മഹാപ്രളയം മുക്കിയ നിരാലംബരോട് എന്തിനീ ക്രൂരത?

choonduviral-03-02-19
SHARE

മഹാപ്രളയം കേരളത്തെ തകര്ത്തെറിഞ്ഞിട്ട് ആറ് മാസം പൂര്ത്തിയാവുകയാണ്. സമീപകാലകേരളം കണ്ടിട്ടില്ലാത്തത്ര വലിയ നാശമാണ് പ്രളയം നാട്ടില് വിതച്ചത്. പലരും മരണപ്പെട്ടു. പലരും അനാഥരായി. ഒരുപാടൊരുപാട് പേര് നിരാശ്രയരാക്കപ്പെട്ടു. കര കയറാന് കാലം കുറെയെടുക്കുമെന്ന് ലോകം ഒരേ സ്വരത്തില് പറഞ്ഞു. നമുക്കത് ബോധ്യപ്പെടുകയും ചെയ്തു. ദുരിതങ്ങളുടെ ആഴങ്ങളിലേക്ക് വീണുപോയ മനുഷ്യരില് മഹാഭൂരിപക്ഷത്തിനും താനെ കരകയറുക അസാധ്യമാണെന്നും എല്ലാവര്ക്കുമറിയാം. പ്രധനാമായും കൈത്താങ്ങാവേണ്ടത് കേരളം ഭരിക്കുന്ന സര്ക്കാരിനാണെന്നും എല്ലാവര്ക്കുമറിയാം. മറ്റാരെക്കാളും നന്നായി അത് കേരളം ഭരിക്കുന്ന സര്ക്കാരിനും അതിന്റെ മുഖ്യമന്ത്രിക്കുമറിയാം. നാട്ടിലെവിടെ പ്രസംഗിച്ചാലും നവകേരളത്തെക്കുറിച്ചും കേരളത്തിന്റെ പുനര്നിര്മാണത്തെക്കുറിച്ചും പരാമര്ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് തന്റെ പ്രസംഗം അവസാനിപ്പിക്കാറില്ല. പഴയ കേരളമല്ല, വികസനപരിസ്ഥിതി കാഴ്ചപ്പാടുകളില് കാതലായ മാറ്റമുളള ഒരു പുതിയ കേരളമാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.

നയപരമായ മാറ്റങ്ങളവിടെ നില്ക്കട്ടെ. പ്രളയം നേരിട്ട് മുക്കിക്കളഞ്ഞ കുറെയേറെ മനുഷ്യജീവിതങ്ങളുണ്ട്. അവരില് ചിലരെ കാണാനാണ് ഞങ്ങളുടെ ശ്രമം. 

അധികം പേരെയൊന്നും കാണുന്നില്ല. എങ്കിലും ഒന്നുറപ്പിച്ചോളൂ. പ്രളയബാധിതരായ കേരളത്തിലെ പതിനായിരങ്ങളുടെ പ്രതിനിധികളാണവര്.

ഈ മനുഷ്യന്റെ പ്രളയാനുഭവത്തില് നിന്ന് തുടങ്ങുകയാണ്. ജോണ് ഏബ്രഹാം ദീര്ഘകാലം വിദേശത്തായിരുന്നു. അന്ന് തുടങ്ങിയതാണ് മത്സ്യക്കൃഷിയിലുളള കൗതുകം. നാട്ടിലെത്തി അത് പ്രാവര്ത്തികമാക്കി. അസലായി തന്നെ.

ഒരുപാടെതിര്പ്പുകളെ അവഗണിച്ചാണ് ജോണ് മത്സ്യക്കൃഷിയാരംഭിച്ചത്. അതും വിപുലമായി. ഒരു കോടിയിലധികം രൂപയുടെ മുതല് മുടക്കുണ്ട്. വിയോജിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ജോണിന്റെ കൃഷി പുരോഗമിച്ചത്. നല്ലൊരു ബിസിനസ് മാതൃകയായി ജോണിന്റെ അക്വാഫാം. അവിടേക്കാണ് പ്രളയം ഒഴുകിയെത്തിയത്. ആ ദിവസങ്ങള് ജോണിപ്പോഴും വ്യക്തമായി ഓര്ക്കുന്നുണ്ട്. 

