വിഷത്തിൽ മുങ്ങിത്താഴുന്ന മൂവാറ്റുപുഴയാർ

choonduviralnew
SHARE

ഈ ലക്കം ഒരു പുഴയുടെ കഥയാണ്. നിറഞ്ഞജീവനോടെ ഒഴുകിപ്പരക്കുന്ന പുഴയുടെ കഥ. മൂവാറ്റുപുഴയാര്. അങ്ങനെ പറഞ്ഞാൽ പൂര്ണമായും ശരിയാവില്ല. കാരണം പണ്ട് പെരിയാറിന്റെ തുടക്കം മുതല് ഒടുക്കം വരെ യാത്ര ചെയ്തത് പോലെയല്ല. കാരണം മൂവാറ്റുപുഴയാര് ഏറെക്കുറെ ശുദ്ധമായാണ് അതിന്റെ യാത്രയുടെ മിക്കവാറും ദൂരം ഒഴുകുന്നത്. വെളളൂരെത്തുന്നത് വരെ. ഈ സുന്ദരിപ്പുഴയില് വിഷം കലക്കുന്നതിലേക്ക് വരുന്നതിന് മുമ്പ് കുറച്ചോര്മകളിലേക്ക് പോയിവരാം. മിക്കവാറും എല്ലാ പുഴകളുടെയും കാര്യം പോലെ തന്നെയാണ് മൂവാറ്റുപുഴയാറിന്റെയും ഭൂതകാലം. ശോഭനം. ഇരുകരകളിലുമുളള മനുഷ്യരുടെ ജീവിതങ്ങളെയും സംസ്കാരത്തെയും ഉപജീവനത്തെയും സ്വാധീനിച്ച് അതങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. സ്ഥലത്തെ ചിലപ്രാദേശികജനപ്രതിനിധികളെയാണ് ഞങ്ങളാദ്യം കണ്ടത്. അവര് നീന്തിക്കുളിച്ച് കളിച്ചുനടന്ന പുഴയാണ്. 

അതെ. ഒരു കാലത്ത് ഈ നാട്ടിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു ഈ പുഴ. 1970 കളിലും എണ്പതുകളിലുമായാണ് വെളളൂര് മേഖല വ്യവസായവത്കരണത്തിലേക്ക് കടക്കുന്നത്. നാടിന് അതൊരു പുതിയ ഊര്ജമായിരുന്നു. പല സ്ഥാപനങ്ങളും പുഴയോട് ചേര്ന്ന് പ്രവര്ത്തനമാരംഭിച്ചു. കൂട്ടത്തിലേറ്റവും വലുതും പ്രധാനപ്പെട്ടതുമായിരുന്നു എച്ച് എന് എല് എന്ന ഹിന്ദുസ്ഥാന് ന്യൂസ്പ്രിന്റ് ലിമിറ്റഡ്. പ്രതീക്ഷിച്ചത് പോലെ തന്നെ മികവാര്ന്ന പ്രവര്ത്തനമായിരുന്നു എച്ച് എന് എല്ലിന്റേത്. മാതൃകാപരവും ചിട്ടയായതുമായ പ്രവര്ത്തനങ്ങളിലൂടെ എച്ച് എന് എല് രാജ്യത്തിനകത്ത് മാത്രമല്ല, പുറത്തും ശ്രദ്ധനേടി. നിരവധി പുരസ്കാരങ്ങള് നേടി. വെളളൂരിന്റെയും സമീപപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റുന്നതില് നിര്ണായകമായ പങ്കും വഹിച്ചു. 

മലിനീകരണനിയന്ത്രണത്തില് എടുത്തുപറയേണ്ട പ്രവര്ത്തനമായിരുന്നു എച്ച് എന് എല്ലിന്റേത്. കടലാസുത്പാദനത്തിന് ശേഷം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കിക്കളയുന്ന രാസമാലിന്യങ്ങള് കലര്ന്ന വെളളം പരമാവധി അപകടരഹിതമാക്കാന് കമ്പനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നീണ്ടകാലത്തോളം നാട്ടുകാര്ക്കോ, പരിസ്ഥിതിപ്രവര്ത്തകര്ക്കോ പരാതികളുമില്ലായിരുന്നു.

