിയപ്‍പ്പൊഴുക്കി പണിയെടുത്തവർക്ക് കാലുറപ്പിച്ച് നിൽക്കാൻ ഒരു തുണ്ട് ഭൂമി നല്കാനാവുന്നില്ലെങ്കിൽ പിന്നെ സാമൂഹ്യനീതിയോടെ കെട്ടിപ്പടുക്കപ്പെടുന്ന കേരളമെന്ന അവകാശവാദങ്ങള്ക്ക് ഒരു പ്രസക്തിയുമുണ്ടാവില്ല. കേരളത്തെയും കേരളത്തിലെ സര്ക്കാരിനെയുമാണ് ഞങ്ങള് പ്രതിനിധീകരിക്കുന്നത് എന്ന ധാരണയിലാണ് ചിലരെങ്കിലും സംസാരിച്ചത്. അങ്ങനെയല്ലെന്നും സര്ക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധയില് കഴിയുന്ന രീതിയില് വിഷയമെത്തിക്കാമെന്നും ഞങ്ങളുറപ്പ് നല്കി.

ആളുകളുടെ ആവലാതികൾ കേട്ടങ്ങനെ നില്ക്കവെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആ വഴി വന്നു. സമരഭൂമിയിലെത്തി അല്പസമയം ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് വിചാരിച്ചാല് തീര്ക്കാവുന്ന പ്രശ്നങ്ങളല്ലെന്നറിയാമെങ്കിലും ഒരു മുതിര്ന്ന ജനപ്രതിനിധിയെന്ന നിലയില് എന്ത് ഉറപ്പാണ് ഈ മനുഷ്യര്ക്ക് നല്കാനാവുക എന്ന് ചോദിച്ചു. 

ഉറപ്പൊന്നുമില്ല. പഠിക്കും, നിയമവശങ്ങള് നോക്കും അത്രമാത്രം. പ്രസിഡന്റിന്റെ കുറ്റമല്ലെന്നറിയാം. എങ്കിലും പഠിക്കും പരിശോധിക്കുമെന്ന മറുപടി ഈ മനുഷ്യരോടുളള അറിയാതെയെങ്കിലുമുളള പരിഹാസമായിപ്പോകും. അതിപ്പോ, മന്ത്രിയോ മുഖ്യമന്ത്രിയോ നടത്തിയാലും അങ്ങനെയേ പറയാനാവൂ. പഠിക്കുമെന്നല്ല, പരിഹരിക്കും, പരിഹരിച്ചിരിക്കും എന്ന ഉറച്ച മറുപടി ഈ സമൂഹം അര്ഹിക്കുന്നുണ്ട്.

അങ്ങനെ ഒഴിപ്പിച്ചൊഴിവാക്കുകയാണ് ഭരണകൂടത്തിന് മുമ്പിലുളള എളുപ്പവഴി. ഇവരുടെ ആവശ്യങ്ങള് അവഗണിക്കുന്നതിനൊപ്പം കയ്യേറ്റങ്ങളെക്കുറിച്ചുളള ചോദ്യങ്ങളില് നിന്ന് രക്ഷപ്പെടുകയും ചെയ്യാം. പക്ഷെ, ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന ശബ്ദങ്ങള് ഉയരുന്നുണ്ട്. പ്രത്യേകിച്ചും തമിഴ് തൊഴിലാളികളോടുളള സമീപനത്തെക്കുറിച്ച്. അടിച്ചമര്ത്താനല്ല, കടുത്ത നിരാശയില് നിന്നുയരുന്ന ഇത്തരം ശബ്ദങ്ങളെ അഡ്രസ് ചെയ്യലാണ് ജനാധിപത്യത്തിലെ ശരിവഴി.

MORE IN CHOONDU VIRAL
SHOW MORE