മത്സ്യങ്ങളത്രയും ഒഴുകിപ്പോയി. മത്സ്യക്കുളങ്ങള് തകര്ന്നു. വിളവെടുപ്പിന് പാകമായിരുന്ന പതിനായിരക്കണക്കിന് മത്സ്യങ്ങളും നിരവധി ഉപകരണങ്ങളുമടക്കം ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വലിയ നിര ജോണിന്റെ അക്വാഫാമിലെത്തി. നഷ്ടം വിലയിരുത്തി, കണക്കാക്കി. റിപ്പോര്ട്ടുകള് തയാറാക്കപ്പെട്ടു. ജോണ് സ്വന്തം നിലയില് മന്ത്രിക്കും ഉദ്യോഗസ്ഥര്ക്കും നിവേദനങ്ങള് നല്കി. കിം ഫലം. ഇത് ജോണിന്റെ മാത്രം കഥയല്ല. വാചകമടിയും വാഗ്ദാനങ്ങളുടെ പെയ്ത്തുമല്ലാതെ ഒരു കാര്യവും നാട്ടില് നടന്നിട്ടില്ല എന്നതാണ് ദുഃഖകരമായ വസ്തുത. 

സര്ക്കാരിന്റെ സഹായം കിട്ടിയില്ലെങ്കിലും കീഴടങ്ങാനുളള മാനസികാവസ്ഥയിലല്ല ജോണ്. സ്വന്തം നിലയില് പലിശക്ക് വായ്പയെടുത്തും മറ്റും ജോണ് മത്സ്യക്കൃഷി പതുക്കെ പുനരാരംഭിക്കുകയാണ്. കേരളത്തിലെ മനുഷ്യരുടെ പോരാട്ടവീറിന്റെ പ്രതീകം കൂടിയാണ് ഈ എഴുപതുകാരന്. അതായത് കേരളം ഏതെങ്കിലും തരത്തില് ഭാഗികമായെങ്കിലും തിരിച്ചുവരവ് നടത്തുന്നുണ്ടെങ്കില് അതിന്റെ ക്രഡിറ്റ് ഈ മനുഷ്യരുടെ പോരാട്ടവീറിനാണെന്ന്. സര്ക്കാരിന്റെയോ, മന്ത്രിമാരുടെയോ പുനര്നിര്മാണ വാചകമടിക്കല്ലെന്ന്. 

എല്ലാവര്ക്കും ആ പോരാട്ടവീറ് കാണണമെന്നില്ല. പലര്ക്കും സാമൂഹികമായോ, സാമ്പത്തികമായോ അതിന് പാങ്ങില്ല എന്നതാണ് യാഥാര്ഥ്യം. അത്തരമൊരു കുടുംബത്തിന്റെ കഥയിലേക്കാണ് ഞങ്ങള് പിന്നീട് പോയത്. 

ചിറ്റാറിനടുത്ത് മണിയാര് ഡാമിന് സമീപമുളള ട്രീസയുടെയും ഭര്ത്താവ് രഘുവിന്റെയും വീട്ടിലേക്ക്. നിരാലംബരായ മനുഷ്യര്. ട്രീസ തിരുവനന്തപുരംകാരിയാണ്. വെട്ടുകാട്. കല്പ്പണിക്കെത്തിയ രഘുവിനെ പ്രേമിച്ച് വിവാഹം കഴിച്ച് ചിറ്റാറിലേക്ക് പോന്നതാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഇവിടെ ജീവിക്കുന്നു. മലമുകളിലാണ് വീട്. അങ്ങനെ പറയുന്നത് സാങ്കേതികമായി ശരിയല്ല. കാരണം ഇന്നിവിടെയൊരു വീടേയില്ല. മലവെളളം തകര്ത്തൊഴുക്കിക്കളഞ്ഞ ഒരു കുഞ്ഞുവീടിന്റെ അസ്ഥികൂടം മാത്രമാണ് ബാക്കിയുളളത്. ഒരു തരത്തില് മണ്ണിലുറപ്പിച്ച് നിര്ത്തിയിരുന്ന ജീവിതത്തിന്റെ അടിത്തറയിളക്കിയ മലവെളളപ്പാച്ചിലിനെക്കുറിച്ച് ട്രീസ ഓര്മിക്കുന്നു.

