വഴിയും വെള്ളവും വെളിച്ചവുമില്ല; അധികൃതരെ കല്ലേലിമേട്ടിൽ മനുഷ്യവാസം ഉണ്ട്

Choonduviral-Main
SHARE

ഇത് കാണുന്ന എത്ര പേര്ക്ക് ഇതില് പറയുന്ന കാര്യങ്ങളുമായി ഐക്യപ്പെടാന് കഴിയുമെന്നറിയില്ല. കാരണം പുതിയ കാലത്തിന്റെ അടിസ്ഥാന ആവശ്യങ്ങള് ഏറെക്കുറെ അനുഭവിക്കുന്ന സെയ്ഫ് സോണിലാണ് ഞാനും നിങ്ങളും ജീവിക്കുന്നത്. അത്തരം സുരക്ഷിതമേഖലകള്ക്ക് പുറത്ത് അപായകരമായി ജീവിക്കുന്ന ഒരു ജനതയെക്കുറിച്ചാണ് പറയാനുളളത്. കോതമംഗലത്ത് നിന്ന് പൂയംകുട്ടിയിലേക്കുളള വഴിയില് കുട്ടമ്പുഴ കഴിഞ്ഞ് ബ്ലാവനയിലിറങ്ങിയാല് ജിവിക്കാനുളള പ്രാഥമികാവകാശങ്ങള് പോലും നിഷേധിക്കപ്പെട്ട മനുഷ്യര് ജീവിക്കുന്ന ഈ പ്രദേശത്തെത്താം. കടത്ത് കടക്കണം. വാഹനമുണ്ടെങ്കില് ചങ്ങാടം. ആളുകള് കുറവുളളപ്പോള് കടത്തുവളളം. 

ഇതിനപ്പുറത്ത് നൂറുകണക്കിന് മനുഷയ്ര് ജീവിക്കുന്ന ഒരു ഭൂപ്രദേശമുണ്ട്. കടത്തില്ലെങ്കില് അവര് പുരാതനകാലത്തിലേക്ക് പോകേണ്ടി വരും. കാരണം പുറം ലോകവുമായി ഒറ്റപ്പെടും. ഒരു പാലമെന്ന ആവശ്യത്തിന് കല്ലേലിമേട്ടിലെ മനുഷ്യവാസത്തോളം പഴക്കമുണ്ട്. 

പുഴക്കക്കരെയിക്കരെ തുഴഞ്ഞും വലിച്ചും വലിച്ചും വലിഞ്ഞുതുടങ്ങിയിരിക്കുന്നു കൃഷ്ണന്കുട്ടിയുടെ ജീവിതം. കല്ലേലിമേട്ടിലെ കുടിയേറ്റക്കാരുടെയും കുഞ്ചിപ്പാറക്കുടിയിലെയും കലവെച്ചപാറ, വാരിയം, തേര എന്നീ കുടികളളിലെ ആദിവാസികളുടെയും ജീവിതവും ദുരിതവും കൃഷ്ണന്കുട്ടിക്കറിയുന്നപോലെ ഒരുപക്ഷെ മറ്റാര്ക്കുമറിയില്ല. രോഗികളും ഗര്ഭിണികളുമായി അക്കരെയിക്കരെ ഏത് പാതിരാത്രിയിലും പോകുന്ന കൃഷ്ണന്കുട്ടി പുഴക്കക്കരെയുളളവര്ക്ക് ഏറ്റവും വേണ്ടപ്പെട്ട ദൈവമാണ്. സാധാരണ കടത്തുകാര്ക്കൊരു പ്രത്യേകതയുണ്ട്, അവരെന്നും പുഴക്ക് കുറുകെ പാലം വരുന്നതിനെ എതിര്ത്തുകൊണ്ടിരിക്കും. പാലം വന്നാല് കടവും കടത്തുകാരനും അനാഥമായിപ്പോകുമെന്ന് അവര്ക്കറിയാം. കൃഷ്ണന്കുട്ടി വ്യത്യസ്തനാണ്. പാലം വരണമെന്നാഗ്രഹിക്കുന്ന കടത്തുകാരനാണ് കൃഷ്ണന്കുട്ടി. ഒരു പാലത്തിന് പുഴക്കക്കരെയുളളവരുടെ ജീവിതം 

