കുടുംബാരോഗ്യകേന്ദ്രം മികവിന്റെ കേന്ദ്രമായപ്പോൾ

choondu-health
SHARE

ഈ ലക്കം വിമർശനങ്ങൾക്കൊന്നും മുതിരുന്നില്ല. ഒരാശുപത്രി സന്ദർശനമാണ്. വയനാട്ടിലെ ഒരാശുപത്രി സന്ദർശനം. ആശുപത്രിയെന്നാൽ ഒരു ആരോഗ്യകേന്ദ്രം. മികവിന്റെ മികച്ചൊരു മോഡലായി മാറിക്കൊണ്ടിരിക്കുന്ന ഒരു കുടുംബാരോഗ്യകേന്ദ്രം. 

വയനാടിന്റെ ഒരറ്റത്തേക്ക് പോകണം. നൂൽപ്പുഴയെത്താൻ മുത്തങ്ങക്കടുത്താണ്. വികസനത്തിന്റെ കാറ്റധികം വീശാത്ത ഒരു പ്രദേശം. പ്രദേശത്തിന്റെ പ്രത്യേകതകള് പഞ്ചായത്ത് പ്രസിഡന്റ് പറയട്ടെ.

അതെ ഒരർഥത്തിൽ ശരിക്കും പിന്നോക്കമാണ് നൂൽപ്പുഴ. പഞ്ചായത്തിനാണെങ്കിൽ തനത് ഫണ്ട് തീരെക്കുറവ്. ജനങ്ങളുടെ ആരോഗ്യത്തിലേക്ക് വരവ് നോക്കിയല്ല പക്ഷെ നൂല്പ്പുഴ പഞ്ചായത്ത് പണം ചിലവഴിക്കുന്നത്. അതുകൊണ്ടാണ് നൂല്പ്പുഴയിലെ ഈ കുടുംബാരോഗ്യകേന്ദ്രം രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്ഷിക്കുന്നത്. 

ഇത് വളരെ പ്രധാനമാണ്. സാധാരണഗതിയില് ആദിവാസികള്ക്ക് ചികിത്സയെന്ന പേരില് എന്തെങ്കിലും സേവനങ്ങള് ലഭിക്കുന്നത് തന്നെ വലിയ കാര്യമാണെന്നൊരു പൊതുധാരണയുണ്ട്. പോഷകാഹാരക്കുറവും മരുന്നിന്റെയും ചികിത്സയുടെയും അഭാവവും ആദിവാസിമേഖലകളില് ഒരു വെറും സാധാരണവാര്ത്ത മാത്രമാണ്. ഇവിടെയാണ് നൂല്പ്പുഴ കുടുംബാരോഗ്യകേന്ദ്രവും അതിന്റെ അരങ്ങിലും അണിയറയിലുമുളളവരും വ്യത്യസ്തരായത്. മഹാഭൂരിപക്ഷം വരുന്ന ആദിവാസികളടക്കമുളളവരുടെ ക്ഷേമാരോഗ്യങ്ങള് അവര്ക്കത്രമേല് പ്രധാനമായിരുന്നു.

ഡോ ദഹാര് മുഹമ്മദെന്ന ഈ ഡോക്ടറാണ് സര്ക്കാര് മേഖലയിലെ ഒരാരോഗ്യകേന്ദ്രത്തിന് ഇങ്ങനെ മാറാമെന്ന് തെളിയിച്ചത്. തെളിയിച്ചുകൊണ്ടിരിക്കുന്നത്. ചെറുപ്പക്കാരന്. തിരൂരുകാരനാണ്. ചുരം കയറിയെത്തിയത് സര്വസാധാരണമായ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിമിതികളിലേക്ക് തന്നെയാണ്. എന്നാല് അത്തരം പരിമിതികളുടെ ചങ്ങലകള് പൊട്ടിച്ച് പറക്കാനും തടസങ്ങളെ പറപ്പിക്കാനുമായിരുന്നു ദാഹര് മുഹമ്മദിന്റെ തീരുമാനം. വല്ലപ്പോഴും രോഗികളെത്തുന്ന, എത്തുന്നവര് തന്നെ പരാതി പറഞ്ഞുമടുക്കുന്ന ഒരു പതിവ് ആരോഗ്യകേന്ദ്രമായി തുടരാതിരുന്നതിന്റെ പ്രധാനകാരണം ഡോക്ടര് ദാഹറിന്റെ നേതൃത്വവും ഭാവനയും തന്നെയാണ്.