അഭയാര്ഥി ക്യാംപില് നിന്ന് മടങ്ങിയെത്തിയ നിരാശ്രയരായ ഈ മനുഷ്യര്ക്ക് മുന്നില് ഭാവി ഒരു ചോദ്യച്ചിഹ്നമായി. ഉത്തരം നല്കേണ്ടിയിരുന്ന ഭരണകൂടം, നവകേരളമെന്ന് നാഴികക്ക് നാനൂറ് തവണ ഉദ്ഘോഷിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന കേരളത്തിലെ ജനകീയ സര്ക്കാര് അതിന് തുനിഞ്ഞതേയില്ല. എന്ന് മാത്രമല്ല, അവരെ ക്രൂരമായി അവഗണിക്കുകയും കൂടുതല് അരികുകളിലേക്ക് ആട്ടിപ്പായിക്കുകയും ചെയ്തു. അതെ പ്രാഥമികസഹായമായി ലഭിക്കേണ്ട പതിനായിരം രൂപയുടെ സഹായത്തില് നിന്ന് പോലും ചോര്ച്ചയുണ്ടായി. 

മഹാപ്രളയം മുക്കിയ നിരാലംബരായ മനുഷ്യരോട്, തലയുയര്ത്തി നില്ക്കാന് ശ്രമിക്കുന്ന മനുഷ്യരോട് പട്ടയത്തിന്റെ സാങ്കേതികത എഴുന്നെള്ളിക്കുന്ന ഉദ്യോഗസ്ഥസംവിധാനത്തെ നിലക്ക് നിര്ത്താന് കഴിയാത്ത ഭരണാധികാരികള്ക്ക് നവകേരളമെന്ന് ഉച്ചരിക്കാനെങ്കിലും അവകാശമുണ്ടോയെന്ന് കേരളം ആലോചിച്ച് തീരുമാനിക്കണം. ശ്രദ്ധിച്ച് കേട്ടാലറിയാം. പ്രളയമെന്ന് പോലുമവര്ക്ക് പറയാന് കഴിയുന്നില്ല. പ്രളയമെന്ന് പറയുമ്പോള് പ്രണയമായിപ്പോകുന്നവരോടാണ് ഭരണകൂടത്തിന്റെ ഈ ക്രൂരമായ അവഗണന.

നെടുങ്കണ്ടത്ത് നിന്ന് സഹപ്രവര്ത്തകരായ റെയ്സണും മധുവുമാണ് ദൃശ്യങ്ങളും പ്രതികരണങ്ങളുമെത്തിച്ചത്. മാവടി ചീനിപ്പാറയില് രഘുവിന്റെ ഭാര്യ ബിന്ദുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മലവെളളപ്പാച്ചിലിലാണ് ഇവര്ക്കും വീട് നഷ്ടപ്പെട്ടത്. പ്രാഥമികസഹായമായ പതിനായിരം രൂപ ഇവര്ക്ക് ലഭിച്ചിരുന്നു. ലൈഫ് പദ്ധതിയിലുള്പെടുത്തി വീടിന് വേണ്ടി നടന്ന് നടന്ന് നടന്ന് നടന്ന് മടുത്തപ്പോഴാണ് ബിന്ദു മരണത്തിലേക്ക് നടക്കാന് ശ്രമിച്ചത്. 

പലതരം സാങ്കേതികതകളാണ് ഉദ്യോഗസ്ഥര് ഭവനനിര്മാണസഹായം നിഷേധിക്കുന്നതിന് കാരണമായി പറഞ്ഞിരുന്നത്. ഓര്ക്കണം ചരിത്രത്തിലില്ലാത്ത ദുരന്തമുഖത്ത് നിന്ന് കഷ്ടിച്ച് കരകയറിയവരുടെ ജീവിതത്തിന് വിലങ്ങിട്ടാണ് ഉദ്യോഗസ്ഥര് സാങ്കേതികതകളുടെ ഫയലഴിക്കുന്നത്. അവരുടെ മുകളിലിരുന്നാണ മുഖ്യമന്ത്രി നിത്യേനയെന്നോണം നവകേരളത്തിലേക്കുളള നടപടികള് അക്കമിട്ടുനിരത്തുന്നത്.

