മഹാപ്രളയാനന്തരം കുഴൂർ

choonduviral-10
SHARE

പ്രളയാനന്തരം കേരളം പുനർമിക്കാനുളള പ്രസ്താവനകൾ തകൃതിയായിരുന്നു. പലതരത്തില്‍ പിരിവ് നടക്കുന്നു. പിരിവിനെച്ചൊല്ലി തർക്കം, കേസ്. മന്ത്രിമാർ പിരിവെടുക്കാൻ വിദേശത്തേക്ക് പോകുന്നു. അതിനിടയില്‍ വന്ന ശബരിമല കേസിലെ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി രാഷ്ട്രീയവടംവലികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. 

ഈ ലക്കം ചൂണ്ടുവിരലില്‍ ശബരിമല വിധിയും കേരളത്തിന്റെ നവോത്ഥാനചരിത്രവും എന്ന വിഷയം കൈകാര്യം ചെയ്യണമെന്ന് സുഹൃത്തുക്കള്‍ പലരും പറഞ്ഞു. അതിനിനിയും സമയമുണ്ടെന്ന് തോന്നി. കാരണം ലിംഗനീതിയുറപ്പാക്കാനാവാത്ത കേരളം പുതിയതല്ല, അറുപഴഞ്ചനായിരിക്കും.

ആർത്തവം അശുദ്ധിയാണെന്ന വാദവുമായി സ്ത്രീകളെ തെരുവിലിറക്കുന്ന കാലം അതിലും പഴഞ്ചനും അറുബോറുമാണ്. പക്ഷെ, ഈ വൈകാരികതക്ക് കെട്ടടങ്ങാന്‍ ഒരിത്തിരി സമയം കൊടുക്കേണ്ടതുണ്ട്. അടിമജീവിതമാണ് ഏറ്റവും ആസ്വാദ്യകരമെന്ന് തോന്നുന്നവർക്ക് ചിന്തിക്കാനെങ്കിലും കുറച്ച് സമയം കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 

അവരെ കുറ്റപ്പെടുത്തരുത്. ജീവിതത്തിലിന്നേവരെ സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാന്‍ കഴിയാത്തവർക്ക്, ഒരു മുദ്രാവാക്യം പോലും വിളിക്കാനാവാത്തവർക്ക് തെരുവിലിറങ്ങാന്‍ കിട്ടിയ അപൂര്‍വാവസരമെന്ന നിലയില്‍ നമ്മളവരോട് തീർച്ചയായും സഹാനുഭൂതിയോടെയും അനുകമ്പോടെയും പെരുമാറേണ്ടതുണ്ട്. 

അതിന് മുമ്പ് പക്ഷെ, പുതിയ കേരളത്തിലെ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും ചർച്ച ചെയ്യാനുളള സമയം നഷ്ടപ്പെടുത്താനാവില്ല. അതിനുളള വിലപ്പെട്ട സമയമാണ് അടിമത്തമാഘോഷിക്കുന്ന ഘോഷയാത്രകളും അതിനെ ചെറുക്കുന്ന സര്ക്കാരും ചേർന്ന് അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെടുത്തുന്നത്. 

ഇനിയെന്തിന് കുഴൂരെന്ന്. കുഴൂരൊരു ചെറിയ പഞ്ചായത്താണ്. തൃശൂര്‍ ജില്ലയുടെ അതിര്ത്തിയില്‍ എറണാകുളത്തോട് ചേർന്ന് കിടക്കുന്നത്. ആകെ പതിന്നാല് വാര്ഡുകള്‍. അതില്‍ പന്ത്രണ്ടും നാല് ദിവസം വെളളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു. മുങ്ങിനിവര്‍ന്ന കുഴൂരിന് സ്വന്തമാക്കി സൂക്ഷിക്കാന്‍ ബാക്കിയൊന്നുമുണ്ടായിരുന്നില്ല. 

അങ്ങനെയാണ് ഒരുസംഘം ചെറുപ്പക്കാര്‍ കുഴൂരിലേക്കെത്തുന്നത്. അവരങ്ങിനെ കൂട്ടത്തോടെ എത്തിയതിന് ഒരു കാരണമുണ്ട്. തൃശൂരില്‍ ദുരിതബാധിതർക്കുള്ള വിഭവങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു ക്യാംപിലായിരുന്നു ഇവര്‍. കുഴൂരില് നിന്നായിരുന്നു ഏറ്റവുമധികം വിളികളെന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രളയാനന്തരം അവര്‍ കുഴൂരിലേക്കെത്തിയത്.

