ജനങ്ങളെ കൊള്ളയടിക്കുന്ന 'സർഫാസി'

preetha-choonduviral
SHARE

പ്രീതാ ഷാജിയുടെ നിരാഹാരസമരം ഇപ്പോള്‍ തുടരുന്നില്ല. ഇത് ഞങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്തതാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയം കണ്ട് പകച്ചുപോയപ്പോള്‍ ഞങ്ങളും പ്രളയബാധിതര്‍ക്കൊപ്പം കൂടി. അതുകൊണ്ട് അന്ന് ചിത്രീകരിച്ചത് സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. 

അനുഭാവപൂര്‍ണമായ സമീപനമുണ്ടാകുമെന്ന ഉറപ്പിലാണ് തത്കാലം പ്രീത സമരം അവസാനിപ്പിച്ചത്. അതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്ന് തോന്നിയത് കൊണ്ടാണ് പ്രളയത്തിന് ശേഷം അതേ വിഷയത്തിലേക്ക് തിരിച്ചുപോകുന്നത്. 

നമുക്കാദ്യം പ്രീത ഷാജിയുടെ നിരാഹാരത്തിന്റെ കാരണമൊന്ന് പരിശോധിക്കേണ്ടതില്ലേ. വാസ്തവത്തില്‍ ഈ സമരം കേരളത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചതാണ്. അതൊരു കേവലജപ്തിപ്രശ്നമെന്ന നിലയിലാണ് പലരും ഇപ്പോഴും മനസിലാക്കിയിരിക്കുന്നതെന്ന് മാത്രം. 

പ്രീത സമരപ്പന്തലിലേക്ക് വരാനുളള യഥാര്‍ഥകാരണം ജപ്തിനടപടികള്‍ മാത്രമല്ല. ജപ്തിനടപടികളിലേക്ക് ബാങ്കെത്തിയ, അതിന് ഒപ്പം നിന്ന നടപടിക്രമങ്ങള്‍ കൂടിയാണ്. അത് ജനാധിപത്യവിരുദ്ധമായിരുന്നു. ഇപ്പോഴിതാ നമ്മുടെ കേരളത്തിലുള്‍പെടുന്ന വയനാട്ടില്‍ ആറ് മാസത്തിനിടെ അഞ്ചാമത്തെ കര്‍ഷകനും കൂടി ആത്മഹത്യ ചെയ്തിരിക്കുന്നു. നമുക്ക് പ്രീതയില്‍ നിന്ന് തന്നെ തുടങ്ങാം.

രണ്ട് ലക്ഷം രൂപ ബാങ്ക് ലോണിന് ജാമ്യം നിന്ന പ്രീതയും കുടുംബവും എങ്ങനെ മൂന്ന് കോടിയോളം രൂപയുടെ കടക്കാരായി. അതറിയണമെങ്കില്‍ രാജ്യത്തെ പാവപ്പെട്ടവരുടെ തുലോം തുച്ഛമായ ആസ്തി കൊളളയടിക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഉണ്ടാക്കിയ നിയമത്തെക്കുറിച്ച് അറിയേണ്ടതുണ്ട്. 

സര്‍ഫാസി. കേള്‍ക്കാന്‍ നല്ല രസമുണ്ട്. അധ്വാനിക്കുന്ന മനുഷ്യനെ ഉപദ്രവിക്കാന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. അതിലേക്കും നമുക്ക് വരാം. അതിന് മുമ്പ് നമുക്ക് കുറെ മനുഷ്യരെ കാണാം കേള്‍ക്കാം.

വായ്പയെടുത്തതല്ലേ, തിരിച്ചടക്കേണ്ടതല്ലേ എന്നൊക്കെ ചോദിക്കുന്നവരോട് മറുപടിയില്ല. ഈ രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുമൊക്കെ വായ്പക്ക് അര്‍ഹരാണ്. ഇല്ലെങ്കില്‍ ഭരണകൂടം അവര്‍ക്ക് അന്തസുളള ജീവിതസാഹര്യമൊരുക്കിക്കൊടുക്കാനുളള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നു.

ഒരു വലിയ വിഭാഗം ജനങ്ങള്‍ അണിചേര്‍ന്നൊരു സമരമുണ്ടായത് കൊണ്ടാണ് പ്രീത ഷാജിക്ക് കിടപ്പാടം അവശേഷിച്ചതും തത്കാലത്തേക്കെങ്കിലും സമരമവസാനിപ്പിക്കാനും കഴിഞ്ഞത്. എല്ലാവര്‍ക്കും അത് കഴിയണമെന്നില്ല. അങ്ങനെയാണ് ഞങ്ങള്‍ വയനാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. 

