പച്ച മീൻ വിൽക്കുന്നവരുടെ പച്ചയായ ജീവിതം; പോരാട്ടം

Choondu-viral-main
SHARE

തിരുവനന്തപുരം പേട്ട മാര്ക്കറ്റിന് മുമ്പിലായിരുന്നു ഞങ്ങൾ കാത്തുനിന്നത്. മീൻ വില്ക്കുന്ന സ്ത്രീകളെയും കാത്ത്. ഇത്രയും നേരത്തെയെണീറ്റ് പണിക്കിറങ്ങുന്നത് ഞങ്ങൾക്കത്ര സാധാരണമല്ലെങ്കിലും മീൻ വില്ക്കുന്ന സ്ത്രീകള്ക്ക് അതൊരു ദൈനംദിന ടൈംടേബിളാണ്. ആറ് മണിയോടെ സ്ത്രീകളെത്തിത്തുടങ്ങി. കടപ്പുറത്തെ സ്ത്രീകളാണ്. അവരാണ് മീൻ വില്ക്കുക. വില്ക്കാനുളള മൽസ്യം വാങ്ങാനാണ് പേട്ടയടക്കമുളള മാർക്കറ്റുകളിലേക്കെത്തുന്നത്. ഗോളറ്റെന്നൊരു അമ്മയെ പരിചയപ്പെട്ടു. വെട്ടുകാടുകാരി. കേശവദാസപുരത്താണവർ മീൻ വിൽക്കുന്നത്. അങ്ങോട്ടെത്തിയാൽ വിശദമായി സംസാരിക്കാമെന്നും പറഞ്ഞു. ഞങ്ങൾ സമ്മതിച്ചു.

അതൊരു വലിയ പ്രശ്നമാണ്. മൽസ്യത്തൊഴിലാളികളെന്ന് കേട്ടാല് കടലിൽ പോകുന്ന കരുത്തന്മാരായ പുരുഷന്മാരെയാണോർമ്മ വരിക. കഴിഞ്ഞു. പോയൊരു പ്രളയത്തിൽ നൂറുകണക്കിനാളുകളെ മരണത്തിൽ നിന്ന് കൈപിടിച്ചുയർത്തിയ ധീരന്മാരെയാണോർമ്മ വരിക. അവരെക്കാൾ മനക്കരുത്തുളള ഈ പെണ്ണുങ്ങളെ പലപ്പോഴും മൽസ്യത്തൊഴിലാളിയെന്ന നിർവചനകോളത്തിൽ പെടുത്താറില്ല. അതിലേക്കൊക്കെ പിന്നീട് വരാം. ലേലം വിളിച്ച് മീനെടുക്കണം. ലേലം തുടങ്ങുന്നതിന് മുമ്പ് സ്റ്റെല്ല ചേച്ചിയോട് സംസാരിച്ചു. ശാരീരികവും മാനസികവുമായ ഒരുപാട് അവശതകൾക്കും വെല്ലുവിളികൾക്കുമിടയിലും മീൻ വിറ്റുകൊണ്ടേയിരിക്കുന്ന സ്റ്റെല്ല. പലതരത്തിലുളള ബുദ്ധിമുട്ടുകളുണ്ട്. കടമുണ്ട്. പലിശയുണ്ട്. പട്ടിണിയില്ലാത്തത് ആരോഗ്യം മറന്ന് ഈ ‌പണി ചെയ്യുന്നത് കൊണ്ടാണ്. ഒരേസമയം മീന് വില്ക്കുന്നവളും സ്ത്രീയുമാകുമ്പോളനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളുണ്ട്. അധിക്ഷേപങ്ങളുണ്ട്. പിന്നെയും പിന്നെയുമുണ്ട് പ്രശ്നങ്ങൾ.

ദുരിതമയമായ സ്ത്രീജീവിതങ്ങളാണ് ഞങ്ങൾക്കും ചുറ്റും ജീവിക്കാൻ വേണ്ടിയുളള പോരാട്ടത്തിലേർപെ‌ട്ടിരിക്കുന്നത്. അനുഭവങ്ങളൊക്കെ ഏറെക്കുറെ ഒന്ന് തന്നെയാണ്. അതിന്റെ ആഴവും ആഘാതവും വ്യത്യസ്തമായിരിക്കുമെങ്കിലും. ഇരുന്ന് സംസാരിക്കാൻ നേരമില്ലാതെ ഓടിപ്പോകുന്നവരുണ്ട്. തലയിലെ മൽസ്യചരുവ്വം താഴത്ത് വെക്കാതെ അവർ ഒട്ടും ഫ്രഷല്ലാത്ത ദുരിതങ്ങളെക്കുറിച്ച് പറയുന്നത് അതിനുളള നേരമില്ലാത്തത് കൊണ്ടാണ്. ഓരോ ദിവസത്തെയും ഓരോ മിനിറ്റും ഈ പെണ്ണുങ്ങൾക്ക്, അല്ലെങ്കിൽ വേണ്ട പെണ്ണുങ്ങളെന്ന് വേണ്ട. ഈ ചേച്ചിമാർക്കും അമ്മമാർക്കും വിലയേറിയതാണ്. കൂടുതൽ സമയം കൂടയിലിരുന്ന് പോകുന്ന മീൻ അവരെ പലിശക്കാരന്റെ കൊമ്പൻ മീശകളോർമിപ്പിക്കും.

