പാത വികസിക്കുമ്പോൾ ജീവിതം ചുരുങ്ങുന്നവർ

choonduviral
SHARE

ഇത് തൃശൂര് ജില്ലയിലെ ആനവിഴുങ്ങിക്കടുത്തുളള അന്നമ്മച്ചിയുടെ വീട്. അന്നമ്മയുടെ ഭര്ത്താവ് മരണപ്പെട്ടു. ദശകങ്ങള്ക്ക് മുമ്പ് സ്ഥലം വാങ്ങി അദ്ദേഹം വെച്ച വീടാണ്. മകനൊരുത്തന് കാഴ്ചശക്തിയില്ല. മകള്ക്കും കൊച്ചുമകള്ക്കും സംസാരശേഷിയുമില്ല, കേള്വിശക്തിയുമില്ല. അന്നമ്മച്ചിയും രോഗാതുരയാണ്. ദുരിതജീവിതത്തില് നിന്ന് എങ്ങനെ കരകയറുമെന്നറിയാതെ ജീവിതം തളളിനീക്കുകയായിരുന്നു അവര്. അങ്ങനെയിരിക്കെയാണ് അത് സംഭവിച്ചത്. ഈ പാവങ്ങളുടെ നെഞ്ചത്ത് കൂടിയാണ് ദേശീയപാത ബൈപ്പാസെന്ന് അറിയുന്നത്. വോട്ട് ചെയ്ത് ജയിപ്പിച്ച ജനപ്രതിനിധികള് സംരക്ഷണമൊരുക്കുമെന്ന് പ്രതീക്ഷിച്ചു. അധ്വാനിച്ചും, കഷ്ടപ്പെട്ടും ജീവിച്ചിരുന്ന അന്നമ്മച്ചിയുടെ പുരയിടത്തില് ബലംപ്രയോഗിച്ച് കടന്ന ഉദ്യോഗസ്ഥര് അളവെടുത്ത് സര്വേക്കല്ലിട്ടു. എന്ത് വികസനമെന്ന് ആണയിട്ടാലും ഒരു നോട്ടീസ് പോലും നല്കാതെ നടത്തിയ ഈ അതിക്രമം മനുഷ്യന്റെ അന്തസുളള ജീവിതത്തിന് നേരെയുളള കടന്നാക്രമണല്ലാതെ മറ്റൊന്നുമല്ല. 

ചെറുമകള്ക്ക് വിവാഹമുറച്ചിരിക്കുകയായിരുന്നു. ഈ സ്ഥലവും വീടുമാണാകെയുളളത്. അതും പ്രതിസന്ധിയിലായിരിക്കുന്നു. പകരം എന്ത് കിട്ടുമെന്നോ, എത്ര കിട്ടുമെന്നോ പേരിനൊന്ന് സംസാരിക്കാന് പോലും അധികാരികള് ഇനിയും തയാറായിട്ടില്ല. ഈ നാട്ടിലാണ് എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഒരു മുഖ്യമന്ത്രിയുളളത്. ഈ നാട്ടിലാണ് ഭരണപക്ഷത്തെ നിലക്ക് നിര്ത്തുമെന്ന് ആവര്ത്തിച്ചവകാശപ്പെടുന്ന ഒരു പ്രതിപക്ഷം പാവങ്ങളുടെ നെഞ്ച് തകര്ക്കുന്ന വികസനത്തിന് കോറസ് പാടി പിന്തുണയറിയിക്കുന്നത്. ഈ നാട്ടിലാണ് കേന്ദ്രം ഭരിക്കുന്ന പാര്ട്ടി ആര്ത്തവമുളള സ്ത്രീകള് ശബരിമലയില് കയറ്റാതിരിക്കുന്നത് പാര്ട്ടി വളര്ത്താനുളള സുവര്ണാവസരമായി കണ്ട് നൃത്തം ചവിട്ടുന്നത്. 

അന്നമ്മച്ചിയുടെ വീട് ഒരുദാഹരണമെന്ന നിലയില് പറഞ്ഞതാണ്. തൊട്ടപ്പുറത്താണ് പ്രേമലതയുടെ വീട്. ഭര്ത്താവ് മരിച്ചിട്ട് രണ്ട് വര്ഷം. മകനൊരുത്തന് മാത്രമേയുളളു തുണക്ക്. ഓട്ടോറിക്ഷ ഓടിക്കുന്നു. ഞങ്ങളെത്തിയതറിഞ്ഞ് ഓടിയെത്തി. സ്വന്തമല്ല ഓട്ടോ. പണിതീരാത്തൊരു വീടാണ് പ്രേമലതക്കും മകനും ആകെയുളള സ്വത്ത്. അത് കൂടി നഷ്ടപ്പെടുത്തി ഏത് വികസനത്തിലേക്കുളള പാതയാണ് നമ്മള് പണിഞ്ഞൊരുക്കുന്നതെന്ന് മനസിലാകുന്നതേയില്ല. 

