ഭയഭക്തിബഹുമാനങ്ങളോടെ പൊലീസ് അന്വേഷിച്ച കേസ്; നീതിക്ക് വേണ്ടിയുളള നിലവിളി തുടരുന്നു

Choonduviral-main
SHARE

സവിശേഷമായ ഒരു സാഹചര്യത്തിലാണ് ഈയാഴ്ചത്തെ ചൂണ്ടുവിരല്‍ ഒരുപക്ഷെ, ഇന്ത്യയിലെ ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വമായ സാഹചര്യം. ഒരു സംഘം കന്യാസ്ത്രീകള്‍ നീതിതേടി തെരുവിലിറങ്ങി സമരം ചെയ്യുന്നു. അവരതിന് നിര്‍ബന്ധിതരായതാണ്. നീതിക്ക് തെരുവിലിറങ്ങേണ്ടവന്നത് അങ്ങേയറ്റം ദുഃഖകരമെങ്കിലും പുറത്ത് കേള്‍പിക്കാതെ അടക്കിനിര്‍ത്തിയിരുന്ന ശബ്ദങ്ങള്‍ പുറംലോകത്തേക്കെത്തുന്നത് അങ്ങേയറ്റം പ്രതീക്ഷ നല്‍കുന്നതുമാണ്.

ആരോപിക്കപ്പെടുന്നത് ഒരു ചില്ലറക്കേസല്ല. ഒരു ബലാല്‍സംഗക്കേസാണ്. ഒരു മെത്രാന്‍ ഒരു കന്യാസ്ത്രീയെ തന്റെ എല്ലാ പ്രിവിലേജുമുപയോഗിച്ച് ബലാല്‍സംഗം ചെയ്തുവെന്നും അതേ പ്രിവിലേജുകളുടെ മറവില്‍ നിയമത്തിനതീതനായി തുടരുന്നുവെന്നുമാണ് പരാതി. ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല കന്യാസ്ത്രീകള്‍ ഇങ്ങനെയൊരു സമരത്തിനിറങ്ങിപ്പുറപ്പെടുമെന്ന്. സഹനത്തിന്റെ സകല സീമകള്‍ക്കും തടുക്കാനാവാത്ത രോഷമാണ് കീഴ്വഴക്കങ്ങളെ മഠത്തിലുപേക്ഷിച്ച് കേരള ഹൈക്കോടതിയുടെ വിളിപ്പുറത്ത് സമരമിരിക്കാന്‍ ഈ കന്യാസ്ത്രീകളെ പ്രേരിപ്പിച്ചത്.

നീതിക്ക് വേണ്ടിയുളള നിലവിളികളത്രയും പരിഹാസത്തിന്റെ അള്‍ത്താരകളില്‍നിന്ന് പുറത്തുകടക്കാതായപ്പോഴായിരുന്നു കന്യാസ്ത്രീകളുടെ പ്രത്യക്ഷസമരം.

കന്യാസ്ത്രീമഠങ്ങളെക്കുറിച്ച്, കന്യാസ്ത്രീകളുടെ ജീവിതാവസ്ഥകളെക്കുറിച്ച് പഠിക്കാനും പരിശോധിക്കാനുമുളള അവസരം കൂടിയാണ് ഈ സമരം തുറന്നിടുന്നത്. പലവട്ടം കിട്ടിയ ആ അവസരം നമ്മളുപയോഗിച്ചിട്ടില്ല. ഇക്കുറി അതുണ്ടാവരുത്. അത്തരമൊരു പഠനത്തിന് ജനാധിപത്യ ഇന്ത്യക്കും പുരോഗമന കേരളത്തിനും ബാധ്യതയുണ്ട്.

Thumb Image

ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനാണെന്ന വിധിതീര്‍പ്പൊന്നും നടത്താന്‍ ഈ പരിപാടിക്ക് കഴിയുകയേയില്ല. അതിന് മുതിരുന്നുമില്ല. പക്ഷെ, ഒരു കാര്യത്തില്‍ ഉത്തരവാദപ്പെട്ട പലരും പുലര്‍ത്തുന്ന നിസംഗത ഞങ്ങള്‍ക്കില്ല. ആര്‍ക്കൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍. എല്ലാം പരാജയപ്പെടുമ്പോള് ധര്മത്തിന്റെ വിലാപമുണ്ടാവും. ഇരയുടെ കൂടെ നില്ക്കാന് ഞാനാഗ്രഹിക്കുന്നു.

ഹൈക്കോടതി നടയിലെ കന്യാസ്ത്രീകളുടെ സമരം ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. കേരളത്തിന്റെ മനസ് സമരത്തിനൊപ്പമെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു. അത് തിരിച്ചറിയാത്തതായി ചിലരുണ്ട്. ഇരക്കൊപ്പം നില്‍ക്കുന്നതില്‍ നിന്ന് അവരെ തടയുന്നതാരാണെന്ന്, എന്താണെന്ന് ഊഹിക്കുകയേ നിവൃത്തിയുളളു. സമരത്തെ കേരളം ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഘട്ടത്തില്‍ കെ സി ബി സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് നിരാശപ്പെടുത്തിയെന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ കുറഞ്ഞുപോകും.

സംസ്ഥാനസര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടും തമാശയാണ്. ഇരക്കൊപ്പമെന്ന ആവര്‍ത്തിച്ചുളള പ്രഖ്യാപനമല്ലാതെ കണിശമായ നടപടികളൊന്നും സര്‍ക്കാരില്‍ നിന്നോ പൊലീസില്‍ നിന്നോ ഉണ്ടായില്ല. ഭയഭക്തിബഹുമാനങ്ങളോടെ പൊലീസന്വേഷിച്ച കേസെന്നായിരിക്കും ചരിത്രം ഈ ബലാല്‍സംഗക്കേസിനെ വിശേഷിപ്പിക്കുക. 

കേസെടുത്ത് അകത്തിടാന്‍ മതിയായ തരത്തില്‍ വിക്ടിം ബ്ലെയിമിങ്ങടക്കം നടത്തിയവരൊക്കെ ബഹുമാന്യരാണ്. വേണ്ടപ്പെട്ടവരുടെ സ്ത്രീപീഡനക്കേസുകള്‍ ഒതുക്കിത്തീര്‍ത്തുപരിചയമുളള ഒരു പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് കൂടി വെറുതെ ഓര്‍ത്തുപോകാം. 

ലോകമാകെ സ്ത്രീകളുടെ പ്രശ്നങ്ങളെ പുതിയൊരു മനസോടെ കാണുന്ന, പഠിക്കുന്ന, മനസിലാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. കന്യാസ്ത്രീകളുടെ കാര്യത്തില്‍ മാത്രം അത് ചെയ്യാതിരിക്കുന്നത് നീതികേടാണ്. ഇപ്പറഞ്ഞതൊക്കെ, സമരം ചെയ്യുന്നവര് പറയുന്നതൊക്കെ സഭക്കെതിരായ സമരമെന്ന് പറയുന്നവരുണ്ട്. അവര്‍ നിക്ഷിപ്തതാത്പര്യക്കാരാണ്. ഇത് സഭാപ്രശ്നമോ, മതപ്രശ്നമോ അല്ലേയല്ല. ഇതൊരു സാമൂഹ്യപ്രശ്നവും നിയമപ്രശ്നവുമാണ്. സഭക്കെതിരായ ഒളിയുദ്ധത്തില്‍ ആരെങ്കിലും ഈ സാഹചര്യം ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ആത്മാര്‍ഥമായി പരിശോധിക്കണം. 

MORE IN CHOONDU VIRAL
SHOW MORE