പൊടിപിടിച്ച് ചായം മാഞ്ഞ ചെറുകെട്ടിടങ്ങള്. പനിക്കോ ചുമക്കോ മാത്രം മരുന്ന് വാങ്ങാനെത്തുന്ന രോഗികള്. ഡോക്ടറുണ്ടെങ്കിലായി, ഇല്ലെങ്കിലായി. തുരുമ്പ് പിടിച്ച ഇന്പേഷ്യന്റ് വിഭാഗം. ചാടിക്കടിക്കാനെത്തുന്ന ജീവനക്കാര്. ആശുപത്രിയുടെ പതിവ് ദുര്ഗന്ധം. ഇതൊക്കെയാവും ഒരു സര്ക്കാര് ആരോഗ്യകേന്ദ്രത്തെക്കുറിച്ചുളള പൊതുധാരണ. ആ ധാരണകളപ്പാടെ തിരുത്തുന്നു നൂല്പ്പുഴ കുടുംബാരോഗ്യകേന്ദ്രം. സത്യം പറയട്ടെ, ഒരാശുപത്രിയാണെന്ന് പോലും തോന്നില്ല ഇവിടെയെത്തിയാല്. അത്രക്ക് വൃത്തി.... അത്ഭുതപ്പെടുത്തുന്ന അടുക്കും ചിട്ടയും. 

ആദ്യം നമുക്ക് ആശുപത്രിയിലെ സൗകര്യങ്ങളും സാഹചര്യവും ഒന്ന് പരിശോധിക്കാം. ഒരു കോര്പറേറ്റ് സ്ഥാപനത്തിന്റെ ഓഫീസ് പോലെയാണ് രൂപകല്പന. പരിസരം മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിന്റെ ഉളളിലും പുറത്തും രോഗികള്ക്കും ഒപ്പമെത്തുന്നവര്ക്കും നിന്ന് മടുക്കാതെ ഇരിക്കാനുളള സൗകര്യം. ആരോഗ്യവകുപ്പിന്റെ ഇ ഹെല്ത്ത് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്നു. ഡോക്ടറുടെ കുറിപ്പുകള് അനാദികാലം സൂക്ഷിച്ച് വെക്കേണ്ടിവരുന്നില്ല. രോഗിയുടെ വിവരങ്ങളും ചികിത്സയുടെ വിവരങ്ങളുമെല്ലാം ഡോക്ടര്മാര്ക്കും മരുന്നിന്റെ വിവരങ്ങള് ഫാര്മസിയിലുമെല്ലാം അപ്പപ്പോള് ലഭിക്കും. രോഗികള്, പ്രത്യേകിച്ച് ആദിവാസികളും വൃദ്ധരും, അട്ടുതുടങ്ങിയ ആശുപത്രിച്ചീട്ടുകളും ഡോക്ടറുടെ കുറിപ്പുകളുമായി അലഞ്ഞുതിരിയുന്ന കാഴ്ച നൂല്പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില് നിങ്ങള് കാണുകയേയില്ല. 

കുടുംബാരോഗ്യകേന്ദ്രം മികവിന്റെ കേന്ദ്രമായപ്പോള് സ്വാഭാവികമായും തിരക്ക് വര്ധിച്ചു എന്നത് ശരിതന്നെ. എങ്കിലും തിരക്ക് നിയന്ത്രണാതീതമാകുന്ന അപൂര്വം ദിവസങ്ങളിലൊഴികെ വരിനിന്ന് മടുക്കേണ്ടി വരില്ല, രോഗികളും കൂടെയെത്തുന്നവരും. ടോക്കണ് സംവിധാനം വിജയകരമായി നടപ്പിലാക്കിയിരിക്കുന്നു.

ഡോക്ടറെ കാണുന്നതിന് മുമ്പുളള പ്രാഥമികപരിശോധനകള്ക്കുളള പ്രീച്ചെക്കപ്പ് റൂമും സംവിധാനവും ഒന്നാംനിര സ്വകാര്യ ആശുപത്രികളെ ഓര്മിപ്പിക്കും.

ആധുനിക ലബോറട്ടറി സംവിധാനമാണ് മറ്റൊരു പ്രത്യേകത. അത്യാവശ്യപരിശോധനകളെല്ലാം ഇവിടെ തന്നെ നടത്താം. ആ സൗകര്യം ഇവിടെയില്ലെങ്കില് ആ പരിശോധന തന്നെ വേണ്ടെന്ന് വെക്കുന്നവരാണ് ഭൂരിപക്ഷവുമെന്നത് പരിഗണിക്കുമ്പോഴാണ് ആധുനികലബോറട്ടറി നൂല്പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന് ഒരനുഗ്രഹമാകുന്നത്.