കമ്പനിയുടെ തലപ്പത്ത് പുതിയ ആളുകള് വരികയും ലാഭത്തിന്റെ തോത് കുറഞ്ഞുവരികയും ചെയ്തതോടെ കഥ മാറി. അവശിഷ്ടങ്ങളുടെ ശുചീകരണമൊക്കെ പതിയെ പതിയെ ചടങ്ങായി മാറി. 

രണ്ട് തരത്തിലുളള മാരകമായ മലിനീകരണമാണ് ഈ നാട്ടില് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. ഒന്ന് നേരിട്ട് കൂറ്റന് പൈപ്പിലൂടെ പുഴയിലേക്ക് യാതൊരു ശുദ്ധീകരണവുമില്ലാതെ രാസമാലിന്യം തളളുന്ന തീരി. രണ്ടാമത്തേത് ചെറിയ തോടുകള് വഴി കട്ടിക്കുഴമ്പ് രൂപത്തിലുളള മാലിന്യമൊഴുക്കുന്ന രീതി. ആദ്യം നമുക്ക് പുഴയിലേക്കുളള മാലിന്യക്കുഴല് നോക്കാം.

മാലിന്യമൊഴുക്കുന്ന നേരത്ത് വന്ന് നോക്കിയാല് സംഗതി കൃത്യമാണ്. മൂവാറ്റുപുഴയാറ് ബ്ലാക്ക് ആന്ഡ് വൈറ്റ് പുഴയാകും. രണ്ട് നിറങ്ങളില് പുഴയൊഴുകും. നല്ല മഴയുളള രാത്രികളിലാണ് മിക്കവാറും വലിയ രീതിയിലുളള മാലിന്യമൊഴുക്കല്. കിലോമീറ്ററുകളോളം വെളളം കറുത്ത കുഴമ്പ് രൂപത്തിലാകും. 

ചെറുതും വലുതുമായ 12 കുടിവെളളപദ്ധതികളുണ്ട് ഈ മേഖലയില്. പതിനായിരങ്ങള്ക്ക് വെളളമെത്തിക്കുന്ന പദ്ധതികള്. വലിയ കുടിവെളളപദ്ധതികള്ക്ക് വെളവമെടുക്കുന്നത് വ്യാവസായികമാലിന്യമൊഴുക്കുന്ന പൈപ്പിന് മുകളിലെന്നാണ് കമ്പനി ആവര്ത്തിക്കാറുളള ന്യായം. ബാലിശമാണത്. വേമ്പനാട്ട് കായലിലേക്കാണ് മൂവാറ്റുപുഴയാറില് നിന്ന് വെളളമൊഴുകിയെത്തുക. വേമ്പനാട് കായല് ഇവിടെ നിന്നും അകലെയല്ല. വേലിയേറ്റത്തില് പുഴ പിന്നിലേക്ക് തളളും. രാസമാലിന്യങ്ങള് കലര്ന്ന വെളളം കുടിവെളളപദ്ധതികളെ ബാധിക്കാനുളള സാധ്യത തളളിക്കളയാനാവില്ല.

ഒരുച്ചനേരത്താണ് ബോട്ടില് ഞങ്ങള് പുഴയിലൂടെ യാത്ര ചെയ്തത്. രാവിലെ ഡ്രോണുപയോഗിച്ച് ദൃശ്യങ്ങള് പകര്ത്തുകയും ചെയ്തു.

നമുക്കൊരാളെ വിശദമായി പരിചയപ്പെടാനുണ്ട്. അതിന് മുമ്പ് ചെറുതോടുകളിലൂടെ കമ്പനി ഒഴുക്കിക്കൊണ്ടിരിക്കുന്ന മലിനീകരണം ഈ നാടിന് മേല് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആഘാതം നോക്കാം. 

