പൊളിഞ്ഞു പാളീസായിപ്പോയ നോട്ടുനിരോധനം; ദുരിതങ്ങളിലേക്കൊരു ചൂണ്ടുവിരല്‍

ഈയാഴ്ചത്തെ ചൂണ്ടുവിരല്‍ ഒരര്‍ഥത്തില്‍ ഒരു പുനഃസംപ്രേഷണമാണ്. ഒരു തിരിഞ്ഞുനോട്ടം. ഇന്ത്യ കണ്ട എക്കാലത്തെയും മഹത്തായ തീരുമാനമെന്ന് പാണന്‍മാര്‍ പാടിനടന്ന നോട്ടുനിരോധനകാലത്തേക്കുളള തിരിഞ്ഞുനോട്ടം. ചിലതൊക്കെ അതേപടി ഒരിക്കല്‍ കൂടി കാണുന്നത് ഒന്നാന്തരമൊരു ചൂണ്ടുവിരലാണെന്ന് തോന്നുന്നു. 

രാജ്യത്തിന്റെ ഭാവിയിലേക്ക് കൂടിയുള്ളൊരു ചൂണ്ടുവിരല്‍. ദൃശ്യങ്ങളുടെ നിറത്തിനൊരു പ്രശ്നമുണ്ടെന്ന് കാഴ്ചക്കാര്‍ക്ക് തോന്നിയേക്കാം. ദരിദ്രരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതത്തില്‍ നിന്ന് നിറങ്ങളെല്ലാം വാര്‍ന്നുപോയ ദിവസങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നത് കൊണ്ടാണ്. പൊറുക്കുക.

പൊളിഞ്ഞുപാളീസായിപ്പോയൊരു തീരുമാനമെന്ന കാര്യത്തില്‍ ഇനിയാര്‍ക്കെങ്കിലും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ച സവിശേഷസാഹചര്യത്തില്‍ ജനങ്ങളനുഭവിച്ച പെടാപ്പാടുകളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത്. 

പറഞ്ഞ കണക്കും ലക്ഷ്യങ്ങളുമൊക്കെ എട്ട് നിലയില്‍ പൊട്ടി. കളളപ്പണത്തെക്കുറിച്ച് ഇപ്പൊ മിണ്ടാട്ടമേയില്ല. കളളപ്പണവിനിമയം കൂടിയുട്ടുണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്. ഭീകരാക്രമണങ്ങള്‍ കുറഞ്ഞില്ലെന്ന് തന്നെയല്ല കശ്മീര്‍ താഴ്വരയടക്കം എല്ലാക്കാലത്തെക്കാളും അശാന്തമാണ്. കളളനോട്ടടി പൂര്‍വാധികം ശക്തമായി പുരോഗമിക്കുന്നുമുണ്ട്. അതിലേക്കൊന്നും പോകുന്നില്ല. കണക്കല്ല, മനുഷ്യനനുഭവിച്ച ദുരിതങ്ങളും അത് മുന്‍കൂട്ടിക്കണ്ട മനുഷ്യരുടെ പ്രതികരണങ്ങളുമാണ് ഇവിടെ ചൂണ്ടുവിരലില്‍. ഞങ്ങളന്ന് കണ്ട മനുഷ്യരൊക്കെ മിക്കവാറും ജീവിതത്തിലേക്ക് തിരികെവന്നിട്ടുണ്ടാകുമെന്നാണ് വിശ്വാസം. എന്നാലും അവരെയാ ദുരിതങ്ങളിലേക്ക് അകാരണമായി തളളിവിട്ടവരെ സ്മരിക്കണ്ടേ.