ഭൂരഹിതര്ക്കെല്ലാം ഭൂമി. കഴിഞ്ഞ കുറെയേറെക്കാലമായി എല്ലാ രാഷ്ട്രീയപ്പാര്ട്ടികളുടെയും പ്രകടനപ്പത്രികകളിലെ പ്രധാനപ്പെട്ടൊരു വാഗ്ദാനമാണ്. ഭൂമിയില്ലാത്ത പിന്നോക്കക്കാര്ക്ക് മുമ്പ് നല്കിയ ഭൂമി കൊളളയടിക്കപ്പെടുന്നുമുണ്ട് ദേശീയപാത ഇങ്ങനെ വികസിച്ച് വികസിച്ച് വരുമ്പോള്. 

ഭൂമിയില്ലാത്ത ദളിതര്ക്ക് ജനകീയ സര്ക്കാര് നല്കിയ ഭൂമി. ആ മണ്ണിലൂടെ തന്നെ ദേശീയപാതക്ക് ബൈപ്പാസ് വേണമെന്ന് വാശിപിടിക്കുന്നതും അതേ ജനകീയ

സര്ക്കാര് തന്നെ. ബീനക്കും മറ്റെങ്ങോട്ടും പോകാനില്ല. എന്ത് നഷ്ടപരിഹാരം നല്കിയാലും ഇതിന് പരിഹാരമാവില്ല. 

ഇവിടെ കോളനികളാണെന്നറിയാം. ഇവിടെ താമസിക്കുന്നവരില് മഹാഭൂരിപക്ഷവും പട്ടികജാതിക്കാരാണെന്നറിയാം. എന്നിട്ടുമെന്താണ് ഹൈവേ അതോറിറ്റിക്കും അവരുടെ ഉദ്യോഗസ്ഥര്ക്കും അവരെ സഹായിക്കുന്ന നമ്മുടെ ഉദ്യോഗസ്ഥര്ക്കും ഈ വഴി തന്നെ ബൈപ്പാസിന്റെ റോളറുരുട്ടണമെന്ന് നിര്ബന്ധം. 

ഈ രാജ്യത്തെ പ്രജകളെ, ഈ രാജ്യത്തിനവകാശികളായ മനുഷ്യരെ, അതും ദുര്ബലരായവരെ ഇങ്ങനെ നിരാലംബതയിലേക്കും നിസഹായതയിലേക്കും തളളിവിട്ടുകൊണ്ടാണോ നമ്മുടെ റോഡുകള് വികസിപ്പിക്കേണ്ടത്. വികസനം വേണ്ടേ, വഴി വേണ്ടേ എന്നുളള ചോദ്യങ്ങള്ക്കൊന്നും ഇവിടെ പ്രസക്തിയില്ലാതെ വരും. കാരണം വന്കിട ഫ്ലാറ്റുകള്, വലിയ ബിസിനിസ് സമുച്ചയങ്ങള്, സമ്പന്നരുടെ വീടുകളും പുരയിടങ്ങളും... ആ വഴിയൊന്നും ദേശീയപാത വികസിക്കുന്ന പതിവില്ല. എന്ന് തന്നെയല്ല, അവിടങ്ങളിലൊക്കെ വളയാനും പുളയാനും ദേശീയപാതക്കോ, ദേശീയപാത അതോറിറ്റിക്കോ യാതൊരു മടിയുമില്ല.

തൃശൂര് ജില്ലയില് മാത്രം ആറ് ബൈപ്പാസുകളാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുതായി വരുന്നത്. അതില് ചിലയിടങ്ങളില് മാത്രമാണ് ഞങ്ങള് പോയത്. തൃശൂരില് മാത്രമല്ല, മിക്കവാറും എല്ലായിടത്തും ബൈപ്പാസുകള് വരുന്നത് നഗരകേന്ദ്രങ്ങളെ സംരക്ഷിച്ച് സുരക്ഷിതമാക്കി നിര്ത്താനാണ്. അങ്ങനെ സംരക്ഷിച്ച് നിര്ത്തിയിട്ട് വരുന്ന ബൈപ്പാസുകള് പിന്നെ പോവുക ജൈവസമ്പുഷ്ടമായ ആവാസകേന്ദ്രങ്ങളിലൂടെയോ പിന്നോക്കക്കാരുടെ താമസസ്ഥലങ്ങളിലൂടെയോ ആയിരിക്കുകയും ചെയ്യും. അവിടെയാണ് സര് സംശയം. നഗരങ്ങള് മാത്രമുളള വികസിതരാജ്യമാണോ നിങ്ങള് സ്വപ്നം കാണുന്നത്. ഈ ഗ്രാമങ്ങളിലെ മനുഷ്യരെ കൂട്ടപ്പലായനത്തിന് നിര്ബന്ധിതരാക്കി നടക്കുന്ന വികസനമുദ്രാവാക്യങ്ങളില് നിന്ന് അത് തന്നെയാണല്ലോ മനസിലാക്കേണ്ടത്. 

