സ്വത്വം വേട്ടയാടപ്പെട്ട് ഇരവാളർ; കൊല്ലങ്കോട്ടെ ആദിവാസി ഊരുകളിലേക്ക് ഒരു യാത്ര

Choonduviral-kollangodu
SHARE

നാടറിയുന്ന, നാട് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്കിടയിലാണ് ഞങ്ങൾ പാലക്കാട് ജില്ലയിലെ കൊല്ലങ്കോടെത്തിയത്. രാവിലെ തന്നെ കൊല്ലങ്കോട്ടെ ആദിവാസി ഊരുകളിലേക്ക് തിരിച്ചു. ഞങ്ങളെ കാത്ത് അവരുടെ പ്രതിനിധികളുണ്ടായിരുന്നു. അവരുടെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരവാളർ വിഭാഗത്തില്‍പെട്ട മനുഷ്യരാണ്. അതൊന്നംഗീകരിച്ചുകിട്ടാനുളള പോരാട്ടത്തിലാണ് ഇവിടുത്തെ മനുഷ്യർ. ചെറിയൊരു പുഴ മുറിച്ചുകടന്ന് നെല്‍പാടങ്ങള്‍ക്ക് നടുവിലൂടെ ഊരിലേക്ക്.

പോകുംവഴി കുട്ടികൾ സ്കൂളിലേക്ക്. അമ്മമാരുമുണ്ട്. ഒരു ഘട്ടം കഴിഞ്ഞാൽ ഈ കുട്ടികൾക്ക് വിദ്യാഭ്യാസം വലിയ ബുദ്ധിമുട്ടാണ്. പലതുണ്ട് കാരണങ്ങൾ. അത് വഴിയേ പറയാം.

13 ഊരുകളിലായി 250 ഓളം വീടുകൾ. ആയിരത്തോളം മനുഷ്യർ. അവരുടെ ജീവിതപ്രശ്നങ്ങളിലേക്കും അംഗീകരിച്ചുകിട്ടാത്ത സ്വത്വത്തിന്റെ വേദനകളിലേക്കുമാണ് ഞങ്ങൾ നടന്നുചെന്നത്.

ഊരുകളിലേക്കുളള യാത്രയിൽ കുടിവെളളവുമായി പോകുന്ന സ്ത്രീകൾ. കുടിവെളളം ഇവിടെയൊരു നീറുന്ന പ്രശ്നമാണ്. മലവെളളമായിരുന്നു കുടിക്കാനും മറ്റും ഉപയോഗിച്ചിരുന്നത്. ഈയടുത്തുണ്ടായ മഹാപ്രളയം മലയിടിച്ചു. പലയിടത്തും ഉരുൾ പൊട്ടി. സ്വാഭാവികമായ ജലലഭ്യത ഇപ്പോൾ നേർത്തുപോയി.

കുടിവെളളമടക്കമുളള പ്രശ്നങ്ങൾ, അതിലും വലിയ പ്രശ്നങ്ങളിൽ പെട്ടുഴലാന്‍ ഈ മനുഷ്യരെ നിർബന്ധിതരാക്കുന്നത് ഒരേയൊരു കാരണമാണ്. ഇരവാളറെന്ന ഇവരുടെ ജാതിസ്വത്വം അംഗീകരിക്കപ്പെടുന്നില്ല. ഓർക്കണം കൊല്ലങ്കോട്ടെ ഇരവാളർക്ക് മാത്രമാണ് പ്രതിസന്ധി. മുതലമടയിലോ, പ്ലാച്ചിമടയിലോ മറ്റെവിടെയുമുളള ഇരവാളർക്ക് പട്ടികവർഗക്കാരാണെന്ന് തെളിയിക്കാന്‍ അലമുറയിടേണ്ടി വരുന്നില്ല. അവർക്കത് സ്വാഭാവികമായി പണ്ട് മുതൽ ലഭിക്കുന്നു. ഇവിടെയും ലഭിച്ചിരുന്നതാണ്. 2008 വരെ. പിന്നെയൊരു സുപ്രഭാതത്തിൽ അതില്ലാതായി. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരെക്കുറിച്ചും അവരുടെ ഉന്നമനത്തെക്കുറിച്ചും ഗവേഷണം നടത്തുന്ന സ്ഥാപനമായ കിർ‌ത്താഡ്സാണ് പെട്ടെന്നൊരു സുപ്രഭാതത്തില് ഈ മനുഷ്യരെ പട്ടികവര്ഗത്തില് നിന്ന് ഒഴിവാക്കാൻ ശുപാർശ ചെയ്തത്.