കൃഷ്ണന്കുട്ടിയോട് സംസാരിച്ച് ഞങ്ങള് കല്ലേലിമേട്ടിലേക്ക് തിരിച്ചു. കൃഷ്ണന്കുട്ടിയുടെ മകനാണ് അക്കരെയെത്തിച്ചത്. അക്കരെ ബിജു കാത്തുനില്പുണ്ടായിരുന്നു. ജീപ്പുമായി. മനുഷ്യര് പാര്ക്കുന്ന ഇടങ്ങളിലേക്ക് നാല് കിലോമീറ്ററേയുളവൂവെങ്കിലും ജീപ്പിലേ പോകാന് കഴിയൂ. ദുര്ഘടമായ പാതയാണ്. ചാടിത്തെറിച്ചുരുണ്ട് ഞങ്ങള് കല്ലേലിമേട്ടിലേക്ക് യാത്ര തുടങ്ങി. ഇരുവശത്തും കാടാണ്. ഈ കാടിനക്കരെ മനുഷ്യവാസമുണ്ടെന്ന് വിശ്വസിക്കാന് തന്നെ പ്രയാസം. ഇടക്കിടെ വഴി മുറിഞ്ഞുപോകുന്നുണ്ട്. വഴിവെട്ടാന് വനംവകുപ്പ് അനുവദിക്കുന്നില്ലത്രെ. കാടിന് നടുക്കൊരു തുരുത്തിലകപ്പെട്ട് പോയ മനുഷ്യരിലേക്കാണ് യാത്ര.

ഒരു മണിക്കൂറോളം നീണ്ട യാത്ര. കാട് പിന്നിട്ട് റബര്തോട്ടങ്ങളുടെ നടുവിലൂടെയായിരുന്നു ഒടുവില് യാത്ര. അതിനിടെ മൊബൈലിന്റെ റെയ്ഞ്ച് മുറിഞ്ഞു. 

ജീപ്പുകാരന് ബിജു പറഞ്ഞ കല്ലേലിമേട്ടിന്റെ കഥകള് കേട്ട് കേട്ടന്തിച്ച് ഞങ്ങള് കല്ലേലിമേട്ടിലെത്തി. ഇവിടുത്തുകാരുടെ കല്ലേലിമേട് സിറ്റി. ഈ സിറ്റിയിലുളളത് കൊണ്ട് വേണം ദൈനംദിന ജീവിതം. ഇഷ്ടമുളളപ്പോള് ഇഷ്ടമുളളത് വാങ്ങാന് സൂപ്പര്മാര്ക്കറ്റുകള് വിളിപ്പുറത്തുളള നമുക്ക് മനസിലാക്കാന് വലിയ ബുദ്ധിമുട്ടായിരിക്കും ഈ മനുഷ്യരുടെ ജീവിതം.

റേഷന്കടക്കാരന് നടരാജനെ കണ്ടു. അഞ്ഞൂറോളം കുടുംബങ്ങളുടെ ആശ്രയം. കല്ലേലിമേട് സിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരസ്ഥാപനം. അതാണ്. ബയോമെട്രിക് സംവിധാനവുമായി റേഷന്കടയിലെ വിനിമയങ്ങവെ ബന്ധിപ്പിക്കാന് കഴിയാത്തൊരു ഗ്രാമമാണിത്. മൊബൈലിന് റെയ്ഞ്ചുമില്ല, ഇനിയുണ്ടെങ്കിലും കറണ്ടുമില്ല. കേരളത്തിന്റെ പൊതുമുന്നേറ്റത്തില്നിന്ന് കുറഞ്ഞതൊരമ്പത് വര്ഷം പിന്നിലാണ് തന്റെ നാടെന്ന വേദനയുണ്ട് നടരാജന്. അതയാള് മറച്ചുവെക്കാതെ പങ്കുവെച്ചു. ആയിരത്തിത്തൊളളായിരത്തിയറുപതുകളിലും എഴുപതുകളിലും ഈറ്റപ്പണിക്കും മറ്റുമായി കുടിയേറിയ ഒരു ജനതയാണ് കല്ലേലിമേട്ടിലുളളത്. തൊട്ടപ്പുറത്തൊരു ചായക്കട. സഹനത്തിന്റെ അങ്ങേയറ്റം കണ്ട കല്ലേലിമേട്ടുകാര്ക്കൊരഭയമാണ് സഹജന്റെ ചായക്കട. 