ചതുപ്പായി മാറിയ ഏക്കറുകണക്കിന് നെല്പാടങ്ങള് കാണാം, കമ്പനിക്ക് ചുറ്റും. ഉല്പാദനത്തിന് ശേഷം കമ്പനി പുറന്തളളുന്ന രാസമാലിന്യങ്ങള് മണ്ണിനും വെളളത്തിനുമൊപ്പം ചേര്ന്ന് കുഴഞ്ഞടിഞ്ഞുണ്ടായ ചതുപ്പുകളാണ് ചുറ്റും. ഒരുപാട് കുടിവെളളപദ്ധതികളുടെ സ്രോതസായ മൂവാറ്റുപുഴയാറിന് ഒരു വ്യവസായശാല നല്കുന്ന സംഭാവനയാണിത്. ഞങ്ങളൊരു ചെറിയ പരീക്ഷണം നടത്തി. എത്രയാഴത്തില് ഇതിവിടെ ഇങ്ങനെ അടിഞ്ഞുകൂടിയിട്ടുണ്ടെന്നറിയാനൊരു ശ്രമം.

ചതുപ്പിന്റെ അടിത്തറയില് മുട്ടിയില്ല ആ കമ്പും. അബദ്ധത്തിലെങ്ങും ഞങ്ങളാ കുഴിയില് വീണുപോകേണ്ടെന്ന് കരുതിയാണ് കൂടുതല് വലിയ കമ്പ് കുത്തിനോക്കാതിരുന്നത്.

അവിടെ നിന്നും ഞങ്ങള് പോയത് കുറച്ച് നാട്ടുകാരെ കാണാനാണ്. ശുദ്ധമായ മൂവാറ്റുപുഴയാറിന്റെ നേരവകാശികള്ക്ക് എന്താണ് പറയാനുളളതെന്നറിയാന്.

ത്വക് രേഗങ്ങളില്ലാത്തവര് ഈ തീരത്ത് കുറവ്. വേലിയേറ്റത്തിനും ഇറക്കത്തിനുമനുസരിച്ച് കിണുകളിലേക്കും ഉള്നാടന് തോടുകളിലേക്കും വരെ രാസമാലിന്യം കലര്ന്ന വെളളം കയറിയിറങ്ങുന്നതോടെ ശുദ്ധജലസ്രോതസുകളാകെ ഭീഷണി നേരിടുന്ന സാഹചര്യമാണുളളത്. 

കമ്പനിയോടുളള രോഷം പതിയെ ഒരാള്ക്കൂട്ടമായി മാറുന്നതിനിടെ ഞങ്ങള് പിന്മാറി.പിന്നെ പോയത് ചെറുകരക്കടുത്ത്. മത്സ്യബന്ധനഗ്രാമങ്ങളാണ്. ഉപജീവനത്തിന് മത്സ്യബന്ധനമല്ലാതെ മറ്റ് വഴികളില്ലാത്ത മനുഷ്യര് പാര്ക്കുന്ന ഗ്രാമങ്ങള്. രാത്രകാലങ്ങളിലാണ് മിക്കവാറും മത്സ്യബന്ധനം. എങ്കിലും ഞങ്ങള് വിളിച്ചപ്പോളവര് വന്നു. ചെറുകരപ്പാലത്തിനടുത്തൊരു ചെറുകടവില് ഞങ്ങളിരുന്നു. 

ഈ പുഴ കൊണ്ട് ജീവിച്ചിരുന്ന മനുഷ്യരാണ്. ഇവരുടെ കാരണവന്മാരും. കമ്പനിയുടെ മാലിന്യപ്പൈപ്പുകള് ചെറിയ ദ്രോഹമല്ല ഇവരോട് ചെയ്തുകൊണ്ടിരിക്കുന്നത്. 

ഇവര്ക്ക് നല്ല വിളവ് കിട്ടുന്നതിനൊരു സാഹചര്യം വേണം. ഏറ്റത്തിനാണ് മീന് കയറുക. കായലില് നിന്ന് കയറിവരണം. വ്യാപകമായ രീതിയില് ഒരു പ്രത്യേക പോയിന്റ് മുതല് പുഴ മലിനീകരിക്കപ്പെട്ടതോടെ അതിനിപ്പുറം മത്സ്യം വരാതായി. മലിനജലം താഴേക്കൊഴുകുന്നത് കായല്മുഖത്തെ മത്സ്യലഭ്യതയെയും കാര്യമായി ബാധിച്ചിരിക്കുന്നു.