വയനാട്ടിലെത്തിയ ഞങ്ങളെ കാത്തിരുന്നത് ഒരാത്മഹത്യാ വാര്‍ത്തയാണ്. ചീയമ്പിനടുത്ത് രാഘവന്‍. അടിമുടി കര്‍ഷകന്‍.

രാഘവന്റെ വീട്ടിലെത്തുമ്പോള്‍ മകന്‍ ജിത്തുവുണ്ട്. രാഘവന്റെ കൊച്ചുമക്കളുണ്ട്. ഒന്നാന്തരം കൃഷിക്കാരനായിരുന്നു രാഘവന്‍. സ്വന്തം ഭൂമിയില്‍ മാത്രമല്ലാതെ ഭൂമി പാട്ടത്തിനെടുത്തും കൃഷി നടത്തിയിരുന്നു. അടക്കാകൃഷിയായിരുന്നു പ്രധാനം. 

ജില്ലാ സഹകരണബാങ്കില്‍ നിന്നടക്കം വായ്പയുമുണ്ടായിരുന്നു. കാലാവസ്ഥ മാറിമറിഞ്ഞപ്പോള്‍ കൃഷി നഷ്ടമായി. നഷ്ടമായെന്നല്ല പാട്ടം കൊടുത്ത കാശ് പോലും കിട്ടാത്ത അവസ്ഥയായി. 

അടവ് മുടങ്ങിയപ്പോള്‍ ബാങ്ക് ജീവനക്കാര്‍ നിത്യസന്ദര്‍ശകരായി. അപമാനവും മനഃസമാധാനവും നഷ്ടപ്പെട്ടാണ് രാഘവനെന്ന കര്‍ഷകന്‍ ജീവിതമവസാനിപ്പിച്ചത്.

അതെ, സര്‍ഫാസി നിയമപ്രകാര‍മുള നടപടി പേടിച്ചാണ് രാഘവന്‍ ജീവിതമവസാനിപ്പിച്ചത്. ഇനി പറയുന്നത് കാണുമ്പോള്‍ നീരവ് മോദി, വിജയ് മല്യ തുടങ്ങിയവരെയും അവര്‍ക്ക് കവചമൊരുക്കുന്നവരെയും സ്മരിക്കുക.

ജിത്തു പറഞ്ഞാണറിഞ്ഞത്. ഇതേ ഗ്രാമത്തില്‍ കടം കയറി മുടിഞ്ഞ മറ്റൊരാളും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈയടുത്ത്.

പിന്നെ പോയത് ബത്തേരി, മുത്തങ്ങ റൂട്ടിലെ കല്ലൂരിലേക്ക്. 

കല്ലൂരില്‍ ഞങ്ങളെ കാത്തിരുന്നത് സുമേഷാണ്. ആദിവാസിവിഭാഗത്തില്‍ പെട്ട യുവാവ്. സുമേഷിന്റെ പിതാവ് ഭാസ്കരന്‍ ജീവനൊടുക്കിയതും സര്‍ഫാസിയുടെ ഇരയായാണ്. നിറയെ കൃഷിയുണ്ടായിരുന്നു. കൃഷിക്ക് 

ചെറിയ വായ്പയും. കൃഷി നഷ്ടമായപ്പോള്‍ തിരിച്ചടവ് മുടങ്ങി. ബാങ്കുകള്‍ ഭാസ്കരനെ വേട്ടയാടിക്കൊണ്ടേയിരുന്നു.

വീടിന്റെ പെയിന്റ് മാറ്റി ഞങ്ങളെടുക്കുമെന്ന് വരെ ബാങ്കുകാര്‍ പറഞ്ഞതോടെ ആ പാവം മനുഷ്യന്‍ ജീവനൊടുക്കി. 

നമ്മള്‍ കരുതുന്നതിലും ഗുരുതരമാണ് പ്രതിസന്ധി. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. നമ്മളീ കാണുന്നവരാരും വന്‍തുക ലോണെടുത്ത് മുങ്ങിയവരല്ല. ചെറിയ തുക കൃഷിക്കും വിദ്യാഭ്യാസത്തിനുമായി ലോണെടുത്തവരാണ്. 

മാനന്തവാടിക്കടുത്ത് നാരായണവാര്യരെയും കണ്ടു. നാരായണവാര്യര്‍ക്ക് പറയാനുളളത് കൃത്യമായിരുന്നു, നീട്ടിപ്പറഞ്ഞെങ്കിലും. ഞങ്ങളൊന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. 

വയനാട്ടിലെ പൊതുസ്ഥിതിയൊകെയൊന്നറിയാനാണ് ഞങ്ങള്‍ ഷിബു വക്കീലിനെ കണ്ടത്. പ്രളയാനന്തരം വയനാട് കടന്നുപോകുന്ന സ്ഥിതിയെക്കുറിച്ച് വക്കീല് വിശദമായി തന്നെ പറഞ്ഞു. 