സ്ഥിരമായി സ്വകാര്യ ആശുപത്രികളില് പോയി ശീലിച്ചവര്ക്കും അതിന് പാങ്ങുളളവര്ക്കും ഇതൊന്നും ഒരത്ഭുതമായി തോന്നണമെന്നില്ല. പക്ഷെ, സര്ക്കാര് മേഖലയിലെ പരാധീനതകളും പരിമിതികളും പരാതികളും വര്ഷങ്ങളായി കണ്ടും കേട്ടും ശീലിച്ചവര്ക്ക് അങ്ങനെയാവില്ല. 

ഫാര്മസിയും അത് പോലെ തന്നെ. ശാസ്ത്രീയമായി തന്നെ ക്രമീകരിച്ചിരിക്കുന്നു. മരുന്ന് കിട്ടാതെ അലയേണ്ട സാഹചര്യമുണ്ടാകുന്നത് അത്യപൂര്വമാണെന്ന് രോഗികള് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലേബര് റൂമും, ഇന്പേഷ്യന്റ് വിഭാഗവുമെല്ലാം അങ്ങനെതന്നെ. ഇതുപോലൊരു ഗ്രാമത്തിലെ സര്ക്കാരാശുപത്രിയുടെ ഈ ആധുനികപരിണാമം നാട്ടുകാര് വാസ്തവത്തില് അത്ഭുതത്തോട് കൂടിയാണ് കണ്ട് നില്ക്കുന്നത്.

ആശുപത്രിയില് പോകാന് പലപ്പോഴും മടിക്കുന്നവരാണ് നാട്ടിന്പുറത്തെ സ്ത്രീകള്. വേണ്ടത്ര ആരോഗ്യവിദ്യാഭ്യാസമില്ലാത്ത ആദിവാസി സ്ത്രീകളുടെ കാര്യം കൂടുതല് കഷ്ടമാണ്. ആദിവാസികളുടെ എണ്ണം ആകെ ജനസംഖ്യയുടെ പകുതിയോളം വരുന്ന നൂല്പ്പുഴയില് അതുകൊണ്ട് തന്നെ ആരോഗ്യപ്രവര്ത്തകരുടെ സജീവമായ ഇടപെടല് അനിവാര്യമാകുന്നു. ആ ഉത്തരവാദിത്വം അതേ ഗൗരവത്തോടെ ഏറ്റെടുത്തിരിക്കുകയാണ് നൂല്പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ അണിയറപ്രവര്ത്തകര്. 

നിരവധി ഭാവനാപൂര്ണമായ പരിപാടികളാണ് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നടക്കുന്നത്. സ്ത്രീകള്ക്കും ഗര്ഭിണികള്ക്കും മാത്രമായി മാസം തോറുമുളള സ്പെഷ്യാലിറ്റി ക്ലിനിക്കുകളാണ് ഏറ്റവും പ്രധാനം. ഗോത്രസ്പര്ശം എന്ന പേരിലാണ് ക്ലിനിക്കുകള്. ആരോഗ്യകേന്ദ്രത്തിന്റെ വാഹനം ആദിവാസി ഊരുകളില് ആരോഗ്യപ്രവര്ത്തകരുമായി പോയി ഗര്ഭിണികളെ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിക്കുന്നു. ആവശ്യമായ പരിശോധനകള് നടത്തുന്നു. മരുന്നുകള് നല്കുന്നു. ഉച്ചഭക്ഷണവും നല്കി തിരികെ വീടുകളിലെത്തിക്കുന്നു. ആരോഗ്യകേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റിന്റെ പതിവ് സേവനം കൂടാതെ സ്വകാര്യ ആശുപത്രിയില് നിന്നുളള ഒരാളെക്കൂടി നിയോഗിച്ചാണ് പ്രവര്ത്തനങ്ങള്.

സമാനമായ ഭൂമിശാസ്ത്രമുളള നിരവധി മേഖലകളുണ്ട് കേരളത്തില്. അവിടങ്ങളില് കൂടി പ്രാവര്ത്തികമാക്കുന്ന പുതിയൊരു പദ്ധതി നൂല്പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് ഒരുങ്ങുന്നുണ്ട്. പ്രതീക്ഷ. ഡോ ദാഹര് മുഹമ്മദ് തന്നെ അത് വിശദീകരിക്കട്ടെ.

എത്രയൊക്കെ ശ്രമിച്ചാലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്ക്കും ചില പരിമിതികളുണ്ടാവും. അത് സ്പെഷ്യലിസ്റ്റ് ഡോക്ടര്മാരുടെ കുറവായിരിക്കും. അത് മറികടക്കാനും നൂല്പ്പുഴ ആരോഗ്യകേന്ദ്രം മാര്ഗം കണ്ടിട്ടുണ്ട്. ടെലിമെഡിസിന്. പരീക്ഷണാടിസ്ഥാനത്തില് ഡെര്മറ്റോളജി വിഭാഗത്തിലാണ് ടെലി കണ്സള്ട്ടേഷന് നടപ്പിലാക്കിയിരിക്കുന്നത്. 