കുഴൂരിനെക്കുറിച്ചും ഇവിടുത്തെ മനുഷ്യരെക്കുറിച്ചും പ്രളയം ഈ നാടിനോട് ചെയ്തതിനെക്കുറിച്ചുമൊക്കെ പറയുന്നതിന് ഒരു കാരണമുണ്ട്. കുഴൂര്‍ ഗ്രാമീണകേരളത്തിന്റെ ഒരു പരിച്ഛേദമാണ്. ഈ ഗ്രാമങ്ങളെക്കുറിച്ച് ലോകബാങ്കിനോ, കെ പി എം ജി എന്ന കൺസള്‍ട്ടൻസിക്കോ എന്തെങ്കിലും അറിയുമോയെന്ന കാര്യം സംശയമാണ്. കേരളസർക്കാർ ഇപ്പോള്‍ വിഭാവനം ചെയ്യുന്ന തരത്തിലുളള കേന്ദ്രീകൃതമായ നവകേരളനിർമാണം ആനമണ്ടത്തരവും വിനാശകരവുമായിരിക്കും എന്നോര്‍മിപ്പിക്കാന്‍ ഞങ്ങള്‍ കുഴൂരിനെ ഒരുദാഹരണമാക്കുകയാണ്.

ആദ്യം എന്താണ് കുഴൂരിന്റെ പ്രത്യേകതയെന്ന് നോക്കാം. കുഴൂര്‍ പോലെ നൂറുകണക്കിന് തദ്ദേശസ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. തനത് വരുമാനം തീരെക്കുറവെങ്കിലും ഈ നാടിന്റെ ഭൂമിശാസ്ത്രം അറിഞ്ഞാണ് ഫണ്ടുകള്‍ ചിലവഴിക്കുന്നത്. 

കേരളത്തിലെ ഒരുപാട് പ്രദേശങ്ങളെപ്പോലെ കുഴൂരും പ്രളയാനന്തരം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി മാലിന്യസംസ്കരണമായിരുന്നു. ക്ഷീരക്കര്ഷകര്‍ നിരവധിയുളള ഭൂപ്രദേശമാണ് കുഴൂരും കുണ്ടൂരും. നൂറുകണക്കിന് ആടുമാടുകള്‍ ചത്തൊഴുകുന്ന സാഹചര്യമായിരുന്നു പ്രളയദിവസങ്ങളില്‍.

ഇടത്തരം വ്യവസായമുളള കര്ഷകര്‍ തിരിച്ചുവരവിനുളള ശ്രമത്തിലാണ്. നിരവധി പശുക്കളും പാലുല്പ്പന്നസംസ്കരണ സംവിധാനവുമെല്ലാമുളള സംരംഭമായിരുന്നു ഇന്ദുവിന്റേത്. അത് പൂര്ണമായും നശിച്ചു. പശുക്കളുടെ അസ്ഥികൂടം അങ്ങിങ്ങ് അവശേഷിക്കുന്നുണ്ട്.

പഞ്ചായത്തിലെ പൊതുസാഹചര്യം ഇതായിരുന്നില്ല. ചത്ത പശുക്കളും ആടുകളും ഗുരുതരമായ ആരോഗ്യസാമൂഹ്യപ്രശ്നമായി മാറിയിരുന്നു.

രണ്ടോ മൂന്നോ പശുക്കളെക്കൊണ്ട് കുടുംബം പുലര്ത്തിയിരുന്നവരുടെ കാര്യം തീർത്തും കഷ്ടമാണ്. സർക്കാർ കൊടുക്കുന്ന പതിനായിരം രൂപ ഉപജീവനം നഷ്ടപ്പെടുന്ന ഈ മനുഷ്യർക്ക് എന്ത് ചെയ്യാനാണ്.

ഈ മനുഷ്യരുടെ, അവരുടെ കുടുംബാംഗങ്ങളുടെ ഭാവിജീവിതങ്ങളെക്കുറിച്ച് നമ്മുടെ സര്ക്കാരോ സർക്കാർ വകുപ്പുകളോ ഇതുവരെ എന്തെങ്കിലും ആലോചിച്ചിട്ടുണ്ടേോ? ഇല്ലേയില്ല. സര്ക്കാരുദ്യോഗസ്ഥര്‍ സാലറി ചലഞ്ചിനപ്പുറവും ഇപ്പുറവും നിന്ന് സാറ്റ് കളിക്കുകയാണ്.

കുഴൂരിലൂടെയിലുളള യാത്രയിലേറ്റവും കൂടുതല്‍ ഞങ്ങള് കണ്ടത് മലവെളളമിറങ്ങി കരിഞ്ഞുണങ്ങിയ ജാതിമരങ്ങളാണ്. കുഴൂരിന്റെ ഏറ്റവും വലിയ വരുമാനമാർഗമായിരുന്നു ജാതിയും അനുബന്ധ ഉത്പന്നങ്ങളും.