ഞങ്ങളെങ്ങോട്ട് പോകും, എങ്ങോട്ട് പോകുമെന്ന ഇവരുടെ ചോദ്യം കേള്ക്കാനും ഉത്തരം കൊടുക്കാനുമുളള ബാധ്യത ജനാധിപത്യത്തിനില്ലെന്നുണ്ടോ? 

ഇല്ലെന്നാണ് ഉത്തരമെങ്കില് അത് ജനാധിപത്യമല്ലെന്നും പറയേണ്ടി വരും. കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം അഭിനന്ദിച്ച് തീര്ക്കേണ്ട, വേദിയിലിരുന്ന് സന്തോഷിച്ച് ചിരിക്കേണ്ട വിഷയമല്ലിത്. ഇത് ആനവിഴുങ്ങിയിലെയോ, അഞ്ചാം കല്ലിലെയോ, നാട്ടികയിലെയോ മാത്രം വിഷയമല്ല. കേരളം പോലെ ജനസാന്ദ്രതയുളള ഒരു സംസ്ഥാനത്ത് ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് ഇപ്പോള് നിലനില്ക്കുന്ന സാഹചര്യമാണ്.

നിലവിലെ ദേശീയപാത വികസിപ്പിക്കാന് ചിലവാകുന്നതിനെക്കാള് പലമടങ്ങ് കോടികള് മുടക്കി പാവപ്പെട്ടവരുടെയും അടിസ്ഥാനജനവിഭാഗത്തിന്റെയും വീടുകളും ജീവിതവും നഷ്ടപ്പെടുത്തി, നിലവിലെ പാതയെക്കാള് നീളക്കൂടുതലുളള ബൈപ്പാസുകള് വരുന്നത് ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് മനസിലാക്കാന് ബുദ്ധിമുട്ടേതുമില്ല. അതിന് ദേശീയപാത അതോറിറ്റി ജീവനക്കാരുടെയത്ര ബുദ്ധിയൊന്നും വേണ്ട. 

ജനാധിപത്യത്തിന്റെ മഹോത്സവങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ കാര്യമാണ് തമാശ. ആനവിഴുങ്ങിയുടെ കാര്യം മാത്രമെടുക്കുക. അല്ലെങ്കില് തൃശൂര് ജില്ലയുടെ കാര്യം മാത്രമെടുക്കുക. വാര്ഡ് മെമ്പര്മാര് മുതല് പാര്ലമെന്റംഗംവരെ ജനങ്ങളെ വഞ്ചിച്ച അനുഭവമാണ് ജനങ്ങള്ക്കുളളത്. ഒപ്പം നില്ക്കാമെന്ന് വാഗ്ദാനം നല്കി നൈസായി കളംമാറ്റിച്ചവിട്ടുകയായിരുന്നു പലരും.

ഒരു നോട്ടീസ് പോലും നല്കാതെ ദളിത് കോളനിയില് അതിക്രമിച്ച് കയറി സ്ഥലമളന്ന് ദേശീയപാതവികസനത്തിന് സര്വേക്കല്ല് നാട്ടുന്ന രീതി ഒരു പക്ഷെ ലോകത്ത് ഒരേയൊരു ജനാധിപത്യരാജ്യത്തേയുണ്ടാവുകയുളളു. നമ്മുടെ സ്വന്തം ഇന്ത്യാമഹാരാജ്യത്ത്. 

സര്വെ മറ്റൊരു പ്രഹസനമാണ്. ദേശീയപാത വികസനത്തിനായി ആദ്യം തയാറാക്കിയ അലൈന്മെന്റ് എന്തിന് മാറ്റി, എത്ര തുക നഷ്ടപരിഹാരം നല്കും, പകരം സ്ഥലമോ വീടോ നല്കുമോ തുടങ്ങിയ ചോദ്യങ്ങള്ക്കുളള ഉത്തരം തേടിയാണ് നിസ്വരായ ഈ മനുഷ്യര് സമരം ചെയ്തത്. അവരെയാണ് പൊലീസ് 

ക്രൂരമായി കൈകാര്യം ചെയ്തത്. പലര്ക്കും സാമരമായി പരുക്കേറ്റു. എന്നിട്ടും നാടിന്റെ വികസനത്തിന് വേണ്ടി ഏറ്റവും വലിയ ത്യാഗം സഹിക്കേണ്ടി വരുന്ന ഈ മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ സംശയങ്ങള്ക്ക് പോലും ഉത്തരമില്ലെന്നത് അങ്ങേയറ്റം നിരാശാജനകമാണ്.