വാളയും, കാളാഞ്ചിയും , കരിമീനും, നാരന് ചെമ്മീനും വരെ യഥേഷ്ടം ലഭിച്ചിരുന്ന പുഴയാണ്. ഒരു വാളയെ ഒക്കെ കണ്ടുകിട്ടിയ കാലം മറന്നെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.

പ്രശ്നം മത്സ്യത്തൊഴിലാളികളുടേത് മാത്രമല്ലല്ലോ. മത്സ്യങ്ങളുടേത് കൂടിയല്ലേ. ജൈവചക്രത്തിന്റേതാകെയല്ലേ. അങ്ങനെ വരുമ്പോള് ജൈവസമ്പത്തിനും പാരിസ്ഥിതിക സന്തുലനത്തിനും സംഭവിച്ചുകഴിഞ്ഞ, സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ടത്തിന്റെ കണക്കുകളെ തൊഴിലാളികളുടെ എണ്ണക്കണക്കുകൊണ്ട് എങ്ങനെ ന്യായീകരിക്കാന് കഴിയും.

വീണ്ടും നമുക്ക് പുഴയിലേക്കിറങ്ങാം. പ്രതീക്ഷ നല്കുന്ന ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാം. നിസാം. ചൂണ്ടയിടീലും, കയാക്കിങ്ങുമൊക്കെ ഇഷ്ടപ്പെടുന്ന  സാഹസികനായ ചെറുപ്പക്കാരന്. സര്വോപരി പുഴയെ സ്നേഹിക്കുന്ന പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തെ എതിര്ക്കുന്ന തലയോലപ്പറമ്പുകാരന്. 

നിസാം മൂവാറ്റുപുഴയാറില് ചുറ്റിയടിക്കാന് തുടങ്ങിയിട്ട് കുറെയേറെക്കാലമായി. ബാക്ക്്വാട്ടേഴ്സ് കയാക്കേഴ്സ് എന്നൊരു സംഘം തന്നെ നിസാമിന്റെ നേതൃത്വത്തിലുണ്ട്. പുഴക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള് കണ്ടറിഞ്ഞപ്പോഴാണ് കയാക്കിങ്ങിനും മറ്റ് ജലവിനോദങ്ങള്ക്കുമൊപ്പം പുഴസംരക്ഷണപ്രവര്ത്തനങ്ങള് കൂടിയാകാമെന്ന് തീരുമാനിച്ചത്.

പറയുന്ന കാര്യത്തില് നിസാമിന് നല്ല ക്ലാരിറ്റിയുണ്ട്. എച്ച് എന് എല്ലോ, ഏതെങ്കിലും വ്യവസായശാലയോ പൂട്ടണമെന്നോ, വേണ്ടെന്നോ അഭിപ്രായമില്ല. അതൊക്കെ വേണം. പക്ഷെ, അത്തരം സ്ഥാപനങ്ങളുണ്ടാക്കുന്ന മലിനീകരണം ഇവിടുത്തെ പ്രകൃതിവിഭവങ്ങള്ക്ക് മേല് കടന്നുകയറുന്ന സാഹചര്യമുണ്ടാകരുത്.

വാസ്തവത്തില് പ്രളയാനന്തരം മറ്റെല്ലാ പുഴകളെയും പോലെ മൂവാറ്റുപുഴയാറും ഒട്ടൊക്കെ വൃത്തിയായതാണ്. അത് വീണ്ടും പഴയ വഴിക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മളാദ്യം കണ്ട പ്രാദേശികജനപ്രതിനിധികളൊക്കെ വിഷയത്തെക്കുറിച്ച് ബോധവാന്മാരാണ്. പക്ഷെ, രാഷ്ട്രീയപ്പാര്ട്ടികളുടെ മുതിര് നേതൃത്വത്തിന് ആ ബോധ്യമില്ല. പരിസ്ഥിതിവിദ്യാഭ്യാസത്തിന്റെ കുറവാണ് മറ്റെന്തെങ്കിലും കിലുക്കങ്ങളാണോ കാരണമെന്ന് ജനങ്ങള് തന്നെ കണ്ടെത്തട്ടെ.

MORE IN CHOONDU VIRAL
SHOW MORE