ഒന്ന് കൂടി പറയട്ടെ. അല്പം ആവര്ത്തനവിരസതയുണ്ടാവും ഇവരുടെ പരാതിപറച്ചിലുകള്ക്ക്. അതവരുടെ തെറ്റല്ല. ഒന്നാമത് ഇവര്ക്കിതൊന്നും ശീലമില്ല. രണ്ടാമത് എല്ലാവരും അനുഭവിക്കുന്നത് ഏതാണ്ടൊരേ തരത്തിലുളള ദുരിതമാണ്. വൈദ്യുതിയില്ല, വഴിയില്ല, വെളളമില്ല. നേരത്തെ നടരാജന് പറഞ്ഞത് ശരിയാണ്. ഇടമലക്കുടിയില് വരെ വൈദ്യുതിയെത്തി. ഞങ്ങള് പോയിട്ടുണ്ട് ഇടമലക്കുടിയില്. പ്രധാനറോഡില് നിന്ന് കാട്ടിലൂടെ ഇടമലക്കുടിയിലേക്കെത്താനുളള ദൂരത്തിന്റെ നാലിലൊന്ന് ദൂരമേയുളളു കല്ലേലിമേട്ടിലേക്ക്. ഇടമലക്കുടിയിലേക്ക് ഭൂഗര്ഭകേബിള് വലിച്ച് സർക്കാർ വൈദ്യുതിയെത്തിച്ചു. വനംവകുപ്പ് അനുമതി നല്കി. അങ്ങനെയെങ്കില് കല്ലേലിമേട്ടിലേക്ക് വൈദ്യുതിയെത്തുന്നത് തടയുന്ന വനംവകുപ്പ് നിലപാട് സംശയാസ്പദമാണ്. മനുഷ്യവിരുദ്ധമാണ്. ജനാധിപത്യവിരുദ്ധവുമാണ്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇവിടെയെത്തിയിട്ടുണ്ട്. വൈദ്യുതിമന്ത്രി എം എം മണി ഏതാനും മാസംമുമ്പ് ഇവിടെയെത്തി വൈദ്യുതിയുടനെന്ന മോഹനവാഗ്ദാനം നല്കി മടങ്ങിയതാണ്. മലമടക്കുകളിലെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയാത്തയാളല്ല മണിയാശാന്. പക്ഷെ, നടപടികളൊന്നുമുണ്ടായില്ല.

തിരഞ്ഞെടുപ്പ് കാലം ശോഭനമാണിവിടെ. കുടിയേറ്റക്കാരെയും ആദിവാസികളെയും ഒരേപോലെ പ്രതീക്ഷകളുടെ ആകാശത്തേക്കുയര്ത്തും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്. അഞ്ച് വര്ഷം കൂടുമ്പോള്, അല്ലെങ്കില് ഓരോ തിരഞ്ഞെടുപ്പുമെത്തുമ്പോള് ആവര്ത്തിച്ചുവഞ്ചിക്കപ്പെടുന്ന ഒരു ജനതയാണിത്. അത് ആദിവാസികളടക്കം തിരിച്ചറിഞ്ഞുകഴിഞ്ഞു. കിലോമീറ്ററുകള് നടന്ന് റേഷന്കടയിലരിവാങ്ങാന് വന്ന പെണ്ണുങ്ങളത് പറഞ്ഞു.

കുട്ടികളില്ലാത്ത ഒരു നാടാണിത്. തിരെച്ചറിയ കുട്ടികളെ മാത്രമാണ് യാത്രയില് ഞങ്ങള്ക്ക് കാമാ് കഴിഞ്ഞത്. പിന്നെ ഭരണകൂടം പ്രാഥമികാവശ്യങ്ങള് നിരാകരിക്കുന്നത് കൊണ്ട് പഠനം നിഷേധിക്കപ്പെട്ട കുറച്ച് ചെറുപ്പക്കാരും. വിദ്യാഭ്യാസം ഒരു ഗുരുതരമായ പ്രശ്നമാണിവിടെ. ആകെയുളളതൊരംഗന്വാടിയും ഏകാധ്യാപകവിദ്യാലയവും. ഏകാധ്യാപകവിദ്യാലയത്തിലെ ടീച്ചറെ ഏതാനും മാസം മുമ്പൊരു വൈകുന്നേരം കാട്ടാന കുത്തിക്കൊന്നു.

പഠിക്കുന്ന കുട്ടികളുമായി കാടിറങ്ങുകയാണ് രക്ഷിതാക്കള്. ഒന്നുകില് ഹോസ്റ്റലിലാക്കും. അല്ലെങ്കില് കോതമംഗലത്തോ, ആലുവയിലോ ഒക്കെ ഇല്ലാത്ത കാശ് നല്കി വീട് വാടകക്കെടുത്ത് പഠിപ്പിക്കും. ജീവിതം ഈ നാടിന് ചെറിയ സമരമല്ല. യുദ്ധം തന്നെയാണ്. വിദ്യാഭ്യാസവായ്പയൊക്കെ വലിയ പ്രശ്നമാണ്. ഒന്നാമത് കൈവശാവകാശ രേഖ മാത്രമേയുളളു. പട്ടയമിപ്പോഴും വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. കുട്ടമ്പുഴയിലെ സ്കൂളിലോ കോതമംഗലത്തെ കോളജിലോ ഒന്നും ദിവസവും പോയും വന്നും പഠിക്കാനാവില്ല. വര്ഷകാലത്ത് പുഴയില് വെളളം കയറിയാല് കടത്ത് മുടങ്ങും. പഠനം മുടങ്ങും. കടത്തുണ്ടെങ്കിലും അസമയത്ത് യാത്രയും പറ്റില്ല. കാട്ടുമൃഗങ്ങളുടെ ശല്യം.