ലേലം വിളിക്കുന്നത് ആണുങ്ങളാണ്. കുറച്ച് മീനെടുത്ത് വെച്ച് അവരൊരു വിലപറയും. മീൻ വിൽപ്പനക്കാരികളായ ചേച്ചിമാരും അമ്മമാരും അത് ലേലത്തിൽ പിടിക്കും. തർക്കങ്ങളും ബഹളങ്ങളും പതിവാണ്. ഉച്ചത്തിലുളള സ്ത്രീശബ്ദങ്ങളാണ് പലപ്പോഴും ചന്തയിലുയർന്ന് കേൾക്കുന്നത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുളള അവിശ്രമജീവിതത്തിലെ ദുഃഖങ്ങളവർ മറക്കുന്നത് ഒരു പക്ഷെ ഇങ്ങനെ ഉച്ചത്തില് സംസാരിച്ചും കലഹിച്ചുമൊക്കെയാകാം. ആരെങ്കിലും ലേലത്തിൽ പിടിക്കുന്ന ആളുടെ വിവരവും തുകയും ചന്ത നടത്തുന്നവർ കുറിച്ചെടുക്കുന്നുണ്ട്. മീൻ ‌വിറ്റുപോയാലും ഇല്ലെങ്കിലും ചീഞ്ഞുപോയാലും പണം നല്കണം. അനിശ്ചിതത്വത്തിലേക്ക് പരന്നുകിടക്കുന്ന കടൽ പോലെയാണ് എന്നുമെപ്പോഴും കടലിന്റെ മക്കളുടെ ജീവിതം.

മൂത്രപ്പുരയുടെ ദൃശ്യം പകർത്തുന്നതിനിടെ ഒരാൾ അത് കഴുകാനെത്തി. മൂത്രമൊഴിക്കാതെ കച്ചവടത്തിലേർപ്പെട്ടിരിക്കുന്നവർ കൂടിയാണ് നമ്മുടെ തീന്മേശകളെ സമ്പുഷ്ടമാക്കുന്ന ഈ അമ്മമാർ. അതവർക്കുണ്ടാക്കുന്ന പ്രശ്നങ്ങളനവധിയാണ്. ദൃശ്യങ്ങള് പകർത്തുന്നതിനിടെ ഗോളറ്റമ്മ കേശവദാസപുരത്തേക്ക് പോയിരുന്നു. ഓട്ടോറിക്ഷയിൽ. മീന്മണമുളള സ്ത്രീകള് സാധാരണ ബസിൽ യാത്ര ചെയ്യുന്നത് അപൂർവ്വമാണ്. ബസുകളിൽ യാത്ര ചെയ്യുന്നവർ ആ മണമിഷ്ടപ്പെടുന്നില്ലെന്ന് ഈ അമ്മമാർക്ക് നന്നായറിയാം. മറ്റുളളവരുടെ ബുദ്ധിമുട്ടൊഴിവാക്കാൻ കഴിയുന്നത്ര അവർ ബസ് യാത്രകളൊഴിവാക്കുകയാണ് പതിവ്. 

തലേന്ന് ബാക്കിയായ ഐസിട്ട് വെച്ച മീനും രാവിലെ ലേലത്തിൽ പിടിച്ച വാളയും നിരത്തി മീന്തട്ട് റെഡിയായി. ഗോളറ്റിനും മുമ്പെത്തിയവരുമുണ്ട്. അവർക്കൊപ്പം നല്ല കച്ചവടം നടക്കുമെന്ന പ്രതീക്ഷയിൽ അവർ ഇരിപ്പുറപ്പിച്ചു. ഈ ഇരുപ്പ് രാത്രി എട്ട് മണി വരെയെങ്കിലും തുടരണമവർക്ക്. കഴിച്ചാൽ കഴിച്ചു, ഇല്ലെങ്കിലില്ല. പന്ത്രണ്ടാം വയസില് മീനും ചുമന്ന് തുടങ്ങിയ നടപ്പാണ്, ഇരിപ്പാണ്. അതവരിങ്ങനെ തുടരുകയാണ്.