ഏറെക്കുറെ ഐശ്വര്യ പറഞ്ഞതൊക്കെ തന്നെയാണ് മറ്റുളളവർക്കും പറയാനുളളത്. അവരെ കേള്‍ക്കാനും അവര്‍ക്ക് കേരളത്തെ കേൾപിക്കാനും ഉളള അവസരമാക്കി ഈ ലക്കം ചൂണ്ടുവിരൽ തുറന്നിടുകയാണ്. 

2008 ൽ പട്ടികവർഗ സർട്ടിഫിക്കറ്റ് നിരസിക്കപ്പെടുന്നതിന് മുമ്പ് ഈ മനുഷ്യരെ സന്ദര്ശിച്ച് വിശദമായ പഠനമൊന്നും നടത്തിയതായി സൂചനകളില്ല. അതിന് ശേഷം ഇവരുടെ പരാതികളുടെ അടിസ്ഥാനത്തില് പഠനം നടത്തുന്നതിന് വേണ്ടി പലവട്ടം കിര്ത്താഡ്സിലെ ഗവേഷകർ ഇവിടം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കില് ഇവരെ ഒഴിവാക്കിയതെന്തിനെന്ന ചോദ്യത്തിനുളള ഉത്തരം സര്ക്കാര് പറഞ്ഞേ തീരൂ. ഇത്രയും വലിയൊരു മനുഷ്യാവകാശപ്രശ്നത്തില് ഇവരെ സന്ദർശിച്ച് പഠിച്ച് തയാറാക്കിയ റിപ്പോര്ട്ട് ഏത് പശുത്തൊഴുത്തിൽ വിരിയാൻ വെച്ചിരിക്കുന്നു എന്ന് കൂടി പറയണം. ഇനിയിപ്പൊ നരവംശശാസ്ത്രത്തിന്റെ തിയറികളിലെവിടെയെങ്കിലും ഇവരൊരു സുപ്രഭാതത്തിൽ അവരുടെ സ്വത്വത്തിൽ നിന്ന് പുറത്തായെങ്കിൽ തന്നെ ഈ മനുഷ്യർക്കൊപ്പം നിൽക്കാനേ നിവൃത്തിയുളളൂ. അവർക്കൊപ്പമേ നില്ക്കൂ.

പട്ടികവർഗക്കാര്‍ക്ക് വേണ്ടി എത്രയെത്ര ഭവനപദ്ധതികളുണ്ട്. അതൊന്നും ഭാഗികമായി പോലും ലക്ഷ്യം കണ്ടിട്ടില്ലെങ്കില് കൂടി ഇവരും അതിനര്ഹരായിരുന്നു. അര്ഹരാണ്. അതുകൊണ്ടാണ് ആഗ്രഹമുണ്ടായിട്ടും ഇവരിപ്പോഴും പ്രാകൃതകവാടങ്ങളിൽ താമസിക്കാൻ നിർബന്ധിതരാകുന്നത്. 

ഓർമയണഞ്ഞു തുടങ്ങിയെങ്കിലും ഊരുമൂപ്പൻ ചാമിയും ഞങ്ങളോട് സംസാരിച്ചു. അനീതിയുടെ വഴികളെക്കുറിച്ച് നല്ല ധാരണയില്ലെങ്കിലും തന്റെ ആളുകളോട് ഭരണകൂടം ചെയ്തത് കടുത്ത അനീതിയെന്ന കാര്യത്തില് മൂപ്പന് സംശയമേയില്ല. തമിഴ്നാട്ടിൽ നിന്ന് തലമുറകൾക്കു മുമ്പ് കുടിയേറിയതും മൂപ്പന് നല്ല ഓർമയുണ്ട്.