കല്ലേലിമേട്ടില് നിന്ന് ഞങ്ങള് കുഞ്ചിപ്പാറയിലെ ആദിവാസിക്കുടിയിലേക്ക് തിരിച്ചു. മുതുവാന് വിഭാഗത്തില് പെട്ട ആദിവാസികളാണ് ഈ മലകളിലുളളത്. ആകെ മൂന്ന് കുടികള്. കുഞ്ചിപ്പാറ കൂടാതെ വാര്യം, തലയോര്  അങ്ങനെയങ്ങനെ.  മരക്കാടും ഈറ്റക്കാടും തോടും അരുവികളുമൊക്കെയായി സുന്ദരമായ കാഴ്ചകളാണ് ഇരുവശത്തും. ഏതാനും ആദിവാസിയുവാക്കള് റോഡില് നിന്ന് അല്പം മാറി കൂടിനില്ക്കുന്നു. വണ്ടി നിര്ത്തിയിറങ്ങി നോക്കി. അടുത്തുചെന്ന് നോക്കിയപ്പോള് ഒരു കാട്ടാനക്കൂട്ടം വിസ്തരിച്ച് കുളിക്കുന്നു. ദൃശ്യങ്ങള് പകര്ത്തണോ വേണ്ടയോ എന്ന ആലോചനക്കിടെ കൂട്ടത്തിലൊരാന എഴുന്നേറ്റ് കുതിക്കാനൊരു ശ്രമം. 

ഞങ്ങളെത്തിയതറിഞ്ഞ് കാണിക്കാരനും മൂപ്പനുമെത്തി. കല്ലേലിമേട്ടില് നിന്ന് കുഞ്ചിപ്പാറക്കുടിയിലെത്തുമ്പോഴും പരാതികള്ക്ക് ഒരു മാറ്റവുമില്ല. 2018 ഒക്ടോബര് മാസം ആദിവാസികള് അവരുടെ കൂടിയെന്ന് പറയുന്ന ഭരണകൂടത്തോട് ചോദിക്കുകയാണ്. നടക്കാന് വഴിയെവിടെ. ഞങ്ങളുടെ കുഞ്ഞുങ്ങള്ക്ക് സ്കൂളില് പോകാന്, ആശുപത്രിയില് പോകാന് വഴിയെവിടെ. അവര്ക്കിരുന്നു പഠിക്കാന് വെളിച്ചമെവിടെ. നിറച്ചുകുടിക്കാന് വെളളമെവിടെ.

ഇവരെ വെളിച്ചം കാണിക്കാന് ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല എന്ന് പറയാനാവില്ല. എവിടെത്തിരിഞ്ഞുനോക്കിയാലും സോളാര് പാനലുകള് കാണാം. ഒന്നാമത് മഴക്കാലത്ത് അവയുപകാരപ്പെടില്ല. രണ്ടാമത് മഹാഭൂരിപക്ഷവും പ്രവര്ത്തിക്കുന്നില്ല. മൂന്നാമത് പ്രവര്ത്തിക്കുന്ന ന്യൂനപക്ഷം ആകെ നല്കുക രണ്ടോ മൂന്നോ മണിക്കൂര് വൈദ്യുതിയാണ്. ഇനി ആദിവാസികളല്ലേ... കുടിയേറ്റക്കാരല്ലേ. അവരിത്രയൊക്കെ വെളിച്ചം കണ്ടാല് മതിയെന്നാണോ. പ്രിയപ്പെട്ട ടെലിവിഷന് പരിപാടിക്കിടയില്, അല്ലെങ്കില് വേനലിലെ ഒരു രാത്രിയില്. ഒരു മിനിറ്റ് വൈദ്യുതി നിലച്ചാല് അസ്വസ്ഥരാവുകയും കെ എസ് ഇ ബി യില് ക്ഷോഭിക്കുകയും ചെയ്യുന്ന ഞങ്ങള്ക്ക് കുടിയേറ്റക്കാരുടെ കല്ലേലിമേട്ടിലെയും ആദിവാസിക്കുടികളിലെയും മനുഷ്യരുടെ ക്ഷമയില് വല്ലാത്തൊരു അത്ഭുതവും ബഹുമാനവും തോന്നി. കുട്ടമ്പുഴ പഞ്ചായത്തിലെ ആറാം വാര്ഡിനോട് അതിരിട്ടാണ് ഇടമലയാറിലെ പവര് ഹൗസ് പ്രവര്ത്തിക്കുന്നതെന്ന് കൂടി കേള്ക്കുമ്പോള് ഈ ഇരുട്ടിന് കനം കൂടുന്നുമുണ്ട്.