ദോഷം പറയരുതല്ലോ ബിന്ദുവിന്റെ ആത്മഹത്യാ ശ്രമത്തിന് ശേഷം നടപടിയുണ്ടായി. നാല് ലക്ഷം രൂപ അനുവദിച്ചു. ഇതു കണ്ടുകൊണ്ടിരിക്കുന്ന ആരും ഇതറിഞ്ഞ് മരണത്തിന്റെ വഴി തിരഞ്ഞെടുക്കാനൊന്നും മുതിരരുതെന്ന് വിനീതമായി അഭ്യര്ഥിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വര്ഷത്തിനിടെ ആയിരക്കണക്കിന് കര്ഷകര് കടക്കെണിയില്പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നിട്ടും കാര്ഷികപ്രശ്നങ്ങളൊന്നും കേന്ദ്രം ഭരിച്ചിരുന്ന യു പി എ സര്ക്കാരോ, ഇപ്പോഴത്തെ ബി ജെ പി സര്ക്കാരോ പരിഹരിക്കാന് ശ്രമിച്ചിട്ടില്ല. എന്ന് മാത്രമല്ല, കര്ഷകന്റെ വിയര്പ്പിനും ചോരക്കും ജീവനും പതിനേഴ് രൂപ ദിവസക്കൂലി നിശ്ചയിച്ച് അപമാനിക്കുകയും ചെയ്തു.

ആറന്മുള കണ്ണാടി നിര്മാണമേഖലക്ക് പ്രളയം കനത്ത നാശമാണേല്പിച്ചത്. ഉപകരണങ്ങളും അസംസ്കൃതവസ്തുക്കളും നിര്മാണയൂണിറ്റും നശിച്ചു. കേരളത്തിന്റെ പൈതൃകമെന്ന പേരില് ലോകമെങ്ങും വിനോദസഞ്ചാരവകുപ്പിന്റെ പരസ്യങ്ങളിലെ പ്രധാനപ്പെട്ട ഐറ്റമാണ് ആറന്മുള കണ്ണാടി. ആനയും കായലും പോലെ. എന്നിട്ടും എന്ത് പരിഗണനയാണ് കേരളത്തിന്റെ പുനര്നിര്മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സര്ക്കാരും ഉദ്യോഗസ്ഥരും ആറന്മുളയുടെ ലോഹക്കണ്ണാടിക്ക് നല്കിയത്. ആനമുട്ട. കൊടുംപലിശക്കെടുത്ത വായ്പകളിലാണ് ആറന്മുള കണ്ണാടി വീണ്ടും മിനുങ്ങിത്തുടങ്ങിയിരിക്കുന്നത്.

കാര്ഷികമേഖലയെന്ന് പറഞ്ഞാല് നൂറ് നാവാണ് നമ്മുടെ മുഖ്യമന്ത്രി മുതലുളള മന്ത്രിമാര്ക്ക്. കഴിഞ്ഞയാഴ്ച ഞങ്ങള് കുട്ടനാട്ടില് പോയിരുന്നു. നിലമൊരുക്കാന് സര്ക്കാര് സഹായിക്കുമെന്ന വാക്ക് വിശ്വസിച്ചിരുന്നെങ്കില് കുട്ടനാട് ഇക്കുറി നെല്കൃഷിയുണ്ടാകുമായിരുന്നില്ല. സ്വന്തം നിലയിലാണ് കര്ഷകര് നിലമൊരുങ്ങിയതും കൃഷി തുടങ്ങിയതും.

പത്തനംതിട്ട നിന്ന് മടങ്ങുംവഴിയാണ് തിരുവല്ല മേപ്രാല് ഞങ്ങളൊരു കര്ഷകനെ കണ്ടു. അല്പം വിപുലമായ തോതില് കൃഷിയുളളയാളാണ്. അറുന്നൂറിലധികം ഏത്തവാഴകള് നിശേഷം നഷ്ടപ്പെട്ടു. മൂന്നു കുളങ്ങളിലെ മത്സ്യക്കൃഷി നശിച്ചു. സര്ക്കാരില് നിന്ന് എന്ത് കിട്ടി.

അതാണ്. സര്ക്കാരിന്റെ സഹായം പോട്ടെ, വിള ഇന്ഷ്വര് ചെയ്ത കര്ഷകരുടെ അവകാശമാണ് ഇന്ഷ്വറന്സ് തുക. അതുപോലും നല്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ബ്യൂറോക്രസിയും നടത്തുന്ന പുതിയ കേരളപ്രസംഗങ്ങള് വ്യാജമാണെന്ന് തന്നെ പറയേണ്ടിവരികയാണ്. മഹാപ്രളയം കേരളത്തെ കഴുകിമടങ്ങിയിട്ട് ആറ് മാസം പൂര്ത്തിയായിരിക്കുന്നുവെന്നോര്ക്കുമ്പോള് പ്രത്യേകിച്ചും.

MORE IN CHOONDU VIRAL
SHOW MORE