ഈ മനുഷ്യരെയത്രയും കുരുക്കിലാക്കി രക്തമൂറ്റിക്കുടിക്കുന്ന നിയമത്തിന്റെ മനുഷ്യവിരുദ്ധതയിലേക്ക് നമുക്ക് ഇടവേളക്ക് ശേഷം നോക്കാം.

എന്താണ് ഈ സര്‍ഫാസി നിയമം. പാസാക്കിയത് അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ്. ഉദ്ദേശമൊക്കെ കൃത്യമായിരുന്നു.

സര്‍ഫാസി നിയമത്തിന്റെ പ്രത്യേകതകള്‍ ജനാധിപത്യ ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യരെന്ന നിലയില്‍ നമ്മളെ നാണിപ്പിക്കും. കിടപ്പാടം പണയം വെച്ചുളള നിങ്ങളുടെ വായ്പ, അതെത്ര ചെറുതുമാകട്ടെ, മുടങ്ങിയാല്‍ ഞാനും നിങ്ങളും കുടുങ്ങും. 

സര്‍ഫാസിയെന്ന കരിനിയമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ ജനാധിപത്യവിരുദ്ധമാണ്. 

‌കിടപ്പാടം തട്ടിയെടുക്കാനുളള ധനകാര്യസ്ഥാപനങ്ങളുടെ നീക്കത്തിനെതിരെ നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാനാവില്ല എന്നതാണത്. കോടതിക്ക് പുറത്ത് ബാങ്കുകള്‍ക്കും റിയല്‍ എസ്റ്റെയ്റ്റുകാര്‍ക്കും വേണ്ടി ഒരു സമാന്തരജുഡ‍ീഷ്യല്‍ സംവിധാനമാണ് സര്‍ഫാസി സൃഷ്ടിക്കുന്നത്.

കേരളത്തിലും ലക്ഷദ്വീപിലുമുളള മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടി ആകെയൊരു ട്രൈബ്യൂണലാണുളളത്. കൊച്ചിയിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍. അവിടുത്തെ നടപടികള്‍ അറിയുകയോ അവിടെ എത്തിപ്പെടുകയോ ചെയ്യണമെങ്കില്‍ ചെറിയ മനുഷ്യര്‍ പെടാപ്പാട് പെടേണ്ടിവരും. 

ഇനി ബാങ്കുകള്‍ക്കനുകൂലമായ ട്രൈബ്യൂണല്‍ വിധി പുനഃപരിശോധിക്കണമെങ്കിലോ. അത്രയെളുപ്പം നടപ്പുളള കാര്യമല്ല. ചെന്നൈയിലാണ് അപ്പീല്‍ ട്രൈബ്യൂണല്‍.

ഇനി ഉയര്‍ന്ന കോടതികളെ സമീപിച്ചാലും വലിയ കാര്യമൊന്നുമില്ലെന്ന് പ്രീത ഷാജിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്. നിയമത്തിന്റെ നൂലിഴ കീറി, പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന സംവിധാനങ്ങളെ വെളളരിക്കാപ്പട്ടണത്തിലേക്ക് തള്ളിയിടാന്‍ ഒരു മടിയുമില്ല ജനാധിപത്യം ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന സംവിധാനങ്ങള്‍ക്ക്. 

സര്‍ഫാസി നിയമത്തിന്റെ ചുഴിയില്‍പെട്ട് കിടക്കുന്നവരുടെ എണ്ണം സങ്കല്‍പിക്കാവുന്നതിലും അധികമാണ്. വയനാട്ടില്‍ മാത്രമല്ല, കൊല്ലത്തെ കശുവണ്ടി മേഖലയില്‍ സ്ഥിതി അതിരൂക്ഷമാണെന്ന വിവരം ഈ ലക്കം തയാറാക്കുന്നതിനിടയിലാണ് ലഭിച്ചത്. ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ കാര്യവും അങ്ങനെ തന്നെ. കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ സര്‍ഫാസി കുടുംബങ്ങളുടെ എണ്ണം പെരുകിവരികയാണ്. 

വായ്പയെടുത്ത പാവപ്പെട്ടവരുടെ കിടപ്പാടത്തിലേക്കാണ് സ്വദേശികളും വിദേശികളുമായ ഷൈലോക്കുമാരുടെ കണ്ണ്. നിവര്‍ന്ന് നിന്ന് നോ പറയേണ്ടത് നമ്മള്‍ തിരഞ്ഞെടുത്തയക്കുന്നവരാണ്. സര്‍ഫാസി റദ്ദാക്കാന്‍ രാജ്യം നിയമനിര്‍മാണം നടത്തുകയല്ലാതെ മറ്റൊരു പോംവഴിയുമില്ല.

MORE IN CHOONDU VIRAL
SHOW MORE