സുതാര്യതയില്ലായ്മക്ക് ഒരു പര്യായപദമുണ്ടെങ്കില് അത് ദേശീയപാത അതോറിറ്റിയുടെ നടപടികളാണ്. അവരുടെ പാതവികസനനടപടികളും ടോള്പിരിവിന് അവസരമൊരുക്കാനുളള ഉത്സാഹവും ക്രൂരമാണ്. വികസനം എന്നൊരു ബോര്ഡ് വെച്ചാല് ആരെയും കൂസേണ്ടതില്ലാതെ എന്തും ചെയ്യാനുളള ലൈസന്സ് കിട്ടുന്ന നാട്ടില് അതേറ്റവുമധികം ഉപയോഗിക്കുന്ന കൂട്ടരാണവര്. 

ഉചിതമായ നഷ്ടപരിഹാരമെന്ന മുഖ്യമന്ത്രിയടക്കമുളളവരുടെ ആവര്ത്തനം കൊണ്ടും കഥയില്ലായ്മകൊണ്ടും വിരസമായ പ്രസ്താവനകള് വെറും നുണയെന്നാണ് ഇതുവരെയുളള അനുഭവം. ഇറക്കിവിടലാണ് പ്രധാനം. അത് കഴിഞ്ഞാല് പുനരധിവാസം ഒരു ചുമ്മാപറച്ചിലായി മാറും. അതിനുദാഹരണമാണ് കേസ് നടത്തി മടുത്ത ഈ സ്ത്രീ.

ഒറ്റക്കായവര്, വിധവകള്, ദളിതര് തുടങ്ങിയവര്ക്കെങ്കിലും ഇറക്കിവിടുന്നതിന് പകരമായി ഭൂമിയും വീടും നിര്മിച്ച് നല്കാനുളള ഉത്തരവാദിത്വം അവര്കൂടി ചേര്ന്ന് തിരഞ്ഞെടുക്കുന്ന സര്ക്കാരുകള്ക്കുണ്ട്. നീതിയുടെ പോരാളിയെന്നറിയപ്പെടുന്ന തൃശൂര് ജില്ലാ കലക്ടര് ഓഫീസിലിരുന്ന് പരാതി കേള്ക്കുകയല്ലാതെ ഈ കോളനികളൊന്ന് സന്ദര്ശിക്കുകയെങ്കിലും വേണം. 

ഒരാചാരം പോലെയായിരിക്കുന്ന കാര്യങ്ങള്. ദേശീയപാത അതോറിറ്റിയുടെ തോന്നുമ്പടിയുളള പാതവികസനനടപടികള്. സംസ്ഥാനസര്ക്കാരിന്റെ സമ്പൂര്ണപിന്തുണ. രാഷ്ട്രീയപ്പാര്ട്ടികള് കൂടി ഉള്പെട്ട് തുടങ്ങുന്ന സമരം. നിസഹായരായ മനുഷ്യരെ പാതിവഴിയിലുപേക്ഷിച്ച് പതുക്കെ പിന്മാറുന്ന രാഷ്ട്രീയപ്പാര്ട്ടികള്. പൊലീസും നിയമങ്ങളും ചേര്ന്ന് ഞെരിച്ച് കൊലപ്പെടുത്തുന്ന സമരങ്ങള്. സമ്പന്നര്ക്കും സ്വാധീനമുളളവര്ക്കും വേണ്ടി എങ്ങോട്ടുമെപ്പോഴും വളയുന്ന പാതവികസനത്തിന്റെ അലൈന്മെന്റുകള്. പാതവികസനത്തിന്റെ മറവിലുളള കുന്നിടിക്കലും നിലംനികത്തലും. ഇല്ലാതാകുന്ന ദളിത് കോളനികളും വലിച്ചെറിയപ്പെടുന്ന പിന്നോക്കക്കാരും. ദേശീയപാതയും ഗതാഗതവും വികസിക്കണമെന്ന് ആത്മാര്ഥമായി ആഗ്രഹിക്കുമ്പോഴും ഈ യാഥാര്ഥ്യങ്ങള് കാണാതിരിക്കാന് കഴിയില്ല. അതുകൊണ്ട് പറഞ്ഞുപോയതാണ്, വികസനതീവ്രവാദികള് പൊറുക്കണം. 

MORE IN CHOONDU VIRAL
SHOW MORE