മൂപ്പൻ പറയുന്നതിന്റെ ചുരുക്കമിതാണ്. കിടക്കാൻ വീടില്ല. നടക്കാൻ വഴിയില്ല. കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനോ തൊഴിലിനോ ഒരു മാർഗവുമില്ല. അത് പൂർണമായും സത്യമാണെന്ന് ഈ ഊരുകൾ സന്ദർശിച്ച ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. സംവരണം, സ്വന്തം ജാതിയുടെ അംഗീകാരം ഇതൊന്നും പിന്നോക്കക്കാർക്കെതിരെ ജാതി ഇപ്പോഴും നിറഞ്ഞാടുന്ന ഇന്ത്യാമഹാരാജ്യത്ത് ആരുടെയും ഔദാര്യമല്ല. അത് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ഓർമിക്കുന്നില്ലെന്നും ഞങ്ങള്‍ വീണ്ടും വീണ്ടുമോർത്തു. അവർ ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.

ഐശ്വര്യ നല്ല വിദ്യാഭ്യാസമുളള കുട്ടിയാണ്. ഐശ്വര്യയെപ്പോലെ ചുരുക്കം ചിലരാണ് ഇവിടെ കൂടുതൽ പഠിക്കുക. അങ്ങനെ പഠിച്ചൊരു പെൺകുട്ടിയുടെ പിതാവാണ് കൃഷ്ണൻ. വലിയ നിരാശയോടെയാണ് മകളുടെ ജോലി നരവംശതിയറിക്കാർ തട്ടിത്തെറിപ്പിച്ചതോർത്ത് സങ്കടപ്പെട്ടത്.

ഒരു സംശയവുമില്ല. ആ പെൺകുട്ടിക്ക് ജോലി കിട്ടിയിരുന്നെങ്കിൽ ഈ ഊരിന്റെ വർത്തമാനകാലചിത്രം പോലും മാറിപ്പോയേനെ. 

ഇനി പറയാനുളളതാണ് കേരളത്തെ, കേരളത്തിലെ ഉദ്യോഗസ്ഥരെ, കേരളത്തിലെ സാമൂഹ്യശാസ്ത്രജ്ഞരെ നാണിപ്പിക്കേണ്ടത്. ഒരാളുടെയും ഔദാര്യമല്ല ഈ ജനത ചോദിക്കുന്നത്. ഇരവാളർ എന്ന സമുദായത്തിന് മറ്റിടങ്ങളിൽ കിട്ടുന്ന അംഗീകാരമെന്ന അവകാശം വേണമെന്ന് മാത്രമാണ്.

അതെ ഇരവാളർ സമുദായത്തിൽപെട്ട കൊല്ലങ്കോടെ ഈ മനുഷ്യർ ഒരു സമരം ചെയ്തിരുന്നു. ഒമ്പത് മാസം നീണ്ടുനിന്ന സമരം. സമരപ്പന്തൽ പൊളിച്ചുകളഞ്ഞാണ് ജില്ലാ ഭരണകൂടം ധർമസമരത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചത്. പ്രത്യക്ഷസമരം അവസാനിച്ചെങ്കിലും അവർ കീഴടങ്ങാന്‍ തയാറല്ലെന്നാണ് ഈ ഊരിൽ നിന്ന് ഞങ്ങൾക്ക് ബന്ധപ്പെട്ട സംവിധാനങ്ങളോട് പറയാനുളളത്. 

തങ്കമണിയാണ് ഞങ്ങളെ തകർത്തുകളഞ്ഞത്. ഇരവാളർ വിഭാഗക്കാരായി പട്ടികവർഗത്തിൽ ഉൾപെടുത്താതിരിക്കാൻ ഉദ്യോഗസ്ഥർ ഇവരോട് പറഞ്ഞ വിചിത്രവാദങ്ങളെയും ന്യായങ്ങളെയും ഈ ഭാഷയിൽ ഈ മൂർച്ചയിൽ പരിഹസിക്കാന്‍ ഞാനാളല്ല.