കോളനികള് കേന്ദ്രീകരിച്ചുളള ക്യാമ്പുകള് കാര്യമായ ആദിവാസി സാന്നിധ്യമുളള മേഖലകളിലെല്ലാമുണ്ട്. അതും അങ്ങേയറ്റം ഊര്ജസ്വലമായി തന്നെ നൂല്പ്പുഴയിലും നടപ്പിലാക്കുന്നു.

ഉളള സ്ഥലം ഏറ്റവും ഭാവനാപൂര്ണമായി ഉപയോഗിക്കുകയെന്നതാണ് പ്രധാനം. അത്തരം ആലോചനകളാണ് കുട്ടികള്ക്കും കൂട്ടിരുപ്പുകാര്ക്കും ഒരുവേള രോഗികള്ക്കും ഉല്ലാസത്തിനുളള സജ്ജീകരണങ്ങള്. അതായത് ഒറ്റനോട്ടത്തില് രോഗഭരിതമായ അന്തരീക്ഷമോ, ആശുപത്രികളുടെ പതിവ് കെട്ടോ മട്ടോ നൂല്പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിനില്ല. ആകെയൊരു റിലാക്സേഷനുണ്ട് താനും.

ഓട്ടോക്ക് കടന്നുചെല്ലാവുന്ന ഇടങ്ങളില് പോയി വയോജനങ്ങളെയും രോഗികളെയും ആശുപത്രിയിലെത്തിക്കുകയാണ് ഇലക്ട്രിക് ഓട്ടോയുടെ ലക്ഷ്യം. തിരികെ വീട്ടിലാക്കുകയും ചെയ്യും. 

പഞ്ചായത്തിന്റെ സഹകരണവും ഉല്സാഹവും രാഷ്ട്രീയബോധ്യവുമാണ് നൂല്പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തെ രാജ്യത്തെ ഏറ്റവും മികച്ചതാക്കിയത് എന്ന കാര്യത്തില് സംശയത്തിനിടമില്ല. വെറുതെ പറയുകയല്ല. രാജ്യത്തെ ആശുപത്രികളുടെ നിലവാരം പരിശോധിച്ച് റെയ്റ്റിങ് നല്കുന്ന ഏജന്സി സാക്ഷ്യപ്പെടുത്തിയതാണ് രാജ്യത്തെ ഏറ്റവും മികച്ചതെന്ന്. എല്ലാ മാനദണ്ഡങ്ങളിലുമായി 98 ശതമാനം സ്കോര് ചെയ്താണ് നൂല്പ്പുഴ നൂല്പ്പാലത്തിലെ നടപ്പല്ല തറയിലുറച്ച് നില്ക്കുകയാണെന്ന് തെളിയിച്ചത്. 

സര്ക്കാര് സ്ഥാപനങ്ങളിലെ, ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരുടെ സമീപനത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ആര്ക്കെങ്കിലും മുന്വിധികളുണ്ടെങ്കില് തിരുത്തേണ്ടിവരും. അത്രക്ക് ഹൃദ്യമാണ് ജീവനക്കാരുടെ പെരുമാറ്റം. 

കേട്ടറിഞ്ഞ് ആശുപത്രി സന്ദര്ശിക്കാനെത്തുന്നവര് നിരവധിയുണ്ട്. ഈ ലക്കത്തിന്റെ ചിത്രീകരണത്തിനിടയിലാണ് വണ്ടൂരില് നിന്ന് ഒരു സംഘമെത്തിയത്. അവരുടെ ആരോഗ്യകേന്ദ്രം അവര്ക്ക് ഇതുപോലെയാക്കണം. ഇതുപോലൊന്ന് നാടിന് പെരുമയും നാട്ടുകാര്ക്ക് ആശ്രയവുമാണെന്ന് ആര്ക്കാണറിയാത്തത്. ആരോഗ്യരംഗത്ത് ഇത്രയേറെ നേട്ടങ്ങള് സ്വന്തമാക്കിയ കേരളത്തിന് അത് സാധ്യമാണ്. പക്ഷെ, ശ്രമിക്കണം. നല്ലയൊന്നാന്തരം മാതൃകയാണ് നൂല്പ്പുഴയിലിങ്ങനെ നിറഞ്ഞുനില്ക്കുന്നത്.

MORE IN CHOONDU VIRAL
SHOW MORE