കാടല്ലേ, അരുവികളില്ലേ... വെളളത്തിനൊരു ക്ഷാമവുമില്ലല്ലോ എന്ന് വേണമെങ്കില് നമുക്ക് പറയാം. പക്ഷെ സ്ഥിതിയതല്ല. വേനലായാല് കടുത്ത കുടിവെളളക്ഷാമുണ്ട്. അത് അധികൃതര്ക്ക് അറിയാത്തതല്ല. അതിന് തെളിവുകളുമുണ്ട്. വെളളമൊഴുകാത്ത പൈപ്പ് സ്ഥാപിച്ച് കീശനിറക്കലാണ് പണി.

ഇനിയുമുണ്ട് , കലവെച്ചപാറ, വാരിയം, തേര എന്നീ കുടികള്. ഇവിടുത്തെക്കാള് മോശമാണ് അവിടങ്ങളിലെ സ്ഥിതി. നേരം ആറ് മണിയോടടുക്കുന്നു. മുന്നോട്ടുളള യാത്ര നല്ല തീരുമാനമല്ലെന്ന് ജീപ്പിന്റെ സാരഥി ബിജു പറഞ്ഞു. ആനയും മറ്റ് വന്യജീവികളുമുണ്ട്. 

ബിജുവിനോട് കൂടി സംസാരിച്ച് മടങ്ങാന് തീരുമാനിച്ചു. രണ്ട് കാര്യങ്ങളാണ് ബിജുവിന് പറയാനുണ്ടായിരുന്നത്. പ്രധാനമായും പാതിരാകളിൽ ഗര്ഭിണികളുമായും രോഗികളുമായുളള അപായയാത്രകള്. പലപ്പോഴും പേടിച്ചരണ്ടാണത്രേ വണ്ടിയോടിക്കുക. പിന്നെ പറഞ്ഞത് ബിജുവിന്റെയും സമപ്രായക്കാരുടെയും കാര്യമാണ്. കെട്ടുപ്രായം കഴിഞ്ഞ് പുര നിറ​ഞ്ഞുനില്ക്കുകയാണത്രേ ഇവിടുത്തെ ചെറുപ്പക്കാര്. വഴിയും വൈദ്യുതിയും കുടിവെളളവുമില്ലാത്ത ഒരിടത്തേക്ക് കല്യാണം കഴിച്ചെത്താന് പെണ്കുട്ടികളോ അവരുടെ വീട്ടുകാരോ ആഗ്രഹിക്കുന്നില്ലത്രേ. പ്രേമിക്കാമെന്ന് വെച്ചാല് സ്ഥലം പറയുമ്പോഴേക്കും കഥ കഴിയും. അലഞ്ഞലഞ്ഞ് ബിജുവൊരാളെ കണ്ടെത്തിയിട്ടുണ്ട്.

എല്ലാ വകുപ്പുകളുടെയും അനാസ്ഥയും അവഗണനയും ഈ മേഖലയോടുണ്ട്. കാടിറങ്ങിപ്പൊയ്ക്കൂടെയെന്നായിരിക്കും വനംവകുപ്പ് ചോദിക്കുന്നത്. സൗകര്യമില്ലെന്നാണ് ഇവരുടെ മറുപടി. കുടിയേറിയധ്വാനിച്ച കര്ഷകരും ഈ മണ്ണ് സ്വന്തമായ ആദിവാസികളുമാണിവിടെയുളളത്. വലിയ കയ്യേറ്റക്കാര്ക്ക് കുടപിടിക്കുന്ന വനംവകുപ്പിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്കോ വഴി വെട്ടാനും, വെളിച്ചമെത്തിക്കാനുമുളള ഈ നാടിന്റെ ശ്രമങ്ങളെയും പുറംലോകവുമായി ബന്ധപ്പെടാനൊരു പാലമെന്ന മനുഷ്യാവകാശത്തെയോ അധികകാലം തളളിക്കളയാനാവില്ല.

MORE IN CHOONDU VIRAL
SHOW MORE