അതായത്, ചേലയും ചുറ്റി കല്ലുമാലയുമിട്ട് പഴയകാലത്ത് ജീവിച്ചവരെപ്പോലെ ഇപ്പോഴും ജീവിക്കണമോ സ്വന്തം ജാതിസ്വത്വം തെളിയിക്കാനെന്ന മില്യന്‍ ഡോളർ ചോദ്യമാണ് തങ്കമണിയുടേത്. 

തങ്കമണിയെപ്പോലെ നിരാശരാണ് പലരും. അടുത്ത തലമുറക്കെങ്കിലും ഒരു മോചനമുണ്ടാകണമെന്ന ഒറ്റയാഗ്രഹമേയുളളൂ. ചിലരൊക്കെ മടുത്തു. തങ്ങള് വര്ഷങ്ങളായി തനത് ആചാരങ്ങള് പാലിച്ച് ജീവിച്ചുവന്ന ഇരവാളർ ജാതിയില് നിന്ന് ആര്ക്ക് പുറത്താക്കാന് കഴിയുമെന്ന തീര്ത്തും ലളിതമായ സംശയമാണ് ഈ മനുഷ്യരുടേത്.

അതെ. എങ്കിലങ്ങ് എല്ലാവരെയും എങ്ങനെയെങ്കിലും ഇല്ലാതാക്കി തങ്ങളെയും പരാതിയും തീര്ത്തുകളഞ്ഞുകൂടെ എന്ന ചോദ്യമാണ് ആര്ച്ചാമിയുടേത്. വാസ്തവത്തില് നിസഹായരായ ഈ മനുഷ്യരുടെ നിറുകയില് കയറിയിരുന്നാണ് നരവംശശാസ്ത്രത്തിന്റെ പകിടകളി. ഒരു ജനതയെ തട്ടിക്കളിക്കുന്നവര് ഈ ചോദ്യങ്ങള്ക്ക് കൂടി ഉത്തരം നല്കണം. പട്ടികവര്ക്കാരല്ലെങ്കില് ഇവര്ക്ക് നായര്/ബ്രാഹ്മണ സമുദായങ്ങളില് നിന്ന് വിവാഹബന്ധങ്ങള്ക്ക് അനുവാദമുണ്ടാകുമോയെന്നത് ഒന്നൊന്നരച്ചോദ്യമാണ്. 

ഇതിനൊന്നും ഉത്തരമുണ്ടാവില്ലെന്നറിയാം. ഈ പതിമൂന്ന് ഊരുകളിെല ഇരവാളർ വിചാരിച്ചാൽ നരവംശശാസ്ത്രജ്ഞരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സിംഹാസനങ്ങള്‍ക്ക് ഒരിളക്കവും തട്ടില്ലെന്നറിയാം. കുറഞ്ഞപക്ഷം പാലക്കാട് ജില്ലയിൽ നിന്ന് ജനപ്രതിനിധിയും പിന്നോക്കവകുപ്പ് മന്ത്രിയുമായ എ കെ ബാലനെങ്കിലും കണ്ണ് തുറന്ന് ഈ മനുഷ്യരെ കാണേണ്ടതാണ്.

ഇത് സുബ്രഹ്മണ്യൻ സങ്കടം കൊണ്ട് പറയുന്നതാണ്. വില്ലേജോഫീസാക്രമിക്കാനൊന്നും സുബ്രഹ്മണ്യനോ സഹജീവികളോ പോവില്ല. അതിന്റെ പേരില്‍ നിരാലംബരായ ഈ മനുഷ്യരെ മാവോയിസ്റ്റുകളാക്കി ഊപ്പ ചുമത്തരുത്. കാരണം ഈ മനുഷ്യർ അങ്ങനെയെന്തെങ്കിലും തീരുമാനിച്ചിരുന്നെങ്കിൽ പണ്ടേ പലതും ചാമ്പലാകുമായിരുന്നു.

MORE IN CHOONDU VIRAL
SHOW MORE