പഴയത് പോലെ കച്ചവടമില്ല. പഴയ മീനല്ല. മീൻ വാങ്ങാനെത്തുന്നത് പഴയ മനുഷ്യരുമല്ല. സ്ത്രീകളാണ്, അമ്മമാരാണ് എന്നൊന്നുമോർക്കില്ല പലരും. നേരത്തെ കണ്ട പേട്ട മാർക്കറ്റിൽ വൃത്തിഹീനമെങ്കിലും പേരിനെങ്കിലും ടോയിലെറ്റ് സൗകര്യമുണ്ടായിരുന്നു. ഇവിടെ സ്ഥിതി അത് പോലെ പോലുമല്ല. ഇതുപോലെയാണ് മിക്കവാറും മൽസ്യം വിൽക്കുന്ന ഇടങ്ങൾ. വെളളം കുടിക്കാതെയും മൂത്രമൊഴിക്കാതെയും മൂത്രം പിടിച്ചുവെച്ചും രോഗങ്ങളെ വഹിക്കുന്ന ശരീരമായിക്കൊണ്ടിരിക്കുകയാണ് മൽസ്യം വിൽക്കുന്ന സ്ത്രീകൾ. ഇനി രോഗഭരിതമായ ജീവിതത്തിൽ നിന്ന്  ഇവരെങ്ങോട്ട് പോകാനാണ് ചികിത്സക്ക്. എങ്ങനെയറിയാനാണ്. തീരദേശത്ത് കൊളളാവുന്ന ആശുപത്രികളില്ല. ഉളളയിടങ്ങളില് സ്ത്രീ രോഗങ്ങള് തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ട ഡോക്ടമാരില്ല. ഇനി ഡോക്ടർമാരുണ്ടെങ്കില് തന്നെ ഈ അമ്മമാർക്ക് ആശുപത്രിയിൽ പോകാൻ നേരമെവിടെ.

നടന്നും ഇരുന്നും ചുമന്നും അധിക്ഷേപങ്ങള് കേട്ടും ഇഴഞ്ഞൊപ്പിക്കുന്ന ജീവിതങ്ങളാണ്. ഉണ്ണാതുറങ്ങാതെയുളള ഇരിപ്പും നടപ്പും ഇവരെ രോഗികളാക്കുന്നതിൽ അത്ഭുതമില്ല. വീണ് പോകും വരെ അവര് മീന് വിറ്റുകൊണ്ടേയിരിക്കും. ഇല്ലെങ്കിൽ ഞരങ്ങിയാണെങ്കിലും മുന്നോട്ട് നീങ്ങുന്ന കുടുംബക്രമം ഇടിച്ചുനില്ക്കും. വിശ്രമിക്കാനാഗ്രമില്ലാത്തത് കൊണ്ടല്ല ഇവരുടെ ജീവിതമിങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കുന്നത്. ഓടിയെത്തിയൊപ്പിക്കാനുളള തിരക്കിനിടയിൽ ജീവിക്കാൻ മറന്നുപോയവരല്ല ഈയമ്മമാർ. ജീവിക്കാൻ പറ്റാതെ പോയവരാണ്. അങ്ങനെയൊരാളാണ് പൗളി. 

പൂന്തുറപ്പളളിയുടെ നേരെ പിറകിലാണ് വീട്. ചായം മാഞ്ഞ ചുവരുകള്ക്കിടയിലിരുന്നു പൗളിയമ്മ പറഞ്ഞു. ഇരുന്നുപോയി. വലത് കൈ തളര്ന്ന് പോയി. പണിയെടുക്കാനാവുന്നില്ല. പൗളിയെപ്പോലെ നിരവധിപ്പേരുണ്ട് തീരദേശത്ത്. ജീവിക്കാന് വേണ്ടിയുളള ഒരിക്കലും അവസാനിക്കാത്ത യുദ്ധങ്ങൾക്കിടയിൽ വീണ് പോയവർ. ദിവസം നൂറ്റുക്ക് പത്ത് രൂപ പലിശക്കെടുത്ത് കടത്തിന്റെ ആഴങ്ങളിലേക്ക് വീണുപോയ മനുഷ്യരാണ്. നമുക്കത്ഭുതം തോന്നും ഇവരുടെ ദൈനംദിന ജീവിതത്തിന്റെ സമയക്രമമറിയുമ്പോൾ. മൂന്നോ, നാലോ മണിക്കൂറിനപ്പുറം ഉറങ്ങാന് കഴിയുന്ന ഒരാളുമില്ല മീൻ വിൽക്കുന്ന സ്ത്രീകൾക്കിടെയിൽ. പലർക്കും പലതരത്തിലാണ്. ഉദാഹരണത്തിന് ഗോളറ്റമ്മയുടെ കാര്യമെടുത്താൽ, കാലത്ത് നാല് മണിക്കുണരണം. അഞ്ചിന് വീട്ടില് നിന്നിറങ്ങണം. ആറിന് മീൻ ചന്തയിലെത്തണം. ഏഴിന് കേശവദാസപുരത്ത് മാർക്കറ്റിലെത്തണം. ബാക്കിയുളള മീനില് ഐസുമിട്ട് പാക്ക് ചെയ്ത് മടങ്ങുമ്പോ രാത്രി എട്ടരയാകും. വീട്ടിലെത്തി വീട്ടുജോലിയും കഴിഞ്ഞ് കിടക്കുമ്പോള് അര്ധരാത്രി കഴിയും.