ജോണ്‍ സ്വന്തം നിലയില്‍ കൃഷി പുനരാരംഭിക്കാനുളള ശ്രമത്തിലാണ്. ജോണിന് ഒരുപക്ഷെ അത് കഴിഞ്ഞേക്കാം. പക്ഷെ തീർത്തും ചെറുകിട കർഷകര്‍ക്ക് അത് കഴിയണമെന്നില്ല. പക്ഷെ ഓരോ പ്രദേശത്തിന്റെയും നഷ്ടവും നഷ്ടമുണ്ടായ കര്ഷകന്റെ സാമ്പത്തികനിലയുമൊക്കെ പരിശേോധിക്കാനും വിലയിരുത്താനും കണക്കെടുക്കാനുമുളള മിനിമം തയാറെടുപ്പുകളെങ്കിലും സര്ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതായിരുന്നു. മഹാപ്രളയാനന്തരം പോലും അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. 

ഇവിടെയാണ് പുതിയ കേരളത്തിന് മാതൃകയായി പുതിയ കുഴൂരെന്ന മുദ്രാവാക്യമുയർത്തിയ ചെറുപ്പക്കാരുടെ ഇടപെടല്‍ ചൂണ്ടുവിരലാകുന്നത്. വിശദമായ സാമൂഹ്യസാമ്പത്തിക സര്‍വെക്കുളള എല്ലാ തയാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. കുടുംബശ്രീ, ആശാ പ്രവര്ത്തകരെ ഉള്പെടുത്തി സര്‍വെക്കുളള പരിശീലനപരിപാടിയും നടന്നുകഴിഞ്ഞു.

സെക്രട്ടറിയേറ്റില്‍ നിന്ന് കെട്ടിയിറക്കുന്ന ഉത്തരവുകളോ പദ്ധതികളോ അല്ല, മറിച്ച് ഒരു നാടിന്റെ ഭൂമിശാസ്ത്രവും സാമൂഹ്യാന്തരീക്ഷവും പരിഗണിച്ച് മനസറിഞ്ഞുളള നവനിര്മാണമാണ് നടക്കേണ്ടത് എന്ന ഉത്തമബോധ്യത്തില് നിന്നാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ. ആ പ്രവര്ത്തനത്തില്‍ തദ്ദേശസ്ഥാപനങ്ങള്ക്കുളള പങ്ക് ഏറ്റവും പ്രധാനമാണ്. ഒരുപക്ഷെ, മുഖ്യമന്ത്രിയുടെ ഓഫീസിനെക്കാളും പ്രധാനം.

വികസനത്തിന്റെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിയാതെ പുതിയൊരു കേരളത്തിന് വേണ്ടി നമുക്കൊരു പദ്ധതിയുണ്ടാക്കാനാവില്ല. നിര്ഭാഗ്യവശാല്‍ നമ്മുടെ സര്ക്കാരിന് അങ്ങനെയൊരു പദ്ധതിയുണ്ടെന്ന് തോന്നുന്നതേയില്ല. ഇനിയുണ്ടെങ്കിലും പിരിവിനെക്കുറിച്ചുളള വിരസമായ ആവർത്തനങ്ങളും നവകേരളം നവകേരളമെന്ന പ്രളയാനന്തര ഏമ്പക്കങ്ങളും മാത്രമാണ് പൊതുജനങ്ങള്ക്ക് അനുഭവപ്പെട്ടത്.

അതെ... ഈ പ്രളയം കേരളത്തെ ഞെട്ടിപ്പിച്ചോര്മിപ്പിച്ചത് മാലിന്യസംസ്കരണത്തെക്കുറിച്ചാണ്. പ്രത്യേകിച്ചും അജൈവമാലിന്യങ്ങളുടെ സംസ്കരണം. പ്രളയാനന്തരം പച്ച പുതച്ച കേരളമായിരുന്നില്ല നാം കണ്ടത്, പ്ലാസ്റ്റിക് പുതച്ച കേരളത്തെയാണ്. അതിന്റെ സംസ്കരണം ഒരു തദ്ദേശസ്ഥാപനത്തിനും കഴിയില്ല. 

പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്ന, ഇലക്ട്രോണിക് വെയ്സ്റ്റ് സംസ്കരണത്തിന് കൃത്യമായ മാനനണ്ഡങ്ങള്‍ നടപ്പിലാക്കുന്ന ഒരു പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനായിരുന്നു അടിയന്തരപ്രാധാന്യമുണ്ടാവേണ്ടിയിരുന്നത്. ഭാഗ്യത്തിന് മുഖ്യമന്ത്രിയോ മന്ത്രിമാരോ അങ്ങനെയൊന്നും പറഞ്ഞുപോലും കേട്ടില്ല.