ഇത് വിഴി​ഞ്ഞം കടപ്പുറത്ത് ഉണ്ട് മീൻ ലേലത്തില് പിടിച്ച് കൊണ്ടുപോകാനെത്തുന്ന സ്ത്രീകൾ. വലിയ നെയ്മീനും കേരയുമെല്ലാം ലേലത്തിലുണ്ട്. ഇവിടെ ഹോട്ടലുകാരോടക്കം മൽസരിച്ച് വേണം മീന് വാങ്ങാൻ.നിങ്ങൾ എന്തിനാണ് ഇതെല്ലാം ഷൂട്ട് ചെയ്യുന്നത്.  ചാകരയെന്ന് വാർത്ത കൊടുത്ത് മീനിന്റെ വില കുറക്കല്ലേയെന്ന് അപേക്ഷ. അവരുടെ ആശങ്ക തികച്ചും ‌ന്യായമാണ്. കാരണം മീനിന് വിലകുറക്കാന് ഒരു കാരണം നോക്കിയിരിക്കുകയാണ് വാങ്ങാനിരിക്കുന്നവർ. ഞങ്ങള് കണ്ട എല്ലാ അമ്മമാരും പറഞ്ഞൊരു കാര്യമാണ്. അത് പൂർണമായും ശരിയുമാണ്. കാരണം ‌നാൽപതും അമ്പതും അറുപതും വര്ഷമായി മീൻ വിൽക്കുന്ന ഈ അമ്മമാര്ക്കറിയാം മത്സ്യവിപണിയിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും. ഓണ്‍ലൈൻ സംരംഭങ്ങളെ തളളിപ്പറയുകയല്ല, ഉപഭോക്താക്കള്ക്ക് ഗുണകരവുമാകും. പക്ഷെ, കടലില് നിന്ന് ലഭിക്കുന്ന മീനിനെച്ചുറ്റിത്തിരിയുന്ന ഈ പാവങ്ങളെങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് ഉത്തരം പറയാനുളള ബാധ്യതയും നമുക്കുണ്ട്.

സ്വന്തം വീട്ടില്, ഭര്ത്താവിനൊപ്പം, മക്കള്ക്കൊപ്പം ചെലവഴിക്കാൻ തീര്ത്തും ചുരുങ്ങിയ സമയമേ കിട്ടുന്നുളളൂ ഈ അമ്മമാർക്ക്. അത് പലതരത്തിലുളള മാനസികപ്രശ്നങ്ങൾക്ക് കാരണമാകുന്നുമുണ്ട്, പ്രത്യേകിച്ചും കുട്ടികളുടെ വളർച്ചയിൽ. അനിശ്ചിതമായ ഒരു ഭാവിയിലേക്ക് വീടിന്റെ വാതിലുകൾ തുറന്നിട്ടാണ് മീൻ വിൽക്കാൻ വേണ്ടി  വീടിറങ്ങിപ്പോരാന് ഈയമ്മമാര്‍ നിര്ബന്ധിതരാകുന്നത്.

തിരുവനന്തപുരത്തെ മണക്കാട് മാര്ക്കറ്റ്. രാത്രികളിലാണ് ഇവിടെ മീന്കച്ചവടം. കച്ചവടമൊക്കെ കുറവാണെങ്കിലും ചായം മാഞ്ഞ തട്ടുകളിലിരുന്ന് മീൻ വില്ക്കുവാന് അവരെന്നുമെത്തുന്നു. ലില്ലിയൊക്കെ ഈ മാര്ക്കറ്റിലെത്തിയിട്ട് ദശകങ്ങളായിരിക്കുന്നു. മഴ പെയ്തും തോര്ന്നും നില്ക്കുന്ന രാത്രി. മീൻ വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവ്. ലോകമുറങ്ങാൻ കിടക്കുമ്പോൾ പുതിയൊരു ലോകത്തെക്കുറിച്ചുളള സ്വപ്നങ്ങള് പോലും മരണപ്പെട്ടുപോയ കുറേയമ്മമാർ ഇവിടെ കുത്തിയിരുന്ന് മീൻ വില്ക്കുകയാണ്. 

MORE IN CHOONDU VIRAL
SHOW MORE