സംസ്ഥാനസര്ക്കാരിന്റെ നവകേരള അജണ്ടകളെക്കുറിച്ച് അങ്ങേയറ്റത്തെ ആശങ്കകളുണ്ടാക്കുന്ന കാഴ്ചകളും കുഴൂരില് തന്നെ ഞങ്ങള് കണ്ടു. കുഴൂരിലെ നാശനഷ്ടങ്ങളുടെ കണക്കെടുക്കും മുമ്പ് ഇവിടെ സര്ക്കാരിന്റെ പ്രളയാനന്തരവികസന അജണ്ട പ്രകാശിതമായി.

വാസ്തവത്തില്‍ കുഴൂരില് ഞങ്ങളെയേറ്റവും ആകര്ഷിച്ച കാഴ്ച ഷെൽട്ടർ നിർമാണമാണ്. താത്കാലിക ഷെൽട്ടറുകൾ. വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് സർക്കാർ നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതൊന്നിനും തികയില്ല എന്നതും അതെന്ന് കിട്ടുമെന്നറിയില്ല എന്നതും അവിടെ നില്ക്കട്ടെ. 

ക്യാംപുകളൊക്കെ പിരിച്ചുവിട്ടുകഴിഞ്ഞു. വീടുകള്‍ പൂർണമായും തകർന്നുപോയ മനുഷ്യര്‍ എവിടെ ജീവിക്കുമെന്ന് ആലോചിക്കേണ്ട ചുമതല സര്ക്കാരിനില്ലേ. തീർ‌ച്ചയായും ഉണ്ടായിരുന്നു. കൺസൾട്ടൻസിയെ നിയമിക്കുന്നതിന്റെയും നഷ്ടക്കണക്കുണ്ടാക്കുന്നതിന്റെയുമൊക്കെ തിരക്കിലായിരിക്കും. പുതിയ കുഴൂരെന്ന ലക്ഷ്യവുമായെത്തിയ ചെറുപ്പക്കാര് വീട് പൂര്ണമായും നഷ്ടപ്പെട്ടവരുടെ വ്യഥകള് തിരിച്ചറിയുകയാണ്. 

തത്കാലത്തേക്ക് ഷെല്ട്ടറുകള്‍. രണ്ടെണ്ണം പൂർത്തിയായി, ബാക്കി പുരോഗമിക്കുന്നു.

ഫൈന്‍ ആർട്സ് കോളജുകളിലെ, എന്ജിനിയറിങ് കോളജുകളിലെ വിദ്യാര്ഥികള്‍, തീയേറ്റർ ആർട്ടിസ്റ്റുകൾ പിന്നെ പണിയറിയാവുന്ന നാട്ടുകാര്‍.... എല്ലാവരും ചേർന്നാണ് ഷെൽട്ടറുകൾ യാഥാര്ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്.

ചെറുപ്പക്കാരുടെ കൂടുതല് സാന്നിധ്യമുറപ്പാക്കി പുതിയ കുഴൂര്‍ യാഥാര്ഥ്യമാക്കാനുളള ശ്രമത്തിലാണ് സന്നദ്ധപ്രവര്ത്തകരും പഞ്ചായത്തും.

കണ്സള്ട്ടന്സിക്കും മുമ്പ് ചെയ്യേണ്ട പലതും സംസ്ഥാന സര്ക്കാര്‍ ഇനിയും ചെയ്തിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. പ്ലാന്‍ എയോ ബിയോ സിയോ ഉണ്ടോ, ഉണ്ടെങ്കില്‍ എന്താണ് എന്നൊന്നും ആര്ക്കുമറിയില്ല. കുഴൂരില്‍ പഞ്ചായത്തിനും ഇവിടുത്തെ ജനങ്ങള്ക്കും ഇവിടെ പ്രവര്ത്തിക്കാനെത്തിയവര്ക്കും കൃത്യമായ പ്ലാനുണ്ട്. കേരളത്തിന് മാതൃകയാക്കാവുന്നൊരു പ്ലാന്.

ആർത്തവം അശുദ്ധിയാണെന്ന് സ്ഥാപിച്ചു കിട്ടാന്‍ തെരുവിലിറങ്ങി സമരം ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ഊർജം ഇത്തരം ക്രിയാത്മകപ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടാന് കൂടി കഴിഞ്ഞാല്.... സംശയം വേണ്ട... ശരിക്കുമൊരു പുതിയ കേരളമുണ്ടാകും.

MORE